ADVERTISEMENT

വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കമായിരുന്ന ഈഴവ സമുദായത്തെ സാമൂഹിക മുന്നേറ്റത്തിന്റെ മുന്നണിയിലെത്തിച്ചു, ആർ.ശങ്കർ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം സമുദായത്തിന്റെ കോളജുകൾക്ക് അടിത്തറയായി

ആശാൻ കവിതകളോട് വലിയ കമ്പമായിരുന്നു ആർ.ശങ്കറിന്. കുട്ടിക്കാലത്ത് അച്ഛന്റെ നെയ്ത്തുശാലയിൽ പാവോട്ടുന്നതിന്റെ ആയാസം മറക്കാൻ ഉറക്കെപ്പാടിയത് കുമാരാനാശാന്റെ ‘ നെയ്ത്തുകാരുടെ ഒരു പാട്ട്’ ആയിരുന്നതാണ് കാരണം. സ്റ്റേറ്റ് കോൺഗ്രസ് നിരോധിച്ചപ്പോൾ ജയിലിൽ കിടന്നു സഹതടവുകാർക്കു ചൊല്ലിക്കൊടുത്തതും അതേ ആശാൻ കൃതികൾ.

കൊട്ടാരക്കര താലൂക്കിലെ ആദ്യ ഈഴവ ബിരുദധാരിക്കു സയൻസ് ലാബിലെ പരീക്ഷണങ്ങളോടായിരുന്നു മറ്റൊരു കമ്പം. സമുദായം  കോളജുകൾ ആരംഭിച്ചപ്പോൾ ആർ.ശങ്കർ കൂടുതൽ ശ്രദ്ധനൽകിയതും സയൻസ് ലാബുകൾ സജ്ജമാക്കുന്നതിലായിരുന്നു. എസ്എൻഡിപി യോഗത്തിനു വിദ്യാഭ്യാസ വിപ്ലവത്തിന്റെ പരീക്ഷണശാല തുറന്ന ശങ്കറിന് അധികമാരും അറിയാത്ത മറ്റൊരു കമ്പം കൂടിയുണ്ടായിരുന്നു. അടുക്കളയിൽ കയറി ഒന്നാന്തരം സദ്യയുണ്ടാക്കുക ! കോൺഗ്രസിന്റെയും ഭരണത്തിന്റെയും യോഗത്തിന്റെയും തലപ്പത്തെത്തി കേരളത്തിന്റെ രാഷ്ട്രീയ– സാമൂഹിക ചരിത്രത്തിനു പുതിയ രാസവാക്യം എഴുതിയ ആർ.ശങ്കറിന്റെ ബിരുദ ഐച്ഛിക വിഷയം മറ്റൊന്നുമായിരുന്നില്ല; രസതന്ത്രം.

1944 ഡിസംബർ 20ന് ആർ.ശങ്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാകുമ്പോൾ സംസ്ഥാനത്തു കോളജിൽ പഠിക്കുന്ന ഈഴവക്കുട്ടികളുടെ എണ്ണം കേവലം 499. കൃത്യമായി പറഞ്ഞാൽ 359 ആൺകുട്ടികളും 140 പെൺകുട്ടികളും (1941ലെ സെൻസസ് റിപ്പോർട്ട്). തിരുവിതാംകൂറിൽ സാക്ഷരതാ നിരക്കിൽ ഈഴവർ 17–ാം സ്ഥാനത്തും. എസ്എൻഡിപി യോഗം അതിന്റെ എല്ലാ ശ്രദ്ധയും വിദ്യാഭ്യാസരംഗത്തു കേന്ദ്രീകരിക്കണമെന്ന പ്രഖ്യാപനത്തോടെ, ശ്രീനാരായണ ഗുരു ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസനിധി എന്ന ആശയം ശങ്കർ പുനരുജ്ജീവിപ്പിച്ചു. ഒറ്റ ദിവസംകൊണ്ടു ഒരു ലക്ഷം രൂപ പിരിച്ചെടുക്കുക എന്ന അക്കാലത്തെ മഹാദൗത്യവുമായി ശങ്കർ രംഗത്തിറങ്ങി. പിരിച്ചെടുത്തത് ഒന്നര ലക്ഷത്തോളം രൂപ !

shankar-s
ഇന്ത്യൻ ഭരണഘടനയുടെ ഹിന്ദി പതിപ്പിൽ ആർ. ശങ്കർ മലയാളത്തിലിട്ട ഒപ്പ്.

ഏതാനും മിഡിൽ സ്കൂളുകൾ മാത്രം സ്വന്തമായിട്ടുണ്ടായിരുന്ന സമുദായത്തെ ഗുരുദേവന്റെ പേരിൽ ഒന്നാം ഗ്രേഡ് കോളജ് എന്ന മഹാസ്വപ്നത്തിലേക്കു ശങ്കർ കൈപിടിച്ചതു ചരിത്രം. വീടുകൾ കയറിയിറങ്ങി പിടിയരിയും കെട്ടുതേങ്ങയും ശേഖരിച്ച് കോളജിനാവശ്യമായ പണം കണ്ടെത്താൻ ശങ്കർ കാട്ടിയ നിശ്ചയദാർഢ്യത്തിനു സമാനതകൾ കുറവ്. ദിവാനായിരുന്ന സർ സി.പിയുടെ ഉത്തരവിലൂടെ കൊല്ലം നഗരത്തിന്റെ കണ്ണായ ഭൂമിയിൽ 27.10 ഏക്കർ അനുവദിപ്പിച്ചെടുക്കാൻ എല്ലാ എതിർപ്പുകളും അതിജീവിച്ച് ശങ്കർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് 1948ൽ ആരംഭിച്ച എസ്എൻ കോളജ്. 1951ൽ വനിതാ കോളജും തുടങ്ങി. 

തൊട്ടടുത്ത വർഷം ശങ്കർ സെക്രട്ടറിയായി എസ്എൻ ട്രസ്റ്റും നിലവിൽ വന്നു. പടിപടിയായി സംസ്ഥാനത്തെമ്പാടുമായി 13 കോളജുകൾ. മുഖ്യമന്ത്രിയായിരിക്കെ, മറ്റു സമുദായങ്ങളുടെ പങ്കിലൊന്നും കൈവയ്ക്കാതെ സ്വസമുദായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ശങ്കർ സൂക്ഷ്മത കാട്ടി.

ശിവഗിരി സ്കൂളിൽ ഹെഡ്മാസ്റ്ററായി ഔദ്യോഗികജീവിതം ആരംഭിച്ച ശങ്കർ, ട്രസ്റ്റ് സെക്രട്ടറിയായിരിക്കെ ആലത്തൂർ എസ്എൻ കോളജ് ഉദ്ഘാടനം ചെയ്തതു കുട്ടികൾക്ക് ഒരു മണിക്കൂർ ക്ലാസെടുത്താണെന്നതും മറ്റൊരു കൗതുകം. ആശുപത്രിശൃംഖല സ്ഥാപിക്കണമെന്നതു വലിയ സ്വപ്നമായിരുന്നു. ശ്രീനാരായണ ട്രസ്റ്റ് മെഡിക്കൽ മിഷനു കീഴിൽ ആരംഭിച്ച കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രി അതിന്റെ ആദ്യ ചുവടുവയ്പായി. ആശുപത്രി തുറന്നപ്പോൾ ആർ. ശങ്കർ പുതിയൊരു പതിവുണ്ടാക്കി. ആഴ്ചയിലൊരിക്കൽ ഭാര്യയെയും കൂട്ടി കന്റീനിലെത്തി ഭക്ഷണം കഴിക്കുക. രോഗികൾക്കുള്ള ഭക്ഷണത്തിന്റെ ഗുണമറിയാൻ വേറെ നല്ലൊരു വഴിയില്ല.

വിവാഹത്തിനു പത്രിക മുറിക്കുന്നതിലേക്കു മാത്രം ഒതുങ്ങിപ്പോയ യോഗം പ്രവർത്തനത്തെ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ മുന്നണിയിൽ പ്രതിഷ്ഠിക്കാൻ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ശങ്കർ നൽകിയ സംഭാവനകൾ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. 35–ാം വയസ്സിൽ ശങ്കർ ജനറൽ സെക്രട്ടറിയാകുമ്പോൾ എസ്എൻഡിപി യോഗത്തിന്റെ ഭൂപടം ഇങ്ങനെയായിരുന്നു. 933 ശാഖകൾ, 214 ശാഖാ മന്ദിരങ്ങൾ, 24 യൂണിയനുകൾ, 4 യൂണിയൻ മന്ദിരങ്ങൾ,  5 യുപി സ്കൂളുകൾ... സ്ഥാനമൊഴിയുമ്പോൾ 1224 ശാഖകൾ, 662 ശാഖാ മന്ദിരങ്ങൾ, 13 യൂണിയൻ മന്ദിരങ്ങൾ, 18 യുപി സ്കൂളുകൾ, 12 ഹൈസ്കൂളുകൾ, കോളജുകൾ... നടന്നും കാളവണ്ടിയിലുമായി അദ്ദേഹം നടത്തിയ യാത്രകൾക്കു കേരളത്തിന്റെ പല ഇരട്ടി നീളം വരും. 

സ്വാമി സത്യവ്രതൻ നടത്തിയിരുന്ന ‘നവജീവൻ’ മാസികയുടെ പത്രാധിപ സമിതിയംഗമായി ശോഭിച്ച ശങ്കർ, യോഗം ജനറൽ സെക്രട്ടറിയായിരിക്കെ സംഘടനയുടെ ‘വിവേകോദയം’ മാസിക പുനഃപ്രസിദ്ധീകരിച്ചു. 1954ൽ ദിനമണി ദിനപത്രം ആരംഭിച്ചുവെന്നു മാത്രമല്ല, ‘ഇയർ ബുക്ക്’ എന്ന പുതുമയും അവതരിപ്പിച്ചു. 

തലയുയർത്തിനിന്ന മഹത്വം

എസ്എൻഡിപി യോഗത്തിന്റെയും  എസ്എൻ ട്രസ്റ്റിന്റെയും തലപ്പത്ത് ഒരേസമയം ദീർഘകാലം പ്രവർത്തിച്ചത് ആർ. ശങ്കർ കഴിഞ്ഞാൽ പിന്നെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാത്രമാണ്. ആർ.ശങ്കറിന്റെ അൻപതാം ചരമവാർഷിക വേളയിൽ വെള്ളാപ്പള്ളി ‘മനോരമ’യോടു സംസാരിച്ചു

? സമുദായ നേതൃത്വത്തിലെ ആർ. ശങ്കറിന്റെ കാലവും ഇപ്പോഴത്തെ അവസ്ഥയും താരതമ്യം ചെയ്യാമോ

ഭരണാധികാരത്തിലിരിക്കെ സമുദായത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അനുവദിക്കാൻ ആർ.ശങ്കറിനു കഴിഞ്ഞു. സമുദായത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സാധിച്ചുകൊടുക്കാൻ, ഒരാളെയും ഭരണാധികാരത്തിലെത്തിക്കാൻ സമുദായത്തിനു പിന്നീടിതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തു പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. എസ്എൻഡിപി യോഗത്തിൽ നിന്ന് അപേക്ഷകളൊന്നും കാണാതായപ്പോൾ അദ്ദേഹം നേതൃത്വത്തെ ബന്ധപ്പെട്ടു. പണം വേണ്ടേയെന്നായിരുന്നു മറുപടി. അപേക്ഷിക്കാനുള്ള അവസാന തീയതി ആർ. ശങ്കർ ഒരാഴ്ചത്തേക്കു നീട്ടി. അതിനിടയിൽ അദ്ദേഹം കണ്ണൂർ മുതൽ ചെമ്പഴന്തി വരെയുള്ള ഈഴവപ്രമാണിമാരെ കണ്ടു. അങ്ങനെയാണ് 13 കോളജുകൾക്കു സ്ഥലവും പണവുമാകുന്നത്. മറ്റു സമുദായങ്ങൾക്ക് അർഹമായതു നൽകിയതിനൊപ്പം സ്വന്തം സമുദായത്തിന് അർഹതപ്പെട്ടത് എഴുതിയെടുത്തു എന്നായിരുന്നു വിമർശനങ്ങൾക്കുള്ള മറുപടി.

? ആർ. ശങ്കറിന്റെ കാലത്തു അനുവദിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലാതെ കാര്യമായൊന്നും സമുദായത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നു താങ്കൾ പലതവണ പരാതി പറഞ്ഞിട്ടുണ്ട്

ഇന്നും അതിനു പരിഹാരമായിട്ടില്ല. മറ്റു സമുദായങ്ങൾ വിദ്യാഭ്യാസമേഖലയിൽ മുന്നേറിയപ്പോൾ ഏതു സർക്കാർ വന്നാലും ഈഴവർക്കുമാത്രം അവഗണന. വോട്ടുബാങ്കുകളുടെ ആവശ്യങ്ങളോടു രാമന്റെ മുന്നിലെ ഹനുമാനെപ്പോലെ ഭരണനേതൃത്വം നിൽക്കുമ്പോൾ ഈഴവ സമുദായത്തെ ഭിന്നിപ്പിക്കാനാണു പലപ്പോഴും ശ്രമം. സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിനു നൂറു തടസ്സങ്ങളാണു സർക്കാരുകൾ പറയുന്നത്. മുഴുവൻ തെളിവുകളും എന്റെ പക്കലുണ്ട്. സമുദായത്തിലെ കുലംകുത്തികളും സാമൂഹികനീതി കിട്ടുന്നതിനു തടസ്സമാകുന്നു.

? സമുദായ നേതാവ് എന്ന നിലയിൽ ആർ.ശങ്കറിന്റെ ഏതേതു ഗുണങ്ങളാണു താങ്കളെ ആകർഷിച്ചിട്ടുള്ളത്

വിമോചന സമരത്തിനു ശേഷം കോൺഗ്രസിന് ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയപ്പോൾ ആർ. ശങ്കറിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ പട്ടം താണുപിള്ളയെ കൊണ്ടുവന്നതു ചരിത്രം. പട്ടം താണുപിള്ളയുടെ മുന്നിലും അദ്ദേഹം തലയുയർത്തി നിന്നു. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ, സ്ഥാനം നിലനിർത്താൻ ചില സമുദായ നേതാക്കളെ കാണണമെന്ന സ്ഥിതി വന്നപ്പോൾ അതു വേണ്ടെന്നുവച്ച് വ്യക്തിത്വം ഉയർത്തിപ്പിടിച്ചയാളാണ്. ആ മഹത്വത്തെയാണു ഞാൻ ഇഷ്ടപ്പെടുന്നത്.

? ആർ.ശങ്കർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എസ്എൻഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് മറിച്ചാകുമായിരുന്നില്ലേ

രാഷ്ട്രീയാധികാരത്തിൽ ഇടതു വന്നാലും വലതു വന്നാലും സമുദായത്തിന് ആവശ്യമുള്ളതു വാങ്ങിയെടുക്കാനുള്ള ഇച്ഛാശക്തിയും നയചാതുര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. സമുദായോദ്ധാരണത്തിനു ഏതു നിലപാടും അദ്ദേഹം സ്വീകരിക്കുമായിരുന്നു.

English Summary: Vellappally Natesan on R Shankar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com