ADVERTISEMENT

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകുന്നതിനുള്ള കരടു നയരേഖ (Setting up and Operation of Campuses of Foreign Higher Educational Institutions in India Regulations, 2023) തുടർചർച്ചകൾക്കും നിർദേശങ്ങൾക്കുമായി യുജിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ രാജ്യാന്തരവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ രേഖ അവതരിപ്പിച്ചത്. യുജിസി നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാകും അവ പ്രവർത്തിക്കുക. ഏഴു പേജുള്ള കരടുരേഖ വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുക എന്ന സർക്കാരിന്റെ ഉദ്ദേശ്യം അവതരിപ്പിക്കുന്നു എന്നതിനപ്പുറം അതിന്റെ വിശദാംശങ്ങളിലേക്കു കാര്യമായി കടന്നതായി കാണുന്നില്ല. ഇന്ത്യയുടെ വികസന നയങ്ങളിലും കാഴ്ചപ്പാടിലും ഊന്നിനിന്നുകൊണ്ട് വിദേശ സർവകലാശാലാ ഡിഗ്രികൾ തൊഴിൽ മേഖലയിലും മറ്റും എന്തു മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ചും പരാമർശമില്ല. കൂടുതൽ ചർച്ചകളും നിർദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും അവ രൂപീകരിക്കുക.

ഏകദേശം 4.5 ലക്ഷം പേരാണ് 2021ൽ വിദേശത്തു പഠിക്കാൻ പോയതെന്നും പുതിയ തീരുമാനം വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു സൗകര്യപ്രദമാകുമെന്നും യുജിസി ചെയർമാൻ പ്രഫ.എം. ജഗദേഷ്കുമാർ അഭിപ്രായപ്പെട്ടിരുന്നു. ചെലവുകുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള വിദേശ വിദ്യാഭ്യാസം രാജ്യത്ത് ഉറപ്പാക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന മെച്ചമായി സർക്കാർ കാണുന്നത്. തന്നെയുമല്ല, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു വിദ്യാർഥികളെ ആകർഷിച്ച് ഇന്ത്യയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാം എന്നും പ്രത്യാശിക്കുന്നു. വിദേശത്തു പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ ഒരു വിഭാഗം അധ്യാപകരെയും ഗവേഷകരെയും ഈ സർവകലാശാലകൾ ആകർഷിച്ചേക്കാം. ഒപ്പം ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും പിഎച്ച്‍ഡി നേടിയ ചെറുപ്പക്കാർക്കും തൊഴിൽ അവസരങ്ങളുണ്ടാകും. അനധ്യാപക തൊഴിലവസരങ്ങൾ പൂർണമായും ഇന്ത്യക്കാർക്കു തന്നെയാകും ലഭിക്കുക.

സർക്കാർ പ്രതീക്ഷിക്കുന്നതുപോലെ, വർഷംതോറും വിദേശത്തു പോകുന്ന മുഴുവൻ വിദ്യാർഥികളും ഈ സർവകലാശാലകളിൽതന്നെ പ്രവേശനം തേടണമെന്നില്ല. മിക്കവാറും പേർ വിദേശത്തു പോകുന്നതു ഡിഗ്രി സമ്പാദിക്കാൻ മാത്രമല്ല. മറിച്ച്, ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തി അവിടെത്തന്നെ ജീവിതം കരുപ്പിടിപ്പിക്കാനാണ്. വിദേശവാസം വഴി ലഭിക്കുന്ന ഇതര ഭാഷാപ്രാവീണ്യം, വിദേശ സംസ്കാരത്തോടും ജീവിതരീതികളോടുമുള്ള പരിചയം, വിവിധ നെറ്റ്‌വർക്കുകൾ, ബന്ധങ്ങൾ എന്നിവയിലൂടെയുള്ള നേട്ടങ്ങൾ തുടങ്ങിയവയാണ് പലരും ലക്ഷ്യംവയ്ക്കുന്നത്. തന്നെയുമല്ല, നാട്ടിലെ താരതമ്യേന സ്വാതന്ത്ര്യം കുറഞ്ഞതും ഇടുങ്ങിയതുമായ ജീവിതാവസ്ഥകളിൽനിന്നു മുക്തി നേടാൻകൂടി വിദേശപഠന അവസരങ്ങളെ കാണുന്നവരുമുണ്ട്.

