ADVERTISEMENT

മുഖ്യമായും സൗരോർജത്തിലൂടെയാകും കേരളത്തിനു വൈദ്യുതിരംഗത്തു സ്വയംപര്യാപ്തത നേടാനാകുക എന്നെ‍ാക്കെ നാം പെരുമ കെ‍ാള്ളാറുണ്ട്. ആയിരക്കണക്കിനു സ്ഥാപനങ്ങളാണ് സോളർ മേഖലയിൽ ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ തൊഴിലവസരങ്ങളും ഊർജ സ്വയംപര്യാപ്തതയും ചെറിയ കാലത്തിനുള്ളിൽ ലക്ഷ്യമിട്ടു നിക്ഷേപകരെ ആകർഷിച്ചവർതന്നെ സൗരോർജ ഉൽപാദകരുടെ മനംമടുപ്പിക്കുകയാണിപ്പോൾ.

നിലവിലെ നെറ്റ് മീറ്ററിങ് സംവിധാനത്തിനു പകരം ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തണമെന്ന സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആവശ്യം വീണ്ടും റഗുലേറ്ററി കമ്മിഷന്റെ പരിഗണനയ്ക്ക് എത്തിയതാണ് ആശങ്കയ്ക്കു കാരണം. വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് വൻതുക മുടക്കി സൗരോർജ പാനലുകൾ സ്ഥാപിച്ചവർ സോളർ ഷോക്ക് ഏൽക്കേണ്ടിവരുമോ എന്ന ഭീതിയിലാണ്. നെറ്റ് മീറ്ററിങ് അഥവാ നെറ്റ് ബില്ലിങ് രീതിയിൽ, വീട്ടിലോ സ്ഥാപനങ്ങളിലോ ഉൽപാദിപ്പിക്കുന്ന സൗരോർജത്തിനും കെഎസ്ഇബിയിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്കും ഒരേ വിലയാണു നിശ്ചയിച്ചിട്ടുള്ളത്.

ഉൽപാദിപ്പിക്കുന്ന സൗരോർജത്തിൽനിന്ന് ഉപയോഗം കഴിച്ചുള്ള വൈദ്യുതിക്കു മാത്രം ബില്ലടച്ചാൽ മതി എന്നതാണ് ഇതിന്റെ പ്രധാനനേട്ടം. പൂർണമായും സൗരോർജം മാത്രം ഉപയോഗിക്കുന്ന ഉപയോക്താവിനു ബിൽ അടയ്ക്കേണ്ടിവന്നിരുന്നുമില്ല. ഉൽപാദനം കൂടുതലെങ്കിൽ, ഉപയോഗം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി ഗ്രിഡിലേക്കു കൈമാറുമ്പോഴും യൂണിറ്റിനു കെഎസ്ഇബി നിരക്കുപ്രകാരം തുക കണക്കാക്കി ഉപയോക്താവിനു നൽകിയിരുന്നു. എന്നാൽ, ഗ്രോസ് മീറ്ററിങ് രീതിയിൽ സൗരവൈദ്യുതിക്കും ബോർഡ് നൽകുന്ന വൈദ്യുതിക്കും വെവ്വേറെ നിരക്കാണ്.

ബോർഡിൽ നിന്നുള്ള വൈദ്യുതിയുടേതിൽനിന്ന് കുറഞ്ഞ തുക മാത്രമേ സൗരവൈദ്യുതിക്കു ലഭിക്കൂ എന്നതിനാൽ ഉപയോക്താവിനു വൻ നഷ്ടമുണ്ടാകും. ഗ്രോസ് മീറ്ററിങ് വരുന്നതോടെ മറ്റ് ഉപയോക്താക്കൾ നൽകുന്ന അതേ നിരക്കിൽ സൗരോർജ ഉൽപാദകരും ബിൽ അടയ്ക്കേണ്ടിവരും. പീക്ക് സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള ശുപാർശ നടപ്പായാൽ അതും ബിൽ തുക ഉയർത്തും. സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്കു പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും മുടക്കുമുതൽ തിരിച്ചുകിട്ടാത്ത സ്ഥിതിവരുമെന്നാണ് ആശങ്ക.

ഗ്രോസ് മീറ്ററിങ് നടപ്പാക്കണമെന്ന ആവശ്യം കഴിഞ്ഞവർഷവും കെഎസ്ഇബി മുന്നോട്ടുവച്ചിരുന്നുവെങ്കിലും അന്നതു റഗുലേറ്ററി കമ്മിഷൻ തള്ളുകയായിരുന്നു. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം റിന്യൂവബിൾ പർച്ചേസ് ഒബ്ലിഗേഷൻ (ആർപിഒ) പാലിക്കാൻ പറ്റുന്നത്രയും ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അന്നു തള്ളിയത്. എന്നാൽ, ജലവൈദ്യുതിയെക്കൂടി പുനരുപയോഗ വൈദ്യുതിയുടെ ഗണത്തിൽപെടുത്തി കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പരിഷ്കരിച്ചതോടെ കേരളത്തിന് ഇപ്പോൾ ആർപിഒ പാലിക്കേണ്ട ആവശ്യം വരുന്നില്ല.

ഈ സാഹചര്യത്തിൽ റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയുടെ വാദം അംഗീകരിച്ചാൽ സൗരോർജ ഉൽപാദകരും സ്വകാര്യ മേഖലയിൽ കാറ്റ്, ജലവൈദ്യുത പദ്ധതികൾ തുടങ്ങി വിവിധ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിക്ഷേപിച്ചവരും കടുത്ത പ്രതിസന്ധിയിലാകും. ഇതു സംബന്ധിച്ച തെളിവെടുപ്പു വൈകാതെ നടക്കുമെന്നതിനാൽ, ഇതിലെ ഉപയോക്തൃവിരുദ്ധത തിരിച്ചറിഞ്ഞുള്ള നടപടികൾ അടിയന്തരാവശ്യമായിരിക്കുന്നു.

സൗരോർജം ഇന്ത്യയിലെ മധ്യവർഗത്തിന്റെയും നിർധനരുടെയും ജീവിതത്തെ മാറ്റിമറിക്കുകയാണെന്നു പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ ‘മൻ കി ബാത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കഴിഞ്ഞ ഒക്ടോബർ അവസാനമാണ്. ലോകമെങ്ങും പാരമ്പര്യേതര ഉൗർജ ഉൽപാദനത്തിലേക്കു ശ്രദ്ധ തിരിക്കുമ്പോൾ, ഇക്കാര്യത്തിൽ മുൻനിരക്കാരാകാൻ കേരളത്തിനും കഴിയേണ്ടതല്ലേ? നിലവിൽ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകൾ പ്രകാരം പുറമേനിന്നു വൻതുക ചെലവിട്ട് എത്തിക്കുകയാണ്.

കേരളം മനസ്സുവച്ചാൽ വലിയൊരളവിൽ വൈദ്യുതി സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.  വൈദ്യുതി ബോർഡ് കൂടുതൽ നിബന്ധനകൾ കൊണ്ടുവന്നു പാരമ്പര്യേതര ഊർജ ഉൽപാദകരെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നതു നിർഭാഗ്യകരമാണ്. ഹരിത ഉൗർജ മിഷന്റെ ഭാഗമായി 5 വർ‍ഷം കൊണ്ട് 3,000 മെഗാവാട്ട് സൗരോർ‍ജ വൈദ്യുതി ഉൽപാദിപ്പിക്കാൻ സർക്കാർ ലക്ഷ്യമിട്ടതായാണു പ്രഖ്യാപനം. ഊർജ സ്വയംപര്യാപ്തതയ്ക്കുള്ള ശ്രമങ്ങൾക്കു സർക്കാർവക ആഘാതമല്ല പ്രതിഫലമായി നൽകേണ്ടത്.

English Summary : Government discouraging Solar Power producers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com