ADVERTISEMENT

മികവുണ്ടായിട്ടും അവഗണിക്കപ്പെട്ടവരെ കണ്ടെടുക്കാനും അതു തങ്ങളുടെ വളർച്ചയ്ക്കു മുതലാക്കാനും ബിജെപിക്കു പ്രത്യേക കഴിവുണ്ട്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി പി.ടി.ഉഷയെ നിയോഗിക്കുമ്പോഴും ആ ദീർഘവീക്ഷണം വ്യക്തം

ദേശീയ അഭിമാനമായ പി.ടി.ഉഷയുടെ പുതിയ നേട്ടമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ‍) അധ്യക്ഷപദവി. രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട് ഏതാനും മാസം കഴിഞ്ഞാണ് ഉഷ എതിരില്ലാതെ ഈ പദവിയിലെത്തുന്നത്. ഈ തീരുമാനത്തിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ആലോചനയും ദീർഘവീക്ഷണവും ഉണ്ടെന്നതിൽ ഉഷയ്ക്കും തർക്കമുണ്ടാവില്ല. 

ഓടിയെടുത്ത നേട്ടങ്ങളുടെ കാലത്തിനുശേഷം ഉഷ എന്തുകൊണ്ട് ദേശീയവേദികളിൽ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്നത് അസമയത്തുള്ള ചോദ്യമല്ല. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അവഗണിക്കപ്പെട്ടവരെയും മികവുണ്ടായിട്ടും പലരുടെയും കണ്ണിൽ പെടാത്തവരെയും കണ്ടെടുക്കാൻ ബിജെപിക്കു സവിശേഷമായ കഴിവുണ്ട്. അത്തരം കണ്ടെടുക്കലുകളെ എങ്ങനെ മുതലാക്കാമെന്നും ബിജെപിക്കറിയാം. 

vijender
Boxer Vijender Singh,practise at Fun Fitness Club, DLF City Club, Gurgaon, Haryana May 30,2016 Photo: Sanjay Ahlawat

രാഷ്ട്രീയവും മതവും എന്നപോലെ രാഷ്ട്രീയവും സ്പോർട്സും കൂട്ടിപ്പിണയാൻ പാടില്ലാത്തതെങ്കിലും പിണഞ്ഞുതന്നെ കിടക്കുന്ന ഇന്ത്യൻ യാഥാർഥ്യമാണ്. രാഷ്ട്രീയ നേതാക്കളിൽ പലരുടെയും രണ്ടാമത്തെ ഗോദ രാജ്യത്തെ സ്പോർട്സ് സമിതികളാണ്. അധികാരവും അതിലൂടെ ലഭിക്കുന്ന ഗ്ലാമറും പദവിയും അതിന്റെ ഭാഗമായി അണിയാവുന്ന അലങ്കാരങ്ങളും – ഇതൊക്കെയാണ് രാഷ്ട്രീയക്കാരുടെ സ്പോർട്സ് താൽപര്യത്തിനു പൊതുവിൽ പറയാറുള്ള കാരണങ്ങൾ. കളിക്കളങ്ങൾ ചെറുപ്പക്കാരുടേതാണ് എന്നതിനാൽ ആ പ്രായക്കാരെ സ്വാധീനിക്കാനുള്ള ഉപകരണമായി സ്പോർട്സിനെ കാണുന്ന നേതാക്കളുമുണ്ട്. സ്പോർട്സിന്റെ സാമ്പത്തികമായ വശം താരതമ്യേന പുതിയതാണ്; എന്നാൽ, പ്രധാനവുമാണ്. വലിയ സാമ്പത്തിക ഇടപാട് പക്ഷേ, ചില കളികളുടെ കാര്യത്തിൽ മാത്രമേയുള്ളൂ.

