ADVERTISEMENT

‘‘കേരളം മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരും. കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നതു കേന്ദ്രമാണ്.’’
- മന്ത്രി കെ.എൻ.ബാലഗോപാൽ മൂന്നാഴ്ച മുൻപു നിയമസഭയിൽ‌ പറഞ്ഞത്.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാ സർക്കാരുകളുടെയും കാലത്ത് ധനമന്ത്രിമാർ തുറന്നു സമ്മതിക്കാറുണ്ട്. അത് ഒരു പരിധിവരെ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള വകുപ്പുകളുടെ സമ്മർദം നിയന്ത്രിക്കാൻ വേണ്ടിക്കൂടിയായിരുന്നു. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.

മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഇൗ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടാതിരിക്കുക എന്നാൽ, പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽപങ്ക് നഷ്ടപ്പെടുക എന്നാണ്. ഇൗ തുക അത്ര നിസ്സാരമല്ലെന്നു ചുരുക്കം.

sketch

1,71,000 കോടി രൂപയാണ് ഇൗ വർഷം സർക്കാർ കണക്കുകൂട്ടുന്ന ആകെ ചെലവ്. വരവു കുറയുമ്പോൾ അതിനനുസരിച്ചു ചെലവും കുറയ്ക്കണമല്ലോ. അപ്പോൾ 40,000 കോടി രൂപ കുറച്ച് ബാക്കി 1,31,000 കോടി രൂപയേ സർക്കാരിനു ചെലവിടാനാകൂ. സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ ഇൗ വർഷം 70,000 കോടി രൂപയെങ്കിലും വേണം. പിന്നെ 61,000 കോടി രൂപയാണു ബാക്കി. മുൻപു കടമെടുത്ത തുകയുടെ പലിശ കൊടുക്കാൻ 25,000 കോടി മാറ്റിവയ്ക്കേണ്ടതുണ്ട്.

ബാക്കി 36,000 കോടി രൂപ കൊണ്ടുവേണം മറ്റു ഭരണപരമായ ചെലവുകൾ നടത്താനും പദ്ധതികൾക്കു പണം കണ്ടെത്താനും. 22,300 കോടി രൂപ വേണം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 40% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. എത്ര മിച്ചം പിടിച്ചാലും ഇൗ വർഷം പദ്ധതികൾക്കാവശ്യമായ തുകയുടെ പകുതി പോലും കണ്ടെത്താൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ കാട്ടുന്ന തന്ത്രമാണ് പദ്ധതി വെട്ടിക്കുറയ്ക്കൽ. അതിനുള്ള കത്തി ധനവകുപ്പ് ഇപ്പോഴേ മൂർച്ചകൂട്ടി വച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് അതു പ്രയോഗിക്കും. ഇതിനു പുറമേ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു ഫയലുകളാണ് ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത്. സമയത്തിനു സർക്കാർ ഗ്രാന്റ് ലഭിക്കാതെ ശമ്പളം മുടങ്ങിയ കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഒട്ടേറെ. രണ്ടു മാസത്തെ ക്ഷേമപെൻഷൻ മുടങ്ങി. ഒടുവിൽ‌ വിവാദമായപ്പോൾ, കടമെടുത്ത പണം ഉപയോഗിച്ചാണ് പെൻഷൻ നൽകിയത്.

പിരിവെല്ലാം പാതിവഴിയിൽ

ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഇൗ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്.

chart

ശമ്പളവും പെൻഷനും മുടങ്ങുമോ?

ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.

ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി.

ഇതിനു പുറമേ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ താൽക്കാലികമായി വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അതല്ല സ്ഥിതി. കോവിഡ് അകന്നു. വരുമാനത്തിൽ നേരിയ വർധനയുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര കുതിപ്പില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയും കുത്തനെ കുറഞ്ഞു. അങ്ങനെ ഐസക് ചൂണ്ടിക്കാട്ടിയ കഷ്ടകാലത്തിലെത്തി നിൽക്കുകയാണിപ്പോൾ കേരളം. പ്രതിമാസം വിതരണം ചെയ്യാൻ തീരുമാനിച്ച ക്ഷേമ പെൻഷൻ‌ മുടങ്ങി. ഗുരുതരാവസ്ഥ തുടർന്നാൽ‌ ശമ്പള വിതരണത്തെയും പ്രതിസന്ധി പിടികൂടും.

ഇഷ്ടക്കാരെ മാത്രം ഊട്ടി കേന്ദ്രം
ഡോ.ടി.എം.തോമസ് ഐസക് (ധനകാര്യ വിദഗ്ധനും മുൻ‌ ധനമന്ത്രിയും)

കേന്ദ്രത്തിൽനിന്നു ധനകാര്യ കമ്മിഷന്റെ തീർപ്പു പ്രകാരവും മറ്റു മാർഗങ്ങൾ മുഖേനയും നമുക്കു ലഭിക്കുന്ന ധനസഹായം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കുറവാണെന്നതാണ് കേരളത്തിന്റെ ധനകാര്യ ഞെരുക്കത്തിന്റെ മുഖ്യകാരണം. മറ്റു സംസ്ഥാനങ്ങൾക്ക് അവരുടെ റവന്യു വരുമാനത്തിന്റെ പകുതിയോളം ധനസഹായമായി നൽകുന്ന കേന്ദ്രം, കേരളത്തിന് 30 ശതമാനത്തിൽ താഴെമാത്രമാണു നൽകുന്നത്. ധനകാര്യ കമ്മിഷന്റെ മാനദണ്ഡങ്ങൾ നമുക്ക് അനുയോജ്യമല്ല. കേന്ദ്രം തരുന്ന മൊത്തം ധനസഹായത്തിന്റെ 60 മുതൽ 70% വരും ധനകാര്യ കമ്മിഷൻ ഗ്രാന്റ്. ബാക്കി കേന്ദ്രാവിഷ‍്കൃത പദ്ധതികളാണ്. ഇവിടെയാണ് കൊടിയ വിവേചനം.

തോമസ് ഐസക് (Photo: JOSEKUTTY PANACKAL / MANORAMA)
തോമസ് ഐസക് (Photo: JOSEKUTTY PANACKAL / MANORAMA)

ബിജെപി അധികാരത്തിൽ വരുന്നതിനു മുൻ‌പു പദ്ധതി ധനസഹായം ഗാഡ്ഗിൽ ഫോർമുലയുടെ അടിസ്ഥാനത്തിൽ ആസൂത്രണ കമ്മിഷനാണ് വിതരണം ചെയ്തിരുന്നത്. മോദി ആസൂത്രണ കമ്മിഷൻ നിർത്തലാക്കി. പദ്ധതിത്തുക മുഴുവൻ കേന്ദ്രധനമന്ത്രിയുടെ ഇഷ്ടപ്രകാരം കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലും സംസ്ഥാനങ്ങളിലുമായി വീതംവയ്ക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു വാരിക്കോരി കൊടുക്കുമ്പോൾ കേരളത്തിനു നക്കാപ്പിച്ചയാണ് തരുന്നത്. ഓരോ തിരഞ്ഞെടുപ്പിനു മുൻപും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പോയി പ്രഖ്യാപിച്ച പാക്കേജുകളുടെ വലുപ്പം നോക്കിയാൽ മതി എത്ര വിവേചനപരമായിട്ടാണ് കേന്ദ്ര ധനസഹായം നൽകുന്നതെന്നു മനസ്സിലാക്കാൻ.

പിരിക്കേണ്ടത് ആദ്യം പിരിക്കൂ
പ്രഫ.കെ.പി.കണ്ണൻ (മുൻ ഡയറക്ടർ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്)

സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഒന്നിലധികം തവണ ധനമന്ത്രി തന്നെ പറഞ്ഞതു വലിയൊരു കാര്യമാണ്. കേന്ദ്ര– സംസ്ഥാന ബന്ധത്തിലെ അസന്തുലിതാവസ്ഥയും സംസ്ഥാനങ്ങളുടെ പരിദേവനങ്ങളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാലേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ.

KP-Kannan
പ്രഫ.കെ.പി.കണ്ണൻ

ജിഎസ്ടി നഷ്ടപരിഹാരം തുടരണം എന്ന ആവശ്യം ഇത്തരത്തിൽ എല്ലാ സംസ്ഥാനങ്ങളും ചേർന്ന് ഉന്നയിക്കേണ്ട ആവശ്യമാണ്. പക്ഷേ, ഇവിടെ സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് പിരിച്ചെടുക്കേണ്ട നികുതിയും നികുതി ഇതര വരുമാനവും പിരിച്ചെടുക്കുക എന്നതാണ്. കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിൽ രണ്ടു പങ്കുപോലും ഇപ്പോൾ പിരിച്ചെടുക്കുന്നില്ല. ചില ചരക്കുകളുടെ കാര്യത്തിൽ അതു ഭീകരാവസ്ഥയിലുമാണ്. ഉദാഹരണത്തിന്, സ്വർണം. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിൽ പരിഹാരം ഉറപ്പാണ്.

നാളെ: കുരുക്കാകുന്ന കടമെടുപ്പ്

English Summary: Economic crisis in the state is extremely serious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT