കേരള കാർഷിക സർവ‘കള’ശാല !

HIGHLIGHTS
  • നോക്കാനാളില്ലാത്ത കൃഷിഭൂമി പോലെ കാർഷിക സർവകലാശാല
flags
കൊടികുത്തിയ രാഷ്ട്രീയം: തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയുടെ മുറ്റത്ത് വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികൾ. ചിത്രം: ഉണ്ണി കോട്ടക്കൽ∙ മനോരമ
SHARE

കേരള കാർഷിക സർവകലാശാലയിൽ ഇടതു സംഘടനകൾ നടത്തുന്ന സമരം ഇന്ന് ഒന്നരമാസം തികയുന്നു. നോക്കാനാളില്ലാത്ത കൃഷിഭൂമിപോലെ ഈ സർവകലാശാല. രാഷ്ട്രീയത്തിന്റെ കള വളർന്ന് കൃഷിയെ ഞെരുക്കിക്കളയുന്നു. ചോദിക്കാനും പറയാനും ഉടയോനില്ല താനും. 

ഒരു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണു കേരള കാർഷിക സർവകലാശാല. മികവിന്റെ അളവുകോലായ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) റാങ്കിങ്ങിന് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. നേരിട്ടൊരു സന്ദർശനത്തിന് ഐസിഎആർ പ്രതിനിധികളെത്തില്ല എന്നതു ഭാഗ്യം.

വന്നാൽ കാണാനുള്ളത് വൈസ് ചാൻസലർ ഇല്ലാത്ത, സ്ഥിരമായി റജിസ്ട്രാർ ഇല്ലാത്ത, നിയമനങ്ങളിൽ സർവത്ര സ്വജനപക്ഷപാതവും കോടതിക്കേസുകളുള്ള  സർവകലാശാല സമരച്ചൂടിൽ ഇലകൊഴിഞ്ഞു നിൽക്കുന്ന കാഴ്ച. വിളയുന്നതു രാഷ്ട്രീയം, തെളിയുന്നതു സമരം. ഇതിനൊന്നും പ്രത്യേകം മാർക്കില്ലാത്തതിനാൽ ഇത്തവണയും റാങ്കിങ്ങിൽ വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിക്കാനില്ല.

റാങ്കിങ് വീണ വഴി 

ഐസിഎആർ റാങ്കിങ്ങിൽ ഇന്ത്യയിലെ 67 കാർഷിക ഗവേഷണ സ്ഥാപനങ്ങളെ പിന്നിലാക്കി കാർഷിക സർവകലാശാല ഒന്നാമതു നിന്ന സുവർണകാലമായിരുന്നു 2011 മുതലുള്ള 5 വർഷം. 2017–18ൽ 34–ാം റാങ്കിലേക്കു കൂപ്പുകുത്തി. 2019 –20ൽ നില അൽപം മെച്ചപ്പെടുത്തി 19–ാം റാങ്കിലേക്ക്. 2020 –21ലെ റാങ്കിങ് വന്നപ്പോൾ 28 ആയി താഴ്ന്നു. 

2021–22ലെ റാങ്കിങ്ങിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയാണു സർവകലാശാല. പക്ഷേ, മുൻപെങ്ങുമില്ലാത്തവിധം സർവകലാശാലയിലെ അന്തരീക്ഷം സംഘർഷഭരിതവും നിരാശാജനകവുമാണ്. വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം, അംഗീകാരങ്ങൾ എന്നിങ്ങനെയാണു റാങ്കിന്റെ മാനദണ്ഡം. ഇതിൽ ഒന്നിലും സ്ഥിതി ആശാവഹമല്ല. 

മാനദണ്ഡം 1.  വിദ്യാഭ്യാസം - ആകെ 3000 വിദ്യാർഥികൾ! 

പ്രതിവർഷം 450 കോടി രൂപയോളം ശമ്പള, പെൻഷൻ ഇനത്തിൽ ചെലവാക്കുന്ന കാർഷിക സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്നത് 3000 വിദ്യാർഥികൾ മാത്രം. കോഴ്സുകളും സീറ്റുകളും വർധിപ്പിച്ചു  മറ്റു സർവകലാശാലകൾ തഴച്ചു വളരുമ്പോൾ ഇവിടെ കോഴ്സുകളുടെ വെട്ടിനിരത്തൽ. അടുത്തിടെ സർവകലാശാല നഷ്ടപ്പെടുത്തിയത് 14 കോഴ്സുകൾ. അഗ്രികൾചറൽ എന്റമോളജി, ഫ്ലോറികൾ‌ചർ, റൂറൽ മാർക്കറ്റിങ് മാനേജ്മെന്റ്, റൂറൽ ബാങ്കിങ് മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനം, ബയോടെക്നോളജി, ഫുഡ് പ്രോസസിങ് ആൻഡ് എൻജിനീയറിങ് മേഖലകളിലുള്ള ബിരുദാനന്തര കോഴ്സുകൾ ഇവയൊക്കെ നഷ്ടമായതിൽപ്പെടുന്നു!    

കാർഷിക സർവകലാശാലയിൽനിന്നു പിരിഞ്ഞ വെറ്ററിനറി സർവകലാശാലയിൽ ആയിരത്തിൽ താഴെ വിദ്യാർഥികളേയുള്ളൂ. ഫിഷറീസ് സർവകലാശാലയിൽ 200 പേരും!. ഇതു മൂന്നും ചേർന്നാൽ 4200 വിദ്യാർഥികൾ. ഒരു മികച്ച സ്കൂളിന്റെ വിദ്യാർഥിപ്പട്ടികയെക്കാൾ ചെറുത്.  അതേസമയം, തമിഴ്നാട് കാർഷിക സർവകലാശാലയിൽ കാൽലക്ഷം വിദ്യാർഥികളുണ്ട്. സർവകലാശാല നേരിട്ടും അഫിലിയേറ്റഡ് സ്ഥാപനങ്ങൾ വഴിയുമാണ് ഇത്രയേറെപ്പേർക്ക് കാർഷിക വിദ്യാഭ്യാസം നൽകുന്നത്. കേരള കാർഷിക സർവകലാശാല രൂപീകരിച്ചപ്പോൾ അഫിലിയേറ്റ‍ഡ് സ്ഥാപനങ്ങൾ വേണ്ട എന്നു തീരുമാനിച്ചിരുന്നു. കാലത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്തിയിട്ടില്ല.   

മാനദണ്ഡം: ‌2.  ഗവേഷണം - എണ്ണത്തിലുമില്ല; വണ്ണത്തിലുമില്ല

വിദ്യാർഥികളുടെ എണ്ണത്തിലല്ല,  ഗവേഷണത്തിന്റെയും വിജ്ഞാന വ്യാപനത്തിന്റെയും വണ്ണത്തിനാണു പ്രാധാന്യം എന്നാണു സർവകലാശാലയുടെ വാദം. എന്നാൽ, ഇവിടെ വിദ്യാർഥികൾക്കു ജെആർഎഫ്, എസ്ആർഎഫ്, നെറ്റ് ഇവ കിട്ടുന്നതിലും കാര്യമായ മുന്നേറ്റമില്ല. വിദ്യാർഥികൾക്കു റിസർച് ഫെലോഷിപ്പുകൾ നേടാനുള്ള പരിശീലനമോ പ്രചോദനപരിപാടികളോ ഇല്ല. മറ്റു സർവകലാശാലകൾ വർഷം 10 പേറ്റന്റ് എന്ന ശരാശരി നിലവാരം കാത്തുസൂക്ഷിക്കുമ്പോൾ, കഴിഞ്ഞവർഷം ആകെ 2 പേറ്റന്റ് ആയിരുന്നു അപേക്ഷയിൽ.

ഇത്തവണ ആറിലേക്ക് ഉയർന്നിട്ടുണ്ട്. പക്ഷേ, ഐസിഎആർ അംഗീകരിച്ച പബ്ലിക്കേഷനുകളിൽ എടുത്തുപറയാവുന്ന ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നീ തസ്തികകളിൽ 400 പേരുണ്ട്. ഒരാൾ 2 പ്രബന്ധം പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. 800നു പകരം ആകെ പ്രബന്ധങ്ങൾ നൂറിൽ താഴെ. അതിൽ കൂടുതലും പണം കൊടുത്തു പ്രസിദ്ധീകരിക്കാവുന്ന ‘ തട്ടിപ്പ് പബ്ലിക്കേഷൻ’ എന്നു ഗവേഷണമേഖലയിലുള്ളവർ വിളിക്കുന്ന ജേണലുകളിൽ ഇടം കണ്ടെത്തിയവ. 

മാനദണ്ഡം 3:  വിജ്ഞാന വ്യാപനം - വയലിലില്ല; കൃഷി ഫയലിൽ 

സർവകലാശാലയിൽ ഗവേഷകർ കണ്ടെത്തുന്ന അറിവുകൾ കർഷകരിലേക്ക് എത്തിക്കുന്ന വിജ്ഞാന വ്യാപനപരിപാടികൾക്ക് ഐസിഎആർ പ്രാധാന്യം നൽകുന്നു. ‘വയലിൽ’ കുറവെങ്കിലും ‘ഫയലിൽ’ ധാരാളം വിജ്ഞാന വ്യാപനപരിപാടികൾ കാണാം. ഇതിനു മാർക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൃഷി വിജ്ഞാൻ കേന്ദ്ര(കെവികെ)ങ്ങളുടെ പ്രവർത്തനത്തിൽ മികവു വളരെ പിന്നിലാണ്. ഐസിഎആർ റേറ്റിങ്ങിൽ പ്രാധാന്യമുള്ള പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ കൃഷി വിജ്ഞാൻ പ്രോത്സാഹൻ പുരസ്കാരം ദേശീയതലത്തിലോ മേഖലാ തലത്തിലോ ഒരാൾക്കുപോലും നാലുവർഷത്തിനിടെ കിട്ടിയിട്ടില്ല. 

കേരളത്തിലെ കൃഷിഭൂമികളിലേക്കു നൽകേണ്ട വിത്തും സാങ്കേതികവിദ്യയും ശുപാർശ ചെയ്യേണ്ട കോർ സ്റ്റാൻഡേഡ് നോട്ടിഫിക്കേഷനുള്ള നിയമപരമായ കമ്മിറ്റി 3 വർഷമായി കൂടിയിട്ടു പോലുമില്ല. സർവകലാശാലയുടെ തനതു വരുമാനം ഇടിഞ്ഞു. വയനാട് അമ്പലവയലിലും തിരുവനന്തപുരം വെള്ളായണി ക്യാംപസിലും തൃശൂർ വെള്ളാനിക്കരയിലുമായി 5000 ഏക്കറെങ്കിലും ഭൂമി സ്വന്തമായുള്ള കേരള കാർഷിക സർവകലാശാലയുടെ ഫാമുകളിൽനിന്ന് ആഭ്യന്തര വരുമാനം 200 കോടിവരെ ഉണ്ടാക്കാമെങ്കിലും കിട്ടുന്നത് 13 കോടി രൂപ. 

മാനദണ്ഡം 4: അവാർഡ് - അവാർഡിനെപ്പറ്റി മിണ്ടരുത് 

ഐസിഎആർ വർഷംതോറും നൽകുന്ന മികച്ച അധ്യാപക പുരസ്കാരം, നാഷനൽ സയൻസ് അക്കാദമികളുടെ പുരസ്കാരം, ഐസിഎആർ പിഎച്ച്ഡി പുരസ്കാരം ഇവയൊന്നും അടുത്തിടെ സർവകലാശാലയിലെത്തിയില്ല. ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം, രാജ്യാന്തര ഗവേഷണപുരസ്കാരങ്ങൾ, യുഎൻ അംഗീകാരം ഇവയൊക്കെ നേടിയ സർവകലാശാലകളോടാണ് ഇക്കാര്യത്തിൽ മത്സരിക്കുന്നത്. 

university-ground
കാർഷിക സർവകലാശാലയുടെ മൈതാനം കാടുപിടിച്ച് ഉപേക്ഷിക്കപ്പെട്ടനിലയിൽ. ഐസിഎആർ റാങ്കിങ്ങിൽ വിദ്യാർഥികളുടെ കായികനേട്ടങ്ങൾക്കും മാർക്കുണ്ട്.

വിസി ഇല്ല, റജിസ്ട്രാർ ഉപരോധത്തിൽ; സർവകലാശാലയിൽ ഭരണപ്രതിസന്ധി 

കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും സേവനം ഇപ്പോൾ ലഭ്യമല്ല. മുൻ വൈസ് ചാൻസലർ തമിഴ്നാട് സ്വദേശിയായ ചന്ദ്രബാബുവിന്റെ നിയമനം തുടക്കം മുതൽ വിരമിക്കൽ വരെ വിവാദത്തിലായിരുന്നു. ഇതിനെതിരെ കേസ് നടത്താൻ സർവകലാശാലയ്ക്കു കോടികൾ ചെലവായി. വിരമിച്ചപ്പോൾ അധികമായി ശമ്പള ഇനത്തിൽ നൽകിയ 8.5 ലക്ഷം രൂപ വൈസ് ചാൻസലറിൽനിന്നു തിരിച്ചുപിടിക്കാനുള്ള കേസ് വേറെ. വിസിയുടെ ചുമതല ഏറ്റെടുത്ത കാർഷികോൽപാദന കമ്മിഷണറും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായ ഇഷിതാ റോയിയുടെ നിയമനവും വിവാദത്തിലാണ്.

2016ൽ നിലവി‍ൽ വന്ന യുജിസി വ്യവസ്ഥ അനുസരിച്ചു വിസിയുടെ ചുമതല മറ്റ് ഏതെങ്കിലും വിസിക്കോ സർവകലാശാലയിലെ സീനിയർ പ്രഫസർക്കോ മാത്രമേ നൽകാവൂ. ഈ ചട്ടലംഘനത്തിനെതിരെ സിപിഎം അനുകൂല സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഭരണനിർവഹണ ചുമതലയുള്ള റജിസ്ട്രാർ ആവട്ടെ 45 ദിവസമായി ഉപരോധത്തിൽ കുടുങ്ങിയിരിക്കുന്നു. സിപിഎം സർവീസ് സംഘടനകളുടെ കൂട്ടായ്മയായ കെഎയു ജനാധിപത്യ സംരക്ഷണ സമിതിയാണു സമരം ചെയ്യുന്നത്. മുൻ വിസി വിരമിക്കുന്ന ദിവസം ഒപ്പിട്ട ഉത്തരവുപ്രകാരം സിപിഎം സർവീസ് സംഘടനാ നേതാവ് സി.വി.ഡെന്നിയെ നാലു തസ്തിക തരംതാഴ്ത്തിയിരുന്നു.

ഇതും മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് റജിസ്ട്രാറെ ഉപരോധിച്ചിരിക്കുന്നത്.  റജിസ്ട്രാറുടെ ഓഫിസിലേക്കു ഫയൽ എത്തുന്നതും സമരക്കാർ തടഞ്ഞിരിക്കുകയാണ്. സർവകലാശാലയിലേക്കു പിഎസ്‌സി പുതിയതായി നിയമിച്ചവരുടെ അഡ്വൈസ് മെമ്മോയുടെ ഫയൽപോലും കെട്ടിക്കിടക്കുന്നു. ചർച്ച നടത്തി സമരം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നില്ല. ഭരണപ്രതിസന്ധി ഉണ്ടായിട്ടും മന്ത്രിതല ഇടപെടലും ഉണ്ടായിട്ടില്ല. റജിസ്ട്രാർ തസ്തികയിൽ 2003നുശേഷം സ്ഥിരനിയമനം നടന്നിട്ടില്ല. 2007നും 2019നുമിടയിലുള്ള 12 വർഷത്തിനിടെ വന്നുപോയത് 12 റജിസ്ട്രാർമാർ. ഇതിലൊരു റജിസ്ട്രാർ ഐസിഎആർ അക്രഡിറ്റേഷനുള്ള അപേക്ഷ നൽകാൻപോലും മറന്നുപോയി. 

വിളയുന്നതെന്ത് ? - രാഷ്ട്രീയം 

കൃഷിമന്ത്രിയുടെ അഭിമാനപദ്ധതിയായ കൃഷിദർശൻ പരിപാടി മണ്ണുത്തി സർവകലാശാലാ ക്യാംപസിൽ നടക്കുന്ന ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യാൻ പോയവരാണ് ജീവനക്കാർ. വിഷയം – പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം. ദർശനം കൃഷിയിലേക്കല്ല എന്നു വ്യക്തം. വളവും വെള്ളവും നൽകാതെതന്നെ കാർഷിക സർവകലാശാലയിൽ തഴച്ചുവളരുന്ന വിള ഒന്നേയുള്ളൂ. അതാണു രാഷ്ട്രീയം. 

കൃഷിവകുപ്പ് കയ്യാളുന്ന സിപിഐയുടെ സ്വജനപക്ഷപാത നിയമനങ്ങളാണു സർവകലാശാലയിലെന്ന് ആക്ഷേപിക്കുന്നതു  സിപിഎമ്മിന്റെ സംഘടനകളാണ്. യോഗ്യരായ പ്രഫസർമാർ ഉള്ളപ്പോഴും നിയമന നടപടി നടത്താതെ ഇൻചാർജ് ഭരണമാണിവിടെ. ഇൻചാർജുമാർ സിപിഐയുടെ ഇഷ്ടക്കാരെന്നാണ് ആരോപണം. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ ഇൻചാർജ് ഭരണം അവസാനിപ്പിക്കാൻ പറഞ്ഞെങ്കിലും കേട്ടില്ല.

അക്കാദമിക വളർച്ചയുടെ നട്ടെല്ലാകേണ്ട അഗ്രി, അഗ്രി എൻജിനീയറിങ്, ഫോറസ്ട്രി ഫാക്കൽറ്റികളിലെല്ലാം ഡീൻ പദവിയിൽ ഇൻചാർജുകാരാണ്. കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം, ഗവേഷണം, അക്കാദമികം, പരീക്ഷ, ആസൂത്രണം തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം ഭരണം നിയന്ത്രിക്കുന്നതും ഇൻചാർജുകാർ. താക്കോൽ സ്ഥാനങ്ങളിൽ സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ പ്രകാരമുള്ള സ്ഥിരനിയമനം നടത്താത്തിനുകാരണം സ്വന്തം ആൾക്കാരെ ഈ പദവികളിൽ പാർട്ടികൾ തിരുകിക്കയറ്റുന്നതു തന്നെ. താൽക്കാലിക ജോലികളിൽ പാർട്ടിക്കാർ നിർദേശിക്കുന്നവരെ നിയമിക്കുകയാണ് ഇവരുടെ പ്രധാന ജോലിയെന്നാണു വിമർശനം

English Summary : Kerala Agricultural University in the midst of Problems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS