ADVERTISEMENT

നിരാലംബമായ ഒരു പാവം കടലിന്റെ പേരാണ് വിഴിഞ്ഞം എന്നു സങ്കൽപിച്ചാൽ, തിരയ‍ടങ്ങുമ്പോൾ ആ കടലാഴത്തിൽ ബാക്കിയാകുന്ന ആശങ്കയും ആകുലതയുംകൂടി നമുക്കു കാണാനാവും. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ 140 ദിവസമായി നടത്തിവന്ന സമരം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഒത്തുതീർന്നതു തീർച്ചയായും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, വിഴിഞ്ഞത്തിന്റെ ഉള്ളുരുക്കങ്ങൾക്ക് ഇതുകെ‍ാണ്ടു മതിയായ ശമനമാകുന്നുമില്ല. 

ആവശ്യങ്ങളിൽ ഒട്ടുമിക്കതും അംഗീകരിക്കാതെതന്നെയാണ് ഒത്തുതീർപ്പിനു വഴങ്ങിയതെന്നു സമരസമിതിതന്നെ സമ്മതിക്കുന്നു. അതേസമയം, മത്സ്യത്തെ‍ാഴിലാളികളുടെ പുനരധിവാസമുൾപ്പെടെയുള്ള ആവശ്യങ്ങളെക്കുറിച്ച് അധികാരസ്ഥാനത്തിരിക്കുന്നവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് സമരത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും അവർ പറ‍യുന്നുണ്ട്. ഇനി യാഥാർഥ്യത്തിലേക്കു കണ്ണു തുറക്കേണ്ടതു സർക്കാരാണ്. 

തീരജനതയുടെ ആവശ്യങ്ങളും ആവലാതികളും പരിഹാരമില്ലാതെ നീളുന്നതു കേരളീയ പെ‍ാതുസമൂഹത്തിന്റെയാകെ ആശങ്കയായി മാറിയിരുന്നു. തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അന‍ുക‍ൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം ഇടയ്ക്കു കൈവിട്ടുപോയത് ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതിനിടെ, സംഘർഷസ്ഥലത്തില്ലാതിരുന്ന ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയ്ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കുന്ന പ്രകോപനംവരെ സർക്കാരിൽനിന്നുണ്ടായി. പ്രതിഷേധം 27നു വൻ സംഘർഷമായി; പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. 

കഴിഞ്ഞ ശനിയാഴ്ചയാണ് അനുരഞ്ജന ചർച്ചകൾ തുടങ്ങിയത്. സമരസമിതിയുമായി നടത്തിയ ചർച്ചയിൽ പല ഉറപ്പുകളും സർക്കാർ നൽകിയതോടെ ഒത്തുതീർപ്പിന്റെ കടൽക്കാറ്റു വീശി. എന്നാൽ, വാഗ്ദാനം ചെയ്ത ഉറപ്പുകളിൽ പലതിനും സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടില്ല. വീടു നഷ്ടപ്പെട്ടവർക്കു പുനരധിവാസം യാഥാർഥ്യമാകുന്നതുവരെ നൽകുന്ന  വാടകക്കാര്യത്തിൽപോലും  ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടില്ല. മണ്ണെണ്ണ സബ്സിഡി ഉൾപ്പെടെയുള്ള വിഷയത്തിലും തൃപ്തികരമായ തീരുമാനമില്ല. അതേസമയം, സമരസമിതിക്കു നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ രൂപം നൽകിയ സമിതി പ്രതീക്ഷ നൽകുന്നു. ആവശ്യപ്പെട്ടത് ഒന്ന്, പരിഹാരം നിർദേശിച്ചതു മറ്റൊന്നിന് എന്ന രീതിയിലാണ് സർക്കാർ വിഷയത്തെ കണ്ടതെന്നാണ് സമരസമിതിയുടെ അഭിപ്രായം. ഉന്നയിച്ച ആവശ്യങ്ങളിൽ ഭാഗികപരിഹാരം മാത്രമാണ് ഉണ്ടായതെന്നും പൂർണ തൃപ്തിയില്ലെന്നും വ്യക്തമാക്കിയാണ് സമരം തൽക്കാലത്തേക്കു പിൻവലിക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. ഈ തീരുമാനത്തിൽ തീർച്ചയായും സമാധാനത്തിനുവേണ്ടിയുള്ള ഹൃദയവിശാലതയുണ്ട്. 

സംഘർഷത്തിന്റെ പേരിൽ ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യങ്ങൾ സർക്കാർ തള്ളി. വിഴിഞ്ഞം വിഷയത്തിൽ മാത്രം നാലായിരത്തിലേറെ കേസുകളാണ് സമരക്കാർക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ സമരസമിതിയുടെ പ്രതിനിധി വേണമെന്ന ആവശ്യത്തിലും ചർച്ച നടത്തുമെന്നു മാത്രമായിരുന്നു സർക്കാർ മറുപടി. 

സമരം തൽക്കാലം ഒത്തുതീർന്ന സാഹചര്യത്തിൽ, സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ മടിച്ചുനിൽക്കരുത്. നൽകിയ ഉറപ്പുകൾ പാഴാകാതിരിക്കാൻ സൂക്ഷ്മശ്രദ്ധ പുലർത്തേണ്ടതുമുണ്ട്. ഇതിനകം സർക്കാർവിലാസം വാഗ്ദാനലംഘനങ്ങളുടെ പല ദുരനുഭവങ്ങളും കേരളത്തിന്റെ ഓർമയിലുണ്ടെന്നിരിക്കെ വിശേഷിച്ചും. കെ‍ാച്ചി മൂലമ്പിള്ളി ഇതിനു മതിയായ ഉദാഹരണമാണ്. അവിടത്തെ വിവാദ കുടിയൊഴിപ്പിക്കലിന് അടുത്ത ഫെബ്രുവരിയിൽ 15 വയസ്സാവുകയാണെങ്കിലും സർക്കാരിനു ഭൂമി വിട്ടുകൊടുത്ത പല കുടുംബങ്ങളും ഇപ്പോഴും വഴിയാധാരമാണ്. മറ്റു ചില സ്ഥലങ്ങളിലും സമാന പുനരധിവാസ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങൾ തണലിനുവേണ്ടി എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന ചോദ്യം അതുകെ‍ാണ്ടുതന്നെ പ്രസക്തമാണ്. ഓഖി ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും തീരമേഖലയുടെ വീണ്ടെടുപ്പിനുമായുള്ള വാഗ്ദാനങ്ങളിൽ കടലെടുക്കാതെ യാഥാർഥ്യമായത് എത്രത്തോളമാണെന്ന ചോദ്യവും ഇതോടെ‍ാപ്പം ഉയരുന്നു. 

തീരശോഷണം നമ്മുടെ കടലോരജനതയുടെ ജീവിതമപ്പാടെ തകർത്തുകെ‍ാണ്ടിരിക്കുകയാണെന്നും കടലിൽനിന്നു വരുമാനമാർഗം കണ്ടെത്തി ജീവിച്ചവർ പല കരകളിലേക്കു പറിച്ചെറിയപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴെന്നുമുള്ള യാഥാർഥ്യത്തിനു നേരെ സർക്കാർ കണ്ണടച്ചുകൂടാ. വിഴിഞ്ഞത്തെ പ്രതിഷേധക്കടൽ ഈ സാഹചര്യത്തിലാണു കൂടുതൽ ഇളകിമറിഞ്ഞത്.  പുനരധിവാസത്തിന് ഊന്നൽ നൽകിയും ആശങ്കകൾ പരിഹരിച്ചും തീരജനതയെ വിശ്വാസത്തിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകേണ്ടത്. വികസന പദ്ധതികൾ യാഥാർഥ്യമാക്കുമ്പോൾ അതു നേരിട്ടു ബാധിക്കുന്നവരുടെ പ്രശ്നങ്ങൾക്കു പൂർണപരിഹാരം കാണണമെന്ന വലിയ പാഠം ഇനിയുള്ള ഓരോ ചുവടിലും സർക്കാർ ഓർമിക്കുകയും വേണം.

English Summary: Don't shed any more tears in Vizhinjam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com