ADVERTISEMENT

പുതിയ ഭൂഖണ്ഡംതന്നെ കണ്ടെത്തിയ സഞ്ചാരിയായിരുന്നു കൊളംബസെങ്കിലും അദ്ദേഹത്തിന്റെ നാവികരിലൊരാൾ അക്കാലത്ത് കിടന്നുറങ്ങിയശേഷം ഇന്നാണ് ഉറക്കമുണരുന്നതെങ്കിൽ പോയ നൂറ്റാണ്ടുകളിൽ സംഭവിച്ച മാറ്റം കണ്ട് അമ്പരക്കുമായിരുന്നുവെന്ന് ചരിത്രകാരൻ യുവാൽ നോവാ ഹരാരി ‘സാപിയൻസ്’ എന്ന കൃതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളത്തിലെ കലാലയങ്ങളെ ധന്യമാക്കി മൺമറഞ്ഞ അധ്യാപകരിൽ ജി.ശങ്കരക്കുറുപ്പോ ബി.ഹൃദയകുമാരിയോ കെ.അയ്യപ്പപ്പണിക്കരോ ഇന്നത്തെ ക്യാംപസ് കണ്ടാലും അമ്പരക്കാനാണ് സാധ്യത – കാലം കോറിയിട്ട മാറ്റങ്ങൾ കണ്ടല്ല, ഈ കോളജുകളിൽ പഠിക്കാനെത്താതെ ഇന്നു മലയാളി വിദ്യാർഥികൾ എവിടെപ്പോകുന്നു എന്നോർത്ത്.

ഇക്കൊല്ലം കേരള സർവകലാശാലയിൽ മാത്രം രണ്ടായിരത്തിയഞ്ഞൂറിലേറെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. എംജി, കാലിക്കറ്റ്, കണ്ണൂർ തുടങ്ങി മറ്റു സർവകലാശാലകളിലും സ്ഥിതി സമാനം. സ്വാശ്രയ കോളജുകളിൽ പകുതി സീറ്റിലേ വിദ്യാർഥികളുള്ളൂ. കൊട്ടിഘോഷിച്ചുതുടങ്ങിയ ന്യൂജനറേഷൻ കോഴ്സുകളിലും ആളില്ല. എൻജിനീയറിങ് കോഴ്സുകളിൽ മുൻപേ ആരംഭിച്ച കൊഴിഞ്ഞുപോക്കാണ് ഇപ്പോൾ ആർട്സ് ആൻഡ് സയൻസ് മേഖലയിലും പ്രകടമാകുന്നത്. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണം വർഷം 40% എന്ന തോതിൽ വർധിക്കുമ്പോൾ ഇതിൽ അദ്ഭുതവുമില്ല.

എന്നാൽ, മലയാളി വിദ്യാർഥികളെ പുറംലോകം കൈനീട്ടി സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ഇക്കൊല്ലം ഐഐടികളിൽ ബിടെക് പ്രവേശനം നേടിയവരിൽ 1.08% മാത്രമാണ് മലയാളികൾ. ആകെ 181 പേർ. മറ്റു ചില സംസ്ഥാനങ്ങളിലെ കണക്കിങ്ങനെ - രാജസ്ഥാൻ 2184, തെലങ്കാന 1644, ആന്ധ്രപ്രദേശ് 1428, തമിഴ്നാട് 436.

സിയുഇടി-യുജി എന്ന പൊതുപരീക്ഷ വന്നതോടെ ഡൽഹി സർവകലാശാലയിൽ ഇക്കൊല്ലം ബിരുദ പ്രവേശനം ലഭിച്ച മലയാളി വിദ്യാർഥികൾ 342 ആയി ചുരുങ്ങി. 12-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞകൊല്ലം 1672 പേർക്കു പ്രവേശനം ലഭിച്ച സ്ഥാനത്താണിത്. മത്സരക്ഷമതയിൽ കേരളത്തിലെ വിദ്യാർഥികൾ പിന്നിലാകുന്നു. വിദ്യാർഥികളുടെ നിലവാരക്കുറവല്ല, അവർക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരക്കുറവാണ് പ്രശ്നം.