സ്പോർട്സ് വച്ചുള്ള കളികൾ രാഷ്ട്രീയക്കാർക്ക് എത്ര പ്രധാനമാണെന്നു നോക്കുമ്പോൾ 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ മെഡൽ നേടിയ ബോക്സർ‍ വിജേന്ദർ സിങ് കഴിക്കാതിരുന്ന ഒരു പ്രാതലിനെക്കുറിച്ചു പറയണം. വിജയശ്രീലാളിതനായി മടങ്ങിയെത്തുന്ന വിജേന്ദറിനെ സ്വീകരിക്കാൻ ഹരിയാന സർക്കാർ ഡിജിപിയെയും ഭിവാനിയിലെ കമ്മിഷണറെയുമാണ് ഡൽഹി വിമാനത്താവളത്തിലേക്ക് അയച്ചത്. വിജേന്ദറിനെ സ്വീകരിക്കുക മാത്രമല്ല, അദ്ദേഹത്തെ നേരെ ഡൽഹിയിലെ ഹരിയാന ഭവനിൽ എത്തിക്കുകയെന്നതും ഉദ്യോഗസ്ഥരുടെ ദൗത്യമായിരുന്നു. ഹരിയാന ഭവനിൽ വിജേന്ദറുമായി പ്രാതൽ കഴിക്കാൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ കാത്തിരിപ്പുണ്ടായിരുന്നു. ആ കാത്തിരിപ്പു വെറുതേയായി.

വിജേന്ദറിനെ നേരിട്ടു കാണാൻ മുഖ്യമന്ത്രിക്ക് ഏതാനും ദിവസം കാത്തിരിക്കേണ്ടിവന്നുവെന്നാണു കഥ. ബോക്സറെ ഡിജിപിയും കമ്മിഷണറും കൈക്കലാക്കുംമുൻപ് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ മകനും ഇന്ത്യൻ‍ ബോക്സിങ് ഫെഡറേഷൻ അധ്യക്ഷനുമായ അഭയ് സിങ് തട്ടിയെടുത്തു, ഏതാനും ദിവസം തന്റേതായ ആഘോഷങ്ങളിൽ പങ്കെടുപ്പിച്ചശേഷം മാത്രം മോചനം നൽകി. വിജേന്ദർ പിന്നീടു കോൺഗ്രസിൽ ചേർന്നു, ദക്ഷിണ ഡൽഹിയിൽ ലോക്സഭാ സ്ഥാനാർഥിയായി. 

രാഷ്ട്രീയക്കാരെ ബെഞ്ചിലിരുത്തി, യഥാർഥത്തിൽ കളിക്കാരായിരുന്നവരെക്കൊണ്ട് സ്പോർട്സ് സമിതികൾ ഭരിപ്പിക്കാമെന്നാണ്  ഇപ്പോൾ മോദി സർക്കാർ കരുതുന്നത്. കോടതികളുടെ നിരന്തര ഇടപെടലും ദേശീയ സ്പോർട്സ് കോഡുമാണ് അത്തരമൊരു ചിന്തയിലേക്കു കാര്യങ്ങളെത്തിച്ചത്. അല്ലാതെ, രാഷ്ട്രീയക്കാർക്കു കായിക സമിതികളിൽ‍ കാര്യമില്ലെന്നൊരു നയം ബിജെപിക്ക് ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പിച്ചിലിറങ്ങാതെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയഷന്റെ തലപ്പത്തിരുന്നവരാണ്.

olympics-usha

രാജ്യത്തിന്റെ കളിക്കരുത്ത് വളരണമെന്ന് ആഗ്രഹിച്ചു പണമിറക്കിയ വ്യവസായി സർ ദൊറാബ്ജി ടാറ്റയാണ് ഐഒഎ തുടങ്ങിവച്ചത്. നൂറ്റാണ്ടിനടുത്തു പഴക്കമുള്ളതാണ് ആ കഥ. കാലം മുന്നോട്ടുപോകെ ഐഒഎ മാത്രമല്ല, ദേശീയ– സംസ്ഥാന കായിക സമിതികളും രാഷ്ട്രീയ നേതാക്കളുടെയും അവരുടെ അകമ്പടിക്കാരെന്നപോലെ പ്രവർത്തിച്ചവരുടെയും നിയന്ത്രണത്തിലായി. എൻ.കെ.പി.സാൽവെ, പ്രിയരഞ്ജൻ ദാസ് മുൻഷി, സുരേഷ് കൽമാഡി, ശരദ് പവാർ, വി.കെ.മൽഹോത്ര, അരുൺ ജയ്റ്റ്ലി, പ്രഫുൽ പട്ടേൽ തുടങ്ങിയവരുൾപ്പെടുന്നതാണു പട്ടിക. അതിലെ പലരും പല കായികതാരതലമുറകളെ കണ്ടു, അവരുടെ കാര്യങ്ങൾ തീരുമാനിച്ചു. ഫുട്ബോളിൽ‍ ദാസ് മുൻഷി 20 വർഷം, അമ്പെയ്ത്ത് അസോസിയേഷന്റെ അഗ്രസ്ഥാനത്ത് മൽഹോത്ര 44 വർഷം.

എന്നാൽ, കായികസമിതികളെ തങ്ങളുടേതാക്കിയ രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നതിൽ തെറ്റുണ്ട്. കളികൾക്കും കളിക്കളങ്ങൾക്കും കളിക്കാരെ പരിശീലിപ്പിക്കാനും പണം മുടക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും പരിമിതിയുണ്ടായിരുന്ന കാലമുണ്ട്.

അന്നൊക്കെ പണം സ്വരൂപിക്കാനും തീരുമാനങ്ങൾ വേഗത്തിലാക്കാനും സാധിക്കുക രാഷ്ട്രീയക്കാർ‍ക്കായിരുന്നു. പ്രശ്നങ്ങളുടേതായ കൗമാരകാലം പിന്നിട്ട് പേശിബലം വച്ച സമിതികളെ സ്വതന്ത്രമാക്കാതെ,  കുടുംബവകയെന്നപോലെ പെരുമാറാൻ കളിരാഷ്ട്രീയക്കാർ ശ്രമിച്ചതാണ് ഫൗളായത്. യുപിഎ സർക്കാരിന്റെ കാലത്ത്, സ്പോർട്സ് ഫെഡറേഷനുകൾ ചെലവാക്കുന്ന പണത്തിനു കൃത്യമായ കണക്കുവേണമെന്നു ശഠിച്ച ‍മണിശങ്കർ അയ്യർക്കു കായികമന്ത്രിസ്ഥാനം നഷ്ടമായി. സമിതികളുടെ സുതാര്യനടത്തിപ്പും തീരുമാനങ്ങളിൽ കായികരംഗത്തുനിന്നുള്ളവരുടെ പങ്കാളിത്തവും സാധ്യമാകുന്ന നിയമമുണ്ടാക്കാൻ യുപിഎയുടെ നിയമമന്ത്രി വീരപ്പമൊയ്‌ലി ശ്രമിച്ചു, പരാജയപ്പെട്ടു.  ഉഷയെ കൊണ്ടുവരുമ്പോൾ, ഐഒഎ അധ്യക്ഷപദത്തിലെ ആദ്യ വനിത എന്നതുൾപ്പെടെ പല കാര്യങ്ങളും സർക്കാരും ബിജെപിയും എടുത്തുപറയും. എന്നാൽ, കായികമേഖലയിലെ രാഷ്ട്രീയത്തഴമ്പുകൾ പൂർണമായി ചുരണ്ടിക്കളഞ്ഞുവെന്ന് അവകാശപ്പെടണമെങ്കിൽ സമയമെടുക്കും: കേന്ദ്രമന്ത്രി അർജുൻ മുണ്ട അമ്പെയ്ത്തും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ബാഡ്മിന്റനും നിയന്ത്രിക്കുന്നുണ്ട്; ജയ് ഷാ ക്രിക്കറ്റിലുള്ളപ്പോൾ കുടുംബവാഴ്ചയില്ലായ്മയും പറയാനാവില്ല.

താരങ്ങൾ കളിക്കളത്തിൽ കാട്ടിയ മികവ് കളിസമിതികളുടെ ഭരണത്തിലും കാണിക്കുമെന്നതു നല്ല പ്രതീക്ഷയാണ്. പദവിയിലേക്കു വഴിയൊരുക്കിയവരുടെ ഇടപെടലുകൾക്കു വിധേയപ്പെടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാകും ഉഷയും ഹോക്കി ഇന്ത്യയുടെ തലപ്പത്തുള്ള ദിലിപ് ടിർക്കിയുമൊക്കെ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. കളിക്കാരെ കൊണ്ടുവന്നിട്ടും ഗുണമുണ്ടായില്ലെന്നു പറഞ്ഞ് വീണ്ടും കടന്നുവരാൻ രാഷ്ട്രീയക്കാർ തക്കംപാർക്കും. കോർപറേറ്റ് രംഗത്തു പ്രവർ‍ത്തന പരിചയമുള്ള വ്യക്തിയെയാണ് ഐഒഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാക്കുന്നത്; കോർപറേറ്റ് സമീപനം നടത്തിപ്പു ശൈലിയിൽ മാത്രം ഒതുങ്ങുമോയെന്നതും കാണേണ്ടതുണ്ട്.

English Summary: P.T.Usha as IOA President - An Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com