ഉടച്ചാൽ മാത്രം പോരാ...; നന്നായി വാർക്കണം

HIGHLIGHTS
  • ഇത് ഉന്നതവിദ്യാഭ്യാസ മേഖലയെ ഉണർത്താൻ പറ്റിയ സമയം
university
SHARE

കേരളത്തിൽ ഇരുപതിലേറെ സർവകലാശാലകൾ! പരീക്ഷാനടത്തിപ്പിനു മാത്രമായി നമുക്ക് എന്തിനാണ് ഇത്രയേറെ സർവകലാശാലകൾ? അവിടെ ഓരോ അപേക്ഷ നൽകുമ്പോഴും എന്തിനാണ് വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കേണ്ടി വരുന്നത്? ഇതിലൊക്കെ മാറ്റം വരുത്തിയാൽ ആരെങ്കിലും എതിർക്കുമോ ?

ദുരന്തനിവാരണരംഗത്തു ജോലി ചെയ്യുമ്പോൾ ഞങ്ങൾ എപ്പോഴും ഓർക്കുന്ന ഒരു വാചകമുണ്ട്: ‘Never let a good crisis go to waste’. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രയോഗമാണ്. ഒരു ദുരന്തം ചില കാര്യങ്ങൾ ശരിയാക്കാനുള്ള അവസരമാണ്; അതുപയോഗിക്കണം. ഇന്ത്യയിൽ ‘ബ്രേക്ക്ത്രൂ’ ഉണ്ടാകുന്നത് ‘ബ്രേക്ക് ഡൗൺ’ ഉണ്ടാകുമ്പോഴാണെന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ അരുൺ ഷൂറിയും പറഞ്ഞിട്ടുണ്ട്. പാപ്പരായ സർക്കാർ സ്വർണം ലണ്ടനിൽ പണയംവയ്ക്കാൻ പോയപ്പോഴാണ് നമ്മുടെ രാജ്യത്ത് ലൈസൻസ് രാജ് പൊളിഞ്ഞുവീണത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് ഒട്ടേറെ പോരായ്മകളുണ്ടെന്നും അത് ഉടച്ചുവാർക്കേണ്ടതാണെന്നും വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നയാളാണു ഞാൻ. അതുകൊണ്ടുതന്നെ, കേരളത്തിലെ രാഷ്ട്രീയത്തിന്റെ ഫോക്കസ് സർവകലാശാലകളിൽ എത്തിനിൽക്കുന്ന ഈ സമയം പോസിറ്റീവായ മാറ്റങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കാം.

മുൻപ്, ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെക്കുറിച്ചു സമൂഹമാധ്യമത്തിൽ എഴുതിയപ്പോൾ, അതിൽ കൃത്യമായ നിർദേശങ്ങൾ ഇല്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കിൽ അതു നടപ്പാക്കാൻ ശ്രമിക്കുമായിരുന്നെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു പ്രതികരിച്ചിരുന്നു. അതിനുള്ള മറുപടി കൂടിയാണിത്. ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാർക്കുന്നതിലെ ‘ഉടയ്‌ക്കൽ’ തകൃതിയായി നടക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഈ ലേഖനം വാർക്കുന്നതിനെക്കുറിച്ചാണ്. 

നിർദേശം ഒന്ന്: ഇത്ര സർവകലാശാലകൾ വേണ്ട

കേരളത്തിൽ എത്ര സർവകലാശാലകളുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ എത്രപേർക്കു കൃത്യമായ ഉത്തരം പറയാനാകും? പത്ത്? പതിനഞ്ച്? ഇരുപത്? ഇരുപതിനു മുകളിൽ ?

കൃത്യം ഉത്തരം എനിക്കുമറിയില്ല. വിക്കിപ്പീഡിയ പറയുന്നത് 22 എന്ന്. പക്ഷേ, അതിൽ ഐഐടിയും ഐസറും ഇല്ല; ഐഐഎം ഉണ്ടുതാനും. എന്തായാലും, ഇരുപതിനു മുകളിൽ എന്നുറപ്പിക്കാം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളായി വേർതിരിച്ചുള്ള കണ്ണൂർ, കാലിക്കറ്റ്, മഹാത്മാഗാന്ധി, കേരള എന്നിവയും വിഷയം അനുസരിച്ചുള്ള കൃഷി, വെറ്ററിനറി, സാങ്കേതികം, ആരോഗ്യം എന്നിവയും ഭാഷ അനുസരിച്ചുള്ള മലയാളം, സംസ്കൃതം എന്നിവയും. ഇതു കൂടാതെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി... ഇനിയും കാണും. നമുക്ക് ഇത്രയും സർവകലാശാലകൾ വേണോ? 

സംസ്ഥാനത്തു പത്തു ലക്ഷത്തോളം വിദ്യാർഥികൾ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നാണു കണക്ക്. നമ്മുടെ സർവകലാശാലകളിൽ ഭൂരിഭാഗവും പരീക്ഷാനടത്തിപ്പു കേന്ദ്രങ്ങളാണ്. സർവകലാശാലാ കേന്ദ്രങ്ങളിൽ കുറച്ചു പഠനവും കുറെ ഗവേഷണവും നടക്കുന്നുണ്ടെങ്കിലും വിദ്യാർഥികളിൽ ഭൂരിഭാഗവും അതിനു പുറത്താണ്.

സർവകലാശാലകൾ അവരുടെ ജോലി നന്നായി ചെയ്താൽ, സർവകലാശാലാ കേന്ദ്രത്തിനു പുറത്തുപഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സർവകലാശാല കണ്ണൂരാണോ കേരളയാണോ എന്നതു പ്രസക്തമല്ല. കോതമംഗലത്ത് അഞ്ചു വർഷം പഠിച്ച ഞാൻ കേരള സർവകലാശാലയിൽ ഒരാവശ്യത്തിനും പോയിട്ടില്ല. ഏതു സർവകലാശാലയിൽ നിന്നാണോ ബിരുദം നേടുന്നത് അതു കേരളത്തിനു പുറത്ത് നാലുപേർ അറിയുന്നതായിരിക്കണം എന്നതാണു പ്രധാനം. ആദ്യത്തെ ആയിരം റാങ്കിൽ പോലും ഉൾപ്പെടാത്ത സർവകലാശാലയിൽനിന്നുള്ള സർട്ടിഫിക്കറ്റുമായി ലോക കമ്പോളത്തിൽ തൊഴിലന്വേഷണത്തിന് ഇറങ്ങുന്നതാണ് വിഷമമുള്ള കാര്യം; രണ്ടു പ്രാവശ്യം തിരുവനന്തപുരത്തു പോകുന്നതല്ല.

ഈ പരീക്ഷാനടത്തിപ്പു സർവകലാശാലകളെല്ലാം ചേർത്ത് ഒറ്റ അഫിലിയേറ്റഡ്/ടീച്ചിങ് സർവകലാശാലയാക്കണം. അതിനെ ഏറ്റവും വേഗത്തിൽ മികച്ച റാങ്കിങ്ങിൽ എത്തിക്കണം; പറ്റിയാൽ അഞ്ഞൂറിൽ താഴെ. സാങ്കേതികവിദ്യയുടെ ഇക്കാലത്ത് പത്തുലക്ഷം  ഒരു സംഖ്യയല്ല. കോർസെറാ എന്ന ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ 11.3 കോടി ആളുകളാണു പഠിക്കുന്നത്: കേരളത്തിലെ എല്ലാ സർവകലാശാലകളിലും കൂടിയുള്ള വിദ്യാർഥികളുടെ നൂറിരട്ടി!

