ജയിലിലും ഇനി ‘സെൽ’ ഭരണം; പൊലീസ്, ജയിൽ നിയമനങ്ങളിലും പിൻ‘അണി’ വാതിൽ തുറക്കാൻ സർക്കാർ

job
SHARE

സിപിഎമ്മിന്റെ ‘കുടുംബത്തിലൊരു തൊഴിൽ’ നയം നടപ്പാക്കണമെങ്കിൽ നിലവിലുള്ള വകുപ്പുകളും തസ്തികകളും പോരാത്തതുകൊണ്ട് പുതിയ വകുപ്പുകൾക്കായുള്ള അന്വേഷണത്തിലാണു നേതാക്കൾ. ഇതുവരെ കാര്യമായ ഇടപെടൽ നടത്താതിരുന്ന ജയിലിലും പൊലീസിലും വരെ പിൻവാതിൽ സാധ്യതകൾ ഇവർ കണ്ടെത്തിക്കഴിഞ്ഞു. അതീവസുരക്ഷ വേണ്ട സെൻട്രൽ ജയിലുകളടക്കമുള്ള ജയിലുകളിൽ അസി. പ്രിസൺ ഓഫിസർമാരായി സിപിഎമ്മുകാരെ താൽക്കാലികമായി നിയമിക്കാനൊരുങ്ങുകയാണു സർക്കാർ. പിൻവാതിൽ തുറക്കുന്നതിനുള്ള വഴിയൊരുക്കാൻ, നവംബർ 14നു കാലാവധി തീർന്ന 365 അസി. പ്രിസൺ ഓഫിസർമാരുടെ പുനർനിയമന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. 

കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ ഡവലപ്മെന്റ് കോർപറേഷൻ (കെക്സ്കോൺ) വഴി നിയമിക്കപ്പെട്ട, വിമുക്തഭടന്മാരായ അസി. പ്രിസൺ ഓഫിസർമാരുടെ കരാർ പുതുക്കാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താനാണു നീക്കം. മുൻപ് ഇങ്ങനെ നടത്തിയ നിയമനം വ്യാപകമായ ആരോപണങ്ങൾക്കിടയാക്കിയിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ പട്ടികയിൽ, സിപിഎമ്മുകാർക്കായിരുന്നു മുൻഗണന. അതതു ജയിൽ സൂപ്രണ്ടുമാർ നടത്തിയിരുന്ന ഇന്റർവ്യൂ പേരിനു മാത്രമായിരുന്നു. 

താൽക്കാലിക ജീവനക്കാരായതിനാൽ, ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതായും ലഹരിക്കടത്തിനു കൂട്ടുനിന്നു വൻതോതിൽ കൈക്കൂലി വാങ്ങുന്നതായും അക്കാലത്തു വ്യാപകമായ പരാതിയുയർന്നിരുന്നു. കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികൾ കഴിയുന്ന കണ്ണൂർ, വിയ്യൂർ സെൻ‍ട്രൽ ജയിലുകളിൽ അസി. പ്രിസൺ ഓഫിസർമാരായി സിപിഎമ്മിന്റെ പ്രാദേശിക ഭാരവാഹികൾ വരെയെത്തി. ഋഷിരാജ് സിങ് ജയിൽ ഡിജിപിയായപ്പോഴാണ് ഇവരെ ഒഴിവാക്കി നിയമനം കെക്സ്കോണിനു വിട്ടത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടന്നാൽ, പഴയ അവസ്ഥ തിരിച്ചുവരുമെന്നു ജയിൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.  സിപിഎമ്മുകാരായ വിമുക്തഭടന്മാർക്കു മുൻഗണന ലഭിക്കുമെങ്കിൽപോലും കെക്സ്കോൺ വഴി നിയമനം നടക്കുന്നത് ഇവർക്ക് ആശ്വാസമായിരുന്നു. സേനയിൽ ലഭിച്ച പരിശീലനം അവരുടെ ജോലിയിലും പ്രകടമാണെന്നതാണു കാരണം. സർക്കാർ തീരുമാനം വൈകിയതിനാൽ, ചില ജയിൽ സൂപ്രണ്ടുമാർ സ്വന്തം ഉത്തരവാദിത്തത്തിൽ കെക്സ് കോൺ വഴിയുള്ള അസി. പ്രിസൺ ഓഫിസർമാരോടു തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

party-job

സഹകരിച്ച് ശക്തരാകുവിൻ 

സഹകരണ സ്ഥാപനങ്ങളിലെ നിയമനം എല്ലാക്കാലത്തും സ്ഥാപനം ഭരിക്കുന്ന പാർട്ടിയുടെ താൽപര്യപ്രകാരം മാത്രമാണു നടക്കുന്നത്. പാർട്ടി പ്രവർത്തകരെയും കുടുംബാംഗങ്ങളെയും വിന്യസിക്കാനുള്ള സ്ഥലമായാണ് എല്ലാ പാർട്ടികളും ഈ സ്ഥാപനങ്ങളെ കാണുന്നതും. സഹകരണ ജോലി ‘ഉള്ളംകയ്യിൽ’ വച്ചുകൊടുക്കുന്നതുപോലെ നൽകാവുന്ന സുവർണകാലത്തിനു പക്ഷേ, ഇപ്പോൾ ചില നിയന്ത്രണങ്ങളുണ്ട്. പക്ഷേ, അതു മറികടന്നു പിൻവാതിൽ തുറക്കാനുള്ള വഴികൾ അപ്പുറത്തുള്ളവർക്കും അറിയാം. 

സഹകരണ പരീക്ഷാ ബോർഡ് സംസ്ഥാന വ്യാപകമായി അപേക്ഷ ക്ഷണിച്ചു നടത്തുന്ന ക്ലാർക്ക്, കാഷ്യർ തസ്തികകളിലെ നിയമനത്തിൽ ഇന്റർവ്യൂ ഘട്ടത്തിലാണു പിൻവാതിൽ തുറക്കുന്നത്. 80 മാർക്കിന്റെ എഴുത്തുപരീക്ഷയും 15 മാർക്കിന്റെ ഇന്റർവ്യൂവുമാണ് ജോലിക്കുള്ള കടമ്പ. എഴുത്തുപരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവരെ വെട്ടി താൽപര്യമുള്ളവർക്ക് ഇന്റർവ്യൂവിനു മാർക്ക് കൂട്ടി നൽകിയാണു ഭരണസമിതികൾ നിയമനം നടത്തുക.

പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആദ്യം ചെയ്യുക ഒഴിവുകളുള്ള ബാങ്കുകളുടെ രാഷ്ട്രീയം നോക്കലാണ്. സിപിഎമ്മിനും കോൺഗ്രസിനും നിയമനത്തിൽ വ്യത്യസ്ത വഴികളാണ്. 15 മാർക്കിന്റെ ഇന്റർവ്യൂവിന് 3 മുതൽ 15 മാർക്ക് വരെ നൽകാനുള്ള അധികാരം ഭരണസമിതി അംഗങ്ങൾ നയിക്കുന്ന ബോർഡിനുണ്ട്. വിദഗ്ധരെന്നു പറഞ്ഞു ചിലർ ബോർഡിൽ ഉണ്ടാകുമെങ്കിലും തീരുമാനമെല്ലാം ഭരണസമിതിയുടേതാകും. ഇഷ്ടക്കാർക്ക് 15ൽ പതിനഞ്ചും പരീക്ഷയിൽ മുന്നിലെത്തിയവർക്കു മൂന്നോ നാലോ മാർക്കും നൽകുന്നതോടെ മിഷൻ സക്സസ്.  

തൽക്കാലം താൽക്കാലികം 

സഹകരണ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കരുതെന്നു സഹകരണ റജിസ്ട്രാറുടെ ഉത്തരവുണ്ടെങ്കിലും ആരും വില കൽപിക്കാറില്ല. പാർട്ടിക്കാരായ ചെറുപ്പക്കാരെ ബാങ്കിലേക്കു റിക്രൂട്ട് ചെയ്യാനുള്ള ആദ്യപടിയാണ് ഈ നിയമനങ്ങൾ എന്നതാണു കാരണം. ക്ലാർക്ക് നിയമനം പരീക്ഷാബോർഡ് വഴിയാണെങ്കിലും പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്കുള്ള പരീക്ഷകൾ നടത്തുന്നതു ബാങ്ക് തീരുമാനിക്കുന്ന അംഗീകൃത ഏജൻസിയാണ്. ഇവിടെയും കൂടിക്കാഴ്ചയിൽ ഉയർന്ന മാർക്ക് നൽകി വേണ്ടപ്പെട്ടവരെ പ്യൂൺ ആക്കി മാറ്റും. ഇങ്ങനെ നിയമിച്ചവരെ സ്ഥാനക്കയറ്റം നൽകി ക്ലാർക്ക് തസ്തികയിലെത്തിക്കും. 

പൊലീസും വാതിൽ തുറക്കും 

പിൻവാതിൽ നിയമനം ഒരു കുറ്റകൃത്യം ആക്കിയാൽ അതിനെതിരെ കേസെടുക്കേണ്ട പൊലീസിലും പിൻവാതിൽ നിയമനം നടന്നാലോ? കേരള പൊലീസിൽ വളഞ്ഞവഴിയിൽ നിയമനം കിട്ടണമെങ്കിൽ ആദ്യം കുക്കോ ബാർബറോ ‘വാട്ടർ’ കാരിയറോ ആകണം. എങ്കിൽ ചില ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ നൽകുന്ന പട്ടികയിൽനിന്നും ജില്ലകളിലെ സിപിഎം പട്ടികകളിൽനിന്നും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ലഭിക്കും. ഈ നിയമനത്തിന് 20 വർഷത്തിലേറെ ഗാരന്റിയുണ്ട്!.

സംസ്ഥാനത്താകെ പൊലീസിന് 20 ജില്ലാ സായുധ ക്യാംപുകളും 10 ബറ്റാലിയനുകളുമുണ്ട്. നിലവിൽ ക്യാംപ് ഫോളോവേഴ്സിന്റെ (കുക്ക്, സ്വീപ്പർ, വാട്ടർ കാരിയർ, കോബ്ലർ, ബാർബർ, ഡോബി) 1235 തസ്തികയാണുള്ളത്. അതിൽ 470 എണ്ണം മാത്രമാണു സ്ഥിരം നിയമനം. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ അടിമപ്പണി എന്ന മുറവിളി ഉയർന്നതിനെത്തുടർന്ന് 2006ലെ വിഎസ് സർക്കാർ ഈ നിയമനം പിഎസ്‌സിക്കു വിട്ടു. എന്നാൽ, നിയമനത്തിനാവശ്യമായ ചട്ടം ബോധപൂർവം ഉണ്ടാക്കിയതുമില്ല.  

അതിനു ശേഷമാണു ക്യാംപ് ഫോളോവേഴ്സിനായി ഐപിഎസുകാരും സിപിഎമ്മും പിൻവാതിൽ തുറന്നിട്ടത്. അന്നു മുതൽ ഇതുവരെ അറുന്നൂറിലേറെപ്പേരെ വിവിധ തസ്തികകളിൽ നിയമിച്ചു. ആരും ക്യാംപി‍ൽ ജോലി ചെയ്യുന്നില്ലെന്നു മാത്രം. ക്യാംപിലെ കമൻഡാന്റ് മുതൽ ജില്ലാ എസ്പിമാരുടെയും ഡിഐജി, ഐജി, എ‍ഡിജിപി, ഡിജിപി എന്നീ ഉന്നതരുടെയും വീടുകളിൽ വരെ ജോലി ചെയ്യുന്നവരാണ് ഇതിൽ 90 ശതമാനവും. ഏതെങ്കിലും ക്യാംപിലെ പേ റോളിൽ പേരും ഏമാന്റെ വീട്ടിൽ അടുക്കളപ്പണിയും ചെയ്യുകയാണിവർ. എന്നാൽ, കൃത്യമായി ശമ്പളം കിട്ടുന്നതിനാൽ ആർക്കും പരാതിയില്ല. വിരമിച്ചു കൊച്ചിയിൽ പുനർനിയമനം ലഭിച്ച ഡിജിപിയുടെ വീട്ടിലും ഇവരിൽ ചിലരുണ്ട്.

എവിടെപ്പോയി ആ 100 പേർ 

കുക്ക് ഉൾപ്പെടെ പിൻവാതിൽ നിയമനം ലഭിച്ച നൂറിലേറെ താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നതെവിടെയെന്നു ക്യാംപുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയില്ല. സംസ്ഥാനത്തെ 30 ബറ്റാലിയനുകളിൽനിന്ന് 2 പേർ വീതം പൊലീസ് ആസ്ഥാനത്തു ജോലി ചെയ്യുന്നതായാണ് ഇവരുടെ റജിസ്റ്ററിലുള്ളത്. പേരൂർക്കട എസ്എപി ക്യാംപിൽ നിയമിച്ച 60 താൽക്കാലികക്കാരിൽ 12 പേർ മാത്രമാണ് അവിടെ ജോലി ചെയ്യുന്നത്. ബാക്കി പിഎച്ച്ക്യു (പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്) എന്നാണു പറയുന്നത്. 

ഏറ്റവും അധികം ഐപിഎസുകാർ ജോലി ചെയ്യുന്നതു തിരുവനന്തപുരത്താണ്. അതിനാലാണ് പിഎച്ച്ക്യു എന്നു കടലാസിൽ രേഖപ്പെടുത്തിയശേഷം രണ്ടും മൂന്നും പേരെ വീട്ടുജോലിക്കായി ഐപിഎസുകാർ കൊണ്ടുപോകുന്നത്. പൊലീസ് ആസ്ഥാനത്തും ക്രമസമാധാനപാലനത്തിലും ജോലി ചെയ്യുന്നവരാണ് ഇത്തരം താൽക്കാലികക്കാരെ കൂടുതൽ ദുരുപയോഗിക്കുന്നത്. 59 ദിവസം കഴിഞ്ഞാൽ ദിവസവേതനക്കാരെ പിരിച്ചുവിടണമെന്നാണു ചട്ടം. എന്നാൽ, പണി ഐപിഎസുകാരുടെ വീട്ടിലെങ്കിൽ എത്ര വർഷം വേണമെങ്കിലും തുടരാം. 

കുടുംബശ്രീ, ഒരു പാർട്ടി സംരംഭം

കുടുംബശ്രീ എന്നതു ലേ‍ാകം മുഴുവൻ ശ്രദ്ധിച്ച സ്ത്രീശാക്തീകരണത്തിന്റെ ഒറ്റവാക്കാണെങ്കിലും പിന്നീടതു പാർട്ടി ശാക്തീകരണത്തിന്റെ മറ്റൊരു വാക്കായി മാറി. നാൽപതോളം സ്ഥിരം ഉദ്യോഗസ്ഥരുമായാണ് കുടുംബശ്രീ ആരംഭിച്ചത്. ഇപ്പോഴും സ്റ്റേറ്റ്, ജില്ലാ പ്രോഗ്രാം ഓഫിസർമാർ ഉൾപ്പെടെ കുറച്ചുപേർ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും വിവിധതലങ്ങളിൽ മൂവായിരത്തിലധികം കരാർ ജീവനക്കാരാണു കുടുംബശ്രീയിലുള്ളത്.

ഒരു വർഷത്തെ കരാറാണെങ്കിലും വർഷങ്ങളായി ഇവരിൽ പലരും തുടരുന്നു. മികവുള്ള പ്രഫഷനലുകൾ ഇവരിലുണ്ടെങ്കിലും പലരും പാർട്ടി പ്രവർത്തകർ എന്ന പേരിൽ മാത്രം തുടരുന്നുണ്ട്.   സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സി‍എംഡി) വഴി ഉൾപ്പെടെയാണു നിയമനം നടത്തുന്നതെന്നു പറയുമ്പോഴും പലയിടത്തും ഇടതു പ്രവർത്തകർ മാത്രമാണു ജീവനക്കാരായി എത്തുന്നത്. 

English Summary : Back Door Appointments in Police and Jail Posts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS