ADVERTISEMENT

അതിർത്തിയിൽ യുദ്ധം ജയിച്ചു നാട്ടിലെത്തിയ പട്ടാളക്കാരൻ തലയിൽ തേങ്ങ വീണ് അത്യാസന്ന നിലയിലായെന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അതേ അവസ്ഥയിലാണു തരൂർജി. ഒരു മാസം മുൻപുവരെ അഖിലേന്ത്യൻ ആയിരുന്നു. കിടപ്പിലായ കോൺഗ്രസിനൊരു ഉഴിച്ചിൽ, എണീറ്റാലൊരു പിഴിച്ചിൽ. ഇതൊക്കെയായിരുന്നു ആ ജഗൽപ്രസിദ്ധന്റെ മനസ്സിൽ. മാഡംജി അനുഗ്രഹിച്ചുവിട്ട ഖർഗെക്കെതിരെ ജയിച്ചില്ലെങ്കിലും തോറ്റില്ല. ചില ആംഗിളുകളിൽ നോക്കിയാൽ തരൂർജി ജയിച്ചെന്നേ പറയാനുമൊക്കൂ.

രാഹുൽജി നടക്കുന്നതിനാൽ കോൺഗ്രസിൽ ഇപ്പോൾ മറ്റൊന്നും നടക്കുന്നില്ല. സ്വയം കണ്ടെത്താനുള്ള ആ യാത്രയ്ക്കു കശ്മീരിൽ കർട്ടൻ വീഴുമ്പോൾ കോൺഗ്രസിനുള്ള മർമാണി ചികിത്സ ആരംഭിക്കാം. ചലനശേഷി കുറഞ്ഞവരും ചർമശേഷി കൂടിയവരും അടയിരിക്കുന്ന ഇടമാണല്ലോ വർക്കിങ് കമ്മിറ്റി. കോൺഗ്രസിനെ അൽപം ഉടച്ചും അധികം ഉടയ്ക്കാതെയും വാർക്കണമെങ്കിൽ വർക്കിങ് കമ്മിറ്റിയിൽ കയറിപ്പറ്റണം. അതിനു തരൂർജി ഇത്തിരി വിയർക്കേണ്ടിവരും. വിയർപ്പോഹരിയെങ്കിലും കിട്ടിയാൽ ഭാഗ്യമെന്നേ പറയേണ്ടൂ. ആ നേരംകൊണ്ടു കേരളത്തിലെ കോൺഗ്രസിനെ ഉത്തേജിപ്പിച്ച് ഉജ്വലമാക്കിയാലോ? 

വിചാരശീലനു ഗംഭീര തമാശയും വികാരാധീനനു വിലാപകാവ്യവുമാണല്ലോ ജീവിതം. അങ്ങനെ തരൂർജി അടുത്ത തമാശയ്ക്കു പുറപ്പെട്ടു. മലബാറിലെ പട്ടണങ്ങളൊക്കെ കാണണം, പാണക്കാട്ടൊന്നു കയറണം. യുഡിഎഫിൽ കിളയ്ക്കണമെങ്കിൽ ലീഗിൽ നിന്നാണല്ലോ മൺവെട്ടി വാങ്ങേണ്ടത്. അതു കേട്ടപ്പോഴേ കോൺഗ്രസിൽ ചിലരുടെ കൺട്രോൾ പോയി. ആ സാധനം നേരത്തേ പോയിരുന്നവർക്ക് ഇപ്പോൾ കുറച്ചുകൂടി പോയി. 

സംഘടനാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് രാഘവനും കൊച്ചിയിൽ ഹൈബിയും തിരുവനന്തപുരത്തു ശബരിയുമൊക്കേയേ തരൂർജിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. അന്നു തരൂർജിയെ കടിച്ചു കണ്ടം തുണ്ടമാക്കാൻ മുരണ്ടു നടന്നവരിൽ മുന്നിലായിരുന്നു മുരളീധരൻ. ചുരുളിഭാഷ ഏതു സമയത്തും എടുത്തേക്കാം. തടയാൻ ശ്രമിച്ചവരുടെ ഉച്ചിക്കു മുകളിലൂടെ ചാടാൻ കുതിച്ച പോരാളി. ഏതു കുമ്പിടി ഓതിയ വെള്ളം എവിടെ തളിച്ചെന്നു നിശ്ചയമില്ല. ഇപ്പോൾ തരൂർജിയെന്നു കേട്ടാൽ മതി മുരളീധരൻ ഉടൻ തരളിതനാകും. യോദ്ധാക്കൾക്ക് എപ്പോഴും കണക്കൊത്ത വാൾ കിട്ടണമെന്നില്ല. മുറിച്ചുരിക വച്ചും അവർ പോരാടും. അതുപോലെയാണു തരൂർജിയും. മുരളീധരനെങ്കിൽ മുരളീധരൻ. 

തരൂർജിയുടെ സഞ്ചാരം കെപിസിസി വിലക്കിയെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. പാർട്ടിയാകെ വിലങ്ങിക്കിടക്കുമ്പോൾ വിലക്കൊക്കെ ഏശുമോ? തരൂർജിയുടെ കേരളയാത്ര സതീശന്റെ കരളു പിളർന്നത്രേ. വെറുതേപോയ വയ്യാവേലി തോർത്തെറിഞ്ഞു പിടിച്ചെന്നു കേട്ടിട്ടില്ലേ? ഉദാഹരണസഹിതം മനസ്സിലാക്കാൻ തരൂർജിയെ ഉന്നമിട്ടുള്ള സതീശന്റെ വർത്തമാനങ്ങൾ കേട്ടുകൊൾക. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചവരാണു വിലക്കാൻ ശ്രമിച്ചതെന്ന മുരളീധരന്റെ വെളിപ്പെടുത്തൽ ഏറ്റെടുക്കാനും സതീശനേയുള്ളൂ. സൗദിയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത മെസ്സിയെപ്പിടിച്ചാണു തരൂർജിക്കുവേണ്ടി മുരളിയുടെ പന്തടികൾ.

നേരംപുലർന്ന് അവസാനിക്കുന്നതിനിടെ നാലു പരിഹാസം കാച്ചാതെ മുരളീധരന് ഉറക്കമില്ല. ഊതിവീർപ്പിച്ച ബലൂണല്ലെന്നു തിരിച്ചടിച്ച സതീശൻ തരൂർജിയെ മാത്രമല്ല, മുരളീധരനെയും കുത്തിയതാണത്രേ. ചില ഫുട്ബോൾ ടീമുകളും കോൺഗ്രസും ഒരുപോലെയാണല്ലോ. ജയിക്കണമെന്നു ജനം ആഗ്രഹിക്കുമെങ്കിലും കളിക്കാർക്ക് ആ ചിന്തയേ കാണില്ല. സംസ്ഥാനത്തെ പ്രഥമ മുൻ പ്രതിപക്ഷനേതാവ് ചെന്നിത്തല ഗാന്ധിയാകട്ടെ സതീശനെ തള്ളുന്നുമില്ല; മറ്റുള്ളവരെ കൊള്ളുന്നുമില്ല. കുപ്പായം തയ്പിക്കാൻ 4 വർഷമുണ്ടത്രേ. ആ വാചകത്തിൽ ചെറിയൊരു ചൂണ്ട ഞാന്നുകിടന്ന് ആടുന്നുണ്ട്.

എങ്ങാനും ഭരണം കിട്ടിയാൽ കുപ്പായത്തിനുള്ള തുക തനിക്കും ഉണ്ടെന്നൊരു ഓർമപ്പെടുത്തൽ. മഹാത്മാഗാന്ധി പ്രസംഗിച്ചുനടന്ന കാലത്തു കോൺഗ്രസ് താനേ ഉണ്ടായല്ലോ. അതുപോലെയാണ് ഇപ്പോഴുമെന്ന തോന്നലാണു കോൺ‍ഗ്രസുകാർക്ക്. മെച്ചപ്പെടുത്താൻ സംഘടന വേണ്ടേ? മെനക്കെടാൻ ആരുമില്ല. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയൻ വചനത്തെ പ്രവർത്തിക്കുന്നതിനെക്കാൾ നല്ലതു മരണമാണല്ലോയെന്നു തിരുത്തിക്കുറിക്കുകയാണു നേതാക്കൾ. കരയിൽ വിരിച്ച കളസം ഉണങ്ങുന്നതുവരെ വെള്ളത്തിൽ കിടന്നു മാനംമറയ്ക്കുന്ന മട്ടിലാണ് കോൺ‍ഗ്രസ്. അടിയോടടിക്കുമാത്രം മാറ്റമില്ല. 

ജനങ്ങളേ, നിങ്ങൾ സന്മാർഗികളാകരുതേ...

പ്രജകൾ സന്മാർഗികളായാൽ വെട്ടിലാകുന്ന ഒരു സർക്കാരേയുള്ളൂ ഈ ഗോളത്തിൽ. അതാണു കേരള സർക്കാർ. ലോട്ടറിയും മദ്യവും ഇല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഷട്ടർ വീഴും. എല്ലാവരും റോഡ് നിയമങ്ങൾകൂടി പാലിച്ചാൽ സമ്പൂർണമായി പൂട്ടിലാകും. മൂന്നിനും മുന്നിൽ മുട്ടിൽ നമസ്കരിക്കുകയാണു ധനഗോപാൽ. ഏതെങ്കിലുമൊരു വരവു നിലച്ചാൽ നിത്യനിദാനച്ചെലവിനു ചില്ലിക്കാശില്ലാതാകും. മദ്യവും ലോട്ടറിയും കൊണ്ടാണ് ഉപജീവനമെന്നു കേട്ടാൽ മുഖ്യൻ കോപിക്കും. പറയുന്നതു ഗവർണറാണെങ്കിലും സത്യം സത്യമല്ലാതാകുമോ? അല്ലെങ്കിൽ മദ്യത്തിന് അടിക്കടി വില വർധിപ്പിക്കുന്നത് എന്തിന്? സാമ്പത്തിക ക്ഷീണം മുറുകിയാൽ ഉടൻ കുപ്പിക്കിട്ടു കേറ്റും.

alcohol

കുപ്പി സേവകർക്കു കൂടെ ഒഴിക്കാൻ സംഘടനയോ ടച്ചിങ്സിനു നേതാക്കളോ ഇല്ലല്ലോ. ആർക്കും എന്തുമാകാം. വേണ്ടപ്പെട്ടവരിൽ ആർക്കൊക്കെ ജോലിയും വണ്ടിയും ഉറപ്പാക്കാം?, എന്തിനൊക്കെ വില കൂട്ടാം? എന്നീ കർമങ്ങൾക്കുവേണ്ടിയാണല്ലോ മന്ത്രിസഭയുടെ കൂടിച്ചേരൽ. വേറെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയല്ലേ?. കുഞ്ഞുങ്ങളെയും കടിച്ചുതൂക്കി ആ പൂച്ച സ്ഥലം കാലിയാക്കിയാൽ അടുത്തതു പ്രസവിക്കാൻ വരും.

കഴിഞ്ഞ മന്ത്രിസഭായോഗം മദ്യത്തിനു ശരാശരി 10 രൂപയും പാലിന് 6 രൂപയും വർധിപ്പിച്ചു. സർവത്ര വർധിപ്പിച്ചിട്ടും ദാരിദ്ര്യം തീരുന്നുണ്ടോയെന്നു ചോദിക്കരുത്. ആ ചോദിച്ച വകയിൽ വൈദ്യുതിക്കും വെള്ളത്തിനും വണ്ടിക്കുമുള്ള നിരക്കുകൾ വീണ്ടും ഉയർത്തും. ഇതിനെല്ലാം പുറമേ വിലക്കയറ്റം പിടിച്ചുനിർത്തിയെന്ന വെറുപ്പിക്കൽ പ്രസംഗങ്ങളും ജനം സഹിക്കണം. സർക്കാർ വിൽക്കുന്ന 13 ഐറ്റംസിന് 6 വർഷമായി വില വർധിച്ചിട്ടില്ലത്രേ. ങേ, അതെങ്ങനെ? മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അതും ഒപ്പിക്കാം.

സബ്സിഡി ഇനത്തിൽ ഒരു കിലോഗ്രാം കൊടുത്തിരുന്ന സ്ഥാനത്ത് അര കിലോഗ്രാമേ കൊടുക്കൂ. അളവു കുറയുമ്പോൾ സബ്സിഡി തുകയും കുറയുമല്ലോ. സാധനം ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ട്. വില പിടിച്ചുനിർത്തിയെന്നു നൈസായി തള്ളാൻ മറ്റെന്തെങ്കിലും വേണോ? ഈ തലയൊക്കെയല്ലേ പരിശോധിക്കേണ്ടത്?. ധനവകുപ്പിലെ വെട്ടിക്കുറയ്ക്കൽ സെക്‌ഷനിലെ ലൈറ്റ് അണച്ചിട്ടു മാസങ്ങളായെന്നാണു കേൾവി. ഫയലുകൾക്കുമേൽ ജീവനക്കാർ മുഴുവൻ സമയം പണിഞ്ഞിട്ടും ഫലമില്ല.

വകുപ്പുകൾ ആവശ്യപ്പെടുന്ന തുകയെല്ലാം വെട്ടിക്കുറയ്ക്കുന്നതു ചില്ലറ അധ്വാനമാണോ? മുഴുവൻ കോഴിയെ ഡ്രസ് ചെയ്ത കോഴിയാക്കുന്ന ജോലിയാണത്രേ അവർക്ക്. ഓരോ ഇനവും പരിശോധിച്ചു തുക വെട്ടിക്കുറയ്ക്കണം. ഒടുവിലത്തെ വിവരം അനുസരിച്ച് അതും നിർത്തിയത്രേ. ഓരോന്നായി പരിശോധിച്ചിട്ട് എന്തു കാര്യം? ചില്ലറപോലും കൊടുക്കാനില്ല. ആ നിലയ്ക്കു മുകളിൽനിന്നു താഴേക്ക് ഒറ്റവെട്ടിന്റെ ആവശ്യമല്ലേയുള്ളൂ. സിൽവർ ലൈൻ, ആകാശ നടപ്പാത, സർക്കാർ വക ഹെലികോപ്റ്റർ....എന്തെന്തു പ്രഖ്യാപനങ്ങൾ. അരി വാങ്ങാൻ കാശില്ലെങ്കിലും തങ്കക്കുടത്തിലേ വെള്ളം തിളപ്പിക്കൂ. 

സമാധാനപ്രിയന്റെ കാറും കോളും

നൂലുണ്ട മാത്രമല്ല, വെടിയുണ്ടയുമുണ്ട് ഖാദിയുടെ ചരിത്രത്തിൽ. സമാധാനത്തിന്റെ ചക്രം തിരിച്ച ഗാന്ധിജി ഏതാനും വെടിയുണ്ടകളിൽ ലോകസങ്കടമായി അവസാനിച്ചു. കണ്ണൂർ ഗാന്ധിയും സമാധാനപ്രിയനും സർവോപരി ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ സഖാവിനൊരു മോഹം, ഉണ്ട കയറാത്തൊരു കാർ വാങ്ങാൻ. നാട്ടുകാരെ കുത്തിനുപിടിച്ചു പിഴിഞ്ഞ നികുതിയുള്ളപ്പോൾ മുഖ്യൻ എന്തിനു മടിക്കണം. ജയരാജൻ സഖാവിനു 35 ലക്ഷത്തിന്റെ കാർ തയാർ. വാങ്ങുന്നതു ബുള്ളറ്റ് പ്രൂഫ് കാറാണെന്ന് ആരോ പറഞ്ഞത്രേ. സൈബർ കോമ്രേഡ്സിനു സഹിച്ചിട്ടില്ല.

അനുവദിച്ച തുകയുടെ മൂന്നിലൊന്നു കൊടുത്താൽ മുട്ടൻ കാറുകൾ കിട്ടും. പിന്നെന്തിനു 35 ലക്ഷം? അതിനൊന്നും മറുപടിയില്ല. പക്ഷേ, ബുള്ളറ്റ് പ്രൂഫെന്നു പറഞ്ഞവരെ നമ്മൾ പഞ്ഞിക്കിടും. അതാണു സൈബർ കോമ്രേഡ്സിന്റെ ലൈൻ.  മാർക്സിയൻ ശൈലിക്കൊത്ത സമത്വം വരാൻ വൈകുന്നതിൽ പണ്ടേ ജയരാജന് എതിർപ്പില്ല. എന്നാൽ, സമാധാനത്തിന്റെ കാര്യത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ല. കേരളം സമാധാനദ്വീപായി മാറണം. അതാണു സ്വപ്നം. സഖാവിന്റെ സമാധാനക്രിയകളെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം വടക്കൻ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലെ എഫ്ഐആറുകൾ വായിക്കണം.

സമാധാനത്തിനുവേണ്ടി ചോരച്ചാലുകൾ വെട്ടാൻ സഖാവ് നടത്തിയ ത്യാഗോജ്വലമായ ഇടപെടലുകൾ അവയിൽ തളംകെട്ടി കിടപ്പുണ്ട്.  സഖാവിന്റെ സമാധാനയജ്ഞം എന്തുകൊണ്ടോ ആർഎസ്എസുകാർക്ക് ഉൾക്കൊള്ളാനായില്ല. സഖാവിന്റെ ഭാഷയിൽ പറഞ്ഞാൽ, തിരുവോണ ദിനത്തിലെ ആക്രമണത്തിൽനിന്നു ചൂരൽക്കസേരകൊണ്ടു രക്ഷ തേടിയവനാണ്; അല്ലെങ്കിൽ ബാക്കി കാണില്ലായിരുന്നു. ആത്യന്തികമായി ബുള്ളറ്റ് പ്രൂഫ് കാർ തന്നെയാണു സഖാവിന്റെ മനസ്സിൽ. അണ്ണൻ ഖാദിയിലും അനിയത്തി വനിതാ കമ്മിഷനിലുമായി വാഴുമ്പോൾ കാറുകൾ എത്ര വരാനിരിക്കുന്നു!.

സ്റ്റോപ് പ്രസ്

പ്രഫഷനലുകളെക്കുറിച്ച് കോൺഗ്രസിനു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കെ.സുധാകരൻ.

കോൺഗ്രസിനെപ്പറ്റി നാട്ടുകാർക്കുമുണ്ട് വ്യക്തമായ കാഴ്ചപ്പാട്.

English Summary : Shasi Tharoor the one man army of Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com