പൊന്നുരുക്കുന്നിടത്തു പൂച്ചയ്‌ക്ക് എന്തുകാര്യം എന്നു ചോദിച്ചാൽ മറ്റുള്ളവർക്കൊക്കെ എന്തോ കാര്യമുണ്ടെന്നു തോന്നും. എന്നാൽ, പൊന്ന് ഏറ്റവും കൂടുതൽ ഉരുക്കുന്നതു പെണ്ണിനുവേണ്ടിയാണെങ്കിലും പെൺവർഗത്തിന്റെ താൽപര്യങ്ങൾക്കു പൊന്നിന്റെ കാര്യം വരുമ്പോൾ ഒരു വിലയുമില്ലെന്നതാണു നേര്. വില പൊന്നിനു മാത്രം.
രാജ്യം സ്വാതന്ത്ര്യം നേടിയ വർഷം പവൻ വില 77 രൂപ മാത്രമായിരുന്നു. ഏഴര പതിറ്റാണ്ടു പിന്നിട്ടപ്പോൾ ഒരു പവന്റെ വില 41,760 രൂപ. ഇത്രയും കൊടുത്താൽത്തന്നെ സ്വർണക്കടയിൽനിന്ന് ഒരു പവൻ കിട്ടില്ല. അഞ്ചു ശതമാനം പണിക്കൂലി കൂടിയാകുമ്പോൾ 43,848 രൂപ. മൂന്നു ശതമാനം ജിഎസ്‌ടി കൂടി ചേർത്ത് ആകെ വില 45,163 രൂപ. എന്നിട്ടും ഈ വിലക്കയറ്റത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ ഏതെങ്കിലും പെണ്ണിന്റെ നാവു പൊങ്ങിയിട്ടുണ്ടോ? വനിതാമതിലോ വനിതാച്ചങ്ങലയോ സംഘടിപ്പിക്കാൻ ഏതെങ്കിലും സംഘടന തയാറായിട്ടുണ്ടോ? അങ്ങനെ ചോദിച്ചാൽ മറ്റൊന്നുകൂടി ചോദിക്കേണ്ടിവരും. കേന്ദ്ര ധനമന്ത്രി വനിതയായിട്ടുകൂടി സ്വർണത്തിന്റെ ഈ ഉയർന്ന വിലനിലവാരം കുറയ്‌ക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, നിർമല സീതാരാമൻതന്നെയല്ലേ ഈ വിലക്കയറ്റത്തിന് ഒരളവുവരെ ഉത്തരവാദി?
സ്വർണത്തിന്റെ കസ്‌റ്റംസ് തീരുവ 7.5 ശതമാനമായിരുന്നത് 12.5 ശതമാനത്തിലേക്ക് ഉയർത്തിയതുതന്നെ നിർമല സീതാരാമനാണ്. 12.5 ശതമാനത്തിനു പുറമേ 2.5% സെസ് കൂടിയായപ്പോൾ തീരുവ 15%. പിന്നെ ജിഎസ്‌ടി. ഫലത്തിൽ 18.5 ശതമാനത്തോളം നികുതി വരുന്നു. ഇറക്കുമതിച്ചെലവു നിയന്ത്രിച്ചു കറന്റ് അക്കൗണ്ട് കമ്മി കുറച്ചുകൊണ്ടുവരാനാണു തീരുവ കൂട്ടിയതെന്നു ധനമന്ത്രി പറയുന്നു. ഇറക്കുമതിച്ചെലവു കുറയുമെന്നതു സാങ്കൽപികമാണ്. സ്വർണഭ്രമം ഒഴിയാത്തിടത്തോളം സ്വർണത്തിനു ഡിമാൻഡ് കൂടുകയേയുള്ളൂ. ഇറക്കുമതി കൂടുകതന്നെ ചെയ്യുമെന്നു ചുരുക്കം. കള്ളക്കടത്തു കൂടും എന്നതു മാത്രമാണു തീരുവ കൂട്ടിയതിന്റെ പ്രയോജനം. അതാണല്ലോ ഇപ്പോൾ സംഭവിക്കുന്നത്. ഒരു പൈസ പോലും തീരുവയില്ലാതെ ഇഷ്‌ടംപോലെ കള്ളക്കടത്ത്.
കോവിഡ് വ്യാപനത്തിനു മുൻപുണ്ടായിരുന്നതിനെക്കാൾ 33 ശതമാനമെങ്കിലും വർധന കള്ളക്കടത്തിലുണ്ടായിട്ടുണ്ടെന്നാണു വേൾഡ് ഗോൾഡ് കൗൺസിലിന്റെ അനുമാനം. അതായത്, 160 ടൺ സ്വർണമെങ്കിലും തീരുവയില്ലാതെ സമീപകാലത്തു നമ്മുടെ രാജ്യത്തേക്ക് എത്തിയിരിക്കുന്നു. തീരുവ കൂട്ടിയതിന്റെ പ്രയോജനരാഹിത്യം ധനമന്ത്രിക്കു ബോധ്യപ്പെടാൻ ഈ കണക്കു പോരേ? തീരുവ കുറയ്‌ക്കാൻ ഇത്തവണത്തെ ബജറ്റിൽ നിർദേശമുണ്ടായില്ലെങ്കിൽ കള്ളക്കടത്ത് ഇനിയും കൂടും.
പൊന്നുരുക്കുന്നതിനെപ്പറ്റിത്തന്നെ ഇനി ഇത്തിരി പറയാം. പഴയ ആഭരണങ്ങളും കുറഞ്ഞ തീരുവയ്‌ക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത സ്വർണവും ഉരുക്കി ശുദ്ധീകരിച്ചാണു സ്വർണാഭരണശാലകളുടെ ആവശ്യത്തിന്റെ ഒരു പങ്കു നിറവേറ്റിപ്പോന്നിരുന്നത്. എന്നാൽ, ആദായവിലയ്‌ക്കു കള്ളക്കടത്തു സ്വർണം ലഭിക്കുമെന്നായതോടെ പഴയ സ്വർണം ആർക്കുവേണം? അവിടെയും വീട്ടമ്മമാർക്കു നിരാശ. ശുദ്ധീകരണശാലക്കാരുടെ കാര്യവും കഷ്‌ടത്തിലായി. രാജ്യത്തെ മുപ്പതിലേറെ ശുദ്ധീകരണശാലകളും അവയിലെ ജീവനക്കാരും പണി നഷ്‌ടപ്പെടുന്ന അവസ്‌ഥയിലേക്ക്.
ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ യോഗമുണ്ടായ വനിതയും ഇന്ത്യയിലെ ആദ്യത്തെ പൂർണസമയ വനിതാധനമന്ത്രിയുമായ നിർമല സീതാരാമനിൽനിന്നു സ്‌ത്രീപക്ഷം പ്രതീക്ഷിക്കുന്നത് ഇതിലൊക്കെയുള്ള ഒരു തിരുത്തലാണ്.
English Summary: As the price of gold rises, the smuggling of gold will further increase.