ലോകത്തിന്‍റെ സിലബസിൽ തെളിയട്ടെ കേരളം

HIGHLIGHTS
  • അക്കാദമിക് ടൂറിസത്തിന്റെ വളർച്ചയ്ക്ക് പദ്ധതിയൊരുക്കണം
student-academic
SHARE

നമ്മുടെ മക്കൾ വിദേശത്തേക്കു പോകുന്നതിൽ വ്യാകുലപ്പെട്ടിട്ട് എന്തുകാര്യം? വിദേശ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ വഴിനോക്കണം. കേരള സർവകലാശാലയിൽ 2014-15 കാലഘട്ടത്തിൽ സെമസ്റ്റർ ഇൻ ഇന്ത്യ പദ്ധതി പ്രകാരം 15 അമേരിക്കൻ വിദ്യാർഥികളെത്തിയതു മാതൃകയാക്കാം. ടൂറിസത്തിനു മാത്രമല്ല, നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്കും അതു വലിയ നേട്ടമാകും

കേരളത്തിലെ കലാലയങ്ങളിൽ വിവിധ പ്രോഗ്രാമുകളിലെ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും പഠനത്തിനും ജോലിക്കുമായി  നമ്മുടെ യുവതലമുറ വിദേശങ്ങളിലേക്കു ചേക്കേറുന്നതും സജീവ ചർച്ചയാണല്ലോ. വിദേശത്ത് ഉന്നത വിദ്യാഭ്യാസമേഖലയിലുള്ള ഗുണനിലവാരമാണ് ഈ കൊഴിഞ്ഞുപോക്കിന്റെ പ്രധാനകാരണം. എങ്കിലും, സങ്കീർണമായ ഒട്ടേറെ ഘടകങ്ങളും ഇതിനു പിന്നിലുണ്ട്. ലോകമെമ്പാടും കുടിയേറ്റം നടക്കുന്നു. നമ്മുടെ നാട്ടിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വരുന്നതും ഇതിന്റെ ഭാഗമായാണ്. 572 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയും ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുമുള്ള ഐൽ ഓഫ് മാൻ എന്ന സ്വയംഭരണ ദ്വീപിൽവരെ മലയാളി ചേക്കേറിയിരിക്കുന്നു. 1990കൾ മുതൽ മലയാളിയുടെ ജനനനിരക്കിൽ വന്ന ഗുരുതരമായ ഇടിവുകാരണം മധ്യവർഗ കുടുംബങ്ങളിൽ ശരാശരി ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി. അതിനാൽ, അവരുടെ വിദ്യാഭ്യാസം ഫലപ്രദമായി നടക്കാനും സാധ്യതയേറി. സമൂഹമാധ്യമങ്ങൾ മുഖേന പുറംലോകത്തെ അടുത്തറിയാനായത് പരമ്പരാഗതമായുള്ള വിദേശഭ്രമത്തെ വർധിപ്പിച്ചു. നാട്ടിലെ രാഷ്ട്രീയ അതിപ്രസരം, കുടുംബവും സമൂഹവും ഏർപ്പെടുത്തുന്ന കാലഹരണപ്പെട്ട ചില നിയന്ത്രണങ്ങൾ, തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, ചില ക്യാംപസുകളിലെ ജനാധിപത്യ, മനുഷ്യാവകാശ ധ്വംസനങ്ങൾ എന്നിവയും എല്ലാറ്റിനുമുപരിയായി ഇവിടത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ സംശയാസ്പദമായ ഗുണനിലവാരവും യുവജനങ്ങളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. 

us-students
സെമസ്റ്റർ ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 2014ൽ കേരള സർവകലാശാലയിലെത്തിയ യുഎസ് വിദ്യാർഥിസംഘം

