ADVERTISEMENT

മുട്ടയെ ദൃ‍ഢമാക്കുന്ന ചൂടുവെള്ളം ഉരുളക്കിഴങ്ങിനെ മൃദുവാക്കും. സ്പീക്കർ ഷംസീറിന്റെ കഴിഞ്ഞ മാസങ്ങൾ ഓർത്തുനോക്കൂ. അറിയാതെ നിങ്ങളുടെ മനസ്സിലേക്കു മുട്ടയും ഉരുളക്കിഴങ്ങും ഉരുണ്ടുരുണ്ടെത്തും. നിയമസഭയിലെ ഭരണപക്ഷ എംഎൽഎക്കൂട്ടത്തിൽ അദ്ദേഹം പുഴുങ്ങിയ മുട്ടപോലെ ആയിരുന്നു. ദൃ‍ഢചിത്തൻ. പ്രതിപക്ഷത്തോട് അരക്കഴിഞ്ചു കരുണയില്ല. കഠിനതരമായ വാക്കുകൾകൊണ്ടു വാൾപ്രയോഗം നടത്താത്ത ദിവസങ്ങളില്ല. പ്രതിപക്ഷാംഗങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ ഷംസീറിന്റെ കഠിനപ്രയോഗങ്ങളിൽ ആരുടെയും കണ്ഠം കണ്ടമായില്ല; പ്രത്യേകിച്ച് ലീഗ് നേതാക്കളുടെ. പ്രസംഗത്തിൽ മുസ്‌ലിംലീഗ് എന്ന പേര് ഉൾപ്പെടെയുള്ള ലീഗാലിറ്റിയിലായിരുന്നു ഷംസീറിന്റെ കണ്ണ്. ലീഗിനെ വറുത്തുകോരി വട്ടിയിൽ വച്ചിട്ടേ അടങ്ങൂ. ശേഷം നേരെ പോകുന്നതു ലീഗ് അംഗങ്ങളുടെ അടുത്തേക്കായിരിക്കും. അൽപം മുൻപു ലീഗിനെക്കുറിച്ചു സംസാരിച്ച ഷംസീറാണോ ലീഗ് അംഗങ്ങളുടെ അടുത്തിരിക്കുന്നതെന്നു സംശയിക്കാത്തവരില്ല സഭയിൽ. ഒരേ ഗ്രോബാഗിൽ വളരുന്ന മത്തനും കുമ്പളവും പോലായിരിക്കും അവരപ്പോൾ.

റിയാസിന്റെ ലാൻഡിങ്ങോടെ ഷംസീറിന്റെ അക്കൗണ്ട് ക്ലോസായെന്നു വിധിച്ചവരാണു കൂടുതൽ. താൻ വളർത്തിയെടുത്ത പയ്യൻസ് തന്നെ വാൾപോസ്റ്ററാക്കി ഒട്ടിച്ചുകളഞ്ഞല്ലോയെന്നു ഷംസീറിനും തോന്നാതിരുന്നില്ല. മുഖ്യന്റെ മുഖം ഓർക്കുമ്പോൾ ദുഃഖങ്ങളൊക്കെ കുടിച്ചിറക്കി കുമ്പിട്ടു നിൽക്കാനല്ലേ പറ്റൂ. 

ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി വാഴിച്ചതോടെയാണു ഷംസീറിന്റെ ശനി അസ്തമിച്ചതും തൽസ്ഥാനത്തു ശുക്രൻ ഉദിച്ചതും. ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എറിയേണ്ട തദ്ദേശ വകുപ്പ് രാജേഷിനു സമ്മാനിച്ചു. അരുമശിഷ്യനെ കോടിയേരി മറന്നില്ല. അങ്ങനെ ഷംസീർ സ്പീക്കർ. അർധരാത്രി സൂര്യൻ ഉദിച്ച വിസ്മയം കണ്ടതുപോലെ ഷംസീർ പുഞ്ചിരിച്ചു; കേരളമാകെ ഇളകിച്ചിരിച്ചു. മന്ത്രിയാകാനായിരുന്നു മോഹം. കുടൽ കാഞ്ഞാൽ കുതിര വയ്ക്കോലും തിന്നുമല്ലോ. അന്നേരം ഷംസീറിന്റെ മനസ്സിൽ ഓടിയണഞ്ഞതു സതീശന്റെ വാക്കുകളായിരിക്കണം. താൻ പ്രസംഗിക്കുമ്പോൾ ഇടപെടാൻ ഷംസീർ ആരാ സ്പീക്കറോ എന്നു സതീശൻ ചോദിച്ചതിന്റെ മൂന്നാം മാസമായിരുന്നല്ലോ സ്പീക്കർസ്ഥാനത്തെ പട്ടാഭിഷേകം. ഷംസീർ സ്പീക്കറായാൽ എങ്ങനെ ശരിയാകുമെന്നു ശങ്കിച്ചവരൊക്കെ സ്തംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ചൂടുവെള്ളത്തിൽ കിടന്ന ഉരുളക്കിഴങ്ങിനെക്കാൾ മൃദുലോത്തമൻ. കണിശത കടലോളം.

കോവിഡ്കാലത്തു ഷംസീറിന്റെ മാസ്ക് കഴുത്തിലേ ഇരിക്കൂ. സ്പീക്കർ രാജേഷ് ഇടയ്ക്കിടെ വടിയെടുക്കുമ്പോൾ കഴുത്തിലെ മാസ്ക് വലിച്ചു നെറ്റിയിലേക്കു വയ്ക്കും. എത്ര ഓർമിപ്പിച്ചാലും മാസ്ക്കും ഷംസീറും ഇരിക്കേണ്ടിടത്ത് ഇരിക്കില്ല. മറ്റുള്ളവർക്കു ചിരിക്കാനൊരു വഹ. 

സ്പീക്കറായി മുകളിലെത്തിയ ഷംസീർ രാജേഷിന്റെ ചെവിക്കും പിടിച്ചു. സബ്മിഷന്റെ മറുപടി ഇത്തിരി നീണ്ടപ്പോൾ രാജേഷിനെ ഷംസീർ ഓർമിപ്പിച്ചു, ‘ടൈം, ടൈമാണു പ്രധാനം.’ ഓരോരുത്തരുടെ ടൈം തെളിയുന്നതു നോക്കണേ!

മുജ്ജന്മങ്ങളിലൊന്നിൽ രാജാ ഹരിശ്ചന്ദ്രന്റെ മന്ത്രിസഭയിൽ നീതിന്യായ മന്ത്രിയായിരുന്നല്ലോ ജലീൽ. നന, കുളി, ജപം, കൗപീന ധാരണം എന്നിവയിൽപോലും സത്യസന്ധത തളംകെട്ടിക്കിടന്നു. ഇടതു സർക്കാരുകൾ വിസിമാരെ നിയമിച്ചതും നിയമിക്കുന്നതും രാഷ്ട്രീയം നോക്കാതെയാണത്രേ! പട്ടികയങ്ങനെ ജലീൽ വായിച്ചു തള്ളിക്കൊണ്ടിരിക്കുന്നു. നിർത്താൻ പറഞ്ഞിട്ടു വഴങ്ങുന്നില്ല. ക്ഷമകെട്ട് ഒടുവിൽ ഷംസീർ മൈക്ക് ഓഫ് ചെയ്തു; ഹല്ല പിന്നെ.

sasi

മികച്ച സ്റ്റേറ്റ്സ്മാൻ;  അതാണു ഷംസീറിന്റെ അടുത്ത ലക്ഷ്യം. മുൻ മുഖ്യന്മാരെയും സ്പീക്കർമാരെയും കണ്ടുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലായി എ.കെ.ആന്റണിയുടെ വീടിന്റെ പടിയും ചവിട്ടി. മൂവർണക്കരയുള്ള മുണ്ടും ധരിച്ചായിരുന്നു വരവ്. ലക്ഷണമൊത്ത സ്റ്റേറ്റ്സ്മാൻ അങ്ങനെയായിരിക്കണമത്രേ. ചെല്ലുന്നിടത്തു ചേർന്നു നിൽക്കണം!.

ആശയങ്ങൾ കൂടിപ്പോയാലും...

ചിന്തിച്ചതെല്ലാം നടപ്പാകണമെന്നില്ല. കുറച്ചൊക്കെ മാറ്റിവയ്ക്കാം. മൊത്തത്തിൽ മാറ്റിവച്ചാലോ? അതാണു കോൺഗ്രസുകാർ. കോഴിക്കോട്ടെ ചിന്തൻ ശിബിരം മറക്കാനാകുമോ? സംഘടനയെ രക്ഷിക്കാൻ ആശയങ്ങളുടെ പെരുമഴ മാത്രമല്ല, രാത്രിമഴയും ചാറ്റൽമഴയുമൊക്കെ ഉണ്ടായിരുന്നു. കോരിയ കിണറ്റിലേ വെള്ളമൂറൂ. ആശയങ്ങളങ്ങനെ അലഞ്ഞു നടക്കുന്നതുകണ്ടു കുമ്പക്കുടിയാശാൻ ഞെട്ടിയത്രേ. കുറച്ചു തമിഴ്നാടിനും കർണാടകയ്ക്കും കൊടുത്താലോ എന്നുവരെ ആലോചിച്ചു. അതും ഒരു ആശയമായി ബുക്കിൽ എഴുതിച്ചേർത്തു. 

ചിന്തയ്ക്കുശേഷം പരസ്പരം കൈപിടിച്ച് എണീറ്റു മുട്ടു തടവി നേതാക്കൾ പ്രഖ്യാപിച്ചു: അത്യുഗ്രൻ ആശയങ്ങൾ. ദോശചുടുന്ന വേഗത്തിൽ നടപ്പാക്കിയിരിക്കും. അതിനായി ഒരു സമിതിയെ വയ്ക്കുമെന്ന് ആശാനും വച്ചുകാച്ചി. തീരുമാനം ചിതലരിക്കാൻ തുടങ്ങിയിട്ടു മാസം ആറു കഴിഞ്ഞു. സമിതിപോലും വന്നിട്ടില്ല. ആശാൻ അടവുതെറ്റി വീണുകൊണ്ടിരിക്കുകയല്ലേ? പിന്നെയല്ലേ പാർട്ടിയുടെ അടവുകൾ നടപ്പാക്കൽ?

ആശാൻ അമരത്തുവന്നിട്ട് ഒന്നരവർഷം കഴിഞ്ഞു. 52 ഭാരവാഹികൾക്കപ്പുറം പോകാൻ കഴിഞ്ഞിട്ടേയില്ല. ആശാനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വിമാനത്തിന്റെ കോക്പിറ്റിലെ സ്വിച്ചുകൾക്കിടയിൽ അകപ്പെട്ടതുപോലെയല്ലേ അവസ്ഥ. പറക്കാനും നിർത്താനുമുള്ള സ്വിച്ചുകൾ ഏതെന്നു തെല്ലും നിശ്ചയമില്ല. ചെന്നിത്തല നിയമിച്ചത്, സതീശൻ ചൂണ്ടിക്കാണിച്ചത്, ഉമ്മൻ ചാണ്ടി നിലനിർത്തിയത്, വേണുഗോപാൽ പിടിച്ചിരുത്തിയത്, മുല്ലപ്പള്ളി വിളിച്ചുപറഞ്ഞത്, മുരളീധരൻ എടുത്തുവച്ചത്....അങ്ങനെയങ്ങനെ ഓരോ പോസ്റ്റുകളിൽ പലരും അള്ളിപ്പിടിച്ച് ഇരിപ്പുണ്ട്. ഒറ്റ ഷോക്കിൽ തീർത്തുകളയാവുന്നതേയുള്ളൂ. പക്ഷേ, എടുത്തുവച്ച നേതാക്കൾ പിണങ്ങും. ഹൈക്കമാൻഡിൽനിന്നു കുങ്കിയാനകളെ ഇറക്കിയാലും ഇണക്കിയെടുക്കാനാകില്ല. സംഘടന നശിച്ചാലും തങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരിക്കണം. അങ്ങനെ ശഠിക്കുന്ന നേതാക്കളാണല്ലോ കോൺഗ്രസിൽ കൂടുതൽ. ഭൂപടത്തിൽപോലും പരദേശം കാണാത്തവർ പ്രവാസി കോൺഗ്രസിലും കുന്താലി പിടിക്കാൻ അറിയാത്തവർ കർഷക കോൺഗ്രസിലും ഉണ്ടത്രേ. ഗൾഫിലെ വ്യവസായിക്ക് ഐഎൻടിയുസി സംസ്ഥാന ഭാരവാഹിയാകാമെങ്കിൽ ആർക്കും എന്തും ആകാമല്ലോ! കോൺ‍ഗ്രസിലാണെങ്കിൽ ഷഷ്ടിപൂർത്തിയുടെ പിറ്റേന്നുവരെ യുവനേതാവായി വിലസാം. ശ്രദ്ധിച്ചില്ലെങ്കിൽ ആ പ്രായത്തിൽ കെഎസ്‌യു ഭാരവാഹിയാകാനും സാധ്യതയുണ്ട്. 

ആശയങ്ങൾ അറപ്പുരയിലാക്കിയ നിലയ്ക്ക് അടുത്ത നാടകമായ ഭാരവാഹി തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കം ആരംഭിച്ചുകഴിഞ്ഞു. അടി എവിടെയൊക്കെ നടക്കുമെന്ന് ആർക്കുമൊരു നിശ്ചയവുമില്ല. ഇനിയുള്ള നാളുകളിൽ പല നേതാക്കളെയും കാണണമെങ്കിൽ ഗ്രൂപ്പ് മാനേജർമാരുടെ അടുക്കളപ്പുറത്തേക്കു പോകണം. തുണയ്ക്കാൻ നാലാളില്ലെങ്കിലും ഗ്രൂപ്പുണ്ടെങ്കിൽ ഭാരവാഹിയാകാൻ പറ്റുന്ന ഒരു പാർട്ടിയല്ലേയുള്ളൂ ഉലകിൽ!

സ്റ്റോപ് പ്രസ്

ഉപഗ്രഹസർവേയിൽ അപാകതയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സർക്കാരിനറിയാമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ.

ഇത്രയുമറിവുള്ള മന്ത്രിയെയാണ് നമ്മൾ സംശയിച്ചത്.

English Summary: Vimathan Azhchakurippukal on AN Shamseer and AK Saseendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com