ADVERTISEMENT

കാലാവസ്ഥാമാറ്റം മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ സഹായിക്കാമെന്ന സമ്പന്നരാജ്യങ്ങളുടെ വാഗ്ദാനം വലിയൊരു ചുവടുവയ്പാണ്. മൂന്നു പതിറ്റാണ്ടു നീണ്ട ആവശ്യത്തിനു മറുപടി ഉണ്ടായിരിക്കുന്നു. മുന്നിൽ കടമ്പകളേറെയുണ്ട്. പക്ഷേ, മനുഷ്യന്റെ നിലനിൽപിനുള്ള വെല്ലുവിളികളെ ഒന്നിച്ച് ചെറുക്കാമെന്ന പ്രതീക്ഷ ഉയർന്നിരിക്കുന്നു

അവസാനംവരെ വലിയ പ്രതീക്ഷകളൊന്നും ഉയർത്താതെയാണ് ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി (സിഒപി 27) മുന്നോട്ടുനീങ്ങിയത്. പതിവുപോലെ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതെ പിരിയാൻ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ച വേദികൾ. പക്ഷേ, അവസാനം 36 മണിക്കൂർ നീട്ടിവച്ച സമ്മേളനം ഏറെ പ്രതീക്ഷകളുണർത്തുന്ന തീരുമാനങ്ങളെടുത്താണ് പിരിഞ്ഞത്.  വികസ്വരരാജ്യങ്ങളിൽ കാലാവസ്ഥാമാറ്റം വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ നേരിടാൻ പണം നൽകി സഹായിക്കാമെന്നു  സമ്പന്നരാജ്യങ്ങൾ സമ്മതിക്കുന്നത് ഇതാദ്യമായിട്ടാണ്. ഇതു ചെറിയ കാര്യമല്ല. മൂന്നു പതിറ്റാണ്ടായി വഴങ്ങാത്ത ആവശ്യത്തിനു മുന്നിൽ അവർ മനസ്സു തുറന്നിരിക്കുന്നു. 

earth

ബംഗ്ലദേശ്, മാലദ്വീപ്, ഇത്യോപ്യ, സൊമാലിയ തുടങ്ങി ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന രാജ്യങ്ങൾക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ആഗോള താപനഫലമായ പ്രളയങ്ങളും വരൾച്ചയും പലയിടത്തും ജനജീവിതത്തിനു വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. ജൂലൈ– ഓഗസ്റ്റിൽ പാക്കിസ്ഥാനിൽ വെള്ളപ്പൊക്കം വ്യാപകനാശം വിതച്ചെങ്കിൽ ഇത്യോപ്യയിലും സൊമാലിയയിലും മറ്റും മഴ പെയ്തിട്ടു പത്തു മാസത്തോളമായി. പട്ടിണിയുടെ വക്കിലാണ് ഈ രാജ്യങ്ങൾ. പ്രളയം മൂലം പാക്കിസ്ഥാനുണ്ടായ നഷ്ടം 4600 കോടി ഡോളറാണ് (ഏകദേശം 3.8 ലക്ഷം കോടി രൂപ). വാർഷിക വരുമാനത്തിന്റെ 13.25 ശതമാനത്തോളം വരും ഈ തുക. മാലദ്വീപ് പോലെയുള്ള ദ്വീപുരാജ്യങ്ങളും ഇന്ത്യൻ സമുദ്രതീരങ്ങളിലെ പല രാജ്യങ്ങളും ഇപ്പോൾതന്നെ കടലേറ്റ ഭീഷണിയുടെ നിഴലിലാണ്. 

ആഗോള താപനത്തിനു കാരണമായ ഖനിജ (ഫോസിൽ) ഇന്ധനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് യുഎസും യൂറോപ്പും ഉൾപ്പെട്ട സമ്പന്ന രാജ്യങ്ങളാണ്. ഈ ചെയ്തിക്ക് അവരാണു കാരണക്കാരെങ്കിലും ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നാലുണ്ടാകുന്ന ധനനഷ്ടമാണ് അവരെ പിന്നോട്ടു വലിക്കുന്നത്. പക്ഷേ, ചൂടേറുന്നതുമൂലം കടൽ താപനില ഉയർന്ന് പ്രളയവും കൊടുങ്കാറ്റും നാശം വിതയ്ക്കുന്നതോ പാവപ്പെട്ട രാജ്യങ്ങളിലും. ദുരന്തത്തിന് ഉത്തരവാദികളായവർ നഷ്ടപരിഹാരം നൽകണമെന്ന ലോകരാജ്യങ്ങളുടെ മുറവിളിക്കാണ് ഒടുവിൽ ഈജിപ്തിൽ നിന്നൊരു മറുപടി ലഭിക്കുന്നത്. 

chandra-bhooshan
ചന്ദ്ര ഭൂഷൺ

മുന്നോട്ടുപോകാനുണ്ട്; ഇനിയുമേറെ

കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു സാമ്പത്തിക സഹായം നൽകാമെന്ന കാര്യം ഏതായാലും ഈ ഉച്ചകോടിയുടെ അജൻഡയിൽ ഇടം പിടിച്ചു. ഇനി ചർച്ചകളും തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഏറെ ദൂരമുണ്ടെങ്കിലും മാനവരാശിയുടെ നിലനിൽപു സംബന്ധിച്ച് ഉയർന്നിരിക്കുന്ന വെല്ലുവിളികൾ ചെറുക്കാനുള്ള നീക്കങ്ങൾക്ക് ഇതു നേരിയ പ്രതീക്ഷ പകരുന്നു.  പക്ഷേ, കാര്യങ്ങളെല്ലാം നേരെയായി എന്നു കരുതരുത്. നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ ശബ്ദമുഖരിതമായിരുന്നു. 

ഫോസിൽ ഇന്ധനങ്ങൾ ഇപ്പോഴും ഏറ്റവും കൂടുതൽ പുറന്തള്ളുന്ന യുഎസും മറ്റും ഇതിനെ ശക്തമായി എതിർക്കുന്നു. മുങ്ങിപ്പോകുന്ന രാജ്യങ്ങളെ ആരൊക്കെ സഹായിക്കണമെന്ന ചോദ്യത്തിനു ദ്വീപുരാജ്യങ്ങൾ വിരൽചൂണ്ടുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ നേരെ മാത്രമല്ല; അടുത്തകാലത്ത് വികസനത്തിന്റെ കുതിപ്പിലേക്കു കയറിവന്ന ചൈനയുടെയും ഇന്ത്യയുടെയും നേർക്കുകൂടിയാണ്. ഔദ്യോഗിക ചർച്ചകൾക്കു തിരശീല വീണ ശേഷമാണ് ഇത്തരമൊരു പ്രതീക്ഷാജാലകമെങ്കിലും തുറക്കാനായത്. പക്ഷേ, ഒട്ടേറെ നൂലാമാലകൾ ശേഷിക്കുന്നു. കാലാവസ്ഥാമാറ്റത്തിന്റെ കെടുതികൾക്ക് നേരിട്ട് ഇരയാകുന്ന രാജ്യങ്ങൾക്കാവും ഈ തുക ആദ്യം നൽകുക. ഇന്ത്യയിൽ സ്ഥിതി താരതമ്യേന ഭേദമായതിനാൽ നമുക്കു വലിയ പ്രയോജനം ലഭിക്കാൻ സാധ്യതയില്ല.

സ്വകാര്യ മേഖലയിൽ നിന്നും കാരുണ്യനിധിയിൽ നിന്നുമെല്ലാം ഇതിലേക്കു തുക നൽകാൻ വികസിത രാജ്യങ്ങൾ ആഗ്രഹിക്കുന്നു. അത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ വിദേശനാണ്യ വിനിമയ നയങ്ങളെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. ഓരോ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും അതിനു കാരണക്കാരായ സമ്പന്ന രാജ്യങ്ങൾക്കു ധാർമിക (നിയമപരമല്ല) ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല എന്ന സ്ഥിതി സംജാതമാക്കാനായെങ്കിലും സമ്പന്നരാജ്യങ്ങൾ ഈ ബാധ്യത എത്രത്തോളം ഏറ്റെടുക്കുമെന്നത് വരാനിരിക്കുന്ന ഉച്ചകോടികളിലേ വ്യക്തമാകൂ. 

പെട്രോളും ഡീസലും ഇല്ലാത്ത ലോകം

മുൻപ് ഒരു കാലാവസ്ഥാ ഉച്ചകോടിയും ചർച്ചചെയ്യാതിരുന്ന ഒരു വിഷയം ഇത്തവണ ഉയർന്നുവന്നു. പെട്രോളും ഡീസലും ഉൾപ്പെടെ കാർബൺ ഇന്ധനങ്ങളിൽ നിന്നു ലോകത്തെ എന്നന്നേക്കും മോചിപ്പിക്കുക എന്ന വലിയ ചുവടുവയ്പിലേക്ക് അതു നയിക്കുകയും ചെയ്തു. പെട്രോൾ എന്ന കുടത്തിലെ ഭൂതത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ സർവനാശമാണു കാത്തിരിക്കുന്നതെന്ന ശാസ്ത്രബോധ്യമുണ്ടായിട്ടും ശരിയായ രാഷ്ട്രീയ തീരുമാനത്തിലും തിരിച്ചറിവിലുമെത്താൻ 30 വർഷം വേണ്ടിവന്നുവെന്നതാണ് ഭൗമരാഷ്ട്രീയത്തിന്റെ ദുരന്തം.

ശാസ്ത്രീയമായ തിരിച്ചറിവുകളെ നയരൂപീകരണത്തിലേക്കു നയിക്കാൻ കഴിഞ്ഞാലേ പ്രയോജനമുള്ളൂ.സൗരോർജത്തെ വൻതോതിൽ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ഇന്ത്യയുടെ ഇടപെടലാണ് ഈ ചർച്ച സജീവമാക്കിയത്. ഇക്കാര്യത്തിൽ യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ മാറിച്ചിന്തിക്കാൻ തുടങ്ങിയതോടെ 80 രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചു. കഴിഞ്ഞ വർഷം ഗ്ലാസ്ഗോയിൽ നടന്ന ഉച്ചകോടി ആഗോള താപനത്തിൽ കൽക്കരിയുടെ പങ്ക് തിരിച്ചറിഞ്ഞ് അതിനെ തൂത്തെറിയാൻ തീരുമാനിച്ചു.

അതെത്തുടർന്ന് ലോകമെങ്ങും കൽക്കരി നിലയങ്ങൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടുകയാണ്. എന്നാൽ സൗദി അറേബ്യ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയെപ്പോലെ പെട്രോൾ അധിഷ്ഠിത സമ്പദ്ഘടനാ രാജ്യങ്ങളുടെയും കൂട്ടായ്മകളുടെയും സമ്മർദം മൂലമാണ് കഴിഞ്ഞ വർഷം പെട്രോളിനെ ഒഴിവാക്കിയത്. ഈ രണ്ട് ഇന്ധനങ്ങളും നിയന്ത്രിക്കാതെ ആഗോള താപനത്തിനു കടിഞ്ഞാണിടാനാവില്ല എന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്.  സൗദിയുടെ എതിർപ്പുമൂലം, പൂർണനിയന്ത്രണം എന്ന തീരുമാനത്തിലേക്ക് എത്തിയില്ലെങ്കിലും വരും വർഷങ്ങളിലെ ചർച്ചകളിലൂടെ പെട്രോൾ യുഗത്തിന് അന്ത്യം കുറിക്കപ്പെടുമെന്ന് ഉറപ്പ്.

പെട്രോളിൽ നിന്നു മറ്റ് പ്രകൃതി സൗഹൃദ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റത്തിനു കളമൊരുക്കാനായി ഇന്തൊനീഷ്യയും ജി–7 രാജ്യങ്ങളും തമ്മിൽ കരാറിലേർപ്പെടാൻ ബാലിയിൽ നടന്ന ജി–20 രാജ്യങ്ങളുടെ സമ്മേളനം തീരുമാനിച്ചു. 2030 ആകുമ്പോഴേക്കും മൊത്തം കാർബൺ പുറന്തള്ളലിന്റെ 45 ശതമാനത്തോളം കുറയ്ക്കാനാണ് ഇന്ത്യയുടെയും ലക്ഷ്യം. ജസ്റ്റ് എനർജി ട്രാൻസിഷൻ പാട്ണർഷിപ്പിൽ പങ്കാളിയാകാനുള്ള  ജി7– ഇന്തൊനീഷ്യ കരാറിൽ നിന്നു പക്ഷേ, ഇന്ത്യ വിട്ടുനിന്നു. 

ഇന്ത്യയ്ക്കു മേലും സമ്മർദമുയരും

ഭാവിയിൽ വികസിത– വികസ്വര രാജ്യങ്ങൾ തമ്മിലുള്ള മിക്ക കരാറുകളും പരിസ്ഥിതി സൗഹൃദ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റത്തിനായുള്ളവയായിരിക്കും. രാജ്യങ്ങൾ തമ്മിൽ വികസിതം, വികസ്വരം എന്നിങ്ങനെ വേർതിരിവുണ്ടായത് 1992 മുതലാണ്. നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ വന്നപ്പോൾ ചൈനയെ ഇപ്പോഴും വികസ്വര രാജ്യങ്ങളുടെ പട്ടികയിൽപെടുത്തിയതിനെ മറ്റു രാജ്യങ്ങൾ എതിർത്തു. യുഎസ് കഴിഞ്ഞാൽ ഏറ്റവുമധികം കാർബൺ പുറന്തള്ളുന്ന രാജ്യമാണ് ചൈന. 

യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് എന്ന ശതകോടികളുടെ പദ്ധതി മാത്രം മതി ചൈനയെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ചേർത്ത് പാവപ്പെട്ട രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യതയുള്ളതാക്കാൻ. ദക്ഷിണ കൊറിയ, സിംഗപ്പൂർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും വികസിത രാജ്യങ്ങളുടെ ഗണത്തിലേക്കു മാറാനുള്ള വഴിതെളിഞ്ഞു.  വികസിതവുമല്ല, പിന്നാക്കവുമല്ല; മറിച്ച് വളരുന്ന സമ്പദ്ഘടന എന്ന പദവി ലഭിച്ചതോടെ ഇന്ത്യയും നഷ്ടപരിഹാരം നൽകേണ്ട സ്ഥിതിയിലേക്കായിരുന്നു ചർച്ചകളുടെ പോക്ക്.

