ADVERTISEMENT

ലോകത്തെക്കുറിച്ചു വിശാലവും സുവ്യക്‌തവുമായ കാഴ്ചപ്പാടുകൾ ചരിത്രത്തിനു സമ്മാനിച്ചാണ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ യാത്രയാവുന്നത്. ആഗോള കത്തോലിക്കാ സഭയുടെ പരമോന്നത സ്‌ഥാനത്തുനിന്ന് സ്വമനസ്സാൽ പടിയിറങ്ങിയതടക്കം, അനിതരസാധാരണമായ പല തീരുമാനങ്ങളിലൂടെയും കാലത്തിൽ കയ്യെ‍ാപ്പു ചാർത്തിയ ഒരാളുടെ വേർപാടാണിത്.

ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പയായിരുന്നു ബനഡിക്‌ട് പതിനാറാമൻ. ജീവിതത്തിന്റെ അനുഭവപാഠങ്ങളാണ് അദ്ദേഹത്തിന് എന്നും വഴികാട്ടിയത്. രണ്ടാം ലോകയുദ്ധകാലത്തു ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാംപുകളിൽ നടന്ന പീഡനങ്ങളിൽ പലതും നേരിൽ കണ്ടു മുറിവേറ്റ ആ ഹൃദയത്തിൽ ഹംഗറിയിലെ ജൂതരെ മരണക്കപ്പലിൽ കയറ്റി അയയ്‌ക്കുന്നതിനു സാക്ഷ്യം വഹിച്ചതിന്റെ സങ്കടങ്ങളുമുണ്ടായിരുന്നു. ഈ കഠിനാനുഭവങ്ങളാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു തിരിച്ചുവിട്ടത്. 1951ൽ വൈദികപട്ടം സ്വീകരിച്ചു. തുടർന്നു ദൈവശാസ്‌ത്രത്തിൽ പാണ്ഡിത്യം നേടി. ദൈവശാസ്‌ത്രത്തിനും തത്വജ്‌ഞാനത്തിനും പുതിയ ചിന്തകളുടെ വെളിച്ചം പകരുന്നതിനൊപ്പം വിശ്വാസത്തിനും സഭയുടെ ഘടനാപരമായ അടിത്തറയ്‌ക്കും കൂടുതൽ ഉറപ്പു നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു.

മാർപാപ്പമാരുടെ മഹനീയമായ അനുസ്യൂതിയിലാണു കാലത്തിലൂടെയുള്ള കത്തോലിക്കാ സഭയുടെ സഞ്ചാരം. വത്തിക്കാൻ എന്ന സ്വതന്ത്ര രാഷ്‌ട്രത്തിന്റെ തലവൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വെളിച്ചമാവേണ്ട ധാർമിക ദർ

ശനങ്ങളുടെ പ്രതീകം കൂടിയാണെന്ന ആത്മബോധ്യത്തോടെയാണ് 2005ൽ അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചത്. ജർമനിയിൽനിന്നുള്ള കർദിനാൾ ജോസഫ് റാറ്റ്‌സിങ്ങർ, ബനഡിക്‌ട് പതിനാറാമൻ എന്ന പേരിൽ കത്തോലിക്കാ സമൂഹത്തിന്റെ പരമാചാര്യനും വത്തിക്കാൻ രാഷ്‌ട്രത്തിന്റെ തലവനുമായി അന്നു ചുമതലയേറ്റപ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയതു സഭാംഗങ്ങൾ മാത്രമല്ല, ലോകം മുഴുവനുമായിരുന്നു. ആ പ്രതീക്ഷ അദ്ദേഹം തെറ്റിച്ചതുമില്ല.

വിശ്വാസദീപം പ്രോജ്വലിപ്പിക്കാനുള്ള ഉത്തരവാദിത്തം നവകാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിശുദ്ധ പത്രോസിന്റെ പുതിയ പിൻഗാമിക്കു സഭയുടെ പരമ്പരാഗത മൂല്യങ്ങളിൽനിന്നു വ്യതിചലിക്കാനാവില്ലെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. അതേസമയം, മാറിവരുന്ന ലോകസാഹചര്യങ്ങളോടു മാർപാപ്പയെന്ന നിലയിൽ പ്രായോഗികമായി പ്രതികരിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. വിശ്വാസ ജീവിതത്തിൽ ചോർച്ചയുളവാക്കുന്ന സങ്കീർണ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും അവയോടു സാർഥകമായി പ്രതികരിക്കാനും അദ്ദേഹത്തിനു സാധിച്ചത് അതുകെ‍ാണ്ടുതന്നെയാവും. വിമോചന ദൈവശാസ്‌ത്രം പരമ്പരാഗത വിശ്വാസഘടനയുമായി എത്രമാത്രം യോജിച്ചുപോകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മുൻവിധികളില്ലാതെ ചിന്തിക്കാനും വിലയിരുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

സാർവലൗകിക പൗരൻ എന്ന നിലയിൽ മാർപാപ്പയുടെ നയസമീപനങ്ങൾ ലോകചരിത്രത്തെ തന്നെ സ്വാധീനിക്കുമെന്ന ബോധ്യമാണ് ബനഡിക്‌ട് പതിനാറാമനെ നിർണായക തീരുമാനങ്ങളിലേക്കു നയിച്ചത്. അനാരോഗ്യം വകവയ്‌ക്കാതെ ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും പുതിയ ബന്ധങ്ങൾക്കു തുടക്കമിടുകയും ചെയ്തു. യുവാക്കളെ അഭിസംബോധന ചെയ്യാൻ ട്വിറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വത്തിക്കാന്റെ നിലപാടുകളിൽ ചില മാറ്റങ്ങളുണ്ടാക്കാനും സാധിച്ചു. പുതിയ കാലത്തിന്റെ മാധ്യമം ‘സോഷ്യൽ മീഡിയ’ ആണെന്നും യുവതീയുവാക്കൾ അവ വിവേചനബുദ്ധിയോടെ ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദൈവബോധവും മൂല്യബോധവും ഇല്ലാത്ത സാങ്കേതിക പുരോഗതി ലോകത്തിനു ഭീഷണിയാണെന്നു മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

മാർപാപ്പയായി എട്ടു വർഷത്തിനുശേഷം, എൺപത്തിയഞ്ചാം വയസ്സിൽ ആരോഗ്യകാരണങ്ങളാലായിരുന്നു സ്ഥാനത്യാഗം. പിന്നീട്, പോപ് ഇമെരിറ്റസ് ആയി തുടർന്നു. കത്തോലിക്കാ സഭയിൽ 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയാണ് അദ്ദേഹം. നേതൃസ്‌ഥാനം ഒഴിയേണ്ട നേരമായിരിക്കുന്നു എന്ന് ഒരു മഹാനേതാവ് സ്വയം തിരിച്ചറിഞ്ഞ് പൂർണബോധ്യത്തോടെ അതു പ്രഖ്യാപിക്കുന്നതു ചരിത്രത്തിൽതന്നെ അപൂർവമാണ്. ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയുടെ സ്‌ഥാനത്യാഗ തീരുമാനം, മതാധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സുതാര്യവും സുദൃഢവുമായ ദൈവോന്മുഖ സമീപനത്തിന്റെ അടയാളമായിത്തീരുകയും ചെയ്തു.

ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പേരുവിളിച്ചത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലുമായി രണ്ടു കർദിനാൾമാരെ നിയോഗിച്ചുകൊണ്ട് കേരളസഭയ്‌ക്കു വത്തിക്കാനിൽ ഉചിത പ്രാതിനിധ്യവും നൽകി. ഒപ്പം ബോംബെ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും കർദിനാൾ പദവി നൽകിക്കൊണ്ട് ഭാരത സഭയ്ക്കുള്ള അർഹമായ പ്രാതിനിധ്യം നിലനിർത്തി. ബനഡിക്ട് പതിനാറാമനു മലയാള മനോരമയുടെ ഹൃദയാഞ്ജലി.

Content Highlight: Pope Emeritus Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com