കേരള നിയമസഭ മാതൃക കാട്ടുന്നു

HIGHLIGHTS
  • സ്പീക്കർ പാനലിൽ മൂന്നുപേരും വനിതകൾ
Kerala-Legislative-Assembly
SHARE

ഇതൊരു വലിയ കാൽവയ്പാണ്. തുല്യനീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും മികച്ച മാതൃകയും. സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നിയമസഭയെ നിയന്ത്രിക്കേണ്ട ‘സ്പീക്കർ പാനൽ’ ഈ സമ്മേളനകാലത്തു വനിതകൾ മാത്രം അടങ്ങിയതായിരിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇതോടെ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. 

സാമൂഹികമുന്നേറ്റ, സ്ത്രീശാക്തീകരണ രംഗത്തു ലോകത്തിനുതന്നെ മാതൃകയായ ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവന്ന സംസ്ഥാനമാണു കേരളം. ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളാണ് അതെല്ലാം. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ എടുത്ത തീരുമാനം. സ്പീക്കർ പാനലിൽ ഒരു വനിതയ്ക്ക് അവസരം നൽകുന്നതു വളരെ ചുരുക്കം സന്ദർഭങ്ങളിൽ മുൻപുണ്ടായിട്ടുണ്ട്. എന്നാൽ, പാനലിലെ മൂന്നുപേരും വനിതകളായിരിക്കും എന്ന തീരുമാനം നിയമനിർമാണസഭയിൽ സ്ത്രീകളുടെ കഴിവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. സ്പീക്കർ പദവി ഏറ്റെടുത്തശേഷം ആദ്യ സമ്മേളനം നിയന്ത്രിക്കുന്ന എ.എൻ.ഷംസീറിന് ഇക്കാര്യത്തിൽ അഭിമാനിക്കാം.

ഒന്നാം കേരള നിയമസഭ മുതലുള്ള കണക്കെടുത്താൽ 515 അംഗങ്ങളാണു സഭാ അധ്യക്ഷരുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിൽ ഇതുവരെ 32 വനിതകൾ മാത്രം; വെറും 6% പ്രാതിനിധ്യം. അവിടെയാണു കേരള നിയമസഭയെടുത്ത ഈ തീരുമാനത്തിന്റെ പ്രസക്തി. 33% സ്ത്രീ സംവരണം എന്ന വർഷങ്ങളുടെ പഴക്കമുള്ള ആവശ്യം ഇതുവരെ പാർലമെന്റിലെ കടമ്പ കടന്നിട്ടില്ല. ആ പശ്ചാത്തലത്തിൽ, രാഷ്ട്രീയരംഗത്തെ സ്ത്രീ മുന്നേറ്റത്തിനു ലിംഗനീതിയിൽ അധിഷ്ഠിതമായ ഇത്തരം തീരുമാനങ്ങൾ ചാലകശക്തികളാകുമെന്നതിൽ സംശയമില്ല.   

യു.പ്രതിഭ (സിപിഎം), സി.കെ.ആശ (സിപിഐ), കെ.കെ.രമ (ആർഎംപി) എന്നീ സാമാജികരാണു പുതിയ തീരുമാനത്തോടെ ചരിത്രത്തിൽ ഇടം നേടുക. പ്രതിഭയും ആശയും കഴിഞ്ഞ നിയമസഭയിലും അംഗങ്ങളായിരുന്നെങ്കിലും സഭാ അധ്യക്ഷരുടെ പാനലിൽ ഇതാദ്യമാണ്. ഭരണകക്ഷിയായ സിപിഎമ്മിനെ പല ഘട്ടത്തിലും പ്രതിക്കൂട്ടിൽ നിർത്തുന്ന രാഷ്ട്രീയ, ജീവിത പശ്ചാത്തലമുള്ള കെ.കെ.രമ ഈ ചുമതലയിൽ എത്തുമ്പോൾ അതിനു മറ്റൊരു മാനവും പ്രാധാന്യവും കൈവരുന്നു.

കേരളത്തിനു വലിയ അപമാനം വരുത്തിവച്ച അതിക്രമ സംഭവങ്ങൾക്കു വേദിയായിട്ടുണ്ട് നിയമസഭ. ഇപ്പോൾ മന്ത്രിസ്ഥാനത്തുള്ളവർ പോലും കോടതി നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നത് അത്തരം ചില സംഭവങ്ങളുടെ പേരിലാണ്. അതേ നിയമസഭ ഇന്ന് കേരളത്തിന്റെയാകെ അന്തസ്സ് ഉയർത്തിയിരിക്കുന്നു എന്നതിൽ സന്തോഷിക്കാം.

വനിതാ സാമാജികരെ അംഗീകരിക്കുന്നതിൽ അടുത്തകാലത്തു കേരള നിയമസഭയിൽനിന്നു ശ്രദ്ധേയമായ ചുവടുവയ്പുകളുണ്ടായിട്ടുണ്ട്. എം.ബി.രാജേഷ് സ്പീക്കറായിരുന്നപ്പോൾ രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനം നിയമസഭയിൽ ചേർന്നിരുന്നു. രാജ്യത്തുതന്നെ ഇത്തരമൊരു സമ്മേളനം ഇതാദ്യമായിട്ടായിരുന്നു. പാർലമെന്റിൽ 33% വനിതാ സംവരണത്തിനായി രാഷ്ട്രീയഭേദമെന്യേ ശബ്ദമുയർത്തുമെന്ന് ആ വേദിയിൽ വനിതാ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു. രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകളുടെ ആശങ്കകളും ആവശ്യങ്ങളും അവകാശങ്ങളും മുൻനിർത്തി ആ സമ്മേളനം വളരെ ഗൗരവമുള്ള നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.  

കേരള നിയമസഭയുടെ നിയന്ത്രണം കയ്യാളുന്ന ചുമതലയിലേക്കു  വനിതകൾ കടന്നുവരുമ്പോൾ, അവർ മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും തുല്യനീതിയുടെയും ഉറച്ച ശബ്ദത്തിനായി രാജ്യം കാതോർക്കുകയാണ്. കേരള നിയമസഭയുടെ തീരുമാനം പൂർണമായും സാർഥകമാകുന്നത് അപ്പോഴായിരിക്കും.

English Summary: Ladies only Speakers panel in Kerala Asembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS