ADVERTISEMENT

ചികിത്സ കഴിഞ്ഞോ അവധിക്കോ ഒക്കെ നാട്ടിൽ തിരിച്ചെത്തണമെങ്കിൽ ലക്ഷദ്വീപുകാർ ടിക്കറ്റ് കാത്തുകിടക്കേണ്ടി വരുന്നത്  ആഴ്ചകൾ. ആവശ്യത്തിനു കപ്പലുകളില്ല. ഉള്ളതിൽ മിക്കതും സർവീസ് നടത്തുന്നുമില്ല. വിമാനം പേരിനു മാത്രവും.

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞിട്ട് ഒരു മാസമായി. കപ്പലിൽ ലക്ഷദ്വീപിലേക്കു മടങ്ങാൻ ടിക്കറ്റിനായുള്ള കാത്തിരിപ്പും അത്രതന്നെയായി. ഞാനും ഭാര്യയും 2 മക്കളