ADVERTISEMENT

‘‘കടം വാങ്ങുന്നതു തെറ്റായ കാര്യമല്ല. കടം വാങ്ങിയാലേ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയൂ. ഇപ്പോൾ പണിയേണ്ട ഒരു പാലം 10 വർഷം കഴിഞ്ഞ് ഇപ്പോഴത്തേതിനെക്കാൾ ഇരട്ടി പണം ചെലവിട്ടു പണിയുന്നതിനെക്കാൾ നല്ലതല്ലേ ഇപ്പോൾ കടം വാങ്ങി ആ പാലം നിർമിക്കുന്നത്?’’ – കടമെടുപ്പിനെ ന്യായീകരിക്കാൻ വർഷങ്ങളായി സർക്കാർ ഉയർത്തുന്ന വാദമാണിത്. ഓരോ വർഷവും കടമെടുക്കുന്ന കണക്കുകൾ പുറത്തുവരുമ്പോൾ‌ കേന്ദ്രം അനുവദിക്കുന്ന പരിധിക്കുള്ളിൽനിന്നു മാത്രമേ കേരളം കടമെടുക്കുന്നുള്ളൂവെന്നും അനിയന്ത്രിതമായി കടമെടുക്കാൻ കേരളത്തിനു കഴിയില്ലെന്നും ധനമന്ത്രിമാർ വാദിക്കും.

എന്നാൽ, സംഭവിച്ചതു മറിച്ചാണ്. കേന്ദ്രം നിശ്ചയിച്ച പരിധി മറികടന്ന് എങ്ങനെ കടമെടുക്കാമെന്നാണ് കേരളം പലപ്പോഴും ചിന്തിച്ചത്. സംസ്ഥാന സർക്കാരിന്റെ വരുമാനവും കടമെടുക്കുന്ന തുകയുംകൊണ്ട് ശമ്പളവും പെൻഷനും ക്ഷേമപെൻഷനും കൊടുത്തു തീർക്കാനേ കഴിയൂ എന്ന സ്ഥിതി വന്നു. വികസന പദ്ധതികൾ നടപ്പാക്കാനെന്ന പേരിൽ എടുക്കുന്ന കടമെല്ലാം ചെലവിട്ടത് ഇത്തരം ദൈനംദിന ആവശ്യങ്ങൾക്കായിരുന്നു. അതോടെ വികസന പദ്ധതികൾക്കു പണം തികയാതെ വന്നു. അങ്ങനെയാണ് ബജറ്റിനു പുറത്ത് വലിയ കടമെടുപ്പ് ഒന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടത്.

5 വർഷം കൊണ്ട് 50,000 കോടി രൂപ സമാഹരിച്ചു വികസനം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയായിരിക്കെ ടി.എം.തോമസ് ഐസക്കിന്റെ പ്രഖ്യാപനം. അതിനായി കിഫ്ബിക്കു രൂപം നൽകി. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചെന്ന് ഇന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അടിക്കടി പരാതിപ്പെടുന്നതിനു കാരണം അന്നത്തെ ആ നീക്കമായിരുന്നു. കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഇൗ വർഷത്തേക്കും ഇനിയുള്ള വർഷങ്ങളിലേക്കുമുള്ള കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നു. അടുത്ത 4 വർഷത്തേക്കുള്ള കടമെടുപ്പിൽ‌ 24,000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുക.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കഴിഞ്ഞ മാർച്ച് 31ലെ കണക്കുപ്രകാരം കിഫ്ബി അടക്കം 36 പൊതുമേഖലാ സ്ഥാപനങ്ങൾക്കു വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ ഗാരന്റി നിന്നിട്ടുണ്ട്. ഇൗ സ്ഥാപനങ്ങളുടെ ആകെ കടബാധ്യത 31,800 കോടി രൂപയാണ്. ഇൗ ബാധ്യത മുഴുവൻ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു കണക്കിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ കേന്ദ്രം.

ഒരു വർഷം ശരാശരി 30,000 കോടി രൂപ കടമെടുക്കാൻ കഴിയുന്ന കേരളത്തിന് ഇതു താങ്ങാവുന്നതിൽ അപ്പുറമാണ്. കടമെടുപ്പു വെട്ടിക്കുറയ്ക്കുന്നതിനു കേന്ദ്രത്തെ കുറ്റം പറയുമ്പോഴും ധനവകുപ്പിലെ ഉന്നതർ രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വീണ്ടുവിചാരമില്ലാത്ത പോക്ക് ഇപ്പോഴത്തെ സമാനതകളില്ലാത്ത പ്രതിസന്ധിക്കു കാരണമാണ്.

കടം പറഞ്ഞുപറഞ്ഞ്

കഴിഞ്ഞ 25 വർഷംകൊണ്ട് കേരളത്തിന്റെ പൊതുകടത്തിൽ 3 ലക്ഷം കോടി രൂപയുടെ വർധന! അതായത് 5 സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചപ്പോൾ 1996 ലെ കടം 13 ഇരട്ടിയായി പെരുകി. ഇന്നും റിസർവ് ബാങ്കിൽനിന്നു കേരളം കടമെടുക്കുകയാണ് 2,603 കോടി രൂപ. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുകടം 4 ലക്ഷം കോടിയായി ഉയർന്നേക്കും. 

table-2

കടമെടുക്കുന്നത് ഇങ്ങനെ

ചെലവും വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. വരവിനെക്കാൾ ചെലവേറുമ്പോൾ ആ ചെലവു നിറവേറ്റാൻ സർക്കാരിനു പണം കടമെടുക്കേണ്ടി വരും. ഓരോ സാമ്പത്തികവർഷത്തിന്റെയും തുടക്കത്തിൽ ആ വർഷം കടമെടുക്കാവുന്ന തുക ഓരോ സംസ്ഥാനത്തെയും കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് റിസർവ് ബാങ്ക് കടമെടുപ്പ് കലണ്ടർ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ കടമെടുക്കാൻ ആഗ്രഹിക്കുന്ന തുകയും തിരിച്ചടവു കാലയളവും എല്ലാ വെള്ളിയാഴ്ചകളിലും റിസർവ് ബാങ്ക് വിജ്ഞാപനം ചെയ്യും. ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇ–കുബേർ എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് വായ്പയ്ക്കായുള്ള ലേലം നടക്കുക. കടപ്പത്രങ്ങളാണു ലേലം ചെയ്യുന്നത്. കടപ്പത്രങ്ങൾ വാങ്ങുന്നതിൽ ഏറെയും ബാങ്കുകളും എൽഐസി പോലുള്ള ഇൻഷുറൻസ് കമ്പനികളുമാണ്. തിരിച്ചടവ് ഉറപ്പുള്ളതിനാൽ കടപ്പത്രങ്ങൾ വാങ്ങുന്നതിന് ആർക്കും മടിയില്ല. ശരാശരി 7.5% പലിശയ്ക്കാണ് ഇപ്പോൾ മിക്ക സംസ്ഥാനങ്ങൾക്കും വായ്പ ലഭിക്കുന്നത്.

കേരളത്തിന് കിട്ടുക 3.5%

സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനമാണ് കേരളത്തിന് ഇൗ വർഷം കടമെടുക്കാവുന്ന തുക. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം ഏകദേശം 10 ലക്ഷം കോടി രൂപയാണ്. അതിനാൽ 32,435 കോടി രൂപയാണ് ഇൗ വർഷം കടമെടുക്കാൻ കഴിയുക. ബജറ്റിനു പുറത്തെ കടമെടുപ്പിന്റെ പേരിൽ ഇൗ തുകയിലും കേന്ദ്രം കുറവു വരുത്തിയിട്ടുണ്ട്.

കടം പെരുകി; കേരളത്തിന്റെ റേറ്റിങ് നെഗറ്റീവ്

യുഎസ് ആസ്ഥാനമായ രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ചിന്റെ ഏറ്റവും പുതിയ (ഒക്ടോബർ) വിലയിരുത്തൽ പ്രകാരം കേരളത്തിന്റെ സാമ്പത്തിക ഭദ്രത നെഗറ്റീവിലേക്കു കൂപ്പുകുത്തി. മുൻപു സുസ്ഥിരമായിരുന്നു (സ്റ്റേബിൾ) റേറ്റിങ്. കടം പെരുകിപ്പെരുകി വരുന്നതാണ് കാരണമെന്നു ഫിച്ച് വിലയിരുത്തി. കിഫ്ബി ക്രെഡിറ്റ് റേറ്റിങ്ങും നെഗറ്റീവിലേക്കു താണു.

ഡീസലടിക്കാൻ പണമില്ല; ഓട്ടം നിർ‌ത്തി പൊലീസ്

സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ പൊലീസിനു ഡീസൽ അടിക്കുന്നതിനു നിയന്ത്രണം. അവശ്യ സർവീസ് എന്ന നിലയിൽ അനിയന്ത്രിതമായി ഇന്ധനം ഉപയോഗിക്കാവുന്ന സേനയാണു പൊലീസ്. എന്നാൽ, ഇനി മുതൽ രണ്ടുദിവസം കൂടുമ്പോൾ 10 ലീറ്റർ വീതം മാത്രമേ ഉപയോഗിക്കാവൂ എന്നു സ്റ്റേഷനുകൾക്കു പൊലീസ് ആസ്ഥാനത്തുനിന്നു നിർദേശം ലഭിച്ചു. ഹൈവേ പട്രോൾ‌ വാഹനങ്ങൾ അടക്കം ഇതോടെ ഓട്ടം നിർ‌ത്തി. ഇന്ധനം നിറച്ച വകയിൽ നൽകാനുള്ള പണം ഒരു കോടി കവിഞ്ഞതോടെ എണ്ണക്കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫണ്ട് തീർന്നതോടെ കൂടുതൽ പണം ആവശ്യപ്പെട്ടു ധനവകുപ്പിനു ഡിജിപി ഫയൽ കൈമാറിയെങ്കിലും തീരുമാനമായിട്ടില്ല.

കടത്തിൽ കേരളം ഒൻപതാമത്

1. യുപി 6.29 ലക്ഷം കോടി
2. തമിഴ്നാട് – 5.88 ലക്ഷം കോടി
3. മഹാരാഷ്ട്ര – 5.26 ലക്ഷം കോടി
4. ബംഗാൾ – 5.01 ലക്ഷം കോടി
5. രാജസ്ഥാൻ – 4.33 ലക്ഷം കോടി
6. കർണാടക – 3.96 ലക്ഷം കോടി
7. ഗുജറാത്ത് – 3.56 ലക്ഷം കോടി
8. ആന്ധ്ര – 3.36 ലക്ഷം കോടി
9. കേരളം – 3.29 ലക്ഷം കോടി
10. മധ്യപ്രദേശ് – 2.84 ലക്ഷം കോടി

*അവലംബം: ബജറ്റ് രേഖകൾ

സ്ഥിതി അപകടകരം
∙ ഡോ. മേരി ജോർജ് (സാമ്പത്തിക വിദഗ്ധ)

കേരളത്തെ ഇത്രത്തോളം കടക്കെണിയിൽ എത്തിച്ചതിനു പിന്നിലെ മുഖ്യപ്രതി കിഫ്ബി പോലുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളുകളാണ്. 70,672 കോടി രൂപ ഇൗ സ്ഥാപനങ്ങൾ വഴി സ്വീകരിക്കും എന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇൗ കണക്ക് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇത്തരം കടമെടുപ്പുകൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. സംസ്ഥാന സർക്കാരിന്റെ ഗാരന്റിക്കുമേൽ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയ്ക്ക് ഉത്തരവാദി സർക്കാർ തന്നെയാണ്. അതിനാൽ ഇവ കേരളത്തിന്റെ കടക്കണക്കിൽ വരണം. കേന്ദ്രവും കേരളവുമൊക്കെ പാസാക്കിയിട്ടുള്ള ധന ഉത്തരവാദിത്ത നിയമം അനുസരിച്ച് സംസ്ഥാനങ്ങളുടെ ആകെ കടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 21 ശതമാനത്തിനുള്ളിൽ നിൽക്കണം. കേരളത്തിൽ ഇത് 37 ശതമാനത്തിൽ ഏറെയാണ്.

ഭയക്കരുത്; കരുതൽ മതി
∙ ഡോ.കെ.രവി രാമൻ (സംസ്ഥാന ആസൂത്രണ ബോർഡ് അംഗം)

കേരളത്തിന്റെ കടമെടുപ്പ് അപകട അവസ്ഥയിലേക്കു പോയിട്ടില്ല. കടത്തെക്കുറിച്ചുള്ള അകാരണമായ ഭയം പൊതുവേ മലയാളികളെ പിടികൂടിയിട്ടുണ്ട്. സർക്കാരിന്റെ കടമെടുപ്പിനെ കണ്ണടച്ച് എതിർക്കുന്നതിന് ഒരു കാരണം അതു കൂടിയാകാം. കടമെടുത്ത് വികസന പദ്ധതികൾ നടപ്പാക്കിയില്ലായിരുന്നെങ്കിൽ പല വികസിത രാജ്യങ്ങളും ഇന്നത്തെ അവസ്ഥയിലേക്കു മുന്നേറില്ലായിരുന്നു. എന്നാൽ, കടമെടുപ്പ് പരിധി വിട്ടുപോകരുതെന്ന വാദം ശരിയാണ്. സാമ്പത്തിക വളർച്ച ഉറപ്പാക്കി കടമെടുക്കുന്നതിൽ തെറ്റില്ല. കടമെടുപ്പ് ഭയന്ന് വികസന പദ്ധതികളിൽനിന്നു മാറിനിൽ‌ക്കരുത്. ഹരിതവിപ്ലവം നമുക്കു നഷ്ടപ്പെട്ട സൗഭാഗ്യമാണ്. അന്നു കേരളം അതിനൊപ്പം ചേരാതിരുന്നതിന്റെ തിരിച്ചടി ഇന്നും നാം നേരിടുന്നുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന വലിയ ലക്ഷ്യം ഇപ്പോൾ സർക്കാരിനു മുന്നിലുണ്ട്. പണമില്ലെന്ന കാരണം പറഞ്ഞ് ഇതൊക്കെ നാളത്തേക്കു മാറ്റിവച്ചാൽ കേരളം പല മേഖലയിലും മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നിലായിപ്പോകും.

ബജറ്റ് തകിടം മറിയുമെന്ന് പാർട്ടി മുഖപത്രവും

ബജറ്റിനെ തകിടം മറിക്കുന്ന നിലയിലേക്കു സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എത്തിച്ചേർന്നെന്നു സിപിഎം മുഖപത്രവും. അടുത്ത വർഷത്തെ ബജറ്റ് തയാറാക്കുന്നതിനു വലിയ കടമ്പയാണു മുന്നിൽ‌. അതേസമയം, ഇൗ പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടാണെന്നു മുഖപത്രം കുറ്റപ്പെടുത്തി. 1.2 ലക്ഷം കോടി ചെലവു പ്രതീക്ഷിക്കുന്ന ഇൗ വർഷത്തെ ബജറ്റിൽ 25,000 കോടി രൂപയെങ്കിലും വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും പത്രം ചൂണ്ടിക്കാട്ടി.

നാളെ: ഉയരാതെ വരുമാനം

English Summary: kerala debt crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com