ADVERTISEMENT

200 അധ്യയനദിവസമെങ്കിലും ലഭിച്ചാലേ ഹയർ സെക്കൻഡറി പാഠഭാഗങ്ങളുടെ ഉള്ളടക്കത്തിലൂടെ കടന്നുപോകാനെങ്കിലും കഴിയൂ. എന്നാൽ, പ്ലസ് വൺ വിദ്യാർഥികൾക്ക് ഈ വർഷം ലഭിക്കുക തൊണ്ണൂറിൽതാഴെ ദിവസങ്ങൾ മാത്രം. ഇതു വിദ്യാഭ്യാസ നിലവാരം തകർക്കും. തിരക്കുപിടിച്ച ഷെഡ്യൂൾ വിദ്യാർഥികളുടെ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തിനും വെല്ലുവിളി

കേരളത്തിലെ വടക്കൻ ജില്ലകളിലെ ഏതാനും സ്കൂളുകളിൽ പ്രത്യേക ഉത്തരവുമായെത്തിയ ഗോത്രവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ പ്രവേശനം നേടിയത് കഴിഞ്ഞ നവംബർ പതിനഞ്ചിനാണ്. സാധാരണയിൽനിന്നു വ്യത്യസ്തമായി, വലിയ പ്രശ്നങ്ങളില്ലാതെ പ്രവേശനം നടന്ന വർഷങ്ങളിലൊന്നാണു കടന്നുപോയത്. എന്നിട്ടും സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഒരു വിദ്യാർഥിക്ക് പ്ലസ് വൺ പ്രവേശനത്തിനു നവംബർ പകുതി വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് ആശാസ്യമല്ല. ആ വിദ്യാർഥിക്കു പഠനത്തിനു ലഭിക്കുന്ന ആകെ ദിവസങ്ങൾ നൂറിൽ താഴെയും ക്ലാസ് ദിവസങ്ങൾ അതിന്റെ പകുതിയുമായിരിക്കും. 

പാഠപുസ്തകത്തെയും റഗുലർ ക്ലാസുകളെയും മാത്രം ആശ്രയിച്ചു പഠനം നടത്തുന്ന വിദ്യാർഥിക്ക് ഹയർ സെക്കൻഡറിയിലെ നിലവിലുള്ള പഠനസമയം ഉപയോഗിച്ചു നേടിയ അറിവുവച്ച് പൊതുപരീക്ഷകളെയോ പ്രവേശനപരീക്ഷകളെയോ ഫലപ്രദമായി നേരിടാനാവില്ല. സ്കൂളല്ലാതെ മറ്റൊരു പഠനാവസരവുമില്ലാത്ത സാമ്പത്തിക– സാമൂഹിക വിഭാഗങ്ങളെയും പ്രാന്തവത്കൃത വിഭാഗങ്ങളെയുമാണ് പഠനസമയത്തിലെ കുറവ് ഗുരുതരമായി ബാധിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഭാരിച്ച സിലബസും പാഠപുസ്തകങ്ങളും പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളും തുടർപരീക്ഷകളും വിലയിരുത്തലും മറ്റു ഭരണപരമായ കാര്യങ്ങളുമുൾപ്പെടെയുള്ള ബഹുമുഖ പ്രവർത്തനങ്ങൾ ശ്വാസംവിടാതെ നിർവഹിക്കേണ്ടി വരുന്നുവെന്നതാണ് ഹയർ സെക്കൻഡറി വ്യവസ്ഥയുടെ വെല്ലുവിളി. നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ അധ്യാപകർക്കു ഫലപ്രദമായ തയാറെടുപ്പിനോ സ്വയംവിലയിരുത്തലിനോ നവീകരണത്തിനോ സമയം ലഭിക്കുന്നില്ല. ചുരുക്കത്തിൽ, അക്കാദമികമായ ചർച്ചകളും സംവാദങ്ങളുമില്ലാത്ത, നിരന്തരമായ കണക്കെടുപ്പുകളും രേഖപ്പെടുത്തലുകളും മാത്രം നടക്കുന്ന മരവിച്ച ഇടമായി ഹയർ സെക്കൻഡറി മാറിക്കഴിഞ്ഞു. 

plus-one

തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ കായിക- കലാ പ്രവർത്തനങ്ങൾക്കും സർഗാത്മക പ്രവർത്തനങ്ങൾക്കുമൊന്നും കുട്ടികൾക്ക് അവസരം ലഭിക്കുന്നില്ല. ഓടാനോ ചാടാനോ കളിക്കാനോ സമയം കിട്ടാത്ത, കായികാധ്യാപകരോ ലൈബ്രേറിയനോ ഇല്ലാത്ത ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ശാരീരിക-മാനസിക- വൈകാരികാരോഗ്യം അത്ര മികച്ചതല്ലെന്നു പഠനങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

കേരളത്തിലെ ഹയർ സെക്കൻഡറി തലത്തിൽ പ്രധാനപ്പെട്ട വിഷയമേഖലകളുടെയെല്ലാം സിലബസും പാഠപുസ്തകങ്ങളും എൻസിഇആർടിയുടേതാണ്. ഭാഷാവിഷയങ്ങൾ ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളുടേത് തയാറാക്കിയിരിക്കുന്നതു കേരളത്തിലെ എസ്‌സിഇആർടിയാണ്. ദേശീയ സിലബസായാലും സംസ്ഥാന സിലബസായാലും ഓരോ വിഷയത്തിനും പര്യാപ്തമായ പഠനസമയം ആവശ്യമാണ്. 