സമൂഹത്തിനു സമ്പൽസമൃദ്ധിയായപ്പോൾ, യുവതലമുറയുടെ സ്വപ്നങ്ങൾക്കു ചിറകുവിരിക്കാൻ വിദേശ സാഹചര്യങ്ങൾ കൊണ്ടേ മതിയാകൂ എന്ന നില വന്നു. വിദേശത്തു ലഭിക്കുന്ന മികച്ച വിദ്യാഭ്യാസം, പഠിക്കുമ്പോൾ തന്നെ അപകർഷതാബോധമില്ലാതെ തൊഴിൽ ചെയ്യാനുള്ള അവസരം, സാമൂഹിക സ്വാതന്ത്ര്യം (ചില രാജ്യങ്ങളിൽ ലഹരിയുടെ കാര്യത്തിൽപോലും), പഠനം പൂർത്തിയായാൽ ഉടൻ തൊഴിലും പൗരത്വവും, മികച്ച ജീവിതസാഹചര്യം എന്നിങ്ങനെ ആകർഷണങ്ങൾ അനേകം. സ്വകാര്യ ഏജൻസികളും സർക്കാരിന്റെ നോർക്കയും വിദേശ കുടിയേറ്റത്തിനു നൽകുന്ന പ്രചാരണവും പ്രോത്സാഹനവും, വിദേശത്തുനിന്ന് എത്തുന്നവർക്കു സമൂഹം നൽകുന്ന അംഗീകാരം, മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമൊക്കെ വിദേശത്തു ചികിത്സ നടത്തുമ്പോൾ അതു നൽകുന്ന മൗനസന്ദേശങ്ങൾ തുടങ്ങിയവയും പ്രസക്തമാണ്.

അതിഥി വന്നാൽ വീട്ടുകാർക്കും സദ്യ

നമ്മുടെ സർവകലാശാലകൾ മോശമാണെന്നു പറയാനാകില്ല. എന്നാൽ, അവയ്ക്കുള്ള സാധ്യതകളുടെ 10 ശതമാനം പോലും വിനിയോഗിക്കുന്നില്ല. ഇക്കാര്യത്തിൽ വാദപ്രതിവാദങ്ങൾക്കു നമ്മുടെ മധ്യവർഗത്തിനു താൽപര്യമില്ല. അവർ പലപ്പോഴും മക്കളുടെ ഭാവിമാത്രം പരിഗണിച്ചു പ്രായോഗിക തീരുമാനങ്ങളെടുക്കുന്നു. 

ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ച്  ധവളപത്രം അടിയന്തരമായി പുറത്തിറക്കണം. മുതിർന്നവർ മാത്രം തീരുമാനം എടുക്കാതെ,  യുവതലമുറയുടെ അഭിലാഷങ്ങൾ കൂടി മനസ്സിലാക്കാൻ വാർഷിക ഉന്നതവിദ്യാഭ്യാസ സർവേയ്ക്കു തുടക്കം കുറിക്കേണ്ടിയിരിക്കുന്നു (കേരള സർവകലാശാലയുടെ Annual Student Survey മാതൃകയാണ് ). വിദ്യാർഥികൾ വിദേശത്തു പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനെക്കാൾ നല്ലത്, നമ്മുടെ നാട്ടിലേക്കു വിദേശ വിദ്യാർഥികളെ എങ്ങനെ ആകർഷിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നതാകും. (വീട്ടിൽ അതിഥി വന്നാൽ വീട്ടുകാർക്കും സദ്യയിൽ പങ്കാളിയാകാമല്ലോ). 

student-tourism

നമ്മുടെ കലാലയങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശും. അവിടെ നടന്നുവരുന്ന പല കാര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ ചട്ടക്കൂട്ടിൽ നിന്നല്ലാതെയുള്ള അഭിപ്രായം നമുക്കു കേൾക്കാനാകും. വിദേശ വിദ്യാർഥികൾ ഉടൻ നമ്മുടെ സർവകലാശാലകളിൽ ഡിഗ്രി പഠിക്കാൻ എത്തുമെന്നു കരുതുക വയ്യ. എന്നാൽ, ഒരു സെമസ്റ്റർ പഠനം തീർച്ചയായും പ്രായോഗികമാണ്. ഇതു നടത്താൻ കഴിയുമെന്നു കേരള സർവകലാശാലയിൽ 2014-15 കാലഘട്ടത്തിൽ തെളിയിക്കപ്പെട്ടതാണ്. 15 അമേരിക്കൻ വിദ്യാർഥികളാണ് അന്നെത്തിയത്. അതു നമ്മുടെ ക്യാംപസിനു പകർന്ന വൈവിധ്യം വിലമതിക്കാനാകാത്തതായിരുന്നു. 

