ADVERTISEMENT

ഭൂതപ്രേതാദികൾ നിലവിലുണ്ടോ എന്നു ചോദിച്ചാൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന് ഒരു സംശയവുമുണ്ടാവില്ല: ഇല്ല; ഇല്ലേയില്ല. വിദ്യാസമ്പന്നനും മുൻ സ്പീക്കറുമായ മന്ത്രിക്കു ഭൂതപ്രേതങ്ങളിൽ വിശ്വസിക്കാനൊക്കില്ല. തന്നെയുമല്ല, അന്ധവിശ്വാസങ്ങളെയും അതിൽ ഒളിച്ചിരിക്കുന്ന സകലമാന ഭൂതങ്ങളെയും എന്നെന്നേക്കുമായി നവകേരളത്തിൽനിന്ന് അടിച്ചോടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.

മാലാഖമാർ കയറിച്ചെല്ലാൻ മടിക്കുന്നിടത്ത് സാത്താൻ ധൈര്യസമേതം കയറിയിരുന്നുകളയും എന്ന വിശ്വാസപ്രകാരമാവണം ഭൂതങ്ങൾ അപ്രതീക്ഷിത സ്ഥാനങ്ങളിൽ നുഴഞ്ഞുകയറുന്നത്.  സർക്കാർവക ശുചിത്വ മിഷനിൽ ഭൂതബാധയുണ്ടായത് കഴിഞ്ഞ ബുധനാഴ്ചയാണ്. ശുചിമുറി മാലിന്യത്തിനെതിരായ ശുചിത്വ മിഷന്റെ വിവര-വിജ്ഞാന-വ്യാപന പരിപാടി മന്ത്രി രാജേഷ് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴാണു ഭൂതബാധയുണ്ടായത്. പേര് മലംഭൂതം. പദ്ധതിക്കു മലംഭൂതം എന്നു പേരിട്ടപ്പോൾ മന്ത്രിക്കു കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതായി വാർത്തയില്ല. വിസർജ്യ വസ്തുക്കൾ കലർന്ന മലിനജലം സംസ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നു നിർദേശിച്ച മന്ത്രി, അതിനുള്ള പണം കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു. 

മാൻപേടക്കുന്ന് പഞ്ചായത്തിൽ പദ്ധതി പൂർത്തിയാകുമ്പോൾ സ്ഥാപിക്കുന്ന ശിലയെഴുത്ത് അപ്പുക്കുട്ടന്റെ മനസ്സിൽ തെളിഞ്ഞുവരുന്നു:

മാൻപേടക്കുന്ന് ഗ്രാമപ്പഞ്ചായത്ത് 

മലംഭൂതം

ഉദ്ഘാടനം നിർവഹിച്ചത് ബഹു. മന്ത്രി എം.ബി. രാജേഷ്

ഇതുവരെ ഭൂതശല്യമില്ലാതിരുന്ന മാൻപേടക്കുന്ന് മലംഭൂതത്തെയോർത്ത് പേടിച്ചു വിറയ്ക്കുകയാണിപ്പോൾ. ഭാവിക്കുവേണ്ട ചില പദ്ധതികൾ എത്ര വേഗമാണ് ഭൂതമായി മാറുന്നതെന്നതിനു തെളിവായി ആ ശില അവിടെ നിൽക്കും. ഭൂതത്തിൽ വിശ്വാസമില്ലാത്ത മന്ത്രി കേരളത്തിന്റെ നടുമുറ്റത്തേക്കു മലംഭൂതത്തെ തുറന്നുവിട്ടതു തീരെ ശരിയായില്ല സർ. മലപോലെ വരുന്നത് എലിപോലെ പോകുന്ന നാടാണെങ്കിലും മലംഭൂതം ഒരു നാറ്റക്കേസാകുന്നു.   ആ പേരു കണ്ടുപിടിച്ച സർഗധനന്റെമേൽ മലംഭൂതമഹാപുരസ്കാരം വന്നുവീഴട്ടെ!

English Summary: Tharangangalil panachi, MB Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com