ADVERTISEMENT

മോദിക്കു വേണ്ടിയാണ് ബിജെപി വോട്ടു തേടുന്നത്; ആം ആദ്മി കേ‍ജ്‌രിവാളിന് വേണ്ടിയും. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുലും കളത്തിലിറങ്ങും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കൾക്ക് വലിയ പ്രസക്തിയില്ല

ബിജെപിയുടെ ‘ഹോം ഗ്രൗണ്ടിൽ’ ഇക്കുറി ത്രികോണ പോരാട്ടമാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ കോൺഗ്രസിനു പുറമേ ആം ആദ്മി പാർട്ടിയും രംഗത്തിറങ്ങിയതോടെ ഇവിടെ സംസ്ഥാന തിരഞ്ഞെടുപ്പിനു ദേശീയ പോരാട്ടത്തിന്റെ വീറും വാശിയും. സംസ്ഥാന നേതാക്കളെ ഏറക്കുറെ അപ്രസക്തരാക്കിയാണു ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും വോട്ടുപിടിത്തം. സ്ഥാനാർഥിയുടെ മുഖം നോക്കാതെ മോദിക്ക് വോട്ടു നൽകൂ എന്നാണു ബിജെപി മുദ്രാവാക്യം.

ആം ആദ്മി പാർട്ടി വോട്ടു തേടുന്നത് അരവിന്ദ് കേജ്‌രിവാളിന്റെ പേരിൽ. ഭാരത് ജോഡോ പര്യടനത്തിന് അവധി നൽകി വരുംദിവസങ്ങളിൽ കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണത്തിനിറങ്ങും. 1990ൽ ആണ് മുൻപു ഗുജറാത്തിൽ ശക്തമായ ത്രികോണ പോരാട്ടം നടന്നത്. അന്നു ജനതാദളും ബിജെപിയും മുന്നേറിയപ്പോൾ കോൺഗ്രസ് അടിതെറ്റി വീണു. വീണ്ടുമൊരു ത്രികോണ പോരാട്ടത്തിനു ഗുജറാത്ത് വേദിയാകുമ്പോൾ കോൺഗ്രസിന്റെ ചങ്കിടിക്കുകയാണ്.  ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ എട്ടിനാണ്. 

 

കണക്കുകൂട്ടി പാർട്ടികൾ

1995 മുതലിങ്ങോട്ടുള്ള 6 തിരഞ്ഞെടുപ്പുകളിലും ഒന്നാമതെത്തിയ ബിജെപിയും പിന്നിലായ കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം ഏറക്കുറെ ഒരുപോലെയായിരുന്നു; 8 – 10 %. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കൃത്യമായ വോട്ട് ശേഖരമുള്ള 2 പാർട്ടികളുടെ ഇടയിലേക്കാണ് ആം ആദ്മി ഇടിച്ചുകയറാനൊരുങ്ങുന്നത്. പഞ്ചാബ് തിരഞ്ഞെടുപ്പിലെ പ്രചാരണവേളയിൽ കണ്ട ആം ആദ്മി തരംഗം ഇവിടെ ദൃശ്യമല്ലെങ്കിലും, കോൺഗ്രസിനൊപ്പം വർഷങ്ങളായി നിൽക്കുന്ന മുസ്‍ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ കേജ്‍രിവാളിനും സംഘത്തിനും സാധിച്ചേക്കുമെന്ന സൂചനകൾ പ്രകടം. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിൽ മുസ്‌ലിംകൾക്കിടയിൽ ശക്തമായ അമർഷമുണ്ട്. സംസ്ഥാനത്തുടനീളം ഏതെങ്കിലും പാർട്ടിക്കു പിന്തുണ എന്നതിനെക്കാൾ, ബിജെപിയെ തോൽപിക്കാൻ കെൽപുള്ള സ്ഥാനാർഥി ആരെന്നു നോക്കി  മണ്ഡലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നിലപാടാവും അവർ സ്വീകരിക്കുക. 

patel
അഹമ്മദ് പട്ടേൽ, ഹാർദിക് പട്ടേൽ

മൂന്നാമതൊരു കക്ഷി രംഗപ്രവേശം ചെയ്യുമ്പോൾ സ്വന്തം നിലനിൽപ് അവതാളത്തിലാവുകയും പിന്നീട് അവിടെ സംഘടനാപരമായി തകർന്നടിയുകയും ചെയ്യുന്നത് ആന്ധ്ര, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസ് കണ്ടതാണ്. ആ നിരയിലേക്കു ഗുജറാത്തും കയറാതിരിക്കാനുള്ള ജീവന്മരണ പോരാട്ടം കൂടിയാണ് കോൺഗ്രസിന് ഇക്കുറി. തന്ത്രജ്ഞനായ അഹമ്മദ് പട്ടേലിന്റെ മരണശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും, ആം ആദ്മിയുടെ കടന്നുകയറ്റം പ്രതിരോധിക്കാനും ബിജെപിയെ പിടിച്ചുകെട്ടാനുമാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. 

 

പട്ടേലുകളെ തിരികെപ്പിടിച്ച്

സംവരണ പ്രക്ഷോഭത്തെത്തുടർന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച പട്ടേൽ സമുദായവും യുവനേതാവ് ഹാർദിക് പട്ടേലും ഇക്കുറി തങ്ങൾക്കൊപ്പം നിൽക്കുന്നതു ബിജെപിയുടെ ആത്മവിശ്വാസമുയർത്തുന്നു. പട്ടേൽ സമുദായം കൈവിട്ടതോടെ, ഇതര പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) ഒപ്പം നിർത്തി നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്. ആകെ 147 ഒബിസി വിഭാഗങ്ങളാണു സംസ്ഥാനത്തുള്ളത്. 

2017ലേതു പോലെ സംസ്ഥാനം ഇളക്കിമറിച്ചുള്ള പ്രചാരണം കോൺഗ്രസ് ക്യാംപിൽ കാണുന്നില്ല. സമുദായ വോട്ടുകൾ ലക്ഷ്യമിട്ട്, താഴെത്തട്ടിൽ വോട്ടർമാരെ നേരിൽകണ്ടുള്ള പ്രചാരണമാണ് അവരുടേത്. പട്ടേൽ സമുദായത്തിന്റെ പിന്തുണയിൽ സൗരാഷ്ട്ര മേഖലയിലെ 48ൽ 28 എണ്ണം കഴിഞ്ഞ തവണ കോൺഗ്രസ് നേടിയിരുന്നു. ഒബിസികളുടെ ബലത്തിൽ ഇക്കുറി ആ നേട്ടം ആവർത്തിക്കുക ദുഷ്കരമാണ്. 

മോർബിയിൽ തൂക്കുപാലം തകർന്നുവീണത്, വിലക്കയറ്റം, കോവിഡ് കൈകാര്യം ചെയ്തതിലുള്ള കെടുകാര്യസ്ഥത എന്നിവ ജനങ്ങളുടെ മനസ്സിൽ നിന്നു മായാത്തതു ബിജെപിയെ അലട്ടുന്നുണ്ട്. 27 വർഷം തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തിൽ മോദിയുടെ മുഖവും താഴെത്തട്ടിലെ കരുത്തുറ്റ സംഘടനാസംവിധാനവും വീണ്ടും ഭരണത്തിലേക്കു വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിലാണു ബിജെപി.

 

ആം ആദ്മിയുടെ ആദ്യകടമ്പ കോൺഗ്രസ്

ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ മലർത്തിയടിച്ച ആം ആദ്മിക്കു ബിജെപിയുടെ കോട്ടയിൽ അട്ടിമറി വിജയം നേടുക നിലവിലെ സ്ഥിതിയിൽ എളുപ്പമല്ല. ആദ്യം മുഖ്യ പ്രതിപക്ഷമാവുക, അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന പഞ്ചാബ് മോഡൽ ഇവിടെയും പരീക്ഷിക്കുകയാണു ലക്ഷ്യമെന്ന് ആം ആദ്മി നേതാക്കൾ പറയുന്നു. 

അങ്ങനെ നോക്കുമ്പോൾ, ആം ആദ്മിയുടെ മുന്നിലുള്ള ആദ്യ കടമ്പ കോൺഗ്രസാണ്. സംസ്ഥാനത്ത്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ, പതിറ്റാണ്ടുകൾ നീണ്ട സാന്നിധ്യത്തിലൂടെ കോൺഗ്രസ് നേടിയെടുത്ത സംഘടനാശൃംഖലയെ മറികടന്നു മുന്നേറാൻ ആം ആദ്മിക്കു കഠിനാധ്വാനം ചെയ്യേണ്ടി വരും. കേജ്‍രിവാളും സംഘവും അതിനുള്ള തീവ്രശ്രമത്തിലാണെങ്കിലും ഭൂരിഭാഗം സീറ്റുകളിലും മുഖ്യ എതിരാളിയായി ബിജെപി കാണുന്നതു കോൺഗ്രസിനെയാണ്. ഗ്രാമീണ മേഖലയെ അപേക്ഷിച്ചു നഗര വോട്ടർമാർക്കിടയിൽ ആം ആദ്മിക്കു സ്വീകാര്യത കൂടുതലുണ്ട്.

 

English Summary: Gujarat election and national politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com