ചൈന മികച്ച സമ്പദ്ഘടനയാകുന്നതോടെ തുല്യനിലയിലുള്ള ഇന്ത്യയുടെമേലും സമ്മർദം വർധിക്കും. ഭാവിയിൽ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിലാകുമോ ഇന്ത്യയുടെ സ്ഥാനമെന്ന ചോദ്യം ഈജിപ്ത് ഉച്ചകോടി ഉയർത്തുന്നു. അധികം കരാറുകൾ ഒപ്പിട്ടില്ലെങ്കിലും ചർച്ചകളുടെ ഗതി നഷ്ടപരിഹാരത്തിലേക്കും തിരിഞ്ഞു എന്നതാണ് സിഒപി 27ന്റെ അന്തിമഫലം. ഈ മാറ്റത്തെ അങ്ങേയറ്റം ഗൗരവത്തോടെ കാണാൻ ഇന്ത്യയ്ക്കു കഴിയണം. ഉച്ചകോടിയിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.

ഫോസിൽ ഇന്ധനത്തിൽനിന്നു വഴിമാറുന്നതിലും പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ശക്തമായിരുന്നു ഇന്ത്യൻ നിലപാട്. ഫോസിൽ ഇതര ഊർജസ്രോതസ്സുകളിലേക്കു വഴിമാറുക, വനവൽക്കരണത്തിലൂടെ കാർബൺ ആഗിരണം വർധിപ്പിക്കുക, മലിനീകരണം കുറയ്ക്കുക തുടങ്ങിയവ ഉൾപ്പെടുത്തി പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സമർപ്പിച്ച മാർഗരേഖ മികച്ചതാണെങ്കിലും ഈ നയരേഖ അടിസ്ഥാനമാക്കി രാജ്യത്തിന്റെ വികസനവും കാലാവസ്ഥാമാറ്റ പ്രതിരോധ നടപടികളും ഒന്നിപ്പിച്ചു കൊണ്ടുപോവുക എന്നതാണ് ഇന്ത്യയ്ക്കു മുൻപിലുള്ള വെല്ലുവിളി. 

(ന്യൂഡൽഹിയിലെ ഇന്റർനാഷനൽ ഫോറം ഫോർ എൻവയൺമെന്റ് സസ്റ്റെയ്നബിലിറ്റി ആൻഡ് ടെക്നോളജിയുടെ സിഇഒ ആണ് ലേഖകൻ. ഈജിപ്തിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തു)

sunitha-narayanan
സുനിത നാരായൺ

വീണ്ടും ജനം തോറ്റു സുനിത നാരായൺ 

ഇത്തവണയും ലോകജനത തോറ്റു. വിവിധ രാഷ്ട്രത്തലവന്മാർ വിജയിച്ചു. കാലാവസ്ഥാമാറ്റം എന്ന അടിയന്തരാവസ്ഥയെ ചെറുക്കാൻ വേണ്ട കർമപരിപാടികൾ ഉരുത്തിരി‍‍ഞ്ഞില്ല എന്നതാണ് ഈജിപ്തിൽ കഴിഞ്ഞ ദിവസം സമാപിച്ച ലോക കാലാവസ്ഥാ ഉച്ചകോടിയുടെ കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ  (സിഒപി–27) പരാജയം. നാശനഷ്ടങ്ങളെ നേരിടാൻ ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും വ്യക്തമായ ലക്ഷ്യങ്ങളുടെയും വിശദാംശങ്ങളുടെയും അഭാവത്തിൽ അത് എത്രത്തോളം പ്രായോഗികമാകുമെന്നതു കണ്ടറിയണം.

കടുത്ത ഊർജ– വൈദ്യുതി പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ രാജ്യങ്ങൾ പെട്രോളിനു പകരം പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കാൻ തീരുമാനമെടുത്തിരിക്കുന്നതിനാൽ കാർബൺ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനത്തിനു വലിയ പ്രയോജനം ലഭിക്കില്ല. കാരണം പ്രകൃതി വാതകങ്ങളും കാർബൺ പുറന്തള്ളുന്ന ഇന്ധനമാണ്. 

(ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടറാണ് ലേഖിക. ഈജിപ്തിലെ ഉച്ചകോടിയിൽ പങ്കെടുത്തു.)

English Summary : Rich countries agreed to help developing countries deal with climate related disasters in world climate summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com