binitha
ബിനിത തമ്പി

സംവരണതത്വങ്ങൾ പൊളിയും

രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ, മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി) 6% ചെലവിടാനാണ് 1968ലെ ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യമിട്ടത്. എന്നാൽ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇത് ഏകദേശം മൂന്നു ശതമാനത്തിനു മുകളിൽ മാത്രമാണെന്നത് ഒരു പാളിച്ചയായി 2020ലെ ദേശീയ വിദ്യാഭ്യാസനയ രേഖയിൽ എടുത്തുപറയുന്നുണ്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) രാജ്യങ്ങളിൽ ശരാശരി 11 ശതമാനത്തോളമാണ് വിദ്യാഭ്യാസത്തിനു ചെലവാക്കുന്നത്. 1990കൾക്കുശേഷം ഇന്ത്യയിൽ പൊതുവിദ്യാഭ്യാസരംഗത്തു കാര്യമായ തോതിൽ സ്വകാര്യവൽക്കരണത്തിനു വഴിതുറന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി) കൂടുതൽ ആളുകൾക്കു വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കൽ, തുല്യത ഉറപ്പാക്കൽ, ഒപ്പം മികച്ച പൊതുവിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നതെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്.

എന്നാൽ, എൻഇപിയുടെ ചുവടുപിടിച്ചു രാജ്യാന്തരവൽക്കരണം എന്ന പേരിൽ വിദേശസർവകലാശാലകളെ ക്ഷണിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടും, ഈ രംഗത്തെ സർക്കാർ മുതൽമുടക്ക് വീണ്ടും ചുരുങ്ങാനും ഇടയാക്കും. 2008ൽ പ്രഫ. സുഖ്ദേവ് തൊറതിന്റെ നേതൃത്വത്തിൽ യുജിസി നടത്തിയ പഠനത്തിൽ പറയുന്നത് ഇന്ത്യയിൽ 18നും 23നും ഇടയിൽ പ്രായമുള്ളവരിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്നവർ ഏകദേശം 12 ശതമാനം മാത്രമാണെന്നാണ്. മുന്നാക്ക വിഭാഗങ്ങളിൽ ഇത് 16 ശതമാനവും സംവരണ വിഭാഗങ്ങളിൽ കേവലം 6 ശതമാനവും ആണ്. എന്നാൽ, 15 വർഷത്തിനിടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. 2019ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നത് 27 ശതമാനത്തോളം പേരാണ്. പട്ടികജാതി വിഭാഗത്തിൽ ഇത് 23 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 18 ശതമാനവുമാണ്. വികസിത രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്നവരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണ്.

ഇന്ത്യയിലെ കുറഞ്ഞ നിരക്കും വിവിധ സാമൂഹികവിഭാഗങ്ങൾക്കിടയിലെ അന്തരവും കണക്കിലെടുത്ത് ഈ രംഗത്തു കൂടുതൽ സർക്കാർ നിക്ഷേപവും ഉന്നത വിദ്യാഭ്യാസ അവസരങ്ങളിലെ തുല്യത ഉറപ്പാക്കാനുള്ള നടപടികളുമാണു വേണ്ടത്.

education2

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തു കാര്യമായ ചലനം സൃഷ്ടിക്കാൻ മണ്ഡൽ കമ്മിഷനും മറ്റു സംവരണ നടപടികൾക്കും സാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംവരണ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ പ്രാതിനിധ്യം ഗണ്യമായി വർധിച്ചിട്ടുമുണ്ട്. ഐഐടികളിൽ വിദ്യാർഥിനികളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ 2018ൽ സൂപ്പർ ന്യൂമററി ക്വോട്ട തുടങ്ങിവയ്ക്കുകയും ഇപ്പോൾ പ്രാതിനിധ്യം 20 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്.

ഇത്തരം തീരുമാനങ്ങളാണ് എൻഇപിയിൽ സൂചിപ്പിക്കുന്ന ‘ഉൾപ്പെടുത്തൽ’ (inclusion) നടപടികളുടെ ഭാഗമായി ഉണ്ടാകേണ്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിലും അവയ്ക്കുള്ളിൽ തന്നെയും ഉന്നത വിദ്യാഭ്യാസ അവസരങ്ങളിൽ അന്തരം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ നിലവിലുള്ള പ്രശ്നങ്ങളെയൊന്നും ഈ നയരേഖ പരിഗണിക്കുന്നതേയില്ല.

എന്നാൽ, സ്വകാര്യ സർവകലാശാലകളെപ്പോലെ വിദേശ സർവകലാശാലകളും പ്രവേശനത്തിനു സംവരണം നടപ്പാക്കേണ്ടതില്ലെന്നും താൽപര്യമെങ്കിൽ ഫണ്ടുകൾ കണ്ടെത്തി ആവശ്യാനുസരണം (need-based) വിദ്യാർഥികൾക്കു സ്കോളർഷിപ് ഏർപ്പെടുത്താമെന്നും കരടുരേഖയിൽ പറയുന്നുണ്ട്. വിദേശരാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളെല്ലാം തന്നെ വർഗ,വർണ (class, race) സാമൂഹികഭിന്നതകൾ പരിഹരിക്കാനുതകുന്ന പ്രവേശനനയം രൂപീകരിക്കുകയും വിവിധ സ്കോളർഷിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ട്. തന്നെയുമല്ല, 30 -40 വർഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന ഫെഡറൽ ഗവൺമെന്റ് വായ്പകളും അവിടെ ലഭ്യമാണ്. എന്നാൽ, ഇന്ത്യയിലെ വിദേശ സർവകലാശാലകളുടെ കാര്യത്തിൽ സവർണ, സമ്പന്ന സംവരണമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നു തോന്നുന്നു!. സ്വന്തം രാജ്യങ്ങളിൽ പ്രവേശനനടപടികളിൽ പാലിക്കുന്ന തുല്യത (equity), ഉൾപ്പെടുത്തൽ (inclusion) തുടങ്ങിയ പരിഗണനകളൊന്നും അവർക്കിവിടെ പാലിക്കേണ്ടതില്ല.

സ്വകാര്യമേഖലയ്ക്ക് വലിയ വെല്ലുവിളി

ഇന്നു പല വിദേശസർവകലാശാലകളും കാര്യമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മെച്ചപ്പെട്ട ശമ്പളത്തിനും ജോലിഭാരം ലഘൂകരിക്കുന്നതിനുമായി യുകെയിലെ സർവകലാശാലാ അധ്യാപക യൂണിയൻ ഈയിടെ സമരത്തിലായിരുന്നു. അമേരിക്കൻ അക്കാദമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഗവേഷണ വിദ്യാർഥികൾക്കും ഇതര ഗവേഷണ ജീവനക്കാർക്കും മെച്ചപ്പെട്ട കൂലിയും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ഈയിടെ കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നത്. കരടുരേഖ അനുസരിച്ച്, വിദേശ സർവകലാശാലകൾക്ക് ഫെമ ആക്ട് പ്രകാരം വരുമാനം ഇവിടെ നിന്നു സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകാനുള്ള അനുമതി നൽകുന്നുണ്ട്. ഇതു സാമ്പത്തിക പ്രതിസന്ധിയിലായ പല സർവകലാശാലകളുടെയും പ്രവർത്തനങ്ങൾക്കുള്ള സഹായധനമായി തീരുമെങ്കിലും, വരുമാനനേട്ടം ഇന്ത്യയിലെ ഗവേഷണങ്ങൾക്കും ഇതര അക്കാദമിക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കും.

ഓൺലൈൻ വിദ്യാഭ്യാസം പാടില്ല എന്ന നിബന്ധനയുണ്ടെങ്കിലും, വിദേശത്തുനിന്നുള്ള ഫാക്കൽറ്റി ഒന്നോ രണ്ടോ സെമസ്റ്റർ കാലയളവിൽ ഇന്ത്യയിൽ ഉണ്ടാവണം എന്ന് കരടുരേഖയിൽ നിർദേശിക്കുന്നുണ്ട്. ഒരുപക്ഷേ, കുറഞ്ഞ ശമ്പളത്തിൽ നിശ്ചിത കാലാവധിയുള്ള ഇന്ത്യയിലെ സേവനം വിദേശ സർവകലാശാലകളിലെ പുതിയ ഫാക്കൽറ്റി അംഗങ്ങളുടെ ജോലിസ്ഥിരത (tenure) ഉറപ്പിക്കുന്നതിനുള്ള മാനദണ്ഡമായേക്കാം. വിദ്യാഭ്യാസ രംഗത്തു ഹൈബ്രിഡ് ക്ലാസ്മുറികൾ വ്യാപകമാകുന്ന കാലത്ത് ഓൺലൈൻ ക്ലാസുകൾ പാടില്ല എന്ന നിബന്ധനയിൽ പിൽക്കാലത്ത് ഇളവുകൾ വന്നേക്കാം.

ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകൾക്ക് ഈ നടപടി വലിയ വെല്ലുവിളിയാകാനിടയുണ്ട്. പ്രത്യേകിച്ച് ഉയർന്ന ഫീസ് ഈടാക്കുന്ന സർവകലാശാലകൾക്ക്. ഇവയ്ക്കു വിദ്യാർഥികളെ ആകർഷിക്കാൻ ഫീസ് ഇളവ് നൽകുകയോ തങ്ങളുടെ സ്ഥാപനങ്ങൾ വിദേശ സർവകലാശാലകൾക്കു വിൽക്കുകയോ ചെയ്യേണ്ടിവരുന്ന അവസ്ഥയുണ്ടാകാം. അവരുടെ പക്ഷത്തുനിന്നുള്ള പ്രതികരണം വരുംദിനങ്ങളിൽ അറിയാനാകുമെന്നു പ്രതീക്ഷിക്കാം.

ഈ കരടുരേഖയുമായി ബന്ധപ്പെട്ടു കാര്യമായ രാഷ്ട്രീയ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. വികസിത രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി, ഇന്ത്യയിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ അധ്യാപകർ വലിയൊരു സംഘടിതശക്തിയല്ല; അവർക്ക് യൂണിയനുകളുമില്ല. ഇതാകാം ഉന്നത വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന ഒരു കരടുരേഖ സംബന്ധിച്ച് വലിയ തോതിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാതെ പോകുന്നത്. എന്തായാലും, ഈ കരടുനയരേഖയിൽ കൂടുതൽ ചർച്ചകൾ നടക്കുകയും ക്രിയാത്മക നിർദേശങ്ങൾ രൂപപ്പെടുകയും ചെയ്യേണ്ടതുണ്ട്.

കരടിലെ നിർദേശങ്ങൾ

കരടുരേഖയിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ ഇവയാണ്: 1.വിദേശ സർവകലാശാലകൾക്കു പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകും, 2. ആഗോള റാങ്കിങ്ങിൽ 500ന് ഉള്ളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകും പരിഗണിക്കുക, 3. ഫെമ ആക്ട് പ്രകാരം വരുമാനനേട്ടം സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകാനുള്ള അനുവാദമുണ്ട്, 4. ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിത നടപടിക്രമങ്ങളിലൂടെ അനുമതി നൽകും, 5. ഫീസ് നിശ്ചയിക്കാനും ഫാക്കൽറ്റി നിയമനങ്ങൾ നടത്താനും മറ്റുമുള്ള പൂർണമായ അധികാരം വിദേശ സർവകലാശാലകൾക്കുണ്ടായിരിക്കും 6. ഓൺലൈൻ/ വിദൂരപഠന രീതി അനുവദിക്കില്ല; ക്ലാസുകൾ ഓഫ്‌ലൈൻ ആകണം, 7. പ്രവർത്തനം ഇടയ്ക്കുവച്ചു നിർത്തിയാൽ വിദ്യാർഥികൾക്കു പഠനം പൂർത്തിയാക്കി ഡിഗ്രി ലഭിക്കാൻ പകരം സംവിധാനം ഉറപ്പാക്കണം, 8. ദേശീയ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കരുത്, 9. വിദേശ സർവകലാശാലകൾ ഇന്ത്യയിൽ നൽകുന്ന ബിരുദം അവ അതതു രാജ്യങ്ങളിൽ നൽകുന്ന ഡിഗ്രിക്കു തുല്യമായിരിക്കണം; പഠനത്തിൽ ഗുണനിലവാരം ഉറപ്പാക്കണം.

(മദ്രാസ് ഐഐടിയിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: When foreign universities comes to India- writes binitha thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com