മിക്ക അമേരിക്കൻ സർവകലാശാലകളിലും ബാച്‌ലേഴ്‌സ് പ്രോഗ്രാമുകളിൽ ഒരു സെമസ്റ്റർ മറ്റൊരു രാജ്യത്തു പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്. രാജ്യം, ഭാഷ, സംസ്കാരം, വംശീയത, രാഷ്ട്രീയം, അക്കാദമിക് സമ്പ്രദായം എന്നിവയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന അനുഭവംകൂടി ആകുമ്പോഴേ വിദ്യാഭ്യാസം സമഗ്രമാകൂ എന്നതാണ് ഇതിനു പിന്നിലെ വീക്ഷണം. പഠനം പൂർത്തിയാക്കി മാതൃസർവകലാശാലയിലേക്കു തിരിച്ചുചെല്ലുമ്പോൾ അവർ ഇവിടെനിന്നു നേടിയ ക്രെഡിറ്റുകൾ അവരുടെ സംവിധാനത്തിലേക്കു വേണ്ടവണ്ണം കൂട്ടിച്ചേർത്ത് അമേരിക്കൻ ഡിഗ്രിതന്നെ അവർക്കു ലഭിക്കും. ഇതിനായുള്ള ക്രെഡിറ്റ് കൈമാറ്റ നിയമം നമ്മുടെ ഒട്ടു മിക്ക സർവകലാശാലകളിലുമുണ്ട്.

അത്തരം പഠനത്തിനു കേരളം എന്തുകൊണ്ടും അനുയോജ്യമാണ്. കേരളം പുറത്തുള്ള ബുദ്ധിജീവികളെ  വല്ലാതെ ആകർഷിക്കുന്ന പഠനവിഷയമാണ്. കേരള വികസന മാതൃക, കഥകളി, കുടുംബശ്രീ, ഹർത്താൽ, പൊങ്കാല, കമ്യൂണിസ്റ്റ് പ്രസ്ഥാനം, സിനിമ, കുടുംബശ്രീ, ജൈവവൈവിധ്യം.... കേരളം ഒരു രാജ്യാന്തര പണ്ഡിതന്റെ ഭൂതക്കണ്ണാടിയിൽ വ്യക്തമായി തെളിയും. ലോകത്തെ മികച്ച വിനോദസഞ്ചാര മേഖലകളിലൊന്ന്, നാലു രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിവ ഈ ആകർഷണത്തിനു മേലങ്കിയാകുന്നു. അമേരിക്കയ്ക്കു പുറമേ, മലേഷ്യ പോലെയുള്ള രാജ്യങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ ബഹുമാനത്തോടെയാണ് കാണുന്നത്. 

achyut-shankar
പ്രഫ.അച്യുത്ശങ്കർ എസ്.നായർ

യുഎസിൽനിന്നു വന്ന നൂറോളം ചോദ്യങ്ങൾ

വിദേശ വിദ്യാർഥിസമൂഹത്തെ നമ്മുടെ ക്യാംപസുകളിൽ എത്തിക്കുന്ന കാര്യം ചിന്തിക്കുമ്പോൾതന്നെ ഒട്ടേറെ പുതിയ മുൻഗണനാക്രമങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നമ്മുടെ മുന്നിലെത്തും. നിശ്ചിതസമയത്തു സെമസ്റ്റർ തുടങ്ങി പരീക്ഷ നടത്തുന്നതു മുതൽ ക്യാംപസിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതുവരെ ഇതിൽപ്പെടുന്നു.

കേരള സർവകലാശാലയിൽ മൂന്നു മാസത്തെ പഠനത്തിന് യുഎസിൽനിന്നു വരാൻ താൽപര്യമുള്ള വിദ്യാർഥിനിയുടെ രക്ഷാകർത്താക്കൾ നൂറോളം ചോദ്യങ്ങളാണ് ഉന്നയിച്ചത്. താമസസ്ഥലത്തു കാർബൺ മോണോക്സൈഡ് ഡിറ്റക്ടർ ഉണ്ടോ, കെട്ടിടം പഴക്കം ചെന്നതാണോ, തൊട്ടടുത്ത ആശുപത്രിക്കു ഗുണനിലവാര സർട്ടിഫിക്കറ്റുണ്ടോ, എടിഎമ്മിൽ അവരുടെ കാർഡ് പ്രവർത്തിക്കുമോ, ശുചിമുറിയിൽ വെസ്റ്റേൺ ക്ലോസറ്റ് ഉണ്ടോ, അവ ദിവസവും എത്ര തവണ വൃത്തിയാക്കും, ക്യാംപസിൽ വംശീയ സമത്വവും ലിംഗസമത്വവും ഉണ്ടോ, ക്യാംപസ് ബുള്ളിയിങ് (റാഗിങ്) ഉണ്ടോ, സെമസ്റ്ററിലെ മുഴുവൻ പ്രഭാഷണങ്ങളുടെയും അന്തിമപട്ടിക... അങ്ങനെയങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ. (നമ്മുടെ ക്യാംപസ് രാഷ്ട്രീയത്തെക്കുറിച്ച്‌ അറിയാത്തതുകൊണ്ടാകാം, അതെക്കുറിച്ചു ചോദിച്ചില്ല). നമ്മുടെ നാട്ടിലെ പുതുതലമുറ വിദ്യാർഥികൾ ന്യായമായി ഉന്നയിക്കാവുന്ന ചോദ്യങ്ങളും ഇതിലുണ്ട്. പക്ഷേ, വിദേശ വിദ്യാർഥിസമൂഹം ഉണ്ടാകുമ്പോൾ മാത്രമാണ് ഇവ അടിയന്തര ശ്രദ്ധയാകർഷിക്കുക. 

മറ്റൊരു വിഭാഗം കോഴ്‌സുകളും സർവകലാശാലകൾക്കു പരീക്ഷിക്കാം. ടൂറിസം പാക്കേജിനൊപ്പം ഹ്രസ്വകോഴ്സുകൾ കൂടി സംയോജിപ്പിക്കുന്ന അക്കാദമിക് ടൂറിസം പദ്ധതിയാണത്. മൂന്നു മാസം വരെ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഇത്തരത്തിൽ സാധ്യതയുണ്ട്. ‘ദൈവത്തിന്റെ സ്വന്തം നാട് സന്ദർശിക്കൂ, ഒപ്പം കേരളത്തിലെ സർവകലാശാലകളിൽനിന്നു യോഗ സർട്ടിഫിക്കറ്റ് നേടൂ’ എന്ന തരത്തിൽ മാർക്കറ്റ് ചെയ്യാവുന്ന ഒട്ടനേകം പദ്ധതികൾ തയാറാക്കാനാകും.

കോവളത്തും പത്മനാഭപുരത്തും പൊന്മുടിയിലും മറ്റും താമസിക്കുന്ന വിനോദസഞ്ചാരികൾക്കടുത്തേക്ക് അധ്യാപകർ എത്തി ക്ലാസെടുക്കുകയും അവർ പരീക്ഷയ്ക്കുവേണ്ടിമാത്രം സർവകലാശാലയിലെത്തുകയും ചെയ്യുന്ന സംവിധാനം തികച്ചും പ്രായോഗികമാണ്. വേദാന്തം, കഥകളി, കർണാടക സംഗീതാസ്വാദനം, ആയുർവേദം, ചുവർചിത്രമെഴുത്ത്, സംസ്കൃത– മലയാള പഠനം എന്നിവയൊക്കെ ഇത്തരത്തിലാകാം. മാർക്കറ്റിങ്, അതിഥി വിദ്യാർഥികളെ സ്വീകരിക്കൽ, താമസസൗകര്യമൊരുക്കൽ തുടങ്ങിയവ ടൂറിസം വകുപ്പും സ്ഥാപനങ്ങളും നേരിട്ടുചെയ്യുമ്പോൾ സർവകലാശാല അക്കാദമിക കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. 

കുടിയേറ്റമെന്ന സ്വാഭാവിക പ്രക്രിയയെക്കുറിച്ചു വ്യാകുലപ്പെടുന്നതിനെക്കാൾ നല്ലത്, ഭാവിയിലെങ്കിലും അതിന്റെ ഗുണഭോക്താവാകാൻ ഇപ്പോഴേ ശ്രമിച്ചു തുടങ്ങുന്നതാണ്. ഉന്നത വിദ്യാഭ്യാസം പ്രഫഷനൽ രംഗമാണെന്നു തിരിച്ചറിഞ്ഞ് അതിലെ രാഷ്ട്രീയ അതിപ്രസരം അൽപമെങ്കിലും കുറച്ചുവേണം ഇതിനു തുടക്കം കുറിക്കാൻ. അല്ലെങ്കിൽ, വാദപ്രതിവാദങ്ങൾ കേൾക്കാൻ വയോജനങ്ങൾ മാത്രമുള്ള ഒരു കേരളമാകും ബാക്കിയാകുക. 

(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പ് മേധാവിയാണു ലേഖകൻ)

English Summary: Academic Tourism: Prospects of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS