നീതി വൈകുന്നതും നീതിനിഷേധം

HIGHLIGHTS
  • കേസുകൾ വേഗം തീർപ്പാക്കാൻ കോടതികളെ ശക്തിപ്പെടുത്തണം
kozhikode-perambra--teacher-approached-high-court-against-the-suspension
SHARE

കേസുകൾ തീർപ്പാക്കാതെ വർഷങ്ങളോളം വൈകിപ്പിക്കുന്നതിൽ കോടതികൾ ആത്മപരിശോധന നടത്തണമെന്നു കഴിഞ്ഞദിവസം േകരള ഹൈക്കോടതി പറഞ്ഞതിൽ ഇപ്പോഴത്തെ ഗുരുതരസാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുണ്ട്. ജനങ്ങൾക്കു നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നു മുന്നറിയിപ്പു നൽകിയിരിക്കുകയാണു കോടതി. സഹകരണ ബാങ്കിൽനിന്നു വിരമിച്ച ജീവനക്കാരൻ ആനുകൂല്യങ്ങൾക്കായി കാൽനൂറ്റാണ്ടായി വിവിധ കോടതികളിൽ കയറിയിറങ്ങിയ സംഭവം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഈ വിമർശനമുണ്ടായത്. 

തീർപ്പില്ലാതെ നീണ്ടുപോകുന്ന എത്രയോ കേസുകളിൽ ഒട്ടേറെ ജീവിതങ്ങളുടെ വിങ്ങലും വേവലാതിയും നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പുമുണ്ടെന്നുള്ള സത്യം നാം മറന്നുപോകുന്നു. രാജ്യമെങ്ങും കെട്ടിക്കിടക്കുന്നതു കോടിക്കണക്കിനു കേസുകളാണ്. സുപ്രീം കോടതിയിൽ മാത്രം 69,781 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നു. അതിൽത്തന്നെ 489 കേസുകൾ ഭരണഘടനാ ബെഞ്ചുകൾ പരിഗണിക്കേണ്ടവയാണ്. നാഷനൽ ജുഡീഷ്യൽ ഡേറ്റാ ഗ്രിഡിന്റെ കണക്കുപ്രകാരം, രാജ്യത്തെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 60 ലക്ഷത്തോളം കേസുകളാണ്.

അതിൽത്തന്നെ 66,989 കേസുകൾ മുപ്പതു വർഷത്തിലധികം പഴക്കമുള്ളവയാണെന്നുകൂടി തലതാഴ്ത്തി ഓർമിക്കാം. രാജ്യത്തെ ജില്ലാക്കോടതികളിൽ തീർപ്പാക്കാനുള്ളത് 4 കോടി 26 ലക്ഷത്തിലേറെ കേസുകളാണെന്നുകൂടി അറിയുമ്പോഴോ? കേരള ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നതുതന്നെയുണ്ട്, രണ്ടു ലക്ഷത്തോളം കേസുകൾ. ഇതിൽ ചിലത് 20 വർഷം വർഷത്തിലേറെ പഴക്കമുള്ളതുമാണ്. സംസ്ഥാനത്തെ ജില്ലാക്കോടതികളിൽ പതിനെട്ടര ലക്ഷത്തിലേറെ കേസുകൾ തീർപ്പാക്കാതെയുണ്ട്. ന്യായാധിപരുടെയും കോടതികളുടെയും കുറവാണ് കേസുകൾ കെട്ടിക്കിടക്കുന്നതിനുള്ള മുഖ്യകാരണമെന്നു പറയാം. നീതി വൈകാതിരിക്കാൻ രാജ്യത്തിന്റെ പലഭാഗങ്ങളിൽ സുപ്രീം കോടതി ബെഞ്ചുകൾ സ്ഥാപിക്കണമെന്ന് 2019ൽ അന്നത്തെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നിർദേശിച്ചത് ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നുണ്ട്.

ആറു വർഷം മുൻപു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സമ്മേളനത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.‌ഠാക്കൂർ വിതുമ്പിയതു വാർത്തയായിരുന്നു. ജുഡീഷ്യറിയുടെ ജോലിഭാരത്തിലും കേസുകൾ കെട്ടിക്കിടക്കുന്നതിൽ കോടതികളെ കുറ്റപ്പെടുത്തുന്നതിലും മനംനൊന്താണ് അദ്ദേഹം വികാരാധീനനായത്. കേസുകൾ കെട്ടിക്കിടക്കുന്നതിനു കാരണം, കോടതികളിലെ ഒഴിവുകൾ നികത്താത്തതാണെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചൂണ്ടിക്കാട്ടിയതുകൂടി ഓർമിക്കാം.

കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ ഗുരുതരസ്വഭാവം തിരിച്ചറിഞ്ഞ് സുപ്രീം കോടതി അടിയന്തര നടപടികളിലേക്കു കടന്നത് രാജ്യത്തിനു പ്രതീക്ഷ തരുന്നു. വിചാരണ വേഗത്തിലാക്കാൻ നാലു പ്രത്യേക ബെഞ്ചുകൾ അടുത്തയാഴ്ച മുതൽ സുപ്രീം കോടതിയിൽ പ്രവർത്തിക്കും. കേസുകൾ കോടതികളിൽ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ പരിശോധിച്ചുവരികയാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഈയിടെ വ്യക്തമാക്കിയിരുന്നു. പ്രാധാന്യം അനുസരിച്ച് കേസുകൾ ലിസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിനു മുൻപ് ചീഫ് ജസ്റ്റിസായിരുന്ന യു.യു.ലളിത് തനിക്കു ലഭിച്ച ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനു ചില നടപടികളെടുത്തിരുന്നു. 

നീതി വൈകുന്നതു നീതിനിഷേധം തന്നെയാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ്, തീർപ്പു വേഗത്തിലാക്കാനും ന്യായാധിപ ഒഴിവുകൾ നികത്താനും എത്രയുംവേഗം നടപടികളുണ്ടായേതീരൂ. ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജി നിയമനത്തിനു കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നതു പതിവായിട്ടുണ്ട്. നിയമനം ജഡ്ജിമാരുടെ ചുമതലയിൽനിന്നു മാറ്റണമെന്ന അഭിപ്രായം കേന്ദ്ര സർക്കാരിനുണ്ട്. ജഡ്ജി നിയമനകാര്യത്തിൽ ഇപ്പോഴും അധികാരത്തർക്കം നിലനിൽക്കുന്നുവെന്നതു ഹിതകരമല്ല. 

കോടതികളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനും സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്താനും ഈ കാലം ആവശ്യപ്പെടുന്നു. കോടതികളിൽ കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു കേസുകളുടെ ഈ വലിയ ഭാരം നീതിയിലും അതിന്റെ നിർവഹണത്തിലും വിശ്വാസമർപ്പിക്കുന്ന നമ്മുടെ രാജ്യത്തിനു താങ്ങാനാവുന്നതല്ല. കേസുകൾ വേഗത്തിൽ തീർപ്പാക്കപ്പെടുക എന്നതും നീതി നടപ്പാക്കലിലെ സുപ്രധാന ഘടകമാണെന്ന ബോധ്യത്തോടെയുള്ള നടപടികളാണ് സർക്കാരിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.

English Summary : Courts should be strengthened to dispose cases quickly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS