ADVERTISEMENT

കടുത്ത ശൈത്യത്തിലും രാഷ്ട്രീയച്ചൂടിൽ ഉരുകുകയാണ് ‍കർണാടക. നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെനിൽക്കെ, ജനസമ്പർക്ക യാത്രകളിലൂടെ വോട്ടർമാരുടെ മനസ്സ് ഉഴുതുമറിക്കുന്ന തിരക്കിലാണ് പ്രധാന കക്ഷികൾ. മോദി പ്രഭാവം മുതലാക്കി ഗുജറാത്ത് തരംഗത്തിലേറി ഭരണത്തുടർച്ച എന്നതാണ് ബിജെപി ലക്ഷ്യം. എന്നാൽ, മന്ത്രിമാർക്കെതിരെ ഉൾപ്പെടെ ഉയർന്ന അഴിമതി ആരോപണങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇരുകൂട്ടർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ‌ വീണ്ടും കിങ് മേക്കറാകാനുള്ള സാധ്യതയാണ് ജനതാദൾ (എസ്) ഉറ്റുനോക്കുന്നത്. 224 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ആംആദ്മി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചലനം സൃഷ്ടിക്കാനാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 

നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ, അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എഐഎംഐഎം) എന്നീ പാർട്ടികളുടെ സാന്നിധ്യവുമുണ്ട്. സിപിഐയും സിപിഎമ്മും പതിവുപോലെ ഭാഗ്യപരീക്ഷണം നടത്തും. മഹാരാഷ്ട്രയുമായി അതിർത്തിത്തർക്കമുള്ള ബെളഗാവിയിൽ മഹാരാഷ്ട്ര ഏകീകരൺ സമിതിയും (എംഇഎസ്) അങ്കത്തിനിറങ്ങും. ബിജെപിക്കു ഭീഷണിയുയർത്തി മുൻമന്ത്രി ജി.ജനാർദന റെഡ്ഡി സ്വന്തം പാർട്ടി പ്രഖ്യാപിച്ച് രംഗത്തിറങ്ങുന്നുമുണ്ട്. 

∙ ആരോപണങ്ങൾ ബിജെപിക്ക് തിരിച്ചടി 

ഓപ്പറേഷൻ താമരയുടെ സഹായമില്ലാതെ ഇക്കുറിയെങ്കിലും വ്യക്തമായ ഭൂരിപക്ഷ‌ത്തോടെ സർക്കാർ രൂപീകരിക്കുകയാണ് ബിജെപി ലക്ഷ്യം. 2018ൽ 104 സീറ്റ് നേടിയെങ്കിലും കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ്– ദൾ സഖ്യസർക്കാരാണ്  അധികാരത്തിലെത്തിയത്. ഒരു വർഷത്തിനു ശേഷം 17 കോൺഗ്രസ്– ദൾ എംഎൽഎമാരെ കൂറുമാറ്റി യെഡിയൂരപ്പ ബിജെപിയെ അധികാരത്തിലെത്തിച്ചു. എന്നാൽ, പാർട്ടിയിലെ അതികായനായ അദ്ദേഹത്തിന് രണ്ടു വർഷം മാത്രമാണ് ആയുസ്സ് ലഭിച്ചത്. 

കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിൽ ബസവരാജ് ബൊമ്മെ നേതൃത്വം ഏറ്റെടുത്തു. വരുന്ന തിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയവർക്ക് സീറ്റ് ഉറപ്പാക്കുന്നതും വെല്ലുവിളിയാണ്. പരമ്പരാഗതമായി മണ്ഡലം കൈവശംവച്ചിരിക്കുന്ന ബിജെപി നേതാക്കളെ തഴഞ്ഞാൽ തിരിച്ചടി ലഭിക്കുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്. 6 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്താമായിരുന്നിട്ടും മന്ത്രിസഭാ വികസനം നടത്താത്തതും അസംതൃപ്തിക്കു കാരണമായിട്ടുണ്ട്. ദളിൽനിന്നു കൂറുമാറിയെത്തിയെങ്കിലും മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ ഇടഞ്ഞ ബിജെപി എംഎൽസി എ.എച്ച്.വിശ്വനാഥിനെപ്പോലുള്ളവർ കോൺഗ്രസിൽ ചേരാൻ തയാറെടുക്കുന്നു. ഇതിനെയെല്ലാം നേരിടാൻ മുതിർന്ന നേതാക്കളെ മാറ്റി യുവാക്കളെ രംഗത്തിറക്കി ഗുജറാത്ത് മാതൃകയിൽ വിജയം കൊയ്യാനും ആലോചിക്കുന്നുണ്ട്. പാർട്ടിക്കു സ്വാധീനം കുറവുള്ള മേഖലകളിലെ സമുദായങ്ങളെ കൂടെനിർത്താൻ കേന്ദ്ര നേതാക്കളും സംസ്ഥാനത്തു വന്നുപോകുന്നുണ്ട്. മുന്നാക്ക വിഭാഗങ്ങളായ ലിംഗായത്തുകൾക്കും വൊക്കലിഗർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 6% സംവരണം നൽകാമെന്നാണു സർക്കാർ വാഗ്ദാനം. എന്നാൽ, ഈ വിഭാഗങ്ങൾ കൂടുതൽ ആനുകൂല്യങ്ങൾക്കുവേണ്ടി വിലപേശുകയാണ്. പട്ടികജാതി സംവരണം 15ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗത്തിന്റേത് മൂന്നിൽ നിന്ന് ഏഴു ശതമാനമായും ഉയർത്തിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. 

 കരാറുകൾക്ക് 40% കമ്മിഷൻ വാങ്ങുന്നെന്ന അഴിമതി ആരോപണത്തെത്തുടർന്ന് കരാറുകാരൻ ജീവനൊടുക്കിയതിനു പിന്നാലെ മന്ത്രി ഈശ്വരപ്പ രാജിവച്ചതും അശ്ലീല സിഡി വിവാദത്തിൽ രമേഷ് ജാർക്കിഹോളിക്കു മന്ത്രിസഭയിൽനിന്നു പുറത്തുപോകേണ്ടിവന്നതും പ്രതിപക്ഷം ആയുധമാക്കും. 

ഹിജാബ്– ഹലാൽ വിലക്ക്, ക്ഷേത്രോത്സവ പറമ്പുകളിൽ ഇതരമതക്കാരായ വ്യാപാരികൾക്കു വിലക്ക്, നിർബന്ധിത മതപരിവർത്തന നിരോധന, ഗോവധ നിരോധന നിയമങ്ങൾ, ഏകവ്യക്തി നിയമം കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയവയിലൂടെ ഭൂരിപക്ഷ ഹൈന്ദവ വികാരം വോട്ടാക്കി മാറ്റാനാണ് ശ്രമം. സ്വാതന്ത്ര്യദിന, ഗണേശോത്സവ പന്തലുകളിലെ സവർക്കർ പോസ്റ്റർ, പാഠപുസ്തകങ്ങളിൽ നിന്നു ടിപ്പു സുൽത്താന്റെ ചരിത്രം നീക്കൽ തുടങ്ങി തീവ്രഹിന്ദു സംഘടനകളെ കളത്തിലിറക്കി ഹിന്ദുത്വ കാർഡ് പരീക്ഷണങ്ങളും തുടരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം തീരദേശ കർണാടകയിൽ എസ്ഡിപിഐയെ നേരിടാൻ ബിജെപി ആയുധമാക്കും. തീവ്രപ്രചാരണം തുടങ്ങുംമുൻപേ ബൊമ്മെ, യെഡിയൂരപ്പ, സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ രണ്ടു സംഘങ്ങളായി ജനസങ്കൽപ യാത്ര തുടങ്ങിക്കഴിഞ്ഞു. 

∙ കോൺഗ്രസ് മുന്നേറാൻ നേതാക്കൾ ഒന്നിക്കണം

മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസ് തട്ടകത്തിലെ പ്രധാന ആശങ്ക. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഒരുപോലെ ഈ സ്ഥാനത്തിനുവേണ്ടി മുന്നിലുണ്ട്. ഇവരുടെ ഉൾപ്പോര് നിയന്ത്രിക്കുകയാണ് സംസ്ഥാനത്തുനിന്നുള്ള എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കു മുന്നിലെ വെല്ലുവിളി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എത്തിയപ്പോൾ‍ സിദ്ധരാമയ്യയും ശിവകുമാറും ഭിന്നത മറന്ന് ഒന്നിച്ചത് അണികൾക്ക് ആവേശം പകർന്നിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തുന്ന ബസ് യാത്രയും ഇരുനേതാക്കളും ഒന്നിച്ചാണു നയിക്കുന്നത്. ഈ ഐക്യം പ്രചാരണവേദികളിലും നിലനിർത്തിയാൽ പാർട്ടിക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. 2013–18 കാലത്തെ സിദ്ധരാമയ്യ സർക്കാരിന്റെ ജനോപകാര പദ്ധതികളും പാർട്ടി പ്രചാരണ വിഷയമാക്കും. 

dk-shivakumar-Siddaramaiah-17
ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യ

കുറുബ സമുദായ നേതാവു കൂടിയായ സിദ്ധരാമയ്യ ഇക്കുറി കോലാറിൽ നിന്നാണു മത്സരിക്കുന്നത്. സ്ഥിരം തട്ടകമായ മൈസൂരുവിലെ വരുണ മകൻ ഡോ.യതീന്ദ്രയ്ക്കു നൽകിയ ശേഷം മൈസൂരുവിലെതന്നെ ചാമുണ്ഡേശ്വരിയിലും ബാഗൽക്കോട്ടിലെ ബാദാമിയിലും അദ്ദേഹം മത്സരിച്ചിരുന്നു. ബാദാമിയിൽ മാത്രമാണു വിജയിക്കാനായത്. എന്നാൽ, ഇക്കുറി ഒരാൾക്ക് ഒരു മണ്ഡലമെന്നതിൽ ശിവകുമാർ ഉറച്ചുനിൽക്കുന്നു. 2013ൽ മുഖ്യമന്ത്രിയാകാനുള്ള ഖർഗെയുടെ അവസരം തട്ടിയെടുത്ത സിദ്ധരാമയ്യയെ, അതേ ഖർഗെയെ ഉപയോഗിച്ചു നേരിടാനാണ് അദ്ദേഹത്തിന്റെ ശ്രമം. പട്ടികജാതി വിഭാഗമായ ഹുലയ സമുദായത്തെ പ്രതിനിധീകരിക്കുന്ന മുൻ ഉപമുഖ്യമന്ത്രി ഡോ.ജി പരമേശ്വരയുടെ മനസ്സിലും മുഖ്യമന്ത്രിക്കസേരയുണ്ട്. 

∙ കാഴ്ചകണ്ട് കളി ജയിക്കാൻ ജനതാദൾ

നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി.കുമാരസ്വാമിയുടെയും സംസ്ഥാന അധ്യക്ഷൻ സി.എച്ച്.ഇബ്രാഹിമിന്റെയും മക്കൾ ഉൾപ്പെടെ 93 സ്ഥാനാർഥികളെ വളരെ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും കുടുംബവാഴ്ചയെന്ന പേരുദോഷം പാർട്ടിയെ വിട്ടൊഴിഞ്ഞിട്ടില്ല. പാർട്ടിയുടെ ഇത്തവണത്തെ പ്രധാനലക്ഷ്യം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകാതെ നോക്കുക എന്നതാണ്. 40 സീറ്റ് വരെ നേടുകയും തൂക്കുസഭ വരികയും ചെയ്താൽ പ്രസക്തി വർധിക്കും. ദളിനെ ബിജെപിയുടെ സഖ്യകക്ഷിയെന്നാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്. മോദിയെ പ്രശംസിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നതിനാൽ ഇതു തെറ്റാണെന്നു പറയാനുമാകില്ല. 

വൊക്കലിഗ, കർഷക, ന്യൂനപക്ഷ വോട്ടുകളിലാണ് ദളിന്റെ പ്രതീക്ഷ. എന്നാൽ, വൊക്കലിഗ വോട്ടുബാങ്കായ പഴയ മൈസൂരു മേഖലയിൽ ബിജെപിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 108 അടി ഉയരമുള്ള കെംപെഗൗഡയുടെ വെങ്കല പ്രതിമ ഇതിനു തെളിവാണ്. സംസ്ഥാന കോൺഗ്രസ് തലപ്പത്തെ വൊക്കലിഗ സാന്നിധ്യമായ ശിവകുമാറും ദൾ പ്രതീക്ഷകളുടെ നിറം കെടുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.എം ഇബ്രാഹിമിനെയാണ് ദൾ സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നത്. ഇക്കുറി മുഖ്യമന്ത്രിയായില്ലെങ്കിൽ കുമാരസ്വാമി സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സൂചനയുണ്ട്. 

∙ നിർണായകം സ്ത്രീവോട്ട്

ബൊമ്മെ സർക്കാരിനെതിരെ വിലക്കയറ്റം എന്ന പ്രചാരണായുധം പയറ്റുന്ന കോൺഗ്രസ് സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തന്നെ പുറത്തിറക്കുന്നു. ഇതിലൂന്നിയുള്ള വാഗ്ദാനങ്ങൾ വനിതാശാക്തീകരണ കൺവൻഷനിൽ പ്രിയങ്ക ഗാന്ധി നേരിട്ടെത്തി പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീകൾക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നാണു ബിജെപി സർക്കാരിന്റെ തിരിച്ചടി.

∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് 

2018 കക്ഷിനില 

ആകെ സീറ്റ് 224

(ബ്രാക്കറ്റിൽ ഇപ്പോഴത്തെ കക്ഷിനില. നിലവിൽ 2 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു)

ബിജെപി:             104 (118)

കോൺഗ്രസ്:         80(69)

ജനതാദൾ(എസ്):   37 (32)

ബിഎസ്പി:           1 (1)

കർണാടക പ്രജ്ഞാവന്ത പാർട്ടി: 1(0)

സ്വതന്ത്രൻ: 1 (2)

English Summary: Political heat is boiling in Karnataka 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com