നിലവിലുള്ള സ്കീം ഓഫ് വർക്ക് പ്രകാരം ഉള്ളടക്കത്തിലൂടെ കടന്നുപോകാൻ കുറഞ്ഞത്  200 സാധ്യായ ദിവസങ്ങളും 1000 പഠനമണിക്കൂറും വേണം. എന്നാൽ, ഈ വർഷം തൊണ്ണൂറിൽതാഴെ പഠനദിവസങ്ങൾ മാത്രമാണ് പൊതുപരീക്ഷയെഴുതേണ്ട പ്ലസ് വൺ വിദ്യാർഥികൾക്കു ലഭിക്കുന്നത്. 15–16 പീരിയഡ്കൊണ്ടു പഠിക്കേണ്ട പാഠഭാഗങ്ങൾ 4–5 പീരിയഡിൽ പഠിക്കേണ്ടിവരുന്നതു ഗുണനിലവാരത്തെ ബാധിക്കുമെന്നുറപ്പ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ മികവുപുലർത്തുന്ന കേരളത്തിലെ വിദ്യാർഥികൾ ഇക്കഴിഞ്ഞ വർഷത്തെ ജെഇഇ, സിയുഇടി പരീക്ഷകളിൽ പിന്നാക്കം പോയതിന്റെ പല കാരണങ്ങളിലൊന്നാണിത്.

ഹയർ സെക്കൻഡറിയുടെ രൂപീകരണകാലം മുതൽ നിലനിൽക്കുന്ന, ഇനിയും പരിഹൃതമാകാത്ത ചില പ്രശ്നങ്ങൾ അക്കാദമിക ഗുണനിലവാരത്തെയും ഉന്നത പഠനസാധ്യതകളെയും ബാധിക്കുന്നുണ്ട്.

1: നീളുന്ന പ്രവേശനനടപടികൾ 

മേയ് മൂന്നാം വാരം പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നെങ്കിലും പ്ലസ് വൺ പ്രവേശനനടപടികൾ പൂർത്തിയായി ക്ലാസുകൾ ആരംഭിച്ചത് ഓഗസ്റ്റ് 25നു മാത്രമാണ്. കേരള സിലബസ് വിദ്യാർഥികൾ ഹയർ സെക്കൻഡറി പ്രവേശനത്തിനു  കാത്തിരിക്കുമ്പോൾ, സിബിഎസ്ഇ സ്കൂളുകളിൽ ജൂണിൽതന്നെ ക്ലാസ് ആരംഭിക്കുന്നു. ഇത്തരം സ്കൂളുകളിൽ ഹയർ സെക്കൻഡറിക്ക് ഒന്നാം വർഷ പൊതുപരീക്ഷയില്ല എന്നതോർക്കണം. കേരള - സിബിഎസ്ഇ ബോർഡുകളുടെ പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമുള്ള വ്യത്യാസങ്ങളും വൈരുധ്യങ്ങളും പരിഹരിച്ച് ഏകീകൃത സ്വഭാവം ഉറപ്പാക്കുകയെന്നതാണ് പ്രവേശന നടപടികളിലെ കാലതാമസം കുറയ്ക്കാനുള്ള മാർഗം. 

2: പരീക്ഷാ ഷെഡ്യൂളിന്റെ താളംതെറ്റൽ

കോവിഡ്കാലത്തെ അടച്ചിടലും അനിശ്ചിതത്വവും പരീക്ഷാക്രമത്തിലുണ്ടാക്കിയ താളംതെറ്റൽ കഴിഞ്ഞ വർഷത്തെ പരീക്ഷകളെ ബാധിച്ചുവെന്നതു വിസ്മരിക്കുന്നില്ല. എങ്കിലും, വിശദമായ അക്കാദമിക കലണ്ടറും പരീക്ഷാ കലണ്ടറും തുടക്കത്തിൽതന്നെ തയാറാക്കി പരീക്ഷയെ സമീപിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന അനിശ്ചിതത്വങ്ങൾ ഒഴിവാക്കാനാവും. ഉദാഹരണമായി, രണ്ടാം വർഷ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ അവധിക്കാലത്തും അക്കാദമിക വർഷത്തിനിടയിലെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ രണ്ടാം വർഷ പരീക്ഷയ്ക്കൊപ്പവും നടത്തിയാൽ മുപ്പതു ദിവസത്തോളം ലാഭിക്കാനാവും. 

അധ്യാപക പരിശീലനം അവധിക്കാലത്തുതന്നെ നടത്തുന്നതിനും തടസ്സമില്ല. മുൻകൂട്ടി തയാറെടുക്കുകയും പ്രഫഷനലായ സമീപനം പുലർത്തുകയും ചെയ്താൽ ഇതെല്ലാം സാധ്യമാകും.

3: പഠനദിനങ്ങൾ കവരുന്ന മേളകൾ

സ്കൂൾ - സബ്ജില്ലാ - ജില്ലാ - സംസ്ഥാനതല കലോത്സവങ്ങൾ, ശാസ്ത്രമേളകൾ, കായികമേളകൾ എന്നിവയെല്ലാം അവധി ദിവസങ്ങളിൽ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അവയെല്ലാം പഠന ദിവസങ്ങളിൽ തന്നെയാണ് ഇപ്പോൾ നടന്നുവരുന്നത്. വാരാന്ത്യങ്ങളും അവധിദിനങ്ങളും ഉപയോഗപ്പെടുത്തിയാണ് മേളകൾ നടത്തുന്നതെങ്കിൽ എത്രയോ അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്താതെ കാക്കാം. 

4: ക്ലാസ് മുറികളിലെ ആൾക്കൂട്ടം

ഹയർ സെക്കൻഡറിയിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:50 ആണ്. എന്നാൽ, കേരളത്തിലെ ബഹുഭൂരിപക്ഷം സ്കൂളുകളിലും 65–70 വിദ്യാർഥികൾ വീതം ക്ലാസിലുണ്ട്. മലബാർ മേഖലയിലെ ചില സ്കൂളുകളിൽ കുട്ടികളുടെ എണ്ണം എഴുപതിനും മുകളിലാണ്. വിദ്യാർഥികളുടെ എണ്ണം കൂടുന്നതനുസരിച്ച് പുതിയ ബാച്ചുകൾ അനുവദിക്കുന്നതിനു പകരം ഓരോ വർഷവും താൽക്കാലികാടിസ്ഥാനത്തിൽ സീറ്റ് കൂട്ടുന്നതിന്റെ പ്രശ്നമാണിത്.  

പര്യാപ്തമായ പഠനസ്ഥലമോ സൗകര്യങ്ങളോ പരിഗണനയോ ലഭിക്കുന്നതിന് ആൾക്കൂട്ടങ്ങളാകുന്ന ക്ലാസ് മുറികൾ തടസ്സമാവുന്നു. ഓരോ കുട്ടിയുടെയും പഠനം ഉറപ്പാക്കുന്നതിനു പരിമിതിയുണ്ടാവുന്നു. ക്ലാസ് മുറികളിലെ എണ്ണക്കൂടുതൽ ഏറെ പ്രശ്നം സൃഷ്ടിക്കുന്ന മേഖല വിലയിരുത്തലാണ്. ഗ്രേഡിങ് സമ്പ്രദായം കേരളത്തിൽ തുടങ്ങിയിടത്തുനിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാത്തതിന്റെ കാരണങ്ങളിലൊന്ന് ഓരോ കുട്ടിയെയും സവിശേഷമായി പരിഗണിക്കാനാവാത്തതുകൊണ്ടു കൂടിയാണ്.

5: പഠനനിലവാരം ഉറപ്പാക്കാനുള്ള പരിമിതി

ഓരോ ഘട്ടത്തിലും ക്ലാസിലും നിശ്ചിത പഠനനിലവാരം ഉറപ്പാക്കുന്നതിലുള്ള പരിമിതികൾ ഹയർ സെക്കൻഡറിയുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. പത്താം ക്ലാസിൽ സബ്ജക്ട് മിനിമം ഉറപ്പുവരുത്തിയാൽ ഹയർ സെക്കൻഡറിയിലും തുടർപഠനമേഖലയിലും അതിന്റെ പ്രതിഫലനമുണ്ടാവും. 

പത്താം ക്ലാസ് വരെ സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാർഥികൾ പതിനൊന്നാം ക്ലാസിൽ പൊടുന്നനെ ദേശീയതലത്തിലെ എൻസിഇആർടി സിലബസ് പഠിച്ചുതുടങ്ങുകയാണ്. ഇതുമൂലമുള്ള സമ്മർദം ഒഴിവാക്കാനുള്ള പിന്തുണാസംവിധാനം സർക്കാർ ആലോചിക്കേണ്ടതാണ്. നിലവിൽ ഹയർ സെക്കൻഡറി തലത്തിലുള്ള കരിയർ ഗൈ‍ഡൻസ് സെല്ലിന്റെ പ്രവർത്തനം ഹൈസ്കൂൾ തലത്തിൽ തന്നെ തുടങ്ങുന്നതും പരിഗണിക്കണം.

(എസ്‌സിഇആ‍‍ർടി മുൻ റിസ‍‍ർച് ഓഫിസറും  വയനാട് വടുവഞ്ചാൽ ജിഎച്ച്എസ്എസ് 

പ്രിൻസിപ്പലുമാണ് ലേഖകൻ)

English Summary: Higher secondary students with no time to study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com