ADVERTISEMENT

ഇതുവരെ ജി20 കൂട്ടായ്മയുടെ അധ്യക്ഷപദം വഹിച്ച 17 രാജ്യങ്ങൾ, സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും രാജ്യാന്തര നികുതികൾ യുക്തിസഹമാക്കുന്നതിനും രാജ്യങ്ങളുടെ കടബാധ്യത ഒഴിവാക്കുന്നതിനും മറ്റും നിർണായക സംഭാവനകൾ നൽകി. ഇന്ന് ഇന്ത്യ അധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ ഈ കൂട്ടായ്മയ്ക്ക് ഇതിലേറെ മുന്നോട്ടുപോകാനാകുമോ ? കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു.

നരേന്ദ്ര മോദി (Photo: PIB)
നരേന്ദ്ര മോദി (Photo: PIB)

ഈ കാലം യുദ്ധത്തിന്റേതാകരുത്

നിർഭാഗ്യവശാൽ, നമ്മൾ ഇന്നും ഉൽപാദനക്ഷമമല്ലാത്ത മത്സരചിന്താഗതിയിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യങ്ങൾ ഭൂപ്രദേശത്തിനോ വിഭവങ്ങൾക്കോവേണ്ടി പോരാടുന്നു. അവശ്യവസ്തുക്കളുടെ വിതരണം ആയുധമാക്കുന്നു. ദശലക്ഷക്കണക്കിനാളുകൾ ദുർബലരായി തുടരുമ്പോഴും വാക്സീനുകൾ ചുരുക്കം ചിലർ പൂഴ്ത്തിവയ്ക്കുന്നു. ഏറ്റുമുട്ടലും അത്യാഗ്രഹവും മനുഷ്യസ്വഭാവമാണെന്നു ചിലർ വാദിച്ചേക്കാം. ഞാൻ വിയോജിക്കുന്നു. മനുഷ്യർ സഹജമായി സ്വാർഥരാണെങ്കിൽ, അടിസ്ഥാനപരമായി നമ്മുടെ ഏകത്വത്തെപ്പറ്റി പറയുന്ന ആത്മീയ പാരമ്പര്യങ്ങളെ എങ്ങനെ വിശദീകരിക്കും ?

ഇന്ത്യയിൽ പ്രചാരത്തിലുള്ള അത്തരമൊരു പാരമ്പര്യം, അഞ്ച് അടിസ്ഥാന ഘടകങ്ങൾ - ഭൂമി, ജലം, അഗ്നി, വായു, ആകാശം – ഉൾക്കൊള്ളുന്നതായാണ് എല്ലാ ജീവജാലങ്ങളെയും അചേതന വസ്തുക്കളെയും കാണുന്നത്. നമുക്കുള്ളിലും നമുക്കിടയിലും ഈ ഘടകങ്ങൾ തമ്മിലുള്ള ഐക്യം നമ്മുടെ ശാരീരിക, സാമൂഹിക, പാരിസ്ഥിതിക ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.ജി20 അധ്യക്ഷപദവിയിലിരുന്ന് ഈ സാർവത്രിക ഏകത്വബോധം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ പ്രവർത്തിക്കും. ‘ഏകഭൂമി, ഏകകുടുംബം, ഏകഭാവി’ എന്നതാകും പ്രമേയം.

ഇന്ന്, ലോകത്തെല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഉൽപാദനത്തിനുള്ള മാർഗങ്ങൾ നമുക്കുണ്ട്. നിലനിൽപിനായി നാം പോരാടേണ്ട ആവശ്യമില്ല. നമ്മുടെ യുഗം യുദ്ധത്തിന്റേതായിരിക്കരുത്. ഇന്നു നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ - കാലാവസ്ഥാവ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ - പരസ്പരം പോരാടുന്നതിലൂടെയല്ല, ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ മാത്രമേ പരിഹരിക്കാനാകൂ. 

ഇന്ത്യയുടെ അനുഭവപാഠങ്ങൾ

ലോകജനസംഖ്യയുടെ ആറിലൊന്നു പേരെ ഉൾക്കൊള്ളുന്നതും ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ എന്നിവയുടെ കാര്യത്തിൽ അപാര വൈവിധ്യവുമുള്ള ഇന്ത്യ ലോകത്തിന്റെ ചെറുപതിപ്പാണ്. ഇന്ത്യയുടെ ദേശീയ ഐക്യം രൂപപ്പെടുന്നത് ആജ്ഞയിലൂടെയല്ല, ദശലക്ഷക്കണക്കിനു സ്വതന്ത്ര ശബ്ദങ്ങളെ യോജിപ്പുള്ള ഈണത്തിൽ സമന്വയിപ്പിച്ചാണ്. ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ പൗരകേന്ദ്രീകൃത ഭരണമാതൃക ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിപാലിക്കുന്നു. യുവാക്കളുടെ സർഗാത്മക പ്രതിഭയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ദേശീയ വികസനം ജനകീയ പ്രസ്ഥാനമാക്കാനാണു ശ്രമിച്ചത്.

പൊതുജന സേവനങ്ങൾക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമൂഹിക സംരക്ഷണം, സാമ്പത്തിക ഉൾപ്പെടുത്തൽ, ഇലക്ട്രോണിക് പണമിടപാട് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ചു. ഈ അധ്യക്ഷകാലത്ത് ആഗോള പരിഹാരങ്ങൾക്കു സാധ്യമായ ഉൾക്കാഴ്ച നൽകാൻ ഇന്ത്യയ്ക്കു കഴിയും. ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മറ്റുള്ളവർക്ക്, പ്രത്യേകിച്ചു വികസ്വര രാജ്യങ്ങൾക്കു പകർത്താവുന്ന വാർപ്പുമാതൃകകളായി അവതരിപ്പിക്കും. ജി20 മുൻ‌ഗണനകൾ ഈ കൂട്ടായ്മയിലെ പങ്കാളിത്ത രാജ്യങ്ങളുമായി മാത്രമല്ല, ആഗോളതലത്തിൽ ദക്ഷിണ മേഖലയിലെ നമ്മുടെ സഹയാത്രികരുമായും കൂടിയാലോചിച്ചായിരിക്കും രൂപപ്പെടുത്തുക. 

നിറയട്ടെ, ഐക്യവും പ്രത്യാശയും

ഏകഭൂമി’യുടെ സംരക്ഷണം, ‘ഏകകുടുംബ’ത്തിന്റെ ഐക്യം, ‌‘ഏകഭാവി’ സംബന്ധിച്ച പ്രതീക്ഷകൾ എന്നിവയായിരിക്കും നമ്മുടെ മുൻഗണനകൾ. ഭൂമിയെ സംരക്ഷിക്കുന്നതിന്, പ്രകൃതിയോടു ചേർന്നുനിൽക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കും. ഭക്ഷണം, രാസവളം, മരുന്ന് എന്നിവയുടെ ആഗോള വിതരണം രാഷ്ട്രീയതാൽപര്യങ്ങളിൽനിന്നു സ്വതന്ത്രമാക്കാൻ ശ്രമിക്കും. 

ഭാവി തലമുറകളിൽ പ്രത്യാശ വളർത്താൻ, നശീകരണ ആയുധങ്ങളുടെ അപകടസാധ്യതകൾ ലഘൂകരിക്കാനും ആഗോള സുരക്ഷ കൂട്ടാനുമായി ഏറ്റവും ശക്തമായ രാജ്യങ്ങൾക്കിടയിൽ സത്യസന്ധമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷകാലത്ത് മാനവികമായ ആഗോളവൽക്കരണത്തിന്റെ പുതുമാതൃക രൂപപ്പെടുത്താൻ നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

English Summary : India will take over the Presidency of G20 from Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com