ADVERTISEMENT

കോൺഗ്രസിന്റെ തലയെടുപ്പായിരുന്നു മുൻ മുഖ്യമന്ത്രി ആർ.ശങ്കർ. ഞെളിഞ്ഞു നടക്കുന്നു എന്ന പരാതി ഉയർന്നപ്പോൾ എന്റെ നട്ടെല്ല് നിവർന്നതാണെന്നു വിളിച്ചുപറഞ്ഞ ചങ്കൂറ്റം

കേരളത്തിൽ കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ. കേരളത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഏകകക്ഷി മുഖ്യമന്ത്രിയും അദ്ദേഹം ആയിരുന്നു. പിന്നാക്ക സമുദായത്തിൽനിന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ നേതാവും മറ്റാരുമല്ല. ഇതിൽനിന്നുതന്നെ കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശങ്കറിന്റെ മഹത്വം വ്യക്തം. 

ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ, അസാമാന്യ സംഘാടകശേഷിയുള്ള നേതാവ്, സാമുദായിക–രാഷ്ട്രീയ നേതൃത്വത്തിൽ ഒരുപോലെ മുദ്രപതിച്ച വ്യക്തി തുടങ്ങിയ വിശേഷണങ്ങൾ ശങ്കറിനു സ്വാഭാവികമായി വന്നുചേരുന്നതാണ്. തലയെടുപ്പുള്ള ആ നേതാവ് കോൺഗ്രസിന്റെ തന്നെ തലയെടുപ്പായിരുന്നു. 1964ൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് കേരള രാഷ്ട്രീയചരിത്രത്തിൽ ഇടംപിടിച്ച അതിഗംഭീര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ ചിലരുടെ പരാതി ഞാൻ ഞെളിഞ്ഞു നടക്കുന്നു എന്നതാണ്. എന്റെ നട്ടെല്ല് സ്വതേ നിവർന്നതാണ്. അത് എന്തുകൊണ്ടാണെന്നു സൃഷ്ടിച്ച ബ്രഹ്മാവിനോടു പോയി ചോദിക്കണം. എന്റെ അനാട്ടമി അങ്ങനെ ആയതിനു ഞാൻ കുറ്റവാളിയല്ല’’.

അവിശ്വാസ പ്രമേയത്തിലൂടെ മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന ഏക കേരള മുഖ്യമന്ത്രിയും ആർ.ശങ്കർ തന്നെയായി. പിന്നീടങ്ങോട്ട് അദ്ദേഹം രാഷ്ട്രീയത്തിൽനിന്ന് അകന്നു; 63–ാം വയസ്സിൽ വിടപറഞ്ഞു.

shankar
മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനൊപ്പം ആർ.ശങ്കർ. (ഫയൽ ചിത്രം -ഇടത്)

വിമോചന സമരകാലത്ത് കെപിസിസി പ്രസിഡന്റായിരുന്നു ആർ.ശങ്കർ. പി.ടി.ചാക്കോ പ്രതിപക്ഷ നേതാവും. ഇണക്കവും പിണക്കവും നിറഞ്ഞ ആ ബന്ധത്തിൽ ഒരു കാര്യത്തിൽ രണ്ടുപേരും ഒന്നിച്ചു: പൊതുശത്രുവിനെതിരെ പോരാടുന്നതിൽ. വിമോചന സമരത്തോട് ആദ്യം പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു വിയോജിപ്പുണ്ടായി. ചാക്കോയും ശങ്കറും ചേർന്നാണ് കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തിയത്. എസ്എൻഡിപിയുടെ അമരക്കാരനായിരിക്കെ, എൻഎസ്എസ് ആചാര്യനായ മന്നത്ത് പത്മനാഭനുമായി ശങ്കറുണ്ടാക്കിയ ബന്ധം വിമോചനസമര കൂട്ടുകെട്ടിനുതന്നെ ഇന്ധനം പകർന്നു.

ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിലേക്കു കൊണ്ടുവന്ന പാർട്ടി പ്രസിഡന്റ് കൂടിയായിരുന്നു ശങ്കർ. സഖ്യകക്ഷിയായ പിഎസ്പിയെക്കാൾ (20) മൂന്നിരട്ടി സീറ്റ് കോൺഗ്രസിന് (63) ഉണ്ടായിട്ടും പട്ടം താണുപിള്ളയ്ക്കായി മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നു. തിരു–കൊച്ചി മുൻമുഖ്യമന്ത്രി കൂടിയായ പട്ടത്തെ മന്ത്രിസഭാംഗമാക്കി ഒതുക്കാൻ കഴിയുമായിരുന്നില്ല. ശങ്കർ ഉപമുഖ്യമന്ത്രിയായി. പകരം സി.കെ.ഗോവിന്ദൻ നായർ കെപിസിസി പ്രസിഡന്റും. ആഭ്യന്തരമന്ത്രിയായ പി.ടി.ചാക്കോയും ശങ്കറും ഒരുഭാഗത്തും ഗോവിന്ദൻ നായരുടെ മലബാർ ലോബി മറുഭാഗത്തുമായി കോൺഗ്രസിൽ പോരു കനത്തെങ്കിലും മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനു നേടിയെടുക്കാനുള്ള ചരടുവലി അവർ ഒരുമിച്ചു നടത്തി. അങ്ങനെ പട്ടം പഞ്ചാബ് ഗവർണറായി; പട്ടത്തെ പട്ടംപോലെ പഞ്ചാബിനു പറപ്പിച്ചെന്നു ശങ്കറിന്റെ ആരാധകർ പാടി. ധനമന്ത്രി കൂടിയായിരുന്ന ഉപമുഖ്യമന്ത്രി ശങ്കർ 1960 സെപ്റ്റംബർ 26ന് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി. പട്ടത്തെ നീക്കിയതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽനിന്നു പിഎസ്പി പിന്മാറി. അങ്ങനെ കോൺഗ്രസ് പാർട്ടിയുടെ ‘ഏകകക്ഷി’ മുഖ്യമന്ത്രിയായി ശങ്കർ.

കൃത്യം രണ്ടു വർഷമേ അദ്ദേഹത്തിന് ആ കസേരയിൽ ഇരിക്കാൻ കഴിഞ്ഞുള്ളൂ. വിവാദ കാർയാത്രയുടെ പേരിൽ പി.ടി.ചാക്കോയുടെ രാജി കോൺഗ്രസിലെ ആഭ്യന്തര സംഘർഷത്തിൽ പുതിയ സമവാക്യങ്ങളുണ്ടാക്കി. ആദ്യം ചാക്കോയെ ശങ്കർ പിന്തുണച്ചെങ്കിലും അദ്ദേഹത്തിന്റെ രാജി അനിവാര്യമായതോടെ ആ അടുപ്പത്തിന് ഉലച്ചിൽ തട്ടി. ചാക്കോയെ അനുകൂലിക്കുന്ന 15 കോൺഗ്രസ് എംഎൽഎമാർ വൈകാതെ പ്രത്യേക ബ്ലോക്കായി മാറി. 

മാധ്യമങ്ങളിൽ ശങ്കർ മന്ത്രിസഭയുടെ അഴിമതികൾക്കെതിരെ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ശങ്കറിനെതിരെയുണ്ടായ ആരോപണങ്ങൾ താരതമ്യേന നിസ്സാരമായിരുന്നു. അഴിമതി ആരോപിച്ച ആർ. ബാലകൃഷ്ണപിള്ള അഴിമതിക്കേസിൽ ശിക്ഷവാങ്ങി ജയിലിൽ കിടന്നതും കാലം കാത്തുവച്ചതാകാം. 

വേളി കായൽക്കരയിൽ ഭാര്യയുടെ വസ്തുവിനോടുചേർന്നുള്ള കായൽ നികത്തി സ്ഥലം സ്വന്തമാക്കി എന്നു നിയമസഭയിൽ ആരോപിച്ചപ്പോൾ, ബാലകൃഷ്ണപിള്ളയ്ക്കു താൻ നാലണ നൽകാമെന്നും പാളയത്തുനിന്നു സിറ്റി ബസിൽ കയറി വേളിയിൽപോയി ആ സ്ഥലം നോക്കണമെന്നും ആയിരുന്നു ശങ്കറിന്റെ മറുപടി. പിഎസ്പിയിലെ പി.കെ.കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസിലെ 15 പേർകൂടി പിന്തുണച്ചപ്പോൾ ശങ്കർ മന്ത്രിസഭ വീണു. ആ പതിനഞ്ചു പേരുടെ കൂട്ടായ്മ പിന്നീടു കേരള കോൺഗ്രസായി മാറി.

ഭരണമികവിന് തെളിവുകളേറെ

ഏതു സദസ്സിലും തലയെടുപ്പുള്ള കൊമ്പനായിരുന്നു ശങ്കർ. ഇരുന്ന ഒരു കസേരയും തന്നെക്കാൾ വലുതാണെന്നു കരുതുന്നില്ലെന്നു പറയാനുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച നേതാവ്. എന്നാൽ, ആ കസേര നൽകുന്ന അധികാരം വച്ച് ആരെയും കൊച്ചാക്കാനോ ഇല്ലാതാക്കാനോ ശങ്കർ ശ്രമിച്ചുമില്ല. സ്വകാര്യ കോളജ് മാനേജ്മെന്റുകൾക്കെതിരെ സമരം നടക്കുന്ന വേളയിൽ, കെഎസ്‌യു നേതാവായിരുന്ന വി.എം.സുധീരൻ ‘മിസ്റ്റർ ശങ്കർ’ എന്നു വിളിച്ച് ഒരു മയവും ഇല്ലാതെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി യോഗത്തിൽ കത്തിക്കയറി. ‘ചെറുപ്പക്കാർ അഭിപ്രായം വെട്ടിത്തുറന്നു പറയുമ്പോൾ എന്തിന് അസ്വസ്ഥമാവണം’ എന്നാണ് സഹപ്രവർത്തകരോടു ശങ്കർ ചോദിച്ചത്. ‘ആർ.ശങ്കറിന്റെ ശരീരംപോലെ തന്നെ മാനസികമായ ഔന്നത്യവും അദ്ദേഹത്തിനുണ്ടെന്ന് അതുകേട്ട എനിക്കു മനസ്സിലായി’: ഈയിടെ അന്തരിച്ച മുൻ എംഎൽഎ കെ.മുഹമ്മദാലി തന്റെ ആത്മകഥയിൽ കുറിച്ചു.

വിധവാ പെൻഷൻ അടക്കമുള്ള പല ക്ഷേമപദ്ധതികളും ശങ്കറിന്റെ കാലത്താണ് തുടങ്ങിയത്. വിദ്യാഭ്യാസ പരിഷ്കാര നടപടികൾ ഭരണമികവിനു തെളിവായി പലരും കാണുന്നു. വ്യവസായവൽക്കരണം, വൈദ്യുതോൽപാദനം തുടങ്ങിയവയിലും മൗലികമായ സംഭാവനകൾ ആർ.ശങ്കർ നൽകി. 

മുഖ്യമന്ത്രിപദം രാജിവച്ചശേഷം വീണ്ടും എസ്എൻ ട്രസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായ ശങ്കറിനെ ഗവർണർ, കേന്ദ്ര ധനകാര്യ കമ്മിഷൻ അധ്യക്ഷൻ തുടങ്ങിയ പദവികളിലേക്കു പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ കാണുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതോടെ അവയൊന്നും ഏറ്റെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

നിയമസഭയുടെ നേരെ മുന്നിൽ ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള സ്ഥാപിച്ച പ്രതിമ അദ്ദേഹത്തിന്റെ ഓർമ തലസ്ഥാനത്ത് ഇന്നു നിലനിർത്തുന്നു. കോൺഗ്രസ് നേതാവ് ടി.ശരത്ചന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ 1991 മുതൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷനു  വിഎസ് സർക്കാരിന്റെ കാലത്ത് തലസ്ഥാനത്ത് 10 സെന്റ് ലഭിച്ചെങ്കിലും സ്മാരക നിർമാണം ചുവപ്പുനാടയിൽ കുരുങ്ങി ഇഴയുകയാണ്.  ഒരിക്കൽ ശങ്കർ നിറഞ്ഞുനിന്ന ഭരണ തലസ്ഥാനത്ത് 50–ാം വാർഷികവേളയിൽ എങ്കിലും അദ്ദേഹത്തിനായി സാർഥകമായ സ്മാരകം ഉയരുമെന്ന പ്രതീക്ഷയിലാണ് ആ കെടാത്ത ഓർമകൾ പേറുന്നവർ.

അധ്യാപകൻ, അഭിഭാഷകൻ, അമരക്കാരൻ: ആർ. ശങ്കർ: ജീവിതരേഖ 

1909 ഏപ്രിൽ‍ 30- കൊട്ടാരക്കര പുത്തൂർ കുഴിക്കലിടവകയിൽ താഴം വിളയിൽവീട്ടിൽ രാമന്റെയും കുഞ്ഞുകാളിയുടെയും അഞ്ചാമത്തെ മകനായി ജനനം. 

1931- ശിവഗിരി സ്‌കൂളിൽ പ്രഥമാധ്യാപകൻ. 

1936- കൊല്ലം കോടതിയിൽ അഭിഭാഷകൻ

1938- തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ്അംഗം. നിയമലംഘനത്തിന് അറസ്റ്റിൽ.

1944-എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

1948- തിരുവിതാംകൂർ നിയമസഭ, ഭരണഘടനാ നിർമാണസഭ എന്നിവയിൽ അംഗം 

1949-തിരു–കൊച്ചി നിയമസഭാംഗം 

1952-കൊട്ടാരക്കര മണ്ഡലത്തിൽ തോൽവി. ശ്രീനാരായണ ട്രസ്‌റ്റ് സ്‌ഥാപിച്ചു.

1954-കൊല്ലം മണ്ഡലത്തിൽ തോൽവി. എസ്എൻഡിപി യോഗം പ്രസിഡന്റ്.

1956- വീണ്ടും എസ്എൻഡിപി ‌യോഗം ജനറൽ സെക്രട്ടറി

1957-ജനറൽ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ് എസ്എൻ ട്രസ്‌റ്റിന്റെ പ്രവർത്തനങ്ങളിൽ മുഴുകി

1959- കെപിസിസി പ്രസിഡന്റ്.

1960-കണ്ണൂർ–1 മണ്ഡലത്തിൽ നിന്നു ജയം. പട്ടം താണുപിള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും

1962 -ഒക്‌ടോബർ 7 മുഖ്യമന്ത്രി.

1964- സെപ്റ്റംബർ 10 അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്.

1965- നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തോൽവി.

1967-ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിൽ തോൽവി

1972 നവംബർ  7-അന്ത്യം

English Summary: R. Shankar death anniversary special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com