ADVERTISEMENT

അടുത്ത ഏപ്രിൽ മുതൽ രാജ്യമാകെ റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേരളത്തിൽ നിലവിൽ വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി, സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചില്ലെങ്കിൽ സബ്സിഡി അരി നിർത്തലാക്കുമെന്നാണ് അന്ത്യശാസനം. ആരോഗ്യ സൂചികയിൽ ഏറെ മുന്നിലുള്ള കേരളത്തിൽ സമ്പുഷ്ട അരിയുടെ ആവശ്യമുണ്ടോ? ആരോഗ്യമേഖലയിലെ വിദഗ്ധർ രണ്ടു തട്ടിലാണ്. വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബിയുടെ കുറവു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്ക്ക് ഉത്തമപരിഹാരമെന്ന് അനുകൂലിക്കുന്നവർ. സമ്പുഷ്ട അരിയിലെ ഇരുമ്പിന്റെ ആധിക്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന് എതിർക്കുന്നവർ.

പോഷകസമ്പുഷ്ട അരി പോഷകാഹാരക്കുറവിന് പരിഹാരമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസി‍ഡന്റ് ഡോ. സുൽഫി നൂഹു പറയുമ്പോൾ, ശരിയായ ചികിത്സയിൽനിന്ന് ഒളിച്ചോട്ടമാണ് അതെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.എൻ.എം.അരുൺ വാദിക്കുന്നു. പോഷകസമ്പുഷ്ട അരിയെ അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങളിലൂടെ...

പക്ഷം vs മറുപക്ഷം

∙ പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) എത്രത്തോളം സഹായകരമാണ്?

sulfi
ഡോ. സുൽഫി നൂഹു, സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള.

ഡോ. സുൽഫി നൂഹു: പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടു ലോകാരോഗ്യ സംഘടന വിവിധ പഠനങ്ങൾ നടത്തിയിട്ടുണ്ട്. സമ്പുഷ്ടീകരിച്ച ഭക്ഷണപദാർഥങ്ങൾ (ഫോർട്ടിഫൈഡ് ഫുഡ്) പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നതിൽ ഫലപ്രദമാണെന്നു പ്രധാനപ്പെട്ട പഠനങ്ങൾ സംശയലേശമെന്യേ കണ്ടെത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയിട്ടുള്ളത്. ലോകാരോഗ്യ സംഘടന കാലാകാലങ്ങളിൽ ഇതു വിലയിരുത്തുകയും അത്തരം പദ്ധതികൾ നടപ്പാക്കാൻ ലോകരാജ്യങ്ങളോടു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ.എൻ.എം.അരുൺ: പോഷകങ്ങളുടെ കുറവ് പലതരത്തിലുണ്ടാകാം. ഓരോരുത്തരിലും എന്തെല്ലാം പോഷകങ്ങളുടെ അഭാവമുണ്ടെന്നു കണ്ടെത്തി അതിനു ചികിത്സ നൽകുകയെന്നതാണു ശരിയായ മാർഗം (ടാർഗറ്റഡ് ചികിത്സ). അതിനു പകരം എല്ലാവർക്കും സമ്പുഷ്ട അരി നൽകി പ്രശ്നം പരിഹരിക്കുകയെന്നതു ശരിയായ പ്രവണതയല്ല. ടാർഗറ്റഡ് ചികിത്സയിൽ നിന്നുള്ള ഒളിച്ചോട്ടമാണത്. ജനസംഖ്യയിലെ പകുതിയിലേറെ ആളുകൾക്ക് അയേൺ അംശം കൂടുതലടങ്ങിയ സമ്പുഷ്ട അരി ആവശ്യമില്ല. പുരുഷൻമാർക്കും ആർത്തവം അവസാനിച്ച സ്ത്രീകൾക്കും ഇതു വേണ്ട.

∙ വിളർച്ചയുൾപ്പെടെ പോഷകാഹാരക്കുറവു മൂലമുള്ള പ്രശ്നങ്ങൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ കൂടിയിട്ടുണ്ടെന്നു വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിൽ സമ്പുഷ്ട അരി നൽകുന്നതു ഗുണകരമാകുമോ?

ഡോ. സുൽഫി നൂഹു: കേരളത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ പോഷകാഹാരക്കുറവു മൂലമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സമ്പുഷ്ടീകരിച്ച ഭക്ഷണം നൽകുന്നതു ലോകരാജ്യങ്ങൾ സ്വീകരിച്ച മാതൃകയാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കാനായി നമ്മൾ നേരത്തേ അയഡിൻ അടങ്ങിയ ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന പദ്ധതി നടപ്പാക്കിയിരുന്നു. അതു ഫലം കണ്ടുവെന്നാണു പിന്നീടുള്ള പഠനങ്ങൾ തെളിയിച്ചത്. ഫോർട്ടിഫൈഡ് അരിയുടെ കാര്യത്തിലും വ്യത്യസ്തമായ അനുഭവമുണ്ടാകേണ്ട കാര്യമില്ല.

arun
ഡോ.എൻ.എം.അരുൺ, പൊതുജനാരോഗ്യ വിദഗ്ധൻ.

ഡോ.എൻ.എം.അരുൺ: വിളർച്ച അഥവാ രക്തക്കുറവ് പ്രധാനമായും കുട്ടികളിലും ആർത്തവമുള്ള സ്ത്രീകളിലും മാത്രം കണ്ടുവരുന്ന പ്രശ്നമാണ്. കേരളത്തിൽ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നുണ്ട്. ഇതിനു വേണ്ടി മൊത്തം ജനങ്ങൾക്കും അയേൺ അംശം കൂടുതലടങ്ങിയ സമ്പുഷ്ട അരി കൊടുക്കേണ്ട കാര്യമില്ല. വിദേശരാജ്യങ്ങളിൽ ഫോർട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. എന്നാൽ, അവിടെ പൊതുവിതരണ സമ്പ്രദായം വഴി എല്ലാവരിലും അടിച്ചേൽപിക്കുന്നില്ല. ആവശ്യക്കാർ മാത്രം വാങ്ങിക്കഴിച്ചാൽ മതി. അതു സ്ഥിരമായി ഉപയോഗിക്കുന്നവരിൽ അയേൺ അംശം കൂടുതലാണെന്നു പിന്നീടു കണ്ടെത്തിയിട്ടുണ്ട്.

∙ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങളുള്ളവർക്കു മാത്രം വൈറ്റമിൻ, അയേൺ അംശം കൂടുതലുള്ള ഭക്ഷണം നൽകിയാൽ പോരേ? മുഴുവൻ ജനങ്ങൾക്കും ഇതു നൽകേണ്ടതുണ്ടോ?

ഡോ. സുൽഫി നൂഹു: പോഷകാഹാരക്കുറവു മൂലമുള്ള പ്രശ്നങ്ങൾ നേരിടണമെങ്കിൽ സമൂഹത്തിൽ മൊത്തത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്. വൈറ്റമിൻ കുറവ് കണ്ടെത്തി, കുറവുള്ളവർക്കു മാത്രം മരുന്നുകൾ നൽകുകയെന്നതു പരിപൂർണമായി പ്രായോഗികമായ കാര്യമല്ല. ചില മേഖലകളിലൊക്കെ ഇതു സാധ്യമാകാം. എന്നാൽ, സംസ്ഥാനം മുഴുവൻ പരിശോധന നടത്തി ഇതു നടപ്പാക്കാൻ കഴിയില്ല. മൊത്തത്തിൽ സമൂഹത്തെ ബാധിക്കുന്ന ഒരു കാര്യത്തെ നേരിടാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതു തന്നെയാണു നല്ലത്.

ഡോ.എൻ.എം.അരുൺ: വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കു വൈറ്റമിൻ ബി– 12ന്റെ കുറവുണ്ടാകാം. നോൺ വെജ് ഭക്ഷണം കഴിക്കുന്നവരിൽ ഇതിന്റെ കുറവുണ്ടാകില്ല. എല്ലാവർക്കും വൈറ്റമിൻ ബി– 12 അടങ്ങിയ ഭക്ഷണം ഒരേപോലെ കൊടുക്കുന്നതു ശരിയായ രീതിയല്ല. പോഷകാഹാരക്കുറവു മൂലമുള്ള പ്രശ്നങ്ങൾ ഉള്ളവർക്കു മാത്രം വൈറ്റമിൻ, അയേൺ അംശം കൂടുതലുള്ള ഭക്ഷണം നൽകിയാൽ മതിയാകും. വിളർച്ചയുള്ളവർക്ക് അയേൺ കൂടുതലടങ്ങിയ ഭക്ഷണം നൽകണം. വിളർച്ച തീരെയില്ലാത്ത പുരുഷൻമാർക്കും ആർത്തവം അവസാനിച്ച സ്ത്രീകൾക്കും ഇതു കൊടുക്കേണ്ട കാര്യമെന്താണ്?

∙ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആവശ്യമായ വൈറ്റമിനുകളും മിനറലുകളുമെല്ലാം കിട്ടുമെന്നിരിക്കെ, പ്രത്യേകമായി സമ്പുഷ്ട അരി നൽകേണ്ടതുണ്ടോ?

ഡോ. സുൽഫി നൂഹു: ധാന്യവർഗങ്ങൾ കുറച്ച്, പഴവർഗങ്ങളും പച്ചക്കറികളും മാംസാഹാരവും കൂട്ടുന്ന ഭക്ഷണരീതിയാണു വേണ്ടത്. നമ്മുടെ ഭക്ഷണരീതികൾ മാറിവരികയാണെങ്കിലും അരിയാഹാരത്തിലാണ് (അന്നജം) കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പോഷകാഹാരക്കുറവ് നമ്മൾ നേരിടുന്നില്ലെങ്കിലും അതിന്റെ തോതിൽ ഇപ്പോൾ വർധനയുണ്ട്. അതുകൊണ്ടുതന്നെ പോഷകാഹാരക്കുറവു പരിഹരിക്കാൻ വേണ്ടിയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണം.

ഡോ.എൻ.എം.അരുൺ: അരിഭക്ഷണം കൂടുതൽ കഴിക്കുന്നതാണു മലയാളികളുടെ പ്രശ്നം. അരി കുറച്ച്, പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതൽ കഴിക്കുകയാണു വേണ്ടത്. വൈറ്റമിനും അയേണും ലഭിക്കാൻ വേണ്ടി സമ്പുഷ്ട അരി കൂടുതൽ അളവിൽ ആളുകൾ കഴിച്ചാപ്രമേഹമെല്ലാം വർധിക്കാനാണു സാധ്യത. ഇന്ത്യയിൽ തന്നെ പ്രമേഹത്തിന്റെ ആസ്ഥാനമാണു കേരളം. അതു കൂട്ടാനേ ഈ സമ്പുഷ്ട അരി സഹായിക്കൂ.

∙ പോഷകാഹാരം അമിതമായാലും ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കില്ലേ? തലസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങി രക്ത സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും കരൾ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും സമ്പുഷ്ട അരി നൽകുന്നതു ദോഷം ചെയ്യുമോ?

ഡോ. സുൽഫി നൂഹു: വൈറ്റമിൻ കൂടുന്നതല്ല, അന്നജം, മധുരം കലർന്ന ഭക്ഷണപദാർഥങ്ങൾ എന്നിവ കൂടുതൽ കഴിക്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. വൈറ്റമിൻ അടങ്ങിയ ഭക്ഷ്യപദാർഥങ്ങൾ കൂടുതൽ കഴിക്കുകയാണു വേണ്ടത്. സംസ്കരണസമയത്ത് അരിയിലെ പോഷകങ്ങൾ നഷ്ടപ്പെടാറുണ്ട്. അതിനാൽ അരിയിൽ വൈറ്റമിനുകളും അയണും കൂട്ടിച്ചേർക്കുന്നതു നല്ല കാര്യമാണ്. പ്രത്യേക അസുഖങ്ങൾക്കു ചികിത്സയിലുള്ളവർ മാത്രം ഡോക്ടർമാരുടെ നിർദേശപ്രകാരം സമ്പുഷ്ട അരി കഴിക്കുന്നതിൽ നിയന്ത്രണം വരുത്തിയാൽ മതിയാകും.

ഡോ.എൻ.എം.അരുൺ: ചിലയാളുകളിൽ കാണുന്ന സിക്കിൾസെൽ അനീമിയ, തലസീമിയ എന്നിവ വിളർച്ചയാണെങ്കിലും അതിനു കാരണം അയേണിന്റെ കുറവല്ല. അത്തരം രോഗങ്ങളുള്ളവരിൽ അയേണിന്റെ അംശം കൂടിയാൽ പ്രശ്നമാണ്. സാധാരണയാളുകളിൽ അയേണിന്റെ അംശം കൂടിയാൽ കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാം. ചിലരിൽ ലിവർ സിറോസിസ് പോലുള്ള അവസ്ഥയും ഉണ്ടാകാം. അയേൺ കൂടുന്നത് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം.

English Summary : Concers raised over usage of Fortified Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com