ADVERTISEMENT

അടുത്ത മൂന്നു വർഷങ്ങൾ തിരഞ്ഞെടുപ്പുകളുടേതാണ്. ഈ വർഷമാകട്ടെ അതിന് ഒരുങ്ങാനും തന്ത്രങ്ങൾ ഒരുക്കാനും ഉള്ളതും. സംസ്ഥാനത്തെ മൂന്നു മുന്നണികളും തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.  

പിണറായി സർക്കാരിന്റെ മുഖ്യശത്രുവായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുതുവർഷത്തിലെ സർക്കാരിന്റെ ആദ്യ ആഘോഷത്തിന് ഇന്നലെ ആതിഥേയത്വം വഹിച്ചത്. വരാനിരിക്കുന്ന വലിയ വൈരുധ്യങ്ങളിലേക്കുള്ള തിരനോട്ടമായി ആരിഫ് മുഹമ്മദ് ഖാൻ വിരാജിക്കുന്ന രാജ്ഭവനിലെ സജി ചെറിയാന്റെ സത്യപ്രതിജ്ഞയെ കാണാം.

കേരളത്തിലെ മൂന്നു മുന്നണികൾക്കും ഇതു മുന്നൊരുക്കത്തിന്റെ, ഗൃഹപാഠത്തിന്റെ വർഷമാണ്. ഇനിയങ്ങോട്ട് ഓരോ വർഷവും ഓരോ തിരഞ്ഞെടുപ്പാണ്. 2024ൽ ലോക്സഭ, 2025ൽ തദ്ദേശം, 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനൽ. ഇതിൽ ലോക്സഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂളംവിളി ഉയർന്നു കഴിഞ്ഞു. 

ഒരു തിരഞ്ഞെടുപ്പിലെ കനത്ത തോൽവി അടുത്ത തിരഞ്ഞെടുപ്പ് എന്ന വെല്ലുവിളിയെ എങ്ങനെ ലഘൂകരിക്കുമെന്നും വലിയ വിജയം എങ്ങനെ അമിതഭാരം ഏൽപിക്കുമെന്നും എൽഡിഎഫിലും യുഡിഎഫിലും ഇപ്പോൾ ഉയരുന്ന വികാരം വ്യക്തമാക്കും. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുപോലും നേടാൻ കഴിയാതെ പോയ സിപിഎം അതിനു ശേഷമുള്ള ഏറ്റവും കനത്ത പരാജയമാണ് 2019ൽ ഏറ്റുവാങ്ങിയത്. 20ൽ പത്തൊൻപതിലും തോറ്റ അവർക്കു കിട്ടിയ ഒറ്റ സീറ്റ് രണ്ടാക്കിയാൽപോലും ഇരട്ടിനേട്ടം. 19 സീറ്റും പിടിച്ച യുഡിഎഫിന് ഒന്നു നഷ്ടപ്പെട്ടാൽ പോലും ആഘോഷത്തിന്റെ മാറ്റ് കുറയും.

ലക്ഷ്യം നേടാൻ ഗൃഹപാഠം 

ഇതു പുറമേയുള്ള ചിത്രം. അകത്ത് ഇതിനകം ചില ലക്ഷ്യങ്ങൾ കോൺഗ്രസും സിപിഎമ്മും കുറിച്ചു കഴിഞ്ഞു. 2019 അതേപടി ആവർത്തിക്കാൻ ഇടയില്ലെന്ന് ഇരുമുന്നണികളും വിചാരിക്കുന്നു. കുറഞ്ഞത് 15 എന്നതാണ് യുഡിഎഫിന്റെ നോട്ടം.  ആഞ്ഞുപിടിച്ചാൽ 14 ഇടത്തു ജയിക്കാമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിൽ അധികാരം നിലനിർത്തുമെന്നു ബിജെപി വിശ്വസിക്കുന്ന തിരഞ്ഞെടുപ്പിൽ പാടേ നിറംമങ്ങില്ലെന്നു കേരളത്തിലെ സംഘപരിവാറും കരുതുന്നു. ഒന്നു മുതൽ നാലു സീറ്റ് വരെയാണ് അവർ ആഗ്രഹിക്കുന്നത്. തിരുവനന്തപുരവും തൃശൂരും ആ പട്ടികയിൽ മുന്നിലും.

‘ജനങ്ങളുമായുള്ള ബന്ധത്തിൽ വലിയ അകൽച്ചയുണ്ടാകുന്നു. നമ്മളുമായി അടുത്ത് ഇടപഴകുകയും നമ്മുടേതെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന പലരും യഥാർഥത്തിൽ നമുക്ക് ഒപ്പമില്ല എന്നതാണ് വസ്തുത’. 2019ൽ വെറും 35.1 ശതമാനം വോട്ട് എന്ന വൻപതനത്തിലേക്കു വീണപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിക്കുണ്ടായ തിരിച്ചറിവാണിത്. പിന്നീട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും ആ ജനബന്ധത്തിലെ പോരായ്മകൾ തുടരുന്നോയെന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു പരിശോധിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ നടക്കുന്ന ഗൃഹസന്ദർശനത്തിലൂടെ സിപിഎം പ്രാവർത്തികമാക്കുന്നത്.

എല്ലാ ലോക്സഭാ– നിയമസഭാ മണ്ഡലങ്ങളിലും ശിൽപശാലകൾ പാർട്ടി പൂർത്തിയാക്കി. ഓരോ മേഖലയിലും 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടുകൾ താരതമ്യം ചെയ്ത് 2024ൽ ശക്തി നിലനിർത്താനും ദൗർബല്യം മറികടക്കാനും എന്തുചെയ്യാം എന്ന പദ്ധതിക്കാണ് ശിൽപശാലകൾ രൂപം കൊടുക്കുന്നത്.

പതിവു മന്ദതാളം യുഡിഎഫിന്റെ ഒരുക്കങ്ങൾക്കുണ്ട്. 20 ലോക്സഭാ മണ്ഡലങ്ങൾക്കും ചുമതലക്കാരെ നിശ്ചയിച്ച കോൺഗ്രസ്, അവരുടെ നേതൃത്വത്തിൽ ആദ്യഘട്ട യോഗങ്ങൾ വിളിച്ചു ചേർത്തു. ഇതിൽ നാലു മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളുടെ കാര്യത്തിൽ നേതൃത്വത്തിനു മതിപ്പു പോരാ. പാർലമെന്റ് തിരഞ്ഞെടുപ്പിനായി മാത്രം ഒരു ദിവസത്തെ യോഗം ചേരാനാണു കൊച്ചിയിൽ ചേർന്ന  യുഡിഎഫ് യോഗ തീരുമാനം.

ബിജെപി ഒരു അസാധാരണ നടപടി സംഘടനാതലത്തിൽ പ്രാവർത്തികമാക്കി വരുന്നു. ക്രൈസ്തവ വിഭാഗങ്ങളിൽനിന്നു പരമാവധി നേതാക്കളെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഭാരവാഹികളാക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. സമയപരിധിയും നിശ്ചയിച്ചു: മൂന്നു മാസം. ഓരോ മേഖലയിലും ഏതു സമുദായത്തിനാണോ കൂടുതൽ പ്രാതിനിധ്യം ആ സമുദായത്തിൽനിന്ന് ഒരാളെ കണ്ടുപിടിച്ച് പാർട്ടിയുടെ മുൻനിരയിലേക്കു കൊണ്ടുവരാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു. മുസ്‌ലിം ശക്തികേന്ദ്രങ്ങളിൽ ഒഴിച്ചുള്ളയിടത്തു നടപ്പാക്കാൻ ശ്രമിക്കാമെന്നാണു കേരള ഘടകത്തിന്റെ മറുപടി.

അമരക്കാരുടെ ആധി 

മുന്നണികളിലെ മൂന്നു പ്രധാന പാർട്ടികൾക്കും നേതൃത്വം നൽകുന്നവർക്ക് ഇതു കന്നി ലോക്സഭാ തിരഞ്ഞെടുപ്പു ബലപരീക്ഷണമാണ്. അതിൽതന്നെ, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും  പാർട്ടിയുടെ അമരക്കാർ എന്ന നിലയിൽ അവരുടെ ആദ്യ രാഷ്ട്രീയയുദ്ധവും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നയിച്ചതു കെ.സുരേന്ദ്രൻ ആയിരുന്നെങ്കിലും 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പു സമയത്ത് പി.എസ്.ശ്രീധരൻപിള്ള ആയിരുന്നു പ്രസിഡന്റ്.

ഉമ്മൻ ചാണ്ടി– രമേശ് ചെന്നിത്തല ദ്വയത്തിനു പകരം കോൺഗ്രസിനെ നയിക്കുന്ന വി.ഡി.സതീശൻ– കെ.സുധാകരൻ കൂട്ടുകെട്ടിനു വരാനിരിക്കുന്നത് അവരുടെ ‘ലിറ്റ്മസ് ടെസ്റ്റ്’ കൂടിയാണ്. കോഴിക്കോട്ടു നടന്ന ചിന്തൻശിബിരത്തിൽ ‘മിഷൻ 2024’ കർമപദ്ധതി അവതരിപ്പിച്ച സതീശൻ, എല്ലാ ജില്ലകളും സന്ദർശിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കിയും പ്രശ്നങ്ങൾ തീർത്തും കോൺഗ്രസിനെ ചലിപ്പിക്കാൻ നോക്കുന്നു.

സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പദവികൊണ്ട് പാർട്ടിയിലെ രണ്ടാമനായി എം.വി.ഗോവിന്ദൻ. രാഷ്ട്രീയ ഗ്രാഫിലും ആ ഉയരത്തിൽതന്നെ അദ്ദേഹം പ്രതിഷ്ഠിക്കപ്പെടുമോ എന്നതിന്റെ ഉത്തരം പൊതുതിരഞ്ഞെടുപ്പു വിധി നൽകും. കേരളത്തിൽ ഒരു ലോക്സഭാ സീറ്റെങ്കിലും ജയിച്ചാൽ, നേരിട്ട എല്ലാ തിരിച്ചടികൾക്കും മേലെയാകും അതിന്റെ തിളക്കമെന്നു കെ.സുരേന്ദ്രനും ബോധ്യമുണ്ട്. ഇതെല്ലാം സൃഷ്ടിക്കുന്ന വാശിയിൽ ഈ നേതാക്കളും പാർട്ടികളും കളത്തിലിറങ്ങുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയച്ചൂടാകും 2023ന്റെ സവിശേഷത.

English Summary: 2023 of election preparations writes Sujith Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com