പുതുസാധ്യതകൾ തുറന്ന് ശബരിപാത

HIGHLIGHTS
  • കേരളത്തിന്റെ സ്വപ്നപദ്ധതി എത്രയും വേഗം യാഥാർഥ്യമാകണം
SHARE

അങ്കമാലി – എരുമേലി നിർദിഷ്ട ശബരി റെയിൽപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രാഥമിക ചർച്ചകൾക്കായി കെ–റെയിൽ ഇന്നലെ ദക്ഷിണ റെയിൽവേയ്ക്കു കൈമാറിയതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്കു കുറച്ചുകൂടി അടുക്കുകയാണ്. വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇതെന്നതു വികസനം കെ‍ാതിക്കുന്ന കേരളത്തിനു കൂടുതൽ പ്രതീക്ഷ നൽകുന്നു.

ശബരിപാത പ്രഖ്യാപിച്ചത് 1997–98ലെ റെയിൽ ബജറ്റിലാണ്. നിർമാണ അനുമതി ലഭിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും പദ്ധതി കാര്യമായി മുന്നോട്ടുപോയില്ല. പദ്ധതിച്ചെലവിലെ കേന്ദ്ര–സംസ്‌ഥാന വിഹിതം സംബന്ധിച്ച തർക്കമാണ് നീണ്ട വൈകലിനു മുഖ്യമായും കാരണമായത്. പകുതിച്ചെലവു വഹിക്കാമെന്നു സമ്മതിച്ചു സംസ്ഥാന സർക്കാർ 2021ൽ കേന്ദ്രത്തിനു കത്തു നൽകി. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് പുതുക്കാൻ കെ–റെയിലിനെ ചുമതലപ്പെടുത്തിയത്. പദ്ധതിക്കായി കിഫ്ബിവഴി 2000 കോടി രൂപ നീക്കിവയ്ക്കുമെന്നു കേരളം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. 

ശബരി പദ്ധതിയിൽ ഇതുവരെ 264 കോടി രൂപയാണു റെയിൽവേ ചെലവാക്കിയത്. കാലടി വരെ 7 കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമിച്ചിട്ടുണ്ട്. പ്രഖ്യാപിക്കുമ്പോൾ 550 കോടിയാണു ചെലവു കണക്കാക്കിയിരുന്നതെങ്കിലും വൈകുന്തോറും പദ്ധതിച്ചെലവും ഉയരുന്നു. ഇതിനകം 3347 കോടിയിലെത്തിയ പദ്ധതിച്ചെലവ് ഏറ്റവുമെ‍ാടുവിൽ എസ്റ്റിമേറ്റ്് പുതുക്കിയപ്പോൾ 3745 കോടിയായി ഉയർന്നിരിക്കുകയാണ്. കേന്ദ്രം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് ഇത്തവണ ശാപമോക്ഷം ലഭിച്ചേക്കാം. ശബരി പദ്ധതിയുടെ തുടർഘട്ടമായ എരുമേലി– പുനലൂർ– നെടുമങ്ങാട്– കഴക്കൂട്ടം പാതയുടെ അലൈൻമെന്റ് 160 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ തയാറാക്കാൻ കഴിഞ്ഞാൽ, അങ്കമാലിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വലിയ സമയലാഭമുണ്ടാകും.

ഇപ്പോൾ റെയിൽവേ സൗകര്യം ഇല്ലാത്ത, അൻപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്കുകൂടി റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്ര സർക്കാർ നിർദേശം കേരളത്തിനും ഗുണകരമാകും. സംസ്ഥാനത്തുനിന്ന് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് സാധ്യതാപട്ടികയിൽ ഉള്ളത്. നിർദിഷ്ട ശബരിപാതയുടെ വരും ഘട്ടത്തിലുള്ളതാണ് നെടുമങ്ങാട്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളുടെ സമഗ്ര വികസനത്തിനും ഇതോടെ വഴിതെളിയും. അങ്കമാലി മുതൽ തിരുവനന്തപുരം വരെ മൂന്നാമതെ‍‍ാരു പാത കൂടിയാണ് ഈ പദ്ധതി വഴി കേരളത്തിനു തുറന്നുകിട്ടുക. 

ഇതിനിടെ, കേരളം മുന്നോട്ടുവച്ച റെയിൽപാത നിർദേശങ്ങൾ കർണാടക വീണ്ടും തള്ളിയതു നിരാശയായി. കഴിഞ്ഞ സെപ്റ്റംബറിൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയശേഷം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് തലശ്ശേരി–മൈസൂരു, നിലമ്പൂർ– നഞ്ചൻകോട് റെയിൽ പദ്ധതികൾ നടപ്പാക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയത്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന ഈ പാതകൾ കർണാടക നേരത്തേ തള്ളിയതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ബൊമ്മെ പറഞ്ഞത്. ഈ പശ്ചാത്തലത്തിൽ, ബദൽവഴികൾ കേരള സർക്കാർ തേടേണ്ടതുണ്ട്. 

സംസ്ഥാനത്തെ റോഡ്‌വികസനം പല കാരണങ്ങളാൽ വഴിമുട്ടിനിൽക്കുന്നതിനാൽ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് ഏറ്റവും വലിയ ചാലകശക്‌തിയാകേണ്ടതു റെയിൽ വികസനം തന്നെയാണ്. പക്ഷേ, അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണു കേരളത്തിന്റെ തുടർവിധി. ശബരിപാതയ്ക്കു വീണ്ടും ജീവൻവയ്ക്കുന്നത് അതുകെ‍ാണ്ടുതന്നെ വലിയ പ്രതീക്ഷയാണു നൽകുന്നത്. ഇതോടെ‍ാപ്പം ശബരിമല വിമാനത്താവളംകൂടി യാഥാർഥ്യമായാൽ, മുഖ്യമായും ദൂരദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർക്കും കേരളത്തിനാകെത്തന്നെയും അത് ഏറെ പ്രയോജനകരമാവും. ഇനിയുള്ള കടമ്പകൾ മറികടന്ന്, ശബരിപാത നിർമാണം സമയബന്ധിതമായി മുന്നോട്ടുപോകാൻ റെയിൽവേയോടൊപ്പം സംസ്‌ഥാനവും നമ്മുടെ ജനപ്രതിനിധികളും നാട്ടുകാരും കൈകോർക്കേണ്ടതുണ്ട്.

Content Highlight: Sabari Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS