മുങ്ങും, പിന്നെ പൊങ്ങില്ല

HIGHLIGHTS
  • നിയമനം പിഎസ്‌സിക്ക് വിടാതെയും സ്പെഷൽ റൂൾ തയാറാക്കാതെയും സർക്കാർ സഹായം
illegal-appointment
SHARE

നന്നായി പിൻവാതിൽ നിയമനങ്ങൾ നടത്താൻ എന്തൊക്കെ ചേരുവകൾ ആവശ്യമുണ്ടെന്നു ചോദിച്ചാൽ ഈ മേഖലയിൽ വർഷങ്ങളുടെ തഴക്കവും പഴക്കവുമുള്ളവർ ആദ്യം പറയുന്ന ഉത്തരം ഒഴിവുകളെ നന്നായി മുക്കുക എന്നതാണ്. മുക്കിയിട്ടു പിന്നെ പൊക്കാതിരുന്നാൽ വർഷങ്ങളോളം പിൻവാതിൽ നിയമനം കേടുകൂടാതെ ഇരിക്കും.

നിയമനം പിഎസ്‌സിക്കു വിടാതെയും വിട്ട സ്ഥലങ്ങളിൽ സ്പെഷൽ റൂൾ തയാറാക്കാതെ ചവിട്ടിപ്പിടിച്ചുമാണ് സർക്കാർതന്നെ പിൻവാതിൽ വണ്ടിയെ മുന്നോട്ട് ഓടിക്കുന്നത്.  ഉദ്യോഗാർഥികളുടെ കണ്ണിൽ പൊടിയിടാൻ നിയമനം പിഎസ്‌സിക്കു വിട്ടു എന്നു പറയുന്ന സ്ഥാപനങ്ങളിൽപോലും സ്പെഷൽ റൂൾ തയാറാക്കി നൽകില്ല. ഇതുമൂലം വർഷങ്ങൾ കഴിഞ്ഞാലും പിഎസ്‌സിക്കു നിയമനം ഏറ്റെടുക്കാൻ സാധിക്കില്ല.

ജോലി പകുത്തും നിയമനം 

സിപിഎമ്മിന്റെയും സിഐടിയു യൂണിയന്റെയും നേതൃത്വത്തിൽ നടത്തിയ അനധികൃത നിയമനങ്ങൾ കാരണം കൺസ്യൂമർഫെഡിൽ നിലവിലുള്ളവർക്കു പോലും ചെയ്യാൻ ജോലി ഇല്ലാത്ത അവസ്ഥയാണ്. മാനേജ്മെന്റ് ട്രെയ്നി, സെയിൽസ് ഹെൽപർ, ഡേറ്റ എൻട്രി ഹെൽപർ തുടങ്ങിയ തസ്തികകളിൽ ഇങ്ങനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം.

650 രൂപ വീതം ദിവസവേതനാടിസ്ഥാനത്തിൽ സെയിൽസ് ഹെൽപർ, ഡേറ്റ എൻട്രി ഹെൽപർ തസ്തികകളിലേക്കു നിയമിക്കപ്പെട്ട എണ്ണൂറ്റൻപതോളം പേരെ സ്ഥിരപ്പെടുത്തണമെന്ന ശുപാർശ സഹകരണ റജിസ്ട്രാർ വഴി കൺസ്യൂമർഫെഡ് മാനേജ്മെന്റ് സഹകരണ വകുപ്പു സെക്രട്ടറിക്കു നൽകിയെങ്കിലും സെക്രട്ടറി അനുമതി നിഷേധിച്ചു.  ജീവനക്കാരുടെ എണ്ണം കൂടുതലായതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ താൽക്കാലിക ജീവനക്കാർക്കു മാസം 15 ദിവസത്തെ ഡ്യൂട്ടിയായി വെട്ടിക്കുറച്ചിരിക്കെയാണു സ്ഥിരപ്പെടുത്തൽ നീക്കം. മന്ത്രിതലത്തിൽ ശക്തമായ സമ്മർദം ചെലുത്തി എങ്ങനെയും ഇവരെ സ്ഥിരപ്പെടുത്താൻ സിപിഎം –സിഐടിയു നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. 

പിഎസ്‌സിയെ ആർക്കുവേണം 

നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിനെ മാനിക്കാതെയാണ് മത്സ്യഫെഡിലെ നിയമന മഹാമേള. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 ഓഗസ്റ്റ് 15 മുതൽ ഈ സർക്കാർ അധികാരമേറ്റ േശഷം 2021 ഓഗസ്റ്റ് 15 വരെ  മത്സ്യഫെഡിൽ 342 പേരാണു നിയമനം നേടിയത്. അറുപത്തിരണ്ടായിരത്തിലേറെ രൂപ പ്രതിമാസ ശമ്പളമുള്ള ഡവലപ്മെന്റ് ഓഫിസർ മുതൽ 660 രൂപ ദിവസവേതനമുള്ള ഫിഷ് കട്ടർ (മീൻ വെട്ടുകാർ) തസ്തികയിലേക്കു വരെ നിയമനം നടന്നു. ഈ സർക്കാരിന്റെ കാലത്തു മത്സ്യഫെഡിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷവും 27 പേരെ ഓപ്പറേറ്റർമാരായി നിയമിച്ചു. 

പഴയ പഴ്സനൽ സ്റ്റാഫാ; വിയർപ്പിക്കരുത് 

പാർട്ടി നേതാക്കളുടെ മക്കളോ ബന്ധുക്കളോ ആണെങ്കിൽ, പഴ്സനൽ സ്റ്റാഫിലെ ജോലി പോയാൽ ഒരു ദിവസം പോലും വെറുതേ നിൽക്കേണ്ടി വരില്ല. നല്ല ശമ്പളം കിട്ടുന്ന ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ അവരെ തൊട്ടടുത്ത നിമിഷം ജോലിക്കു കയറ്റിയിരിക്കും. വ്യവസായ വകുപ്പിനു കീഴിലുള്ള കൊല്ലത്തെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) അത്തരത്തിൽ ‘പ്രൊട്ടക്ട‍ഡ് പഴ്സനൽ സ്റ്റാഫംഗ’ങ്ങളുടെ താവളമാണ്. 

തിരുവനന്തപുരം ജില്ലയിലെ സിപിഎം ഏരിയ സെക്രട്ടറിയുടെ മകളുടെ ഭർത്താവിനെ ഒന്നാം പിണറായി സർക്കാരിൽ ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തി. മന്ത്രിസ്ഥാനം പോയപ്പോൾ ഈ മരുമകനെ സംരക്ഷിച്ചതു കെഎംഎംഎലിൽ ജോലി നൽകി ആദ്യം നിയമിച്ചതു ജൂനിയർ ഖലാസിയായിട്ടാണ്. കെഎംഎംഎലിലെ ഖലാസിപ്പണി അൽപം കട്ടികൂടിയ ജോലിയാണ്.

ഭാരമുള്ള യന്ത്രഭാഗങ്ങളും മറ്റും പൊക്കിയെടുത്തു വിയർക്കും. പഴ്സനൽ സ്റ്റാഫിൽ സുഖമായിരുന്ന ആൾക്ക് ആദ്യ ദിവസംതന്നെ പിഗ്‌മെന്റ് പ്ലാന്റ് മെയിന്റനൻസ് വിഭാഗത്തിലെ ഖലാസിപ്പണി വലിയ ‘പണി’ ആണെന്നു മനസ്സിലായി. തിരുവനന്തപുരത്തേക്കു വിളിച്ചതോടെ ഏരിയ സെക്രട്ടറിയായ ഭാര്യാപിതാവ്  ഇടപെട്ടു. ഒട്ടും വൈകിയില്ല. ആൾക്ക് സെൻട്രൽ മെക്കാനിക്കൽ റിപ്പയർ ഷോപ്പിലേക്കു മാറ്റി. ഇപ്പോൾ കാര്യങ്ങൾ ‘ഭദ്രം’. 

malsyafed

എന്തു പ്രഹസനമാണ് സർക്കാരേ ?  

മത്സ്യഫെഡ്, കൺസ്യൂമർഫെഡ്, കേരഫെഡ്, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്, മിൽമ, മാർക്കറ്റ്ഫെഡ്, റബർമാർക്ക്, കാപ്പെക്സ്, കയർഫെഡ്, ഹാൻടെക്സ് തുടങ്ങി സംസ്ഥാനത്തെ പൊതുമേഖലയിലെ ഏപെക്സ് സൊസൈറ്റികളിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്ക് 2020 ഫെബ്രുവരിയിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിനു പുല്ലുവില പോലും കൽപിക്കാതെയാണ് ഓരോ സ്ഥാപനങ്ങളിലെയും പിൻവാതിൽ നിയമനം. വരുന്ന ഫെബ്രുവരിയിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരും.

കൺസ്യൂമർഫെഡ്, കേരഫെഡ് ഒഴികെയുള്ള സ്ഥാപനങ്ങളിലെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ക്ലാർക്ക് ഒഴിവുകളിലേക്കും ഒരു മാസത്തിനകം പിഎസ്‌സി അഡ്വൈസ് മെമ്മോ അയയ്ക്കണമെന്ന് ജൂലൈ 14നു ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടെങ്കിലും സർക്കാർ കണ്ണടച്ചിരിക്കുകയാണ്. കോടതി വിധിക്കു മുൻപു റിപ്പോർട്ട് ചെയ്ത 23 ഒഴിവുകളിൽ മാത്രമാണു നിയമനം നടന്നിട്ടുള്ളത്. ഒഴിവുകളുടെയും സ്പെഷൽ റൂളിന്റെയും കാര്യത്തിൽ കോടതിയിൽ പരസ്പരവിരുദ്ധമായ നിലപാടു സ്വീകരിച്ച മത്സ്യഫെഡിനെ പിടിച്ചു കുടയാനും കോടതി മറന്നില്ല.

അനുവദിക്കപ്പെട്ട തസ്തികകൾ ഇല്ലെന്നായിരുന്നു കോടതിയിൽ കൺസ്യൂമർഫെഡിന്റെ നിലപാട്. നിയമനത്തിനുള്ള സ്പെഷൽ റൂൾ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു കേരഫെ‍ഡും നിലപാടെടുത്തു. ഈ 2 സ്ഥാപനങ്ങളിലും തസ്തികകൾ സൃഷ്ടിക്കുകയോ നിയമനത്തിന് അംഗീകാരം നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾക്കു സർക്കാരിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. പിഎസ്‌സി ലിസ്റ്റിനെ മറികടന്നു നിയമനം നടത്താനുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായും കോടതി വ്യക്തമാക്കിയിട്ടും പല സ്ഥാപനങ്ങളിലും പിൻവാതിലുകൾ തുറന്നുതന്നെ കിടക്കുന്നു. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ബുദ്ധിമുട്ടിക്കില്ല

കേരഫെഡിന്റെ കരുനാഗപ്പള്ളി, നടുവണ്ണൂർ ഫാക്ടറികളിലെ വർക്കർമാരെ തിരഞ്ഞെടുക്കാൻ ഡിസംബർ ആദ്യവാരം മുതൽ മാരത്തൺ ഇന്റർവ്യൂ നടത്താനൊരുങ്ങുകയാണ് അധികൃതർ. 45 ഒഴിവുകളാണു നികത്തേണ്ടത്. ഏഴായിരം അപേക്ഷകൾ ലഭിച്ചു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് മുഖേനയാണു നടത്തേണ്ടതെങ്കിലും ചട്ടപ്രകാരം വിജ്ഞാപനം അവിടേക്കു നൽകിയില്ല. പകരം പരീക്ഷനടത്തിപ്പിന്റെ ചുമതല 9 ലക്ഷം രൂപയ്ക്കു തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിക്കു കൈമാറി.

രണ്ടു മാസം മുൻപു കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷയും നടത്തി. പരീക്ഷനടത്തിപ്പിൽ ഒരു മുൻപരിചയമോ ആവശ്യത്തിനുള്ള സാങ്കേതിക സംവിധാനങ്ങളോ ഏജൻസിക്ക് ഇല്ലെന്നു പരാതി ഉയർന്നിരുന്നു. ഉദ്യോഗാർഥികളിൽ പലർക്കും ഹാൾടിക്കറ്റ് ലഭിച്ചില്ല. ചിലർക്കാകട്ടെ ഒന്നിലേറെ ഹാൾടിക്കറ്റുകൾ കിട്ടുകയും ചെയ്തു. രണ്ടു മണിക്കു നിശ്ചയിച്ചിരുന്ന പരീക്ഷ ചിലയിടത്ത് ആരംഭിച്ചതു രണ്ടരയ്ക്കു ശേഷം.

പരീക്ഷാ സെന്ററുകളിൽ സൂപ്പർവിഷനായി ഉണ്ടായിരുന്നതു കേരഫെഡിലെ തന്നെ താൽക്കാലിക ജീവനക്കാരായിരുന്നെന്ന ആക്ഷേപവുമുയർന്നു. ഇനി അഭിമുഖങ്ങളാണു നടക്കേണ്ടത്. എന്നാൽ, ഒരാൾക്കു പോലും മെറിറ്റിൽ ഇവിടെ ജോലി കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ഭരണകക്ഷി യൂണിയനുകൾ 45 ഒഴിവിലേക്കു സമർപ്പിച്ചിട്ടുള്ളത് 100 പേരുകൾ വീതമുള്ള രണ്ടു പട്ടികയാണ്. ജോലിക്കായി 10 ലക്ഷമാണു ചില യൂണിയൻ നേതാക്കൾ ചോദിച്ചതെന്ന് ഈ പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളിൽ ചിലർ പറയുന്നു.     

വാതിൽ തുറക്കും; ഒന്നും അറിയേണ്ട   

ലാസ്റ്റ് ഗ്രേഡിലുള്ള തസ്തികകളിലേക്കാണു പിൻവാതിൽ നിയമനം ഏറെ നടക്കുന്നത്. പിഎസ്‌സി വഴി ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആകാനുള്ള കടമ്പകളേറെ. പി ൻവാതിൽ ആണെങ്കിൽ ഇവയൊന്നും വേണ്ട. 

പിഎസ്‌സി വഴി

∙ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കുന്നു.
∙ ഉദ്യോഗാർഥികൾ വെബ്സൈറ്റ് വഴി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നു.
∙ മാസങ്ങൾ നീണ്ട പഠനം. 4 മുതൽ 10 വരെയുള്ള ക്ലാസുകളിലെ എസ്ഇആർടിസി ടെക്സ്റ്റ് ബുക്കിലെ ഏതു ഭാഗത്തുനിന്നും ചോദ്യം വരാം.
∙ അപേക്ഷിച്ച് ഒരു വർഷത്തിനുള്ളിൽ പ്രിലിംസ് പരീക്ഷ.
∙ പ്രിലിംസ് പരീക്ഷയിലെ കട്ട് ഓഫ് മാർക്കും മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടിയവരുടെ പട്ടികയും പ്രസിദ്ധീകരിക്കുന്നു.

∙ ആറു മാസത്തിനിടെ മെയിൻ പരീക്ഷ
∙ മെയിൻ പരീക്ഷയ്ക്കു പ്രത്യേക സിലബസ്. പ്രിലിംസിനെക്കാൾ ആഴത്തിലുള്ള ചോദ്യങ്ങൾ.
∙ മെയിൻ പരീക്ഷയുടെ കട്ട് ഓഫ് മാർക്കും റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കുന്നു.
∙ റാങ്ക് പട്ടികയിൽ പേരു വന്നാൽ പിഎസ്‌സി ജില്ലാ ഓഫിസുകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ.
∙ ഒഴിവുകൾക്ക് അനുസരിച്ചാണു നിയമനം. വിവിധ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതു നിയമനവും വൈകിക്കും.

∙ പിഎസ്‌സിയിൽ ഒഴിവ് എത്തിയാൽ നിയമനശുപാർശ അയയ്ക്കും
∙ നിയമന ശുപാർശ ലഭിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗാർഥിക്കു നിയമന ഉത്തരവ് നൽകും.
∙ നിയമന ഉത്തരവു ലഭിച്ച് 45 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാം.
∙ മൂന്നു വർഷമാണ് പട്ടികയുടെ കാലാവധി.

പിൻവാതിൽ വഴിയാണെങ്കിൽ 

∙ ഒഴിവു സംബന്ധിച്ച് അറിയിപ്പു നൽകുന്നു. (ചിലപ്പോൾ അറിയിപ്പും നൽകില്ല)
∙ ഭരിക്കുന്ന പാർട്ടി തീരുമാനിക്കുന്നയാൾ അഭിമുഖത്തിൽ പങ്കെടുത്തു ജോലിയിൽ പ്രവേശിക്കുന്നു.

അവസാനം പിഎസ്‌സി നടത്തിയ എൽജിഎസ് പ്രിലിംസ് പരീക്ഷയിലെ ചില ചോദ്യങ്ങൾ ഇങ്ങനെ:

∙ വൈഡൽ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടതാണ് ?
∙ നീളം 3 3/4 മീറ്ററും വീതി 9 1/3 മീറ്ററുമായ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്ര മീറ്റർ?
∙ ഊർജത്തിന്റെ ഡയമൻഷനൽ സമവാക്യം എന്താണ്?

(ഇത്തരം 100 ചോദ്യങ്ങൾക്ക് 1.15 മണിക്കൂറിൽ ഉത്തരമെഴുതണം.) പത്തു ലക്ഷം പേരാണ് കഴിഞ്ഞവട്ടം എൽജിഎസ് പ്രിലിംസ് പരീക്ഷ എഴുതിയത്. മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടിയത് 1.5 ലക്ഷം പേർ. 

English Summary : Kerala Government helps for back door appointments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS