ADVERTISEMENT

നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. പക്ഷേ, കമ്മിഷണർമാരെ നിയമിക്കുന്നതോ കേന്ദ്ര സർക്കാരും. നിയമനത്തിന് സ്വതന്ത്രസംവിധാനം വേണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിക്കുമ്പോൾ, ചോദ്യങ്ങളുയരുന്നു; സംശയങ്ങളും.

ടി.എൻ.ശേഷനെ മാതൃകാ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി ഇപ്പോൾ സുപ്രീം കോടതി വാക്കാൽ അവതരിപ്പിക്കുന്നതു ഭാഗികമായി ശരിയാണ്. വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഗുണകരമായ ചില തിരഞ്ഞെടുപ്പു നടത്തിപ്പു പരിഷ്കാരങ്ങൾ‍ അദ്ദേഹത്തിന്റെ കാലത്തേതാണ്. ഭരണനേതൃത്വത്തിന്റെ താൽപര്യങ്ങൾക്കു വഴങ്ങാതിരിക്കാനും തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാനും അദ്ദേഹം ശ്രമിച്ചു, അതിൽ ഏറക്കുറെ വിജയിക്കുകയും ചെയ്തു. എന്നാൽ, താൻ മാത്രമാണു ശരിയെന്നു ശേഷൻ കരുതിയതിലും അതനുസരിച്ചു പെരുമാറിയതിലും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചുതന്നെ പിഴവു പറഞ്ഞു, 1995ൽ.

എം.എസ്.ഗില്ലിനെയും ജി.വി.ജി. കൃഷ്ണമൂർത്തിയെയും തിരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയമിച്ചതു ശേഷൻ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പു കമ്മിഷനായി താനൊരാൾ മതിയെന്നും രണ്ടു പേരെ കമ്മിഷണർമാരായി നിയമിക്കുന്നതു ഭരണകക്ഷിയായ കോൺഗ്രസിന്റെ ആജ്ഞാനുവർത്തിയാകാൻ താൻ വിസമ്മതിച്ചതുകൊണ്ടാണെന്നുമായിരുന്നു ശേഷന്റെ ഹർജി. ഇപ്പോൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നിലുള്ള വിഷയവും തിരഞ്ഞെടുപ്പു കമ്മിഷനിലെ മുഖ്യ കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനമാണ്.

ഭരണഘടനാസ്ഥാപനമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ. ഇതു രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്നു മുക്തമെന്നാണു സങ്കൽപം. എന്നാൽ, മുഖ്യ കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നതു കേന്ദ്ര സർക്കാരാണ്. അതു പറ്റില്ല, ആരൊക്കെയാണു കമ്മിഷനെന്നു തീരുമാനിക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്നതാണു കോടതിക്കു മുന്നിലുള്ള ആവശ്യം. വാദത്തിനിടെ കോടതി വാക്കാൽ പറഞ്ഞതും സർക്കാരിനോടു ചോദിച്ചതുമായ കാര്യങ്ങളെടുത്താൽ, നിർവാചൻ സദനിൽ ആരെ നിയമിക്കണമെന്നു സർക്കാർ തീരുമാനിക്കുന്നതിനോടു കോടതിക്കും യോജിപ്പില്ല.

തങ്ങളെ നിയമിച്ച ഭരണകക്ഷിയോടു കമ്മിഷണർമാർ കൂറു കാണിക്കുമെന്നും അപ്പോൾ സ്വതന്ത്രമായ പ്രവർത്തനമുണ്ടാവില്ലെന്നുമുള്ള വിലയിരുത്തലിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നിഷ്പക്ഷമായി പ്രവർത്തിക്കാൻ നട്ടെല്ലുള്ളവരാണ് കമ്മിഷനിലുള്ളതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു പറഞ്ഞപ്പോൾ കോടതി ഉദാഹരണമെന്നോണം ചോദിച്ചത്, നിലപാടെടുക്കേണ്ടതു പ്രധാനമന്ത്രിക്കെതിരെയെങ്കിൽ അതിനു കെൽപുള്ളവർ വേണ്ടേയെന്നാണ്. ഉദാഹരണത്തിൽ കോടതി പ്രധാനമന്ത്രിയെത്തന്നെ ഉൾപ്പെടുത്തിയതു മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെയുണ്ടായ പരാതികൾ തീർപ്പാക്കുന്നതു വച്ചുതാമസിപ്പിച്ചതിനു കമ്മിഷൻ കോടതി കയറിയതാണ്; നേതാക്കൾക്കു ക്ലീൻ ചിറ്റ് നൽകിയ കമ്മിഷൻ തീരുമാനം ഏകകണ്ഠവുമല്ലായിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിലെ ഭരണകക്ഷിയുടെയും താൽപര്യം നടപ്പാക്കുകയല്ല കമ്മിഷന്റെ ജോലിയെന്നു ബോധ്യമുള്ള മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർമാർ ശേഷനു മുൻപും ശേഷവുമുണ്ടായിട്ടുണ്ട്.

ഗഡ്‌വാൾ ലോക്സഭാ മണ്ഡലത്തിൽ 1981ലെ ഉപതിരഞ്ഞെടുപ്പിൽ എച്ച്.എൻ.ബഹുഗുണയെ തോൽപിക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒന്നടങ്കം ശ്രമിച്ചു; ബൂത്തുകൾ കയ്യടക്കി കോൺഗ്രസ് സ്ഥാനാർഥിയുടെ ജയം ഉറപ്പാക്കിയപ്പോൾ തിരഞ്ഞെടുപ്പു റദ്ദാക്കുകയാണ് അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.എൽ.ശാക്ധർ ചെയ്തത്. 1987ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു പ്രഖ്യാപിച്ച തീയതി മാറ്റണമെന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി ആഗ്രഹിച്ചു.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ആർ.വി.എസ്.പെരി ശാസ്ത്രി തീരുമാനിച്ച തീയതി ജ്യോതിശാസ്ത്രപരമായി ശരിയല്ലെന്ന് അന്നു തന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശേഷൻ വിലയിരുത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ ആഗ്രഹത്തിന്റെ കാരണം. പ്രധാനമന്ത്രിയുടെ ആഗ്രഹം പെരി ശാസ്ത്രിയെ അറിയിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി സി.ജി.സോമയ്യയോടു നിർദേശിച്ചു. ശേഷൻ പ്രധാനമന്ത്രിയുടെ ജ്യോതിഷ ഉപദേഷ്ടാവല്ലെന്നു രാജീവിന്റെ ഓഫിസിനെ സോമയ്യ ഓർമിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഗ്രഹം സാധിച്ചുനൽകിയാൽ കമ്മിഷനിൽനിന്നു വിരമിച്ചുകഴിയുമ്പോൾ ഗവർണർ പദവി നൽകാമെന്ന പ്രലോഭനത്തിനു  പെരി ശാസ്ത്രി വഴങ്ങിയതുമില്ല.

ജ്യോതിഷപ്രകാരം ശുഭകരമല്ലാത്ത ദിവസം നടന്ന ഒൻപതാമതു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ‍ ആർ.വെങ്കട്ടരാമൻ ജയിച്ചു. കലാപശേഷമുള്ള ഗുജറാത്തിൽ ഉടനെ തിരഞ്ഞെടുപ്പു വേണമെന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി താൽപര്യപ്പെട്ടു; അദ്ദേഹത്തിന്റെ താൽപര്യപ്രകാരം തിരഞ്ഞെടുപ്പു നടക്കില്ലെന്ന്  മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ജെ.എം.ലിങ്ദോയും. വാജ്പേയി സർക്കാർ വിഷയം സുപ്രീം കോടതിയിലെത്തിച്ചു. കമ്മിഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നു കോടതി പറഞ്ഞു. ഇറ്റലിക്കാരനാണോ ലിങ്ദോയെന്നു മോദി പരസ്യമായി സംശയം പ്രകടിപ്പിച്ചു.

എല്ലാ സ്ഥാപനങ്ങളും ഭരണഘടനാപരമായ പരിധിക്കുള്ളിൽ‍നിന്നു പ്രവർത്തിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ പക്വതയെന്നു വാജ്പേയ് അതിനു മറുപടി നൽകിയെന്നതും ചരിത്രത്തിലുണ്ട്. കമ്മിഷനെ നിയമിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസും ഉൾപ്പെട്ടാൽ പ്രശ്നങ്ങൾക്കു പരിഹാരമാവുമെന്നും നിഷ്പക്ഷത ഉറപ്പാകുമെന്നും ഇപ്പോൾ മുന്നോട്ടുവയ്ക്കപ്പെടുന്ന വിലയിരുത്തലും കുഴപ്പംപിടിച്ചതാണ്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന നിയമനസമിതി എന്നതുകൊണ്ട് സർ‍ക്കാരിന്റെ ഇഷ്ടമല്ല നടപ്പാകുന്നതെന്നും നിയമനപ്രക്രിയ പൂർണമായും സുതാര്യമായിരിക്കുമെന്നും പ്രതീക്ഷിക്കാമെന്നേയുള്ളൂ; ഫലം ഉണ്ടാവണമെന്നില്ല.

ജുഡീഷ്യറി മാത്രമാണ് സംശുദ്ധം എന്നൊരു സൂചന മുന്നോട്ടുവയ്ക്കുകയല്ലേ എന്ന സംശയവും അസ്ഥാനത്താവില്ല.  സിവിൽ സർവീസിൽനിന്നു വിരമിച്ചവർക്കും വിരമിക്കാൻ ദിവസമടുത്തവർക്കുമുള്ള മറ്റൊരു പുനരധിവാസ സ്ഥാപനമല്ല തിരഞ്ഞെടുപ്പു കമ്മിഷനെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്തുകൊണ്ട് ചെറുപ്പക്കാർ തിരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയമിക്കപ്പെട്ടുകൂടാ എന്ന കോടതിയുടെ ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തമാണ്. സ്ഥാനമൊഴിഞ്ഞാൽ സർക്കാരിന്റെ ഭാഗമായ മറ്റു പദവികൾ സ്വീകരിക്കുന്നതിനു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും (സിഎജി) യുപിഎസ്‌സി അധ്യക്ഷനും ഭരണഘടനാപരമായിത്തന്നെ വിലക്കുണ്ട്.

സിഎജി ആയിരുന്ന ടി.എൻ. ചതുർവേദിയെ കർണാടക ഗവർണറാക്കിയപ്പോൾ വാജ്പേയ് സർക്കാർ ഈ വിലക്കു ലംഘിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നവർക്കു മറ്റു പദവികൾ‍ക്കു വിലക്കില്ല. ഇന്ദിര സർക്കാരിന്റെ കാലത്ത് ശാക്ധറിനു പിന്നാലെ 1982ൽ ആർ.കെ.ത്രിവേദി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി. വിരമിച്ച് രണ്ടു മാസം തികയുംമുൻപേ ത്രിവേദിയെ രാജീവ് സർക്കാർ  ഗുജറാത്ത് ഗവർണറാക്കി.  കോൺഗ്രസിന്റെ കാലത്ത് ശേഷന്റെ ‘ഏകാധിപത്യം’ തടയാൻ കമ്മിഷണറായി നിയമിക്കപ്പെട്ട എം.എസ്.ഗിൽ മുഖ്യ കമ്മിഷണറായി വിരമിച്ച്  ഏതാനും വർഷം കഴിഞ്ഞ്  രാജ്യസഭാംഗമായി, യുപിഎ സർക്കാരിൽ മന്ത്രിയും.

താൻ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുമെന്നു മുഖ്യ കമ്മിഷണറായിരിക്കെ ശേഷൻ പറഞ്ഞതിനെ നല്ല കാര്യമായല്ല സുപ്രീം കോടതി കണ്ടത്. വ്യക്തിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സ്ഥാപനത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത അന്നു കോടതി സൂചിപ്പിച്ചിരുന്നു. ഇപ്പോൾ കോടതി ആഗ്രഹിക്കുന്നതു രാഷ്ട്രീയ സ്വാധീനങ്ങൾക്കു വിധേയമാവാത്തവിധം നട്ടെല്ലുള്ള തിരഞ്ഞെടുപ്പു കമ്മിഷനെ സൃഷ്ടിക്കാനാണ്. അതിനു തക്കതായ പ്രശ്നങ്ങളൊന്നുമില്ലെന്നു സർക്കാർ പറയുന്നു. ഭരണഘടനാപരമായ സങ്കൽപവും രാഷ്ട്രീയമായ നാട്ടുനടപ്പും തമ്മിലാണ് ഏറ്റുമുട്ടൽ.

English Summary: election commission 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com