ADVERTISEMENT

വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെപ്പറ്റിയുളള പൊങ്ങച്ചങ്ങൾക്കുമേൽ നമ്മൾ അടയിരിക്കുകയാണ്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖല രാജ്യത്തെ മികച്ചതാണെന്നതിൽ തർക്കമില്ല. പക്ഷേ, ഉന്നതവിദ്യാഭ്യാസ രംഗത്ത് നമ്മുടെ നല്ല കാലം കഴിഞ്ഞിരിക്കുന്നു.  

കഴിഞ്ഞ ആഴ്ചകളിൽ കേരളത്തിൽ പലയിടങ്ങളിലായി നടത്തിയ യാത്രയിൽ സംസ്ഥാനത്തെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി എനിക്കു കൂടുതൽ മനസ്സിലാക്കാനായി. ഇന്ത്യയിലെ ജനസംഖ്യയിൽ 50.1% പേർ 25 വയസ്സിനു താഴെയുള്ളവരാണ്. അതായത് ചെറുപ്പക്കാരാണു രാജ്യത്തു ഭൂരിപക്ഷം. കേരളത്തിലാകട്ടെ ഇത് 23% മാത്രമാണ്. കേരളത്തിനു വയസ്സാകുകയാണ്. എന്നാൽ കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ 2022 ഏപ്രിൽ–ജൂണിൽ 40 ശതമാനമാണ്. രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥ. ജമ്മു കശ്മീർ മാത്രമാണ് കേരളത്തിനു മുന്നിൽ. ഇതിൽ ഏറ്റവും സങ്കടകരമായ വസ്തുത ഇതാണ്: മറ്റു സംസ്ഥാനങ്ങളിൽ തൊഴിലില്ലാത്ത യുവാക്കൾ ഏറെയും വിദ്യാഭ്യാസം നേടാത്തവരോ അവിദഗ്ധരോ ആണ്. കേരളത്തിലാകട്ടെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവർക്കാണ് ഈ ദുർഗതി. 3.5 ലക്ഷം പ്രഫഷനലുകളും സാങ്കേതിക തൊഴിലന്വേഷകരുമാണ് 2020ൽ കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തത്. ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവരും ഡിപ്ലോമക്കാരും എൻജിനീയറിങ് ബിരുദധാരികളുമാണ് 71% . 9000 മെഡിക്കൽ ബിരുദധാരികളുമുണ്ട്.

കേരളത്തിന്റെ വാതിലുകൾ നിക്ഷേപങ്ങൾക്കായി തുറന്നുകൊടുക്കണമെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. വ്യവസായങ്ങൾ തുടങ്ങാനുള്ള കടമ്പകളുടെ കാര്യത്തിൽ നിതി ആയോഗിന്റെ കണക്കിൽ ഏറ്റവും ഒടുവിലത്തെ റാങ്കാണ് കേരളത്തിന്. അതിൽനിന്നു മോചനം വേണം. നമ്മുടെ ജനങ്ങൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകണം.

നമ്മുടെ യുവാക്കൾ മറ്റു സംസ്ഥാനങ്ങളിലേക്കും പറ്റുമെങ്കിൽ മറ്റു രാജ്യങ്ങളിലേക്കും ചേക്കേറുകയാണ്. യുദ്ധസാഹചര്യത്തിൽ യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ കേരളത്തിൽനിന്നുള്ള 2000 മെഡിക്കൽ വിദ്യാർഥികളും ഉണ്ടായിരുന്നുവെന്നത് യാദൃച്ഛികമല്ല. 2020ൽ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് ഉണ്ടായത് ചൈനയിൽനിന്നു തിരിച്ചെത്തിയ കേരള വിദ്യാർഥിക്കായിരുന്നു എന്നതും നമുക്കറിയാം. നമ്മുടെ കുട്ടികൾ ലോകത്തെല്ലായിടത്തുമുണ്ട്, കാരണം അവർക്ക് ഇവിടെ തുടരാനുള്ള ഉറപ്പു കൊടുക്കാൻ നമുക്കാകുന്നില്ല.

2016ൽ 18,428 മലയാളികളാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയതെങ്കിൽ 2019ൽ അത് 30,948 ആയി പെരുകി. ഇവിടെ തുടരാത്തത് എന്താണെന്ന് ഇവരിൽ ചിലരോടു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഇതാണ്: ‘‘ഇവിടെ എനിക്ക് എന്താണു കിട്ടാനുള്ളത്? കേരളം വൃദ്ധസദനമല്ലേ?’’

വിദേശത്തു പഠിക്കാനായി ഇവിടം വിട്ടു പോകുന്നത് പ്രതിവർഷം ശരാശരി 2 ലക്ഷം പേരാണ്. അതായത്, അടുത്ത 5 വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കളെങ്കിലും കേരളം വിടുമെന്നർഥം. ഇതു കൂടാതെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുന്നവരുടെ എണ്ണം. ഈ കുടിയേറ്റം നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വല്ലാതെ ബാധിക്കും. പ്രഫഷനൽ വിദ്യാഭ്യാസം നേടിയ യുവാക്കളുടെ സാന്നിധ്യം അത്യാവശ്യമായ നമ്മുടെ വളർച്ചാ മാതൃകയെ ഈ പലായനം തകർക്കുമെന്നു തീർച്ച.

വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെപ്പറ്റിയുള്ള പൊങ്ങച്ചങ്ങൾക്കുമേൽ നമ്മൾ അടയിരിക്കുകയാണ്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖല രാജ്യത്തെ മികച്ചതാണെന്നതിൽ തർക്കമില്ല. പക്ഷേ, ഉന്നതവിദ്യാഭ്യാസ രംഗത്ത് നമ്മുടെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മയുടെ ഉയർന്ന നിരക്ക് സൂചിപ്പിക്കുന്നത് കേരളത്തിൽ നാം നൽകുന്ന വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത തന്നെയാണ്. കോൺഗ്രസ് പാർട്ടിയിൽ ഞാൻ നേതൃത്വം നൽകുന്ന സംഘടനയായ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് തൊഴിലുള്ള എൻജിനീയറിങ് ബിരുദധാരികൾക്കിടയിൽ നടത്തിയ സർവേയുടെ ഫലം ഇതായിരുന്നു: 66% പേരും ജോലി ചെയ്യുന്നത് എൻജിനീയറിങ് ബിരുദം ആവശ്യമില്ലാത്ത മേഖലകളിലാണ്. ഒന്നുകിൽ അവർ പഠിച്ചത് അവർക്കു വേണ്ട കാര്യമല്ല, അല്ലെങ്കിൽ ആ ജോലിക്ക് ഈ ബിരുദം ബാധകമല്ല.

വിദ്യാർഥികളുടെയും സമൂഹത്തിന്റെയും ഉന്നതിക്ക് ഉതകുംവിധമുള്ള വിദ്യാഭ്യാസം നൽകാൻ നമുക്കാകണം. ഉരുത്തിരിഞ്ഞു വരുന്ന പുതിയ മേഖലകളെയും സാങ്കേതികവിദ്യകളെയും ഉൾക്കൊള്ളുന്ന വിധത്തിൽ സർവകലാശാല കരിക്കുലം മാറണം. ഭാവിയിലേക്ക് അനന്തസാധ്യതകൾ വച്ചുനീട്ടുന്ന പുതു സാങ്കേതികവിദ്യകൾ ഉണർന്നു കഴിഞ്ഞു: റോബട്ടിക്സ്, മെഷീൻ ലേണിങ്, ബ്ലോക്ചെയിൻ, റിന്യൂവബിൾ എനർജി ടെക്നോളജി തുടങ്ങി പലതും. എന്നാൽ നമ്മുടെ കുട്ടികൾക്ക് ഇതൊന്നും പരിചയമില്ല. 2020ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ‘തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള കരിക്കുലം സമ്പ്രദായം’ ഈ വിഷയങ്ങൾ സർവകലാശാലകൾക്കും കോളജുകൾക്കും സ്വതന്ത്രമായി സ്വീകരിക്കാനുള്ള അവസരം നൽകുന്നുണ്ട്. കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ച് കൂടുതൽ ഉന്നതവും വിശാലവുമായ മേഖലകളിൽ തൊഴിൽ നേടാൻ ഈ മാർഗം അവരെ പ്രാപ്തരാക്കും. നമ്മുടെ മനുഷ്യവിഭവശേഷി നാം മുതലാക്കണം.

അതോടൊപ്പം, നമ്മുടെ അക്കാദമിക്, വ്യവസായ രംഗങ്ങളെ കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്. ടെക്നോപാർക്കിലും ഇൻഫോ പാർക്കിലും ലോകത്തെ ഒന്നാംകിട കമ്പനികൾ പലതുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ഇവയുടെ പ്രധാന ബുദ്ധികേന്ദ്രങ്ങൾ മലയാളികളാണുതാനും. ഇതു മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ നാം മനസ്സിലാക്കണം. അടുത്ത സഹകരണമുണ്ടെങ്കിൽ സർവകലാശാലകൾക്ക് അവ ആരംഭിക്കുന്ന പുതിയ കോഴ്സുകളുടെ പഠനത്തിലും പ്രായോഗിക വിജ്ഞാനത്തിലും ഈ പ്രതിഭകളെ പങ്കെടുപ്പിക്കാവുന്നതാണ്. മാത്രവുമല്ല, കുട്ടികൾക്ക് അവരുടെ മേഖലകളിലെ കാലികമായ മാറ്റങ്ങളും സാധ്യതകളും നേരിട്ടു മനസ്സിലാക്കാനുമാകും. യുഎസിൽ കമ്പനികൾ അവരുടെ ആശയങ്ങളുമായി സർവകലാശാലകളെ സമീപിക്കുകയും ബിരുദവിദ്യാർഥികൾക്ക് അവയിൽ ഗവേഷണത്തിനു ഫണ്ട് അനുവദിക്കുകയും ചെയ്യുന്നതു സാധാരണമാണ്. ഈ യോജിച്ച പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടായാൽ കമ്പനികൾ അവർക്കു ലഭിക്കുന്ന റോയൽറ്റി സർവകലാശാലകളുമായി പങ്കുവയ്ക്കുകയും ചെയ്യും. ഈ വിദ്യാഭ്യാസ–വ്യവസായ സംസ്കാരം നമുക്കും പകർത്താവുന്നതാണ്.

പഠനം തുടരുമ്പോൾത്തന്നെ ഇന്റേൺഷിപ്പിനും ജോലിക്കും വിദ്യാർഥികൾക്ക് അവസരമുണ്ടാകുന്ന മട്ടിൽ ഈ പരസ്പരബന്ധം വളർത്തിയെ‍ടുക്കണം. പ്രായോഗിക ജ്ഞാനത്തിനു പുറമേ വിദ്യാർഥികൾക്ക് പ്രതിഫലവും കിട്ടുന്ന തരത്തിലുള്ള അവസരങ്ങളാകുമിത്. പാർട്ട് ട‌ൈം ജോലിക്കു കിട്ടുന്ന നല്ല പ്രതിഫലം എന്നതിനപ്പുറം, സ്വന്തം വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിചയവും മികവും നേടാൻ കുട്ടികളെ സഹായിക്കും. ചുരുക്കത്തിൽ, രണ്ടു മേഖലകൾക്കും ഗുണകരമാകുന്ന സാധ്യതയാണിത്. വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്മ എന്ന പ്രശ്നം ലഘൂകരിക്കാനും ഇതിലൂടെ കഴിയും. നമ്മുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം എന്ന നേട്ടത്തിനപ്പുറം, മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും എന്ന സാധ്യത കൂടി ഇതിനുണ്ട്. അവരെ സ്വാഗതം ചെയ്യാനുള്ള പ്രകൃതിസൗന്ദര്യവും ഉദാരമനസ്സും കേരളത്തിനുണ്ട്. എന്നാൽ നമ്മുടെ സർവകലാശാലകളിൽ നിലനിൽക്കുന്ന രാഷ്ട്രീയ ഇടപെടലുകളും വിവാദങ്ങളും ഇത്തരം പരിഷ്കരണങ്ങൾക്ക് ഒട്ടും യോജിച്ചതല്ല എന്നു മനസ്സിലാക്കണം.

ഇപ്പോൾ നാം കാണുന്നത് നമ്മുടെ പ്രതിഭകൾ പുറത്തേക്കു പലായനം ചെയ്യുന്നതാണ്. ‘ബ്രെയിൻ ഡ്രെയിൻ’ എന്ന അവസ്ഥ ‘ബ്രെയിൻ‌ ഗെയിൻ’ ആക്കി മാറ്റാം. ഇപ്പോൾത്തന്നെ അതിനു തുടക്കം കുറിക്കാം.

വാൽക്കഷണം

മലയാള മനോരമ നടത്തിയ സർവേയിൽ 33% വിദ്യാർഥികളും പറഞ്ഞത്, കേരളത്തിൽ യോജിച്ച ജോലിക്ക് അവസരമില്ലാത്തതുകൊണ്ടാണ് അവർ പഠനത്തിനായി വിദേശത്തേക്കു പോകുന്നതെന്നാണ്. അവരെ ആകർഷിക്കാനും ഗൾഫിൽനിന്നു തിരിച്ചെത്തുന്ന പ്രവാസികളെ ഉൾക്കൊള്ളാനും നമ്മുടെ സാമ്പത്തിക മോഡൽ മാറേണ്ടതുണ്ട്. ഈ വിഷയത്തെപ്പറ്റി നമുക്ക് അടുത്ത ലക്കങ്ങളിൽ ചർച്ച ചെയ്യാം.

English Summary: High unemployment indicates inadequacy of higher education in Kerala writes Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com