കേരളത്തിലെ ഡ്രാഗൺ കുഞ്ഞുങ്ങൾ!

vireal
ദീപാവലി രാത്രിയിലെ ഇന്ത്യ എന്ന അടിക്കുറിപ്പോടെ വർഷങ്ങളായി പ്രചരിക്കുന്ന ചിത്രം. കേരളത്തിലെ ദീപോത്സവത്തിന്റേതെന്നു തെറ്റിദ്ധരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ സ്ക്രീൻ ഷോട്ട്.
SHARE

ഏതാനും ആഴ്ചകൾക്കു മുൻപ്, ദീപാവലി സമയത്തു കേരളത്തിൽ നടന്ന അതിമനോഹരമായ ദീപോത്സവത്തെക്കുറിച്ച് അറിഞ്ഞിരുന്നോ? കേരളത്തിലെ ഒരു പുഴയിലൂടെ ദീപാലംകൃതമായ ഇരുനൂറിലേറെ വഞ്ചികൾ ഒന്നിനു പിന്നാലെ ഒന്നായി സഞ്ചരിക്കുന്നതിന്റെ രാത്രിദൃശ്യമാണ് ഇതോടൊപ്പം ചേർത്തിട്ടുള്ളത്. വെളിച്ചത്തിന്റെ ഒരു സർപ്പം ഇഴയുന്നതു പോലെ തോന്നും കണ്ടാൽ. ഇന്റർനെറ്റിൽ Kerala Deepolsavam എന്നു സേർച് ചെയ്താൽ വിഡിയോകളും കാണാം. 

നമ്മുടെ നാട്ടിൽ നടന്ന ഈ ഗംഭീരപരിപാടി ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രശസ്തരടക്കം നൂറുകണക്കിനു പേരാണു  ഷെയർ ചെയ്തത്. എന്നിട്ടും ഇവിടുത്തെ ചാനലുകളും പത്രങ്ങളുമൊന്നും അതെക്കുറിച്ച് ഒരു ചിത്രം പോയിട്ട്, വാക്കു പോലും കൊടുത്തില്ലല്ലോ എന്നു സംശയം തോന്നുന്നുണ്ടല്ലേ?  അതിനൊരു കാരണമുണ്ട്. സംഭവം നടന്നതു കേരളത്തിലേയല്ല!  

മേയ് 19ന് ചൈനയിലെ സ്വയംഭരണ പ്രവിശ്യയായ ഗുവാൻഷി ഷുവാങ്ങിലെ യുലോങ് എന്ന ഗ്രാമത്തിൽ നടന്ന പരിപാടിയുടെ വിഡിയോയും ചിത്രങ്ങളുമാണ് മാസങ്ങൾക്കിപ്പുറം കേരളത്തിലെ ദീപാവലി ആഘോഷമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.  ചൈനയിലെ ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി യുലോങ് നദിയിലാണ്, ദീപങ്ങളാൽ അലങ്കരിച്ച മുള വഞ്ചികൾ ഒഴുകിനീങ്ങിയത്. 80 വഞ്ചികൾ ചേർന്ന് 70 മീറ്റർ നീളത്തിൽ പുഴയിലൂടെ നീങ്ങുകയായിരുന്നു. ‘ഗോൾഡൻ ഡ്രാഗൺ’ എന്നായിരുന്നു അവർ ഇതിനു കൊടുത്ത പേര്. ഒരു ഡ്രാഗൺ ഇഴയുന്ന പോലെയാണു ആകാശദൃശ്യങ്ങൾ കാണുമ്പോൾ തോന്നുക. യുലോങ് നദിയിലെ സുവർണ ഡ്രാഗൺ സോഷ്യൽ മീഡിയയിലൂടെ ഒഴുകി നമ്മുടെ നാട്ടിലെ പുഴയിലെത്തിയെന്നത് ഇന്നത്തെ കാലത്ത് അദ്ഭുതമേയല്ല! 

നാസയുടെ ദീപാവലി! 

ദീപാവലിദിനം രാത്രിയിലെ ഇന്ത്യയുടെ സാറ്റലൈറ്റ് ദൃശ്യം നാസ പുറത്തുവിട്ടതു തീർച്ചയായും നമ്മളെല്ലാവരും കണ്ടിട്ടുണ്ടാകും. പല വർണ വെളിച്ചങ്ങളാൽ നിറഞ്ഞ ഇന്ത്യയുടെ മനോഹര ദൃശ്യം. വർഷങ്ങളായി ദീപാവലിക്കാലത്ത് ഇൗ ചിത്രം വാട്സാപ്പിലും മറ്റും അഭിമാനപൂർവം ഷെയർ ചെയ്യുന്ന നൂറുകണക്കിനു പേരുണ്ട്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. 

ഇന്ത്യ മാത്രമല്ല, പാക്കിസ്ഥാനും ബംഗ്ലദേശും ശ്രീലങ്കയുമടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഇൗ ദൃശ്യത്തിന്റെ യഥാർഥ കഥ മറ്റൊന്നാണ്; രസകരവും. 2012ൽ നാസ തന്നെ അവരുടെ എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റിൽ ചിത്രത്തെക്കുറിച്ച് എഴുതിയിരുന്നു. അമേരിക്കയിലെ വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന, കാലാവസ്ഥയെക്കുറിച്ചും മറ്റും പഠിക്കുന്ന നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) എന്ന ഏജൻസിയിലെ ക്രിസ് എൽവിഡ്ജ് എന്ന ശാസ്ത്രജ്ഞൻ തയാറാക്കിയതാണ് ഇൗ ദൃശ്യം. ഇത് ഒറ്റ ഫോട്ടോ അല്ല; മറിച്ച്, പല കാലത്തെ സാറ്റലൈറ്റ് ഇമേജുകൾ ചേർത്തു തയാറാക്കിയ കളർ കോംപോസിറ്റാണെന്നു നാസ വിശദീകരിക്കുന്നു.

ദീപാവലിയുമായി ഇതിന് ഒരു ബന്ധവുമില്ല. മറിച്ച്, നഗര ജനസംഖ്യയിലെ വർധനയും അതിന്റെ വിതരണവും പഠിക്കുന്നതിനുവേണ്ടി തയാറാക്കിയതാണ്. ചിത്രത്തിലെ വെള്ള കാണുന്ന ഭാഗങ്ങൾ 1992നു മുൻപ് നഗരങ്ങളിലുണ്ടായിരുന്ന വെളിച്ചമാണ്. നീല, പച്ച, ചുവപ്പു നിറങ്ങളിലുള്ളത് 1992, 98, 2003 വർഷങ്ങളിൽ നഗരങ്ങളിൽ ദൃശ്യമായ വെളിച്ചമാണ്. ഒറ്റ ചിത്രത്തിൽ പലകാലത്ത് ദക്ഷിണേഷ്യയിലെ നഗരങ്ങളിലുണ്ടായ ജനസംഖ്യാ വളർച്ച വെളിച്ചത്തിന്റെ അളവിലൂടെ അടയാളപ്പെടുത്താനാണ് ചിത്രത്തിൽ ശ്രമിക്കുന്നതെന്നു ചുരുക്കം. ജനങ്ങൾ കൂടുമ്പോൾ നഗരങ്ങളിൽ വെളിച്ചത്തിന്റെ സംവിധാനങ്ങളും കൂടുമല്ലോ. എൻഒഎഎയുടെ വെബ്സൈറ്റിലും ഇതെക്കുറിച്ചു കുറിപ്പുണ്ട്. 

നാസ മറ്റൊരു കാര്യം കൂടി 2012ലെ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്: ദീപാവലി ദിനത്തിൽ നമ്മൾ കത്തിക്കുന്ന പൂത്തിരികളും കമ്പിത്തിരികളുമൊക്കെ ബഹിരാകാശത്തുനിന്നു നോക്കിയാൽ കാണാവുന്നത്ര തീവ്രമായ വെളിച്ചം പുറപ്പെടുവിക്കുന്നില്ല! 

എന്തായാലും, അടുത്ത ദീപാവലിയാഘോഷിക്കുമ്പോഴും വാട്സാപ്പിൽ ഇൗ ചിത്രം വരാനിടയുണ്ട്. അന്നോർത്തു ചിരിക്കാൻ ഇൗ ലക്കം VIReAL മനസ്സിലിരിക്കട്ടെ!

English Summary: fake news about diwali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA