ADVERTISEMENT

ബിജെപിയുടെ തിരഞ്ഞെടുപ്പ് മാജിക്കുകൾക്കും പരിധിയുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു; കോൺഗ്രസിനെ എഴുതിത്തള്ളാനാകില്ലെന്നും. പരസ്പരം കാലുവാരാതെ, ഒറ്റക്കെട്ടായി നിന്നാൽ ബിജെപിയുടെ യാത്ര തടയാനാകുമെന്നും വ്യക്തം 

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഡൽഹി മുനിസിപ്പൽ കോർപറേഷനിലും നടന്ന തിരഞ്ഞെടുപ്പുകളെപ്പറ്റി ഏറെ എഴുതപ്പെട്ടുകഴിഞ്ഞു. ഈ തിരഞ്ഞെടുപ്പുകൾ ഭാവിയിലേക്കു നൽകുന്ന പാഠങ്ങളെപ്പറ്റി ചിന്തിക്കേണ്ട സമയമാണിത്. 

opposit

ഒന്നാമത്തെ പാഠം ഇതാണ്: ഗുജറാത്തിലൊഴിച്ച് മറ്റെവിടെയും ബിജെപി തോൽപിക്കാനാവാത്ത ശക്തിയല്ല. തുടർച്ചയായ ഏഴാം വിജയത്തിലൂടെ ഗുജറാത്ത് ബിജെപിയുടെ സ്വന്തം തട്ടകമായി മാറിയിരിക്കുന്നു. ‘ഗുജറാത്തി അഭിമാനം’ എന്ന പാർട്ടിയുടെ സ്വയം ചിത്രീകരണവും സംസ്ഥാനത്തിന്റെ സ്വന്തം പുത്രൻ നരേന്ദ്ര മോദിയുടെ നേതൃത്വവും വീണ്ടും വിജയത്തിനു വഴിയൊരുക്കി. മോർബി പാലം അപകടംപോലെ അഴിമതിയുടെ കറപുരണ്ടതും സർക്കാരിന്റെ സമ്പൂർണ പരാജയം ചൂണ്ടിക്കാട്ടുന്നതുമായ സംഭവങ്ങളുണ്ടായിട്ടും അവിടെ ഭരണപക്ഷം 156 സീറ്റുകൾ നേടി. 

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചുള്ള ആംആദ്മി പാർട്ടിയുടെ സാന്നിധ്യമാണ് ഈ വിജയത്തിനു പിന്നിലെന്ന് ആദ്യം പറയപ്പെട്ട ന്യായവും നിലനിൽക്കുന്നതല്ല. രണ്ടു പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകൾ ഒന്നിച്ചാലും ബിജെപി സുഖമായി 124 സീറ്റുകൾ നേടുമായിരുന്നു എന്നാണ് തിരഞ്ഞെടുപ്പു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തു ബിജെപി നിലവിൽ തോൽപിക്കാനാവാത്ത ശക്തിയാണ്.

എന്നാൽ, ഗുജറാത്തിലെ വിജയത്തിനപ്പുറം മറ്റിടങ്ങളിൽ ബിജെപി നേരിട്ട പരാജയങ്ങൾ ശ്രദ്ധിക്കുക. കേരളത്തിൽ ഉണ്ടായിരുന്നപോലെ പാർട്ടികളെ ഓരോ തിരഞ്ഞെടുപ്പിലും മാറിമാറി വിജയിപ്പിക്കുന്ന ശീലമുള്ള ഹിമാചലിൽ ഭരണകക്ഷിയായ ബിജെപിയുടെ ഒരു തന്ത്രത്തിനും കോൺഗ്രസിന്റെ ജയം തടയാനായില്ല. തങ്ങൾക്ക് അധികാരമുണ്ടായിരുന്ന മൂന്നു മുനിസിപ്പൽ കോർപറേഷനുകൾ ഒന്നാക്കി സുരക്ഷിതജയം തേടിയിറങ്ങിയ കേന്ദ്ര ഭരണകക്ഷി ഡൽഹിയിൽ തകർന്നടിഞ്ഞു. നഗരജനതയുടെ പ്രീതി നേടിയ സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയെ വീഴ്ത്താൻ ബിജെപിയുടെ ഒരു തന്ത്രവും ഫലിച്ചില്ല, ദേശീയ ഭരണകക്ഷി അവിടെ രണ്ടാം സ്ഥാനത്തായി. അതായത്, ബിജെപിയുടെ തിരഞ്ഞെടുപ്പു മാജിക്കുകൾക്ക് ഒരു പരിധിയുണ്ടെന്ന് അർഥം. 2019 മുതൽ ബിജെപി തിരഞ്ഞെടുപ്പു നേരിട്ട സംസ്ഥാനങ്ങളിൽ പകുതിയോളവും അവർക്കു നഷ്ടമായി. 

രണ്ടാമത്തെ പാഠം, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി എന്ന സ്ഥാനത്തുനിന്നു കോൺഗ്രസിനെ എഴുതിത്തള്ളാൻ കഴിയില്ല എന്നതാണ്. ഹിമാചൽ തിരഞ്ഞെടുപ്പ് ഓർമിപ്പിക്കുന്നത്, ഒൻപതു സംസ്ഥാനങ്ങളിൽ (അസം, പഞ്ചാബ്, ഹരിയാന, ഹിമാചൽ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കർണാടക) കോൺഗ്രസ് പ്രധാനശക്തിയാണെന്നാണ്. മിക്കയിടത്തും ബിജെപിക്കു ഗൗരവപൂർണമായ വെല്ലുവിളി ഉയർത്തുന്നത് കോൺഗ്രസാണ്. (മറ്റു സംസ്ഥാനങ്ങളിൽ ഈ റോൾ പ്രാദേശിക പാർട്ടികൾക്കാണ്. എൽ‌ഡിഎഫും യുഡിഎഫും നേർക്കുനേർ പോരാടുന്ന കേരളത്തിൽ ബിജെപി വിദൂരമായ മൂന്നാം സ്ഥാനത്താണ്). 

കോൺഗ്രസ് ശക്തമായ 9 സംസ്ഥാനങ്ങളിൽ മൊത്തം 155 ലോക്സഭാ സീറ്റുകളുണ്ട്. മഹാരാഷ്ട്രയിലെ 48 സീറ്റും (അവിടെ കോൺഗ്രസ് – എൻസിപി– ശിവസേന സഖ്യം ബിജെപിക്കു വെല്ലുവിളിയാണ്) കേരളത്തിലെ 20 സീറ്റും കൂട്ടിയാൽ 223 മണ്ഡലങ്ങളിൽ കോൺഗ്രസാണു ബിജെപിക്കു മറുപടിയായി നിൽക്കുന്ന പ്രധാനകക്ഷി. ബിജെപിയെ തോൽപിച്ചു സർക്കാരുണ്ടാക്കാനാണ് ഉദ്ദേശ്യമെങ്കിൽ, രാജ്യത്തെ എല്ലാ പ്രധാന പ്രതിപക്ഷകക്ഷികളും മൂന്നാം മുന്നണിയെപ്പറ്റിയുള്ള ചർച്ചകൾക്കപ്പുറത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസുമായി സഹകരിക്കണം. 

മൂന്നാമത്തെ പാഠം, ഗുജറാത്തിലെയും ഹിമാചലിലെയും കോൺഗ്രസിന്റെ പ്രവർത്തനരീതിയാണ്. ഗുജറാത്തിൽ പാർട്ടി ഒട്ടും ഉത്സാഹമില്ലാത്ത പ്രചാരണത്തിലായിരുന്നു; ദിശാബോധമില്ലാതെ, പ്രാദേശിക നേതാക്കൾ ആരും കൂടെയില്ലാതെ. യുവ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെപ്പോലെയുള്ളവർ പരാതിപ്പെട്ടത് സംസ്ഥാനം മുഴുവൻ പ്രചാരണം നടത്താൻ അവരുടെ സേവനം ഉപയോഗിച്ചില്ലെന്നാണ്. 2017ലെ തിരഞ്ഞെടുപ്പിൽ‌ കോൺഗ്രസിനു വലിയ സഹായമായിരുന്ന യുവനേതാക്കളായ ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരൊക്കെ ബിജെപി പാളയത്തിലേക്കു ചേക്കേറിയിരുന്നു. 

ഹിമാചലിലാകട്ടെ, തിരഞ്ഞെടുപ്പു പ്രചാരണം നയിച്ചതു പ്രാദേശിക നേതാക്കളായിരുന്നു. പിന്തുണ നൽകി ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തുടങ്ങിയവരും. യഥാർ‌ഥത്തിൽ അവിടെ പാർട്ടിയിൽ മൂന്നു ഗ്രൂപ്പുകൾ ഉണ്ടായിരുന്നു: മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങ്ങിന്റെ നേതൃത്വത്തിൽ ഒന്ന്, മുകേഷ് അഗ്നിഹോത്രിയുടെ നേതൃത്വത്തിൽ മറ്റൊന്ന്,  എൻഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നുവന്ന സുഖ്‌വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിൽ വലിയ ഒന്നും. പക്ഷേ, ആരും പരസ്പരം കാലുവാരിയില്ല. പാർട്ടിയുടെ വിജയമായിരുന്നു എല്ലാവരുടെയും മുഖ്യലക്ഷ്യം. ഒടുവിൽ, എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി എല്ലാവരും മുഖ്യമന്ത്രിയായ സുഖുവിനും ഉപമുഖ്യമന്ത്രിയായ അഗ്നിഹോത്രിക്കും പിന്നിൽ അണിചേർന്നു. പിസിസി പ്രസിഡന്റിന്റെ പുത്രനു കാബിനറ്റ് പദവിയും ഉണ്ടാകും. എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്ന സ്ഥിരം ബിജെപിതന്ത്രം തടയാൻപോന്ന ഭൂരിപക്ഷം പാർട്ടിക്ക് ഉണ്ടുതാനും. 

രാഷ്ട്രീയ സംഘടനാശേഷി കുറഞ്ഞവരെന്നും പ്രാദേശിക പ്രതിഭകളെ കണ്ടെത്താൻ കഴിയാത്തവരെന്നും ബിജെപിക്കു മുന്നിൽ പെട്ടെന്നു കീഴടങ്ങുന്നവരെന്നുമൊക്കെയാണ് കോൺഗ്രസിനെ പലരും വിമർശിക്കുന്നത്. 

ഇത്ര വിശാലമായ രാജ്യത്ത് എല്ലാ രാഷ്ട്രീയപ്രവർത്തകരും ഒരുപോലെ ആയിരിക്കുകയില്ല. കോൺഗ്രസിനെതിരെയുള്ള വിമർശനങ്ങൾ ചിലപ്പോൾ ചില സ്ഥലങ്ങളിൽ, ചില കാലത്ത് ശരിയായിരുന്നിരിക്കാം. പക്ഷേ, ഹിമാചലിലെ ഫലം, കോൺഗ്രസിന് എല്ലാം ശരിയാക്കാൻ പറ്റുമെന്നു തെളിയിക്കുന്നു. അടുത്തുവരുന്ന കർണാടക, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അതു തുടരുമെന്നു പ്രതീക്ഷിക്കാം. ബിജെപിയുടെ രഥം തടയാൻ ഏറ്റവും അടുത്തു ലഭിക്കുന്ന അവസരങ്ങളാണവ. 

വാൽക്കഷണം

ജനാധിപത്യത്തിന്റെ ഹൃദയമിരിക്കുന്നത് സ്വതന്ത്രചുമതലയുള്ള ഒരു തിരഞ്ഞെടുപ്പു കമ്മിഷനിലാണെന്നാണ് മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി പറഞ്ഞത്. ഇന്ത്യയിലെ അവസ്ഥയിൽ സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘ലോകത്തു മറ്റെങ്ങും നിലവിലുള്ള ഭരണകൂടം തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷനില്ല’’– അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുഖ്യ പ്രതിപക്ഷനേതാവുംകൂടി നിശ്ചയിക്കുന്ന ഒരാൾ കമ്മിഷണർ ആകണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്യുന്നു. നല്ല നിർദേശമാണ്. പക്ഷേ, തിരഞ്ഞെടുപ്പിൽ പരാജയപ്പെടുംമുൻപ് നമ്മുടെ നാട്ടിലെ ഭരണകക്ഷി എന്നാണ് ഈ അധികാരങ്ങൾ പകുത്തുകൊടുക്കുക?

English Summary: Election magic also has its limits writes Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com