ADVERTISEMENT

ആഗോള ശീതളപാനീയ കമ്പനിയായ പെപ്സികോയുടെ ചെയർമാൻ  സ്ഥാനത്തുനിന്ന് വിരമിച്ച ഇന്ദ്ര നൂയി ഇപ്പോഴും തിരക്കിലാണ്. അതിരാവിലെ ഉണർന്ന്, പഴയ മദ്രാസ് ശൈലിയിൽ ഫിൽറ്റർ കാപ്പിയുണ്ടാക്കി കുടിച്ച് അന്നത്തെ വാർത്തകളുടെ വായനയിലേക്കും മെയിലുകൾക്കു മറുപടി നൽകുന്നതിലേക്കും പിന്നെ പ്രാതൽ കഴി‍ഞ്ഞ് സ്വന്തം ഓഫിസിലേക്കും പോകുന്ന ഹൈപ്പർ ആക്ടീവ് ജീവിതശൈലി. അമേരിക്കൻ ഭക്ഷ്യോൽപന്ന കമ്പനിയുടെ മേധാവിയായിരുന്നെങ്കിലെന്ത്, ഇന്നും ഇഷ്ടം ചോറും സാമ്പാറും രസവും തന്നെ. തന്റെ സൗഖ്യഭക്ഷണം (കംഫർട്ട് ഫുഡ്) അതാണെന്ന് ഇന്ദ്ര പറയുന്നു. ‘മൈ ലൈഫ് ഇൻ ഫുൾ’ എന്ന പേരിൽ ഇന്ദ്ര എഴുതിയ പുസ്തകം മനോരമ ബുക്സ് ‘ഇത് എന്റെ ജീവിതം’ എന്ന പേരിൽ മലയാളത്തിൽ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഇന്ദ്ര നൂയിയുമായി നടത്തിയ ഓൺലൈൻ സംവാദത്തിൽനിന്ന് 

ഇന്ത്യയിൽ മദ്രാസ് ക്രിസ്ത്യൻ കോളജിലും കൊൽക്കത്ത ഐഐഎമ്മിലും അമേരിക്കയിൽ യേൽ സർവകലാശാലയിലും പഠനം. ഇന്ത്യൻ– അമേരിക്കൻ വിദ്യാഭ്യാസത്തെ എങ്ങനെ താരതമ്യം ചെയ്യുന്നു. 

പെൺകുഞ്ഞ് ജനിച്ചാൽ പ്രതിഫലം ഇല്ലാതെ ജോലി ചെയ്യാൻ ഒരാൾ ഉണ്ടായെന്നു കരുതുന്ന കാലമല്ലിത്. ലോകം മുഴുവൻ വനിതകൾ ഉന്നത വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനത്തിനും ശ്രമിക്കുകയും അത് നേടുകയും ചെയ്യുന്ന കാലമാണിത്.

ഇന്ദ്ര നൂയി

∙ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇന്ത്യ മികച്ച രാജ്യം തന്നെയാണ്. ഉന്നതനിലവാരമുള്ള ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. എന്നാൽ, എല്ലാവർക്കും ഇവയുടെ പ്രയോജനം ലഭ്യമാകുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. പ്രതിഭയുണ്ടായിട്ടും വലിയൊരു വിഭാഗം പല കാരണങ്ങളാൽ പ്രവേശനം ലഭിക്കാതെ പുറത്തുണ്ട്.

indra-nooyi
ഇന്ദ്ര നൂയി, ഇന്ദ്ര നൂയിയുടെ ‘മൈ ലൈഫ് ഇൻ ഫുൾ’ പുസ്തകത്തിന്റെ കവർ

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം കാലത്തിനനുസരിച്ചു മാറണം. ഏറ്റവും അനിവാര്യമായ മാറ്റം വേണ്ടത് ബിസിനസ് വിദ്യാഭ്യാസത്തിൽ തന്നെയാണ്. തിയറി പഠിപ്പിക്കാതെ, കാലഘട്ടത്തിന്റെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള പ്രായോഗിക പരിശീലനമാണ് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകേണ്ടത്. അമേരിക്കയിൽ അതാണു ചെയ്യുന്നത്.

തൊഴിൽ സംസ്കാരത്തിൽ ഇന്ത്യയും അമേരിക്കയുമായി വ്യത്യാസമുണ്ടോ.

∙ ജോലിയോടുള്ള ആത്മാർഥതയും നൈപുണ്യവും ഇന്ത്യക്കാർക്കു കൂടുതലാണെന്ന് ലോകം മുഴുവനറിയുന്ന കാര്യമാണ്. അമേരിക്കക്കാരും ഇതുപോലെ കഠിനമായി അധ്വാനിക്കുന്നവരാണ്. പുതിയ സാങ്കേതികവിദ്യയും ആശയങ്ങളും കണ്ടുപിടിത്തങ്ങളും അതിവേഗം നടപ്പാക്കുന്നവരുമാണ്. അമേരിക്കയുടെ വിജയവും ഇതുതന്നെയാണ്. എന്നാൽ, ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ പഠിച്ചവർക്ക് ഇന്ത്യൻ മൂല്യങ്ങൾ നൽകുന്ന വലിയ പിൻബലം കൂടിയുണ്ടാകും. അമേരിക്കയിൽ ജനിച്ച് അവിടെത്തന്നെ പഠിക്കുന്നവരെക്കാൾ അവർക്കുള്ള നേട്ടം അതാണ്.

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠിച്ച് ഇറങ്ങുന്നവർ വിദേശത്തേക്കു കുടിയേറുന്നതു രാജ്യത്തിനു പ്രതിഭാനഷ്ടമല്ലേ.

∙ ഇന്ത്യയിൽനിന്നു യുവാക്കളും മികച്ച പ്രഫഷനലുകളും വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നത് ഒരേസമയം നല്ല വാർത്തയും മോശം വാർത്തയുമാണ്. വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികളുടെയും പ്രതിഭയുടെയും ഒഴുക്ക് രാജ്യം അതീവശ്രദ്ധയോടെ നോക്കിക്കാണേണ്ടതാണ്. വിദേശരാജ്യത്തു മികച്ച പരിശീലനം കിട്ടിയവർ രാജ്യത്തേക്കു തിരിച്ചുവരേണ്ടതുണ്ട്. ഇരുരാജ്യങ്ങൾക്കും ഈ പ്രതിഭയുടെ പ്രയോജനം ലഭിക്കണം. യുവപ്രതിഭകളുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണം ഉറപ്പാക്കണം.

അമേരിക്കയിലെ വൻകിട കമ്പനികളിൽ സമയം നോക്കാതെ കഠിനാധ്വാനം ചെയ്ത് കരിയറിൽ ഉയർന്നപ്പോൾ അതു കുടുംബത്തെയും സ്വകാര്യ ജീവിതത്തെയും ബാധിച്ചിട്ടുണ്ടാവാം. ഇന്നത്തെ പെൺകുട്ടികൾക്ക് അതു മാതൃകയാക്കാവുന്നതാണോ.

indra-nooyi-apj-padma
രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിൽ നിന്ന് ഇന്ദ്ര നൂയി പത്മഭൂഷൺ ബഹുമതി സ്വീകരിക്കുന്നു.

∙ ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ ജീവിതകാലം മുഴുവൻ പ്രതിഫലമില്ലാതെ ജോലി ചെയ്യുന്ന ഒരാൾ ഉണ്ടായെന്നു കരുതുന്ന കാലം പോയി. ഇന്നു ലോകം മുഴുവൻ വനിതകൾ ഉന്നത വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനങ്ങൾക്കും ശ്രമിക്കുകയും കഴിവും കഠിനാധ്വാനവുംകൊണ്ട് അവയ്ക്ക് അർഹരാവുകയും ചെയ്യുന്നുണ്ട്. വലിയ മോഹങ്ങൾ കൊണ്ടുനടക്കുക മാത്രമല്ല, അവ നേടുന്നതിലും ഇന്നത്തെ വനിതകൾ സമർഥരായി. എന്നാൽ, കുടുംബത്തെ അവഗണിച്ചുകൊണ്ടോ ഉത്തരവാദിത്തങ്ങൾ മറന്നുകൊണ്ടോ അല്ല സ്ത്രീയുടെ നേട്ടങ്ങൾ. കുടുംബം എന്നതു സ്ത്രീ മാത്രമല്ല. സ്ത്രീക്കും പുരുഷനും ഒരേ പോലെയാണ് കുടുംബത്തോടുള്ള ഉത്തരവാദിത്തം. മാത്രമല്ല, മികച്ച വിദ്യാഭ്യാസവും നൈപുണ്യങ്ങളുമുള്ള സ്ത്രീകളുടെ മികവു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ നഷ്ടം രാജ്യത്തിനു തന്നെയാണ്. 

പക്ഷേ, ഔദ്യോഗികമായി ഉയരുമ്പോൾ കുട്ടികളും കുടുംബവുമായുള്ള സ്വകാര്യ സന്തോഷങ്ങൾ ഹോമിക്കേണ്ടി വരില്ലേ? സ്വന്തം ജീവിതത്തിൽ അങ്ങനെ വേണ്ടിവന്നതിൽ ഖേദമുണ്ടോ.

∙ ഖേദിച്ചിട്ടു കാര്യമുണ്ടോ. എന്തെങ്കിലും ഒരിടത്തു നഷ്ടമായിട്ടുണ്ടെങ്കിൽ മറുവശത്തു നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ ഉയരുമ്പോൾ കുടുംബവും കുട്ടികളും പഴയ കാലങ്ങളിലുണ്ടായിരുന്നപോലെ പരിഗണിക്കപ്പെടണമെന്നില്ല. പക്ഷേ, ജീവിതംതന്നെ അത്തരം നീക്കുപോക്കുകളാണെന്ന് ഓർക്കണം. എല്ലാവർക്കും ഏറ്റവും മികച്ച അമ്മയോ ഭാര്യയോ ഉദ്യോഗസ്ഥയോ ആകാൻ കഴിയണമെന്നില്ല. പഴയകാലത്ത് പെൺകുട്ടികളെ മാതാപിതാക്കൾ വളർത്തിയിരുന്നപോലെ ഇന്നു വളർത്താനും കഴിയില്ല. 

പക്ഷേ, ഞാൻ മികച്ച അമ്മയാണോ എന്നു ചിന്തിക്കുമ്പോൾ തന്നെ, നിങ്ങളാണ് റോൾ മോഡൽ എന്നു പറയുന്ന രണ്ടു മക്കൾ എനിക്കുണ്ട്. മികച്ച അമ്മയാണോ താനെന്നു പ്രഫഷനലായ സ്ത്രീകൾക്കു തോന്നുന്നപോലെതന്നെ മികച്ച അച്ഛനാണോ താനെന്നു പുരുഷന്മാർക്കും തോന്നുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ബന്ധങ്ങളിലും റോളുകളിലും ലോകത്തു വലിയ മാറ്റങ്ങൾ നടക്കുന്നതിന്റെ ലക്ഷണങ്ങളാണിത്. തലമുറകൾ ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യൻ കുടുംബങ്ങളുടെ രീതി വിലമതിക്കാനാവാത്തതാണ്. ഭാര്യയും ഭർത്താവും അവരുടെ മാതാപിതാക്കളും ബന്ധുക്കളും പരസ്പരം സഹായിച്ചും കുടുംബത്തിനകത്തെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചും ജീവിക്കുന്ന സംവിധാനമാണ് നമുക്കുള്ളത്. 

കമ്പനി മേധാവിയുടെ റോൾ ഏറെ പിരിമുറുക്കം നിറഞ്ഞതല്ലേ.

∙ ഏതു കമ്പനിയിലും ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി സിഇഒയുടേതാണ്. നിരന്തരം സ്വയം അപ്ഡേറ്റ് ചെയ്യണം. സിഇഒ നിശ്ചലമായാൽ കമ്പനി നിശ്ചലമാവും. ഞാൻ പെപ്സികോയുടെ നേതൃസ്ഥാനത്തേക്ക് ഉയർന്നതു കഴിവും പ്രവർത്തനവും കൊണ്ടാണ്. പെപ്സിക്കു കാലത്തിനനുസൃതമായ മാറ്റങ്ങളോടെ സുസ്ഥിരവളർച്ച ഉറപ്പാക്കുകയാണു ഞാൻ ചെയ്തത്.

girl

കോവിഡിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു ഘടനാപരമായ മാറ്റം വന്നു.  വിപണിയും മാറി. ഈ സാഹചര്യം കോർപറേറ്റ് സിഇഒമാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടേതാണ്. എന്നാൽ, പ്രശ്നങ്ങൾ വന്നുഭവിക്കും മുൻപേ അതു പരിഹരിക്കാനാണ് സിഇഒമാർ ശ്രമിക്കേണ്ടത്. പ്രതിസന്ധികൾ മുൻകൂട്ടി കാണാനാകണം. ഒരിക്കലും അവസാനിക്കാത്ത പഠനമാണ് കോർപറേറ്റ് ലീഡർക്ക് ഏറ്റവും ആവശ്യം. 

വിജയത്തിനു പിന്നിൽ സ്വന്തം കുടുംബത്തിന്റെ സംഭാവന.

∙ ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നിന്റെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥയായി ഇരിക്കുമ്പോഴും കുട്ടികളുടെ ഫോട്ടോകൾ ചുവരുകളിൽ കാണുമ്പോൾ എനിക്ക് ഉള്ളിൽ സങ്കടം തോന്നിയിരുന്നു. അവരുടെ കവിളിൽ നുള്ളാനും ആശ്ലേഷിക്കാനും കൊതി തോന്നിയിരുന്നു. എന്നാൽ, ജോലിയും കുടുംബവും ഒരേ തരത്തിൽ മുന്നോട്ടുപോകണമെന്ന ചിന്തയാണ് എന്നെ നയിച്ചത്. ഇവ രണ്ടും ഒന്നു മറ്റൊന്നിനു തടസ്സമാകാതെ മുന്നോട്ടു കൊണ്ടുപോകുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ജീവിതവും ജോലിയും തമ്മിലുള്ള ബാലൻസ് കുറച്ചൊക്കെ പാലിക്കാനായി. എന്റെ മക്കൾ പറയുന്നതുപോലെ, അവരുടെ റോൾ മോഡലാകാനും.

പെൺകുഞ്ഞ് ജനിച്ചാൽ പ്രതിഫലം ഇല്ലാതെ ജോലി ചെയ്യാൻ ഒരാൾ ഉണ്ടായെന്നു കരുതുന്ന കാലമല്ലിത്. ലോകം മുഴുവൻ വനിതകൾ ഉന്നത വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനത്തിനും ശ്രമിക്കുകയും അത് നേടുകയും ചെയ്യുന്ന കാലമാണിത്.

English Summary: Special Interview with Indra Nooyi former chief executive officer and chairperson of PepsiCo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com