വിദേശവിദ്യാർഥികളെ വരെ ആകർഷിക്കുന്ന ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുമെന്നു പ്രഖ്യാപിക്കുന്ന സർക്കാർ, അതിനുവേണ്ട അക്കാദമിക അന്തരീക്ഷം ഒരുക്കുന്നുണ്ടോ ? ന്യൂ ജനറേഷൻ, പ്രോജക്ട് മോഡ് ലേബലുകളൊട്ടിച്ച് കോഴ്സുകൾ തുടങ്ങുന്നുണ്ടെങ്കിലും അവ പഠിപ്പിക്കാൻ നിലവാരമുള്ള അധ്യാപകരുണ്ടോ ? അധ്യാപക നിയമനം കരാർ, ദിവസവേതന അടിസ്ഥാനത്തിലാക്കുമ്പോൾ രാജ്യാന്തര നിലവാരത്തെക്കുറിച്ചുള്ള വായ്ത്താരി പരിഹാസ്യമായിത്തീരുന്നു. ശരിയായ രാഷ്ട്രീയബോധം മറന്ന് പാർട്ടിചട്ടുകങ്ങളാകുന്ന അധ്യാപക, വിദ്യാർഥി സംഘടനകളും സർവകലാശാലകളെ ശ്വാസംമുട്ടിക്കുന്ന സിൻഡിക്കറ്റ്-സെനറ്റ് ഭരണവും കൂടിയാകുമ്പോൾ ദുരന്തം പൂർണം. പ്രിൻസിപ്പൽ തസ്തികയ്ക്കു യുജിസി മാനദണ്ഡങ്ങൾ കർശനമാക്കിയപ്പോൾ 66 ഗവ. കോളജുകളിൽ നിയമനം നടത്താതെ ‘ഇൻ–ചാർജ്’ ഭരണത്തിന്റെ കുറുക്കുവഴി തേടുകയാണു സർക്കാർ ചെയ്തത്.

നാട്ടിൽ കോളജ് അധ്യാപകനാകുന്നതിനു തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർ തടസ്സം നിന്നപ്പോഴാണ് കെ.ആർ.നാരായണൻ മറ്റുവഴികൾ തേടി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും തുടർന്ന് ഐഎഫ്എസിലുമെത്തിയതെന്ന് ചരിത്രം പറയുന്നു. ജാതീയ ഉച്ചനീചത്വങ്ങൾക്കിടയിലും അക്കാലത്തെ വിദ്യാഭ്യാസം നിലവാരമുള്ളതായിരുന്നതിനാൽ അദ്ദേഹത്തിനു മുന്നിൽ വഴിയടഞ്ഞില്ല. പിന്നീട് അക്കാദമിക ലോകം രാഷ്ട്രീയ കിടമത്സരങ്ങൾക്കുള്ള വേദിയായി ചുരുങ്ങിയപ്പോൾ ഈ നിലവാരമാണു നഷ്ടമായത്. ലോകം നാലാം വ്യവസായവിപ്ലവത്തെ ഉറ്റുനോക്കുന്ന ഇക്കാലത്ത് അതിനനുസരിച്ചുള്ള ഡിജിറ്റൽ ശാക്തീകരണവും വ്യവസായബന്ധിത പഠനശൈലിയും ഇവിടെയില്ല. നല്ല ചരിത്രഗവേഷകരെയോ കാലാവസ്ഥാ വിദഗ്ധരെയോ സാമ്പത്തികശാസ്ത്രജ്ഞരെയോ സർവകലാശാലകൾ സൃഷ്ടിക്കുന്നില്ല.

സജീവമായ കലാലയങ്ങളാണ് ഏതു സമൂഹത്തിനും ഭാവിയിലേക്കുള്ള പാലം എന്നതിനാൽ ഈ ദുഃസ്ഥിതി മാറേണ്ടതുണ്ട്. പോംവഴികൾ ലളിതമാണ് - വൈസ് ചാൻസലർ മുതൽ അധ്യാപകർ വരെയുള്ളവരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കുക, സ്ഥിരനിയമനത്തിലൂടെ നല്ല അധ്യാപകരെ കണ്ടെത്തുക, മികച്ച കോഴ്സ് ഉള്ളടക്കവും സമയബന്ധിത പരീക്ഷാസംവിധാനവും ഉറപ്പാക്കുക. ഇലകൊഴിഞ്ഞ മരങ്ങൾ വീണ്ടും തളിർക്കുമ്പോൾ കിളികൾ തിരിച്ചെത്തുംപോലെ നമ്മുടെ ക്യാംപസുകളിലും വിദ്യാർഥികൾ തിരിച്ചെത്തും, തീർച്ച.

English Summary: Kerala students opting to study abroad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com