കത്തുകൊണ്ട് കുഴലൂതുന്നവർ

letter
SHARE

മാന്യമഹാജനങ്ങളേ, മുഖ്യനും ഗവർണറും തമ്മിലുള്ള യുദ്ധത്തിന്റെ മൂന്നാം ഖണ്ഡം കത്തുപാട്ടോടുകൂടി ആരംഭിച്ചിട്ടുണ്ട്. ഗവർണർക്കുള്ള കുത്താണ് ആ കത്തുകൾ. മുഖ്യനും ഗവർണറും ചക്കരയും ഈച്ചയുമായിരുന്നല്ലോ ഒരുകാലത്ത്. ആരാണു ചക്കര, ആരാണ് ഈച്ച എന്നൊക്കെ ചോദിച്ചാൽ അതങ്ങനെ മാറിമാറി വരുമെന്നേ ഉത്തരമുള്ളൂ. ഇരുവരും മാനായും മാരീചനായും വേഷമിടാൻ ബഹുകേമന്മാർ. 

ഗവർണറും മുഖ്യനും തമ്മിലുള്ള ചങ്ങാത്തകാലത്തെ രണ്ട് ഉടലിന് ഒരു ചങ്കെന്നു വിശേഷിപ്പിക്കുന്നതു ശരിയാവില്ല. പാർട്ടിയുടെ ഫിസിഷ്യന്മാർ മുഖ്യനു ചങ്കു രണ്ടാണെന്നു വിധിച്ചിട്ടുണ്ട്. മുഖ്യനും ഗവർണറും രണ്ടു ശരീരമാണെങ്കിലും ഒരു മസ്തിഷ്കമായിരുന്നെന്നു തൽക്കാലം പറയാം. തലച്ചോറും കാണുമെന്നാണല്ലോ വയ്പ്. അക്കാലത്തു ഗവർണർ എഴുതിയ കത്തുകൾ ഓരോന്നായി ചോരുകയാണത്രേ. പഴ്സനൽ സ്റ്റാഫ് നിയമനത്തെക്കുറിച്ചു ഗവർണർ പൊട്ടിത്തെറിച്ചപ്പോൾ ആദ്യത്തെ കത്തു ചോർന്നൊലിച്ചു. രാജ്ഭവനിൽ 20 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ഗവർണറുടെ എഴുത്തായിരുന്നു അത്. ഇപ്പോഴിതാ കേസുരേന്ദ്രജിയെ കുഴലിൽനിന്ന് ഊരിയെടുക്കാൻ ഗവർണർ എഴുതിയ കത്തും പുറത്തേക്കു തലയിട്ടു. 

മുഖ്യനോ അദ്ദേഹത്തിന്റെ സേവകപ്രമുഖരോ കത്തു പുറത്തുവന്നത് അറിഞ്ഞിട്ടില്ലത്രേ. നിഷ്കളങ്കത ഇത്ര വേണോ എന്നു ചോദിക്കുന്നവർ കുറച്ചൊന്നുമല്ല. സെക്രട്ടേറിയറ്റിന്റെ വശത്തുകൂടി കടന്നുപോകുകയായിരുന്നു ഏതാനും മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഓഫിസിലെ ജനാലയിൽ നിന്നു ശൂ...ശൂ എന്നൊരു ശബ്ദം. നോക്കിയപ്പോൾ മുഖ്യനു ഗവർണർ എഴുതിയ കത്തുകൾ! പാതി ഉടുത്തതും ഉടുക്കാത്തതുംപോലെ കീറിയ കവറുള്ളതും കവറില്ലാത്തതുമായ കത്തുകൾ. കത്തു കണ്ടാൽ മാധ്യമപ്രവർത്തകരുണ്ടോ വിടാൻ? അവർ അതിന്റെ അറ്റവും മൂലയുമൊക്കെ ചെത്തിമിനുക്കി വാർത്തയാക്കിക്കളഞ്ഞു. അല്ലാതെ കത്തു പുറത്തേക്കു കുന്തളിച്ചതിൽ മുഖ്യന്റെ ഓഫിസിനു പങ്കേയില്ല. ഉത്സവപ്പറമ്പിൽ കള്ളൻ കള്ളനെന്നു വിളിച്ചുകൊണ്ടു മുൻപേ ഓടുന്നത് ആരെന്നു വിശിഷ്യാ ചോദിക്കണോ? 

ഗവർണർ എഴുതിയ കത്തുണ്ടെങ്കിൽ സ്വാഭാവികമായി മുഖ്യൻ എഴുതിയ കത്തും ഉണ്ടാകേണ്ടതല്ലേ? സതീശന്റെ ചോദ്യത്തിൽ ന്യായമുണ്ട്. കുഴൽപണം കടത്തിയ കേസിൽ കേസുരേന്ദ്രജിയെ രക്ഷിക്കാൻ മുഖ്യനു ഗവർണർ എഴുതിയത് ഓകെ. ബിരിയാണിച്ചെമ്പിൽ കിടന്നു കൈകാലിട്ടടിച്ച മുഖ്യൻ ഗവർണർക്കു കത്തെഴുതിയോ? അതു കിട്ടണം സതീശന്. അങ്ങനെയൊരു കത്തുണ്ടെങ്കിൽ, അതു പുറത്തുവന്നാലോ?. 

സ്വർണത്തിൽ കുളിച്ച മുഖ്യനു രണ്ടാം ജന്മവും രണ്ടാം ഭരണവും മോദിജി ഒരുമിച്ചു സമ്മാനിച്ചെന്നാണല്ലോ പ്രതിപക്ഷത്തിന്റെ കുത്ത്. ആറു പാ‍ർട്ടി ചാടിയ ആരിഫിന്റെ ചരിത്രമൊക്കെ മുഖ്യനു പരിചയമുള്ളതല്ലേ? ആടിയ കാലും പാടിയ വായും അടങ്ങിയിരിക്കില്ലെന്നു നന്നായി അറിയാം. അതുകൊണ്ടു മുഖ്യൻ കത്തെഴുതാനുള്ള വഴി കാണുന്നില്ല. അതുക്കുംമേലെ അമിഠ് ഷാജി, മോദിജി... സന്നിധാനത്തു പിടിയുള്ളപ്പോൾ ഇവിടുന്നേ പടി ചവിട്ടണോ? കേസുരേന്ദ്രജി കുഴലിൽനിന്നു നിരങ്ങിയിറങ്ങിയതിൽ മുഖ്യന്റെ അനുഗ്രഹം ഉണ്ടെന്നുവേണം അനുമാനിക്കാൻ. അകത്താകാൻ അരനാഴിക ശേഷിക്കെ കേസുരേന്ദ്രജി പുറത്തു ചാടിയതെങ്ങനെ? അന്നേ സംശയിച്ചവർക്കൊരു ഉത്തരമാണ് ഇപ്പോൾ പുറത്തായ കത്ത്.

നാഗപ്പന്മാർ പിന്നെ, ഡവലപ്പന്മാർ

സർവത്ര വിടർന്നു വികസിച്ചു വിലസീടുന്ന കേരളമാണു സഖാക്കളുടെ സങ്കൽപത്തിൽ. കംപ്യൂട്ടറിനെതിരെ കുറുകെനിന്നു പ്രതിഷേധിച്ചതും നെടുമ്പാശേരി വിമാനത്താവളത്തിൽ നെടുകെ കിടന്നു മുദ്രാവാക്യം വിളിച്ചതുമൊക്കെ ഒരു കാലം. സത്യത്തിൽ സഖാക്കൾ മറക്കാൻ കൊതിക്കുന്ന ദുഃസ്വപ്നങ്ങളാണ് അതൊക്കെ. മോദിയൻ വികസനധാരയിൽ മുങ്ങിനീരാടിയതോടെ സഖാക്കളാകെ മാറിയില്ലേ? കേരളത്തിന്റെ ഓരോ മൂലയിലും ഒരു കുമ്പിൾ വികസനമെങ്കിലും എത്തിച്ചേ അടങ്ങൂ അവർ. അടുത്തകാലത്തായി സമരത്തിലല്ല, സമരസപ്പെടലിലാണു വിപ്ലവം പുഷ്പിക്കുന്നത്. 

വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ... പാർട്ടിയിലെ ഇത്തരം ശ്രേണിയൊക്കെ പണ്ട്. ഇപ്പോൾ രണ്ടിനം സഖാക്കളേയുള്ളൂ. പിൻവാതിൽ നിയമനങ്ങളിലൂടെ പാർട്ടിക്ക് ആളകമ്പടി ഉറപ്പാക്കുന്ന നാഗപ്പന്മാ‍ർ; വികസനദ്വാരാ നാലു പുത്തൻ ഒപ്പിക്കുന്ന ഡവലപ്പന്മാർ. ഇരുകൂട്ടർക്കും മുട്ടൻ പണികിട്ടി ഇരിപ്പാണിപ്പോൾ. ഇന്നലെ സഖാക്കൾ ചെയ്ത അബദ്ധങ്ങളൊക്കെ ഇന്നു നാട്ടുകാർക്ക് ആചാരമാണല്ലോ. പാർട്ടിക്കു മാറ്റം ഉണ്ടായാൽ ആളുകൾക്കു മാറ്റം ഉണ്ടാകുമോ? പാർട്ടി അതിനെ വികസനവിരുദ്ധ സമരമെന്നേ വിളിക്കാറുള്ളൂ.

കേരളത്തിൽ തന്റെ വകയായി നെടുനീളത്തിൽ ഒരു രജതരേഖ. അതായിരുന്നു മുഖ്യന്റെ മനസ്സിലെ സിൽവർലൈൻ. പൊറോട്ടയ്ക്കു മാവു കുഴയ്ക്കുന്നതിനെക്കാൾ വേഗത്തിൽ പദ്ധതി നടപ്പാക്കും. ഡവലപ്പന്മാർ തുള്ളിച്ചാടി. അവർ കേരളമാകെ നടന്നു പ്രസംഗിച്ചു, ഇനിവരുന്നൊരു തലമുറയ്ക്കു നിലത്തുനിൽക്കൽ സാധ്യമോ? ഓരോരുത്തരെയും സിൽവർലൈൻ റാ‍ഞ്ചിക്കൊണ്ടുപോകും. വീടിനു മുന്നിൽ വെറുതേ നിന്നാൽ മതി. പിടിച്ചുകയറ്റി അടുത്ത ജംക്‌ഷനിൽ കൊണ്ടുവിടും. സ്തംഭിച്ചു കിടക്കുന്ന കേരളമേ നിന്നെ ചലിപ്പിക്കാൻ ഇതാ വരുന്നു സിൽവർലൈൻ. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യന്റെ താളമടി കേട്ടവർ ചിരിച്ചു തീർന്നിട്ടില്ല. മുകളിൽ മെട്രോ റെയിൽ, താഴെ വാട്ടർ മെട്രോ, മധ്യേ സിൽവർലൈൻ. ആരാണെങ്കിലും മൂന്നു വണ്ടികളും തട്ടാതെ മുട്ടാതെ മുന്നോട്ടുപോണേയെന്ന് അറിയാതെ പ്രാർഥിച്ചുപോകും. വികസനദാഹിയായ തോമസ് മാഷ് ആശിച്ചുപോയതു സിൽവർലൈൻ ഉണ്ടായിരുന്നെങ്കിൽ പ്രചാരണവേദിയിൽ വന്നിറങ്ങാമായിരുന്നല്ലോ എന്നാണ്. മുഖ്യനും മാഷും അടിച്ചുപതപ്പിച്ചപ്പോൾ കോൾമയിർ കൊണ്ട സഖാക്കൾക്കു മൂന്നുദിവസംവരെ വേണ്ടിവന്നു, എണീറ്റുനിന്ന രോമങ്ങളെ ഒന്നു മെരുക്കാൻ. 

തിരുവനന്തപുരത്തുനിന്നു കയറുന്ന യാത്രക്കാർ ഒന്ന് ഇരുന്നാലോയെന്നു പരസ്പരം ചോദിക്കുംമുൻപേ കാസർകോട്ട് എത്തിക്കളയും. നാടായ നാടൊക്കെ സിൽവർലൈനിന്റെ ബോർഡുകളേയുള്ളൂ. എടുപിടീന്നായിരുന്നല്ലോ കാര്യങ്ങൾ. അതിർത്തിയിൽ സേന ഇറങ്ങിയ മട്ടിലായിരുന്നു കല്ലിടൽ കലാകാരന്മാരുടെ വരവ്. ശുചിമുറിയിൽ ഇരുന്നവരോടു വടക്കോട്ടു തിരിഞ്ഞിരിക്കാൻ പറഞ്ഞിട്ടു തെക്കോട്ടു തിരിഞ്ഞുനിന്നു മഞ്ഞക്കുറ്റിയിട്ട വിരുതന്മാർ. ഹൊ, എന്തൊരു സ്പീഡ്! 

വിമർശകരെ ഏഷണിക്കാരും അസൂയക്കാരുമായി ഡവലപ്പന്മാർ മുദ്രവച്ചു. അതിലും അടങ്ങാത്തവരെ സംസ്ഥാനദ്രോഹി പട്ടം ചാർത്തി കൂക്കിവിളിച്ചു. അർധ അതിവേഗ ട്രെയിനാണു സിൽവർലൈനെന്നു ഡവലപ്പന്മാർ വച്ചുകാച്ചിയപ്പോൾ വണ്ടിപണ്ഡിതരുണ്ടോ മിണ്ടാതിരിക്കാൻ? ഔട്ടായ ടെക്നോളജി കേരളത്തിലേക്കു കെട്ടിയെടുക്കുന്നെന്നായി അവർ. 

കിടക്കപ്പായ അല്ല, കിടപ്പാടമാണു നഷ്ടമാകുന്നതെന്നു ബോധ്യമായവർ ഒരറ്റത്ത്; കേരളത്തെ പ്രളയഭൂമിയാക്കുന്നതിനെതിരെ ചിലർ മറ്റേയറ്റത്ത്. എണ്ണമെടുത്താൽ സമരക്കാരിൽ പാതിയോളവും സഖാക്കൾ. പാർട്ടി ഗ്രാമങ്ങളിൽവരെ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞതോടെ കാര്യം തിരിഞ്ഞു. അധികം കളിച്ചാൽ അധികാരം പുറത്ത്. 

കുറ്റിക്കാരെ പിൻവലിച്ചു. പദ്ധതി നടന്നില്ലെങ്കിലും പശുവിനെ കെട്ടാമല്ലോ മഞ്ഞക്കുറ്റിയിൽ! ക്ഷീരസാഗരത്തിൽ ആറാടാൻ ഒരു വീടിനൊരു കുറ്റിയെന്ന് അടുത്ത ബജറ്റിൽ പ്രഖ്യാപിക്കാം. 

കഴിഞ്ഞദിവസം ഭൂമി ഏറ്റെടുക്കലുകാരെയും പിൻവലിച്ചു. പദ്ധതി പിൻവലിച്ചോന്നു ചോദിച്ചാൽ ഇല്ലെന്നേ മറുപടിയുള്ളൂ. തീവണ്ടിക്കടിയിൽ അകപ്പെട്ടയാളിനു ജീവനുണ്ടോയെന്നു ചോദിച്ചാൽ അത് അറിയില്ല, തലയറ്റുപോയെന്നു പറയുന്നവരുണ്ടല്ലോ.

സ്റ്റോപ് പ്രസ്

ശശി തരൂർ വന്നാൽ എൻസിപി രണ്ടുംകയ്യും നീട്ടി സ്വീകരിക്കുമെന്ന് പി.സി.ചാക്കോ.

വെറുതേ കൈ നീട്ടുന്നവരോട് തരൂരിന് അത്ര താൽപര്യമുണ്ടെന്നു തോന്നുന്നില്ല. 

English Summary: Letter fiddlers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS