പിന്‍'അണി' വാതില്‍ തുറക്കാന്‍ ഒറ്റക്കെട്ട്; അധ്യാപികയെ അശ്ലീല ആംഗ്യം കാട്ടി വകുപ്പുമേധാവി

HIGHLIGHTS
  • പിൻ‘അണി’ വാതിൽ തുറക്കാൻ നേതാക്കളും ഉദ്യോഗസ്ഥരുമെല്ലാം ഒറ്റക്കെട്ട്
job
SHARE

തൃശൂർ കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ അധ്യാപിക, അതേ കോളജിലെ മറ്റൊരു അധ്യാപികയ്ക്ക് അയച്ച വാട്സാപ‍് സന്ദേശങ്ങളിലൊന്നാണ് താഴെ ചിത്രത്തിലുള്ളത്. ഒന്നാം റാങ്കുകാരിക്കു വോയ്സ് ക്ലിപ് അയച്ചയാളുടെ പ്രൊഫൈൽ പിക്ചർ സഹിതമാണ് സന്ദേശം. ബന്ധപ്പെട്ട വകുപ്പു മേധാവിയുടേതായിരുന്നു ആ ചിത്രം. ഇദ്ദേഹമടക്കം പലരിൽനിന്നായി ഒന്നാം റാങ്കുകാരിക്കു വന്ന ഭീഷണികൾക്കും സമ്മർദങ്ങൾക്കും പിന്നിലുള്ളത് ഒരേയൊരു കാരണം മാത്രം. മുൻ എസ്എഫ്ഐ നേതാവ‍ാണ് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഒന്നാം റാങ്കുകാരിയെ പുകച്ചു പുറത്തുചാടിച്ചാലല്ലേ നേതാവിനു നിയമനം നൽകാനാകൂ!

whatsapp-message

നേതാവിന് ഒന്നാം റാങ്ക് നൽകാൻ കനത്ത സമ്മർദമുണ്ടായെങ്കിലും ഇന്റർവ്യൂ ബോർഡ് വഴങ്ങിയില്ല. മറ്റു ബോർഡ് അംഗങ്ങൾ റാങ്ക് പട്ടികയിൽ ഒപ്പുവച്ചെങ്കിലും വകുപ്പു മേധാവി അതിനു തയാറാക‍ാതെ ഇറങ്ങിപ്പോയി. ഒന്നാം റാങ്കുകാരിയെ പുറത്തുചാടിക്കാനുള്ള നീക്കം സജീവമായത് ഇതിനു ശേഷമാണ്. നിരന്തരവിളികൾക്കും അലട്ടലിനുമൊടുവിൽ അവർ പാലക്കാട് ജില്ലയിലെ കോളജിൽ ജോലിക്കു ചേർന്നു. ഇതോടെ രണ്ടാം റാങ്കുകാരൻ നേതാവിന് അവസരം തുറന്നുകിട്ടി. ഇദ്ദേഹത്തിനു ‘വഴിയൊരുക്കാൻ’ നിയമനം ആവശ്യപ്പെട്ട് എസ്എഫ്ഐ കോളജിൽ സമരവും തുടങ്ങി. എന്നാൽ, സംഭവം വിവാദമായതോടെ നടപടികൾ തൽക്കാലത്തേക്കു മരവിച്ച അവസ്ഥയിലാണ്.

നേതാവിനെ താൽക്കാലിക തസ്തികയിൽ തിരുകിക്കയറ്റാനുള്ള ശ്രമത്തിനു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സബ്ജക്ട് എക്സ്പെർട് ആയ അധ്യാപികയെ വകുപ്പുമേധാവി അശ്ലീല ആംഗ്യം കാട്ടി അപമാനിച്ചെന്ന കേസ് കോടതിയ‍ുടെ പരിഗണനയിലാണ്. തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ‌ ലോകം മുഴുവൻ അതിനായി ഒന്നിക്കും എന്ന പൗലോ കൊയ്‌ലോയുടെ വാചകങ്ങളെയാണ് സിപിഎം സംവിധാനങ്ങൾ ഇക്കാര്യങ്ങളിൽ ആപ്തവാക്യമാക്കുന്നതെന്നു തോന്നിയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. കോളജ് മാനേജ്മെന്റും വകുപ്പു മേധാവിയും മുതൽ വിദ്യാർഥി സംഘടനവരെ സ്വന്തം ആളിന്റെ ആഗ്രഹസാഫല്യത്തിനായി ഒന്നിക്കുന്ന സമത്വസുന്ദര ലോകം.

തസ്തിക പിറകെ വരും 

കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി സിപിഎം സിൻഡിക്കറ്റ് അംഗത്തിന്റെ ഭാര്യയ്ക്കു ലഭിച്ച നിയമനവും വിവാദത്തിലാണ്. യോഗ്യതയില്ലാത്ത വ്യക്തിക്കാണു നിയമനം ലഭിച്ചതെന്ന കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ യൂണിവേഴ്സിറ്റി സമർപ്പിച്ച സത്യവാങ്മൂലം പക്ഷേ, വഴിത്തിരിവായി. 1989ൽ യുജിസി അനുവദിച്ച തസ്തിക എന്നായിരുന്നു സത്യവാങ്മൂലത്തിൽ യൂണിവേഴ്സിറ്റിയുടെ വാദം. 

എന്നാൽ, യുജിസി 89ൽ അങ്ങനെയൊരു തസ്തിക കാലിക്കറ്റിൽ സൃഷ്ടിച്ചിട്ടില്ലെന്ന വിവരാവകാശ രേഖയുമായി സിൻഡിക്കറ്റ് അംഗം ഡോ.പി.റഷീദ് അഹമ്മദ് രംഗത്തെത്തി. നിജസ്ഥിതി അന്വേഷിച്ചു പി.അബ്ദുൽ‌ ഹമീദ് എംഎൽഎ സെനറ്റ് അജൻഡയിൽ ചേർക്കാൻ നൽകിയ ചോദ്യം പക്ഷേ, വിസി തള്ളി. ചാൻസലർക്ക് ഇതിനെതിരെ പരാതി നൽകിയ എംഎൽഎ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രഖ്യാപിച്ചു. 

സ്റ്റാറ്റിസ്റ്റിക്സിൽ നികത്താതെ കിടക്കുന്ന ഒരു അസോഷ്യേറ്റ് പ്രഫസറുടെ തസ്തിക കൂടിയുണ്ട്. പക്ഷേ, അതും ഇപ്പോൾ വിവാദവിഷയമാണ്. ഡോ.കെ.കുമാരൻകുട്ടി 1997ൽ വിരമിച്ചതിനെത്തുടർന്നുള്ള ഒഴിവാണത്. എന്നാൽ, 2004ൽ ആണ് കുമാരൻകുട്ടി വിരമിച്ചതെന്നാണു രേഖ. അംഗപരിമിതർക്കു മാറ്റിവച്ച തസ്തികയാണിത്. പക്ഷേ, ഒഴിവു വന്ന വർഷം തെറ്റായി രേഖപ്പെടുത്തിയത് അവരെ തഴ‍ഞ്ഞ് ഭാവിയിൽ സ്വന്തക്കാരെ നിയമിക്കാനാണെന്നാണ് ആരോപണം.

സർവ‘തല’ നിയമനം

കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തന സുതാര്യതയെപ്പോലും ചോദ്യം ചെയ്യുന്നതാണ് വർഷങ്ങളായി നടക്കുന്ന താൽക്കാലിക നിയമനങ്ങൾ. മുകൾത്തട്ട് നിയമനങ്ങളിലെ രാഷ്ട്രീയ വിവാദങ്ങളുടെ ബഹളത്തിൽ പലപ്പോഴും ഇതു മുങ്ങിപ്പോകാറാണു പതിവ്. ആയിരത്തിലധികം പേരാണ് വിവിധ സർവകലാശാലകളിലെ അനധ്യാപക തസ്തികകളിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ജോലികളിൽ ഇവരുണ്ട്. 

അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടിട്ടു വർഷങ്ങളായെങ്കിലും സ്പെഷൽ റൂൾസ് തയാറായിട്ടില്ലെന്ന ന്യായത്തിന്റെ ബലത്തിലാണു കേരള സർവകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾ സിപിഎം കയ്യടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി, സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്നു നൽകുന്ന പട്ടിക അനുസരിച്ചാണ് എംജി സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങൾ. ഏറ്റവുമധികം നിയമനം നടന്നിരിക്കുന്ന ഓഫിസ് അറ്റൻഡന്റ് പോസ്റ്റിലേക്കു വർഷങ്ങളായി വിജ്ഞാപനം പോലും പുറപ്പെടുവിക്കാറില്ല.

199 അറ്റൻഡർമാരിൽ 29 പേർ മാത്രമാണു സ്ഥിരം ജീവനക്കാർ. ബാക്കിയെല്ലാം ആറുമാസത്തെ താൽക്കാലിക നിയമനമാണ്. കുറച്ചുപേരെ മാത്രം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കും. സിൻഡിക്കറ്റിനു താൽപര്യമുള്ളവർക്കു പുനർനിയമനം നൽകിക്കൊണ്ടേയിരിക്കും. പരീക്ഷാ വിഭാഗത്തിലും ഇങ്ങനെ താൽക്കാലിക നിയമനമാണു നടത്തുന്നത്. പുതുതായി ആരംഭിച്ച ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലും ഒട്ടുമിക്ക തസ്തികകളിലും പാർട്ടി നിയമനമാണു നടന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ആക്ടിൽ നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള വ്യവസ്ഥപോലുമില്ല. 

interview

പഞ്ചായത്തുകളിൽ മാത്രം കരാർ നിയമനം 8000

പാർട്ടിഭേദമില്ലാതെ, ഭരിക്കുന്നവരുടെ ഇഷ്ടക്കാർക്കു മാത്രം നിയമനം ലഭിക്കുന്ന സ്ഥലങ്ങളാണ് കേരളത്തിലെ പഞ്ചായത്തുകൾ. സ്വീപ്പർ മുതൽ എൻജിനീയർ വരെയുള്ള തസ്തികയിൽ താൽക്കാലികമായി നിയമനം നൽകും. പിന്നെ കരാർ വർഷാവർഷം നീട്ടും. ഒരു പഞ്ചായത്തിൽ കുറഞ്ഞത് 8 താൽക്കാലിക തസ്തികകളുണ്ട്. തൊഴിലുറപ്പു പദ്ധതിയിൽ ഓരോ പ‍ഞ്ചായത്തിലും ഒരു എൻജിനീയർ, ഒരു അസി.എൻജിനീയർ, ഒരു ഓവർസീയർ, രണ്ട് ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുണ്ടാകും.

(ആകെ തൊഴിലുറപ്പ് ഫണ്ടിന്റെ 5 ശതമാനമാണ് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ഭരണ ചെലവുകൾക്ക് ഉപയോഗിക്കുന്നത്. ഫണ്ട് കൂടുതലുള്ള പഞ്ചായത്തുകളിൽ ജീവനക്കാരുടെ എണ്ണം ഇതിലും കൂടും.) ഇതിനു പുറമേ ടെക്നിക്കൽ അസിസ്റ്റന്റ്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗത്തിനു പ്രൊജക്ട് അസിസ്റ്റന്റ് എന്നിവരും പഞ്ചായത്തുകളിലുണ്ടാകും. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലായി ഇങ്ങനെ എണ്ണായിരത്തോളം കരാർ ജീവനക്കാരുണ്ട്. ഹരിതകർമ സേന പോലുള്ള പദ്ധതികളിലെ ജീവനക്കാർ ഇതിനു പുറമേയാണ്.

ഇതിൽ ഒരു നിയമനംപോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിട്ടിട്ടില്ല. ജോലി ഒഴിവുണ്ടെന്ന് അറിയിപ്പു നൽകും. ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് അഭിമുഖം നടത്തും. ഇന്റർവ്യൂ ബോർഡിൽ പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക്തല ഉദ്യോഗസ്ഥനും പ്രസിഡന്റ് ഉൾപ്പെടെ 3 അല്ലെങ്കിൽ 4 ഭരണസമിതി അംഗങ്ങളുണ്ടാകും. ഭരണസമിതി നേരത്തേ തീരുമാനിക്കുന്ന ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള മാനദണ്ഡങ്ങളാണ് ഇന്റർവ്യൂവിൽ ഉൾപ്പെടുത്തുകയെന്നു തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. 

ഉത്തരം പുതിയ ഉത്തരവ് 

പഞ്ചായത്തുകളിലെ ഈ നിയമനങ്ങൾക്കെതിരെ തദ്ദേശ ഓംബുഡ്സ്മാൻ പി.എസ്.ഗോപിനാഥൻ 2022 ഫെബ്രുവരി 4ന് ഇറക്കിയ ഉത്തരവിനെ ജൂണിൽ പുതിയ ഉത്തരവിറക്കി ലംഘിക്കുകയാണു സർക്കാർ ചെയ്തത്. നിയമനാധികാരികൾക്കോ ഭരണസമിതി അംഗങ്ങൾക്കോ ഇഷ്ടമുള്ളവരെ മാത്രം തിരഞ്ഞെടുത്തു വർഷാവർഷം കരാർ പുതുക്കി നൽകുന്നതു ദുർഭരണവും സ്വജനപക്ഷപാതവുമാണെന്നായിരുന്നു ഓംബുഡ്സ്മാൻ ഉത്തരവിലെ വിമർശനം. കോഴിക്കോട് ജില്ലയിലെ 2 പഞ്ചായത്തുകളിലെ കരാർ നിയമനം സംബന്ധിച്ചായിരുന്നു പരാതി.  

‘‘സ്ഥിരം തസ്തിക അല്ലെന്ന പേരിൽ കരാർ ജീവനക്കാരുടെ സേവന കാലാവധി വർഷാവർഷം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതു നിയമപ്രകാരമല്ല. കരാർ കാലാവധി തീരുന്ന മുറയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്നു പട്ടിക വാങ്ങി അതിൽനിന്നു യോഗ്യരായവരെ തിരഞ്ഞെടുത്തു നിശ്ചിത കാലാവധിയിലേക്കു നിയമിക്കണം. അല്ലാത്ത നിയമനങ്ങൾ സർക്കാർ ഉത്തരവുകളുടെ ലംഘനവും നീതിനിഷേധവുമാണ്’’– ഉത്തരവിൽ പറയുന്നു. എന്നാൽ, ഇതു വകവയ്ക്കാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിലും ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ കാലാവധി നീട്ടി നൽകുകയാണു സർക്കാർ ചെയ്തത്. ഇതിനായി ജൂണിൽ തദ്ദേശ വകുപ്പ് ഉത്തരവിറക്കി. 

കായംകുളത്തെ മാതൃകാ നിയമനം 

തദ്ദേശ സ്ഥാപനങ്ങളിലെ ‘വേണ്ടപ്പെട്ടവരുടെ’ നിയമന കണക്കുകളിലേക്കു കായംകുളം നഗരസഭയുടെ മാതൃക എടുത്തു പറയേണ്ടതാണ്. തൊഴിലുറപ്പു പദ്ധതി ഓഫിസിൽ 3 എൽഡിഎഫ് പ്രാദേശിക നേതാക്കളുടെ മക്കളെ ഒരു മടിയും കൂടാതെയാണ് എൽഡിഎഫ് ഭരണസമിതി നിയമിച്ചത്. എൻജിനീയറായി നിയമനം നേടിയതു പെരിങ്ങാലയിലെ സിഐടിയു നേതാവിന്റെ മകളാണ്. അഭിമുഖത്തിൽ ഇവർക്ക് 40ൽ 32 മാർക്ക് ലഭിച്ചെന്നാണു രേഖ.

ഓവർസീയറായി നിയമനം ലഭിച്ചത് എൽഡിഎഫ് ഘടകകക്ഷി നേതാവിന്റെ മകൾക്ക്. ഇവർക്കും അഭിമുഖത്തിൽ 32 മാർക്ക് കിട്ടി. അക്കൗണ്ട്സ് വിഭാഗത്തിൽ ഐടി അസിസ്റ്റന്റായി നിയമിച്ചതു സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ മകളെ. പ്രതിപക്ഷമായ യുഡിഎഫ് പിൻവാതിൽ നിയമനത്തിനെതിരെ തദ്ദേശ സ്വയംഭരണ മന്ത്രിക്കു പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചതായി മറുപടി ലഭിച്ചെങ്കിലും നടപടി ഉണ്ടായില്ല. 

പിഎസ്‌സിയുടെ ഒരു കൈ സഹായം 

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കു സ്ഥിരം ജോലിയിലേക്കു വഴിയൊരുക്കേണ്ട പിഎസ്‌സിയും താൽക്കാലികക്കാരെ നിയമിക്കാനൊരുങ്ങുന്നു. അസിസ്റ്റന്റ് തസ്തികയിലെ 10 ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് പട്ടിക വരുത്തി ഇന്നലെ പിഎസ്‌സിയിൽ ഇന്റർവ്യൂ നടത്തി. പിഎസ്‌സിയിലേക്കു നിയമനം നടത്തേണ്ട അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് ഏപ്രിൽ 8നു റദ്ദായതാണു കാരണം. പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.  

പത്ത്, പ്ലസ്ടു, ഡിഗ്രി ലവൽ കോമൺ പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്താൻ തുടങ്ങിയതോടെ ധാരാളം തസ്തികകളിൽ ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സ്ഥിതിയാണ്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ്, ബവ്കോ അസിസ്റ്റന്റ്, ബവ്കോ എൽഡിസി തുടങ്ങിയ തസ്തികകളിലൊന്നും റാങ്ക് ലിസ്റ്റ് നിലവിലില്ല. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റിന്റെ 2 റാങ്ക് ലിസ്റ്റുകൾ ഡിസംബർ 30നു റദ്ദാകും. സിവിൽ പൊലീസ് ഓഫിസർ മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് 2 വർഷം കഴിഞ്ഞു. എസ്ഐ, ഫയർമാൻ, അസി.ജയിലർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലും റാങ്ക് ലിസ്റ്റ് നിലവിലില്ല.

മുൻപു കൃത്യമായ ഇടവേളകളിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ ഇത്തവണ മുൻ ലിസ്റ്റ് റദ്ദായി ഒരു വർഷത്തോളം കഴിഞ്ഞാണ് പുതിയതു പ്രസിദ്ധീകരിച്ചത്.   പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ താൽക്കാലിക നിയമനം നടത്താൻ പാടില്ല എന്നതാണു വ്യവസ്ഥ. പ്രധാന തസ്തികകളിലൊന്നും റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാലും ഉടനൊന്നും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാത്തതിനാലും തലങ്ങും വിലങ്ങും താൽക്കാലിക നിയമനം നടത്താൻ വഴിതെളിഞ്ഞിരിക്കയാണ്...

തൊഴിൽ കാത്ത് 27 ലക്ഷം പേർ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്ത് തൊഴിൽ പ്രതീക്ഷിച്ചു കേരളത്തിൽ കാത്തിരിക്കുന്നത് 27.34 ലക്ഷം പേർ.  17.45 ലക്ഷം പേരും സ്ത്രീകൾ. 9.88 ലക്ഷം പേർ പുരുഷന്മാരും. താൽക്കാലിക ജോലികൾ പാർട്ടിക്കാർ‌ക്കും ഇഷ്ടക്കാർ‌ക്കും വീതംവച്ചു നൽകുമ്പോൾ എക്സ്ചേഞ്ചിലെ പട്ടികയിൽതന്നെ തുടരാനാണ് പലരുടെയും വിധി.

തൊഴിൽ കാത്തിരിക്കുന്നവർ

∙ ഭിന്നശേഷിക്കാർ: 1.04 ലക്ഷം
‌∙ പട്ടിക ജാതി: 5.13 ലക്ഷം
∙ പട്ടിക വിഭാഗം: 42,969
∙ ഭർത്താവ് മരിച്ചവർ: 39,393
∙ അക്ഷരാഭ്യാസം ഇല്ലാത്തവർ: 1,536

∙ എസ്എസ്എൽസി വരെ: 27.54 ലക്ഷം
∙ പ്ലസ് ടു: 13.94 ലക്ഷം
∙ ബിരുദധാരികൾ: 5.27 ലക്ഷം
∙ ബിരുദാനന്തര ബിരുദക്കാർ: 1.22 ലക്ഷം
∙ എൻജിനീയറിങ് ബിരുദക്കാർ: 44,206
∙ നഴ്സിങ് യോഗ്യതയുള്ളവർ: 7,894

തയാറാക്കിയത്: സാക്കിർ ഹുസൈൻ, രാജു മാത്യു, ജിതിൻ ജോസ്, എസ്.പി.ശരത്, കെ.എൻ. സജേഷ് . സങ്കലനം: നിധീഷ് ചന്ദ്രൻ

English Summary : Back Door Appointments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS