ADVERTISEMENT

അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മുദ്രാമുഖമായ പുതിയ മലയാളിവനിതയെ സമൂഹത്തിന്റെ ആൺപാതി എത്രത്തോളം തിരിച്ചറിയുന്നുണ്ടെന്ന ചോദ്യം വീണ്ടും ഉയരുകയാണിപ്പോൾ. കോട്ടയം നഗരത്തിൽ, കഴിഞ്ഞ ദിവസം രാത്രിയിൽ കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെയുണ്ടായ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം കേരളത്തെ നാണംകെടുത്തുന്നു. പുരുഷ മേധാവിത്തം അനുമതി നൽകുന്ന സമയത്തും സ്ഥലത്തും മാത്രമേ വനിതകൾ പോകാവൂ എന്നുവന്നാൽ നമ്മുടെ സമൂഹം അവകാശപ്പെടുന്ന പരിഷ്‌കൃതിക്കും സംസ്‌കാരത്തിനുമൊക്കെ എന്തുവില ? 

സ്ത്രീകളെ സംരക്ഷിക്കാനെന്ന വ്യാജേന അവരുടെ സ്വാതന്ത്ര്യത്തിനു വിലങ്ങുവയ്ക്കുന്ന ആണധികാര സാമൂഹിക മനഃസ്ഥിതിയെ അംഗീകരിക്കാൻ പ്രയാസമാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വിമർശിച്ചത് ഇതോടെ‍ാപ്പം ചേർത്തുവയ്ക്കുകയും ചെയ്യാം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്നു പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് ഇങ്ങനെ വിലയിരുത്തിയത്. അപകടത്തിൽ പരുക്കേറ്റു ജനറൽ ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ സ്കൂട്ടറിൽ നഗരത്തിലെത്തിയ ബിരുദ വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് കോട്ടയത്തു മൂന്നു യുവാക്കൾ ആക്രമിച്ചത്.

സുഹൃത്തിനൊപ്പം തട്ടുകടയിൽ ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തിൽ കലാശിക്കുകയായിരുന്നു. ‘കേട്ടാൽ അറയ്ക്കുന്ന വാക്കുകളും അശ്ലീല നോട്ടവുമാണു ഞാൻ നേരിട്ടത്. പിന്തുടർന്ന് ആക്രമിച്ചു. മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. നിലത്തുവീഴ്ത്തി വയറ്റത്തു തുടരെ ചവിട്ടി. സുഹൃത്തിനെയും തല്ലി. ആരും തടഞ്ഞില്ല’– ആ പെൺകുട്ടിയുടെ വാക്കുകൾക്കു ‘പരിഷ്കൃത കേരളം’ എന്തു മറുപടിയാവും കെ‍ാടുക്കുക? രാത്രിനടത്തം വഴി, പൊതു ഇടങ്ങൾ രാപകൽ വ്യത്യാസമില്ലാതെ സ്ത്രീക്കുകൂടി അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളമെന്നുകൂടി തലതാഴ്ത്തി ഓർമിക്കാം. 

പൊതുവഴിയിൽ, യാത്രകളിൽ, പാർക്കിൽ, ബീച്ചിൽ എല്ലാം പലപ്പോഴും വനിതകളെ കാത്തിരിക്കുന്നതു സംശയം നിറഞ്ഞ നോട്ടങ്ങളാണ്. നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചു പറഞ്ഞാൽ, ‘എന്തിനാണു നീ അവിടെ പോയത്’ എന്നു ചോദിക്കാൻ ഇന്നും സമൂഹത്തിനു മടിയില്ല. അസമയത്ത് ഇറങ്ങിനടന്നതിനു പാഠം പഠിപ്പിക്കാനാണ് ആ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്നു ഡൽഹി പീഡനക്കേസ് പ്രതി പറഞ്ഞതിന്റെ ചെറുപതിപ്പുകളല്ലേ ഇതൊക്കെ? തങ്ങൾ നിശ്‌ചയിക്കുന്ന സമയത്തും സ്‌ഥലത്തുമല്ലാതെ പുറത്തിറങ്ങുന്ന സ്‌ത്രീ ചോദ്യംചെയ്യപ്പെടേണ്ടവളാണെന്നു വിശ്വസിക്കുന്ന പ്രാകൃതത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബാക്കിവയ്‌ക്കുന്ന ഒരു സമൂഹത്തെയോർത്തു ലജ്‌ജിക്കാം. 

സംരക്ഷണത്തിന്റെ പേരു പറഞ്ഞ് വിദ്യാർഥികളുടെ, പ്രത്യേകിച്ചു പെൺകുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുകൂടെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറയുകയുണ്ടായി. യുവതലമുറയിലെ പെൺകുട്ടികളും ആൺകുട്ടികളും അവരവരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരുപരിധിവരെ സ്വയംസജ്ജരാണ്. സുരക്ഷയുടെ അഴികൾക്കുള്ളിൽ പൂട്ടിയിടുന്നതിനു പകരം കാര്യശേഷിയിലേക്ക് അവരെ വളർത്തിയെടുക്കുകയാണ് സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യനീതിയാണെന്ന് ഉറപ്പുപറയാൻ കഴിയുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്? വിദ്യാർഥിനികൾക്കുള്ള മിക്ക ഹോസ്റ്റലുകളിലും കർശന സമയക്രമമാണു നിലവിലുള്ളത്. വൈകിട്ട് 6 മുതൽ നിയന്ത്രണം ആരംഭിക്കുന്ന ഹോസ്റ്റലുകൾ പല സ്ഥാപനങ്ങളിലുമുണ്ട്. സർക്കാർ കോളജുകളുടെയും സർവകലാശാലകളുടെയും നിയന്ത്രണത്തിലുള്ള വനിതാ ഹോസ്റ്റലുകളിൽ വിദ്യാർഥികൾ വൈകിട്ടു തിരികെ പ്രവേശിക്കുന്നതിനുള്ള സമയപരിധി രാത്രി 9.30 വരെ നീട്ടി സർക്കാർ ഉത്തരവിറക്കിയത് മൂന്നു വർഷംമുൻപാണ്.

പഠനാവശ്യങ്ങൾക്കായി ലാബ് / ലൈബ്രറി സൗകര്യങ്ങൾ ഉപയോഗിക്കാൻ ആവശ്യത്തിനു സമയം ലഭിക്കുന്നില്ലെന്ന വിദ്യാർഥിനികളുടെ പരാതിയെത്തുടർ‌ന്നായിരുന്നു ഇത്. സ്‌ത്രീകൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിലും നീതി ലഭ്യമാക്കുന്നതിലും സർക്കാരിനുള്ള ആത്മാർഥതയും നിർവഹണശേഷിയും ചോദ്യംചെയ്യപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൂടാ. സ്ത്രീയും പുരുഷനും തുല്യരാണെന്നും തുല്യനീതിയും തുല്യബഹുമാനവും അർഹിക്കുന്നവരാണെന്നുമുള്ള ബോധ്യം വ്യക്തിയിലും വീടുകളിലും സമൂഹത്തിലും ഉണ്ടാകുകയും വേണം.

English Summary : Moral Policing and Male domination bad for Society

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com