ADVERTISEMENT

മുൻപെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം വർധിച്ചിരിക്കുകയാണു കേരളത്തിൽ. വയനാടാകട്ടെ ഏറ്റവും രൂക്ഷമായ കാട്ടുമ‍ൃഗഭീഷണിയാണു നേരിടുന്നത്. വേണ്ടത്ര പ്രതിരോധസംവിധാനങ്ങൾ ഒരുക്കുന്നതിൽ വനംവകുപ്പു പരാജയപ്പെട്ടുവെന്ന ആരോപണം ശരിയെന്നു തെളിയിക്കുന്നതാണ് വയനാട്ടിൽ, വനത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള പുതുശേരി എന്ന ജനവാസകേന്ദ്രത്തിൽ കടുവയിറങ്ങി മനുഷ്യജീവൻ എടുത്ത സംഭവം. 

തൃശൂർ ജില്ലയിലെ മലക്കപ്പാറയിൽ കാട്ടുപോത്ത് നടത്തിയ ആക്രമണമാണ് ഏറ്റവുമെ‍ാടുവിലായി കേരളം കേട്ടത്. വനവിസ്തൃതിക്ക് ഉൾക്കൊള്ളാനാകുന്നതിനുമപ്പുറത്തേക്കു കടുവയും ആനയും മാനുമെല്ലാം പെറ്റുപെരുകുന്നതാണു വന്യമൃഗങ്ങൾ പുറത്തേക്കിറങ്ങുന്നതിന്റെ പ്രധാന കാരണം. മാനും കാട്ടുപന്നിയുമെല്ലാം കൃഷിയിടങ്ങളിലിറങ്ങുന്ന തുടർസംഭവങ്ങൾക്കു പിന്നാലെ കടുവയും നാട്ടിലെത്തി. കാടിനുള്ളിൽ കിലോമീറ്ററുകൾ അലഞ്ഞാലും കിട്ടാത്ത തീറ്റ ഒരു വാഴത്തോട്ടത്തിൽ ഉണ്ടെന്നാകുമ്പോൾ കാട്ടാനകൾ കൃഷിയിടത്തിൽത്തന്നെ നിലയുറപ്പിക്കുന്നതും പതിവായി.

വയനാട്ടിൽ‌ നിരന്തരം നിലനിൽക്കുന്ന വന്യമൃഗഭീഷണിക്ക് മുതുമല, ബന്ദിപ്പൂർ, നാഗർഹോള വനങ്ങളിൽനിന്നുള്ള മൃഗങ്ങളുടെ പലായനം ആക്കംകൂട്ടുന്നു. കർണാടക, തമിഴ്നാട് വനങ്ങളിൽ വരൾച്ചയാരംഭിക്കുമ്പോൾ കൂട്ടത്തോടെയാണ് അവയുടെ പലായനം. മറ്റു സമീപ സംസ്ഥാനങ്ങളിൽ കൂടുവച്ച് പിടികൂടി ഉൾവനത്തിലേക്കു തുറന്നുവിടുന്ന ചില കൊലയാളി ആനകളും കടുവകളും നേരെ എത്തുന്നതു വയനാട്ടിലേക്കാണ്. ഇതു മുൻകൂട്ടിക്കാണാനോ മുൻകരുതലെടുക്കാനോ വനംവകുപ്പിനു കഴിയുന്നില്ല. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന തമിഴ്നാട്ടിൽനിന്നു വനത്തിലൂടെ കഴിഞ്ഞ ദിവസം ബത്തേരി നഗരത്തിലെത്തിയിട്ടും അക്രമം നടന്നതിനുശേഷം മാത്രമാണു വനംവകുപ്പിനു തളയ്ക്കാനായത്. 

നാടിറങ്ങുന്നതു തടയാനാവുന്നില്ലെന്നു മാത്രമല്ല, നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്തുന്നതിനോ പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ വേണ്ട സജ്ജീകരണങ്ങൾ വന്യജീവിശല്യം രൂക്ഷമായ ജില്ലകളിൽപോലും ഒരുക്കാനും വനംവകുപ്പിനായിട്ടില്ല. വന്യമൃഗശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പു സംവിധാനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം വയനാട്ടിൽ സമ്പൂർണ പരാജയമായി. സൗത്ത് വയനാട്, നോർത്ത് വയനാട്, പാലക്കാട് ഡിവിഷനുകളിൽ റെയിൽ ഫെൻസിങ് നിർമാണം ഉൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽനിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടു രണ്ടു വർഷമായിട്ടും പദ്ധതി പൂർണതോതിലായില്ല. നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ വനാതിർത്തികളിലേക്കു റെയിൽപാള വേലി വ്യാപിപ്പിക്കണമെന്ന ആവശ്യം നടപ്പിലാകുന്നുമില്ല. 

കാട്ടാനശല്യവും സംസ്ഥാനത്തു വ്യാപകമാണ്. മൂന്നു വർഷത്തിനിടെ കേരളത്തിൽ മാത്രം 57 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണു കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ നൽകിയ കണക്ക്. കുറഞ്ഞത് 1500 ആനകൾ ഇപ്പോൾ വയനാട്ടിൽ മാത്രമുണ്ടെന്നു കണക്കാക്കിയാലും അവയുടെ പകുതിപോലും ഉൾക്കൊള്ളാനുള്ള വലുപ്പം കാടിനില്ല. 2018ലെ സെൻസസ് പ്രകാരം രാജ്യത്ത് 2967 കടുവ‍കളുണ്ട്; കേരളത്തിൽ 196 എണ്ണം. 2022ൽ നടന്ന സെൻസസിൽ വയനാട്ടിൽ മാത്രം 157 കടുവകളെ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്ക് ഔദ്യോഗികമായി പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ മാത്രം കടുവ കൊന്നത് 6 പേരെയാണ്. 

പെരുകിവരുന്ന വന്യജീവികളുടെ എണ്ണം കേരളത്തിലെ വനങ്ങൾക്കു താങ്ങാനാകുന്നുണ്ടോ എന്നതിനെക്കുറിച്ചു വനംവകുപ്പ് ഇതുവരെ വിശദപഠനം നടത്തിയിട്ടില്ല. വനസ്വഭാവം മാറിയതിൽ കാലാകാലങ്ങളിൽ വനംവകുപ്പു കൈക്കൊണ്ട നടപടികളുടെ പങ്കും വിശകലനവിധേയമാക്കേണ്ടതുണ്ട്. ജനങ്ങൾക്കു ഭീഷണിയാകുന്ന കാട്ടുമൃഗങ്ങൾക്കെതിരായ പ്രതിരോധമാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കിയാലല്ലാതെ ഈ ഭീഷണ സാഹചര്യത്തിനു ശാശ്വത പരിഹാരമാകില്ല. ക്ഷുദ്രജീവികളുടെ പട്ടികയിൽപെടുത്തി, നിയന്ത്രിക്കേണ്ടവയെ അങ്ങനെയും നിയന്ത്രിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കു പുറമേ വന്യജീവികളെ നിയന്ത്രിക്കൽ, വിള ഇൻഷുറൻസ്, വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും നഷ്ടപരിഹാരം, വിളനാശം സംഭവിക്കുന്ന കർഷകർക്കു സഹായം തുടങ്ങിയ കാര്യങ്ങളിൽ അനുഭാവപൂർണമായ സമീപനം സർക്കാരിൽനിന്നുണ്ടാവുകയും വേണം.

 

Content Highlight: Wild animal attacks repeats in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com