നമ്മുടെ വിദ്യാർഥികൾക്ക് നിബന്ധനകൾക്കു വിധേയമായി എൻജിനീയറിങ്ങും കൃഷിയും സംഗീതവും കണക്കും കേരളത്തിൽ എവിടെയുള്ള കോളജിലും ഒരേസമയം പഠിക്കാനുള്ള സംവിധാനം ഉണ്ടാകണം. സാങ്കേതിക സർവകലാശാലയും കാർഷിക സർവകലാശാലയും പരസ്പരം കൊട്ടിയടച്ച കോട്ടകളാക്കി വച്ചിരിക്കുന്നതു സാമ്പത്തികമായി മാത്രമല്ല; അക്കാദമികമായും തെറ്റാണ്. 

നിർദേശം രണ്ട്: പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഉപേക്ഷിക്കാം

കേരളത്തിലെ സർവകലാശാലകളിൽ ഡിഗ്രി പഠനം കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കുക എന്നതു വലിയ കടമ്പയാണ്. പരീക്ഷാഫലം പുറത്തുവരുന്ന അന്നുതന്നെ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ പറ്റണം. എംജി സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തുചെയ്യണം എന്നു നോക്കുക. പരിചയമുള്ളതുകൊണ്ട് എംജി ഉദാഹരണമാക്കുന്നെന്നേയുള്ളൂ. മറ്റു സർവകലാശാലകളിലും സ്ഥിതി സമാനമാകാം.

ആദ്യം പരീക്ഷകൾ വിജയിച്ച് മാർക്ക് ലിസ്റ്റ് ലഭിച്ചാൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. അതിന് ഓൺലൈൻ ഫോം ഉണ്ട്. പഠിച്ച വിഷയം, വർഷം എല്ലാം എഴുതണം. തുടർന്ന് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, ഡിഗ്രിയുടെ മാർക്ക് ലിസ്റ്റുകൾ, സമ്പൂർണ മാർക്ക് ലിസ്റ്റ് തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപ്‌ലോഡ് ചെയ്യണം. എന്തിനാണിത്? വിദ്യാർഥി കോളജിൽ ചേർന്ന സമയത്ത് എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നോക്കി ബോധ്യം വരുത്തിയിട്ടുണ്ടാവില്ലേ? ഇതേ സർവകലാശാല നൽകിയ മാർക്ക് ലിസ്റ്റുകൾ വിദ്യാർഥിതന്നെ വീണ്ടും പകർപ്പെടുത്ത്, ഒപ്പിട്ട്, വീണ്ടും സ്കാൻ ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ട എന്തുകാര്യമാണുള്ളത്? അത് സർവകലാശാലയിൽതന്നെ ഉണ്ടാവില്ലേ? എത്ര ലക്ഷം പേജാണ് പ്രിന്റെടുക്കുന്നത്? കുട്ടികളുടെ എത്ര സമയമാണ് നഷ്ടപ്പെടുന്നത്? ഇതൊക്കെ ശരിയാണോ, ഒപ്പിട്ടിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കാൻ സർവകലാശാലാ ഉദ്യോഗസ്ഥരുടെ എത്ര സമയമാണ് പാഴാകുന്നത്? എന്തിനാണ് ഈ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നു ചിന്തിച്ചിട്ടുണ്ടോ?

സ്വാതന്ത്ര്യത്തിനു മുൻപു സർവകലാശാലകൾ കോൺവൊക്കേഷൻ (ബിരുദദാന സമ്മേളനം) നടത്തിയാണു ഡിഗ്രി നൽകിയിരുന്നത്. ഡിഗ്രി കൊടുക്കുന്നതിനു മുൻപ് ആ വർഷം ഡിഗ്രി നൽകേണ്ടവരുടെ പട്ടിക സർവകലാശാല അക്കാദമിക് കമ്മിറ്റിക്കു മുൻപിൽ വയ്ക്കും, അവർ അംഗീകരിക്കും. അതിനു ശേഷമാണ് കോൺവൊക്കേഷൻ. അതു വർഷത്തിൽ ഒരുതവണയേ ഉള്ളൂ. രണ്ടു കോൺവൊക്കേഷനുകൾക്ക് ഇടയ്ക്കുള്ള സമയത്തു ഡിഗ്രി നേടുന്നവർക്ക് ഉപരിപഠനത്തിനും ജോലിയിൽ പ്രവേശിക്കാനും വേണ്ടിയാണ് പ്രൊവിഷനൽ സർട്ടിഫിക്കറ്റ് സംവിധാനമുണ്ടാക്കിയത്. ഇപ്പോൾ കോൺവൊക്കേഷൻ ഇല്ല; ഓരോ സർട്ടിഫിക്കറ്റും സിൻഡിക്കറ്റ് അംഗീകരിക്കുന്നുണ്ടോ എന്നുമറിയില്ല. ഓരോ വൈസ് ചാൻസലർമാരും ദിവസവും ഡസൻ കണക്കിനു ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിടുന്നു. അതിനാൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റിന്റെ ആവശ്യം തന്നെയില്ല.

നിർദേശം മൂന്ന്: ഫലം വരുന്ന ദിവസം സർട്ടിഫിക്കറ്റ് നൽകണം

പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമം പരിശോധിക്കാം. ഓൺലൈനായിത്തന്നെ അപേക്ഷിക്കണം. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ നൽകിയ വിവരങ്ങൾ വീണ്ടും നൽകണം. ഡിജിറ്റൽ ആപ്ലിക്കേഷൻ ആണെന്നോർക്കണം. വിദ്യാർഥി പ്രൊഫൈൽ തയാറാക്കി ഒരു തവണ ലോഗിൻ ചെയ്താൽ പിന്നീട് ഇതൊക്കെ വീണ്ടും കണ്ടെടുക്കാൻ എന്തു ബുദ്ധിമുട്ടുണ്ട്?

തീർന്നില്ല. ഒരുകൂട്ടം രേഖകൾ അപ്‌ലോഡ് ചെയ്യണം. എന്തൊക്കെ? എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, എല്ലാ മാർക്ക് ലിസ്റ്റുകളും, സമ്പൂർണ മാർക്ക് ലിസ്റ്റ്. എല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയത്. ഇതൊക്കെയല്ലേ പ്രൊവിഷനൽ സർട്ടിഫിക്കറ്റിനും നൽകിയത്?. ഒരാൾ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ പറഞ്ഞതൊക്കെ അന്നു തന്നു എന്നതിന്റെ തെളിവല്ലേ? അതൊന്നും പറഞ്ഞാൽ കാര്യം നടക്കില്ല. പുറമേ, പ്രൊവിഷനൽ സർട്ടിഫിക്കറ്റിന്റെ കോപ്പിയും വേണം. 

അപ്പോൾ ഒരു ലക്ഷം കുട്ടികൾക്ക് എത്ര കടലാസായി, എത്ര മരമായി? ഇതൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? എന്തിന്, ഈ പറഞ്ഞ പകർപ്പുകൾ ആരെങ്കിലും വായിച്ചു നോക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരുടെ സമയം വെറുതേ കളയുകയല്ലേ? നമ്മുടെ സർവകലാശാലാ ഉദ്യോഗസ്ഥരെപ്പറ്റി പൊതുവേ മോശം അഭിപ്രായമാണ് ആളുകൾ പറയാറുള്ളത്. ഇത്തരത്തിൽ സംവിധാനം ഉണ്ടാക്കിവച്ചിട്ട് അവരെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം? ആരാണ് ഇതു മാറ്റേണ്ടത്?

കേരളത്തിലെ മിക്കവാറും സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ എനിക്കു നേരിട്ടറിയാം. അക്കാദമികമായി വളരെ നല്ല ആളുകളാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗവും സർവകലാശാലകളുടെ പ്രവർത്തനവും നന്നാകണമെന്ന് അഭിപ്രായമുള്ളവർ. എന്നിട്ടും, എന്തുകൊണ്ടാണ് അനാവശ്യ സംവിധാനങ്ങൾ നമ്മുടെ സർവകലാശാലകളിൽ നിലനിൽക്കുന്നത്?

ഡിജിറ്റൽ ഭരണനിർവഹണത്തിന്റെ കാര്യത്തിൽ ലോകമാതൃകയാണ് എസ്റ്റോണിയ. അവർ പൗരന്മാർക്കു നൽകുന്ന ഒരു വാഗ്ദാമുണ്ട്: ഒരു വിവരം സർക്കാർ ഒരു പ്രാവശ്യമേ ആവശ്യപ്പെടൂ. ഉദാഹരണത്തിന്, കുട്ടി ജനിക്കുമ്പോൾ ആശുപത്രി കുട്ടിയുടെ പേരും മറ്റു വിവരങ്ങളും സർക്കാർ ഡേറ്റാ ബേസിൽ കൊടുക്കുന്നു.

പിന്നെ കുട്ടിക്കു ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ട കാര്യമില്ല; അത് എപ്പോൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം. കുട്ടിയുടെ മാതാപിതാക്കൾക്കു ചൈൽഡ് അലവൻസിന് അപേക്ഷിക്കേണ്ട കാര്യമില്ല; അതവരുടെ അക്കൗണ്ടിൽ എത്തിയിരിക്കും. സ്‌കൂൾ പ്രവേശനസമയമാകുമ്പോൾ വിദ്യാർഥികളെ സ്‌കൂളുകളാണ് അന്വേഷിക്കുന്നത്. പാസ്പോർട്ട് അപേക്ഷയ്ക്കും ജനന സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യമില്ല. അതു സർക്കാരിന്റെ കൈവശം ഉണ്ടല്ലോ. അങ്ങനെ, പിന്നീടൊരിക്കലും ആ കുട്ടി ഒരു സർക്കാർ വകുപ്പിലും ജനന സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യമില്ല. ഇതുപോലെയാണ് മറ്റെല്ലാ വിവരങ്ങളും.

ലോകം ഇവിടെ എത്തിനിൽക്കുമ്പോഴാണ് ഒരു സർവകലാശാലയിൽ ഒരു വിഷയം പഠിച്ചതിനു സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദ്യാർഥികൾ രണ്ടുവട്ടം ‘അപേക്ഷി’ക്കേണ്ടത്; ഓരോ തവണയും ഒരേ വിവരം വീണ്ടും വീണ്ടും കൊടുക്കേണ്ടത്; , അതേ സർവകലാശാല നൽകിയ മാർക്ക് ലിസ്റ്റുകൾ പ്രിന്റ് ചെയ്ത്, ഒപ്പിട്ട് വീണ്ടും സ്കാൻ ചെയ്ത്, വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടത്. അതെല്ലാം കഴിഞ്ഞ് കാത്തിരിക്കേണ്ടി വരുന്നത്. ഇതൊക്കെ എളുപ്പത്തിൽ മാറ്റാം. അതിന് ആരോടെങ്കിലും ചോദിക്കേണ്ട കാര്യമുണ്ടോ?. ഫലം വരുന്ന ദിവസം തന്നെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനമാണു വേണ്ടത്. അപേക്ഷിക്കേണ്ട കാര്യം പോലുമുണ്ടാകരുത്. അതിനു ഫീസ് വല്ലതുമുണ്ടെങ്കിൽ ഓൺലൈനായി അടയ്ക്കാമല്ലോ. ഇതിലൊക്കെ മാറ്റം വരുത്തിയാൽ ആരെങ്കിലും എതിർക്കുമോ?

(യുഎന്നിനു കീഴിൽ ജർമനിയിലെ ബോണിൽ ജോലിചെയ്യുകയാണ് ലേഖകൻ)

English Summary: Now is the time to wake up the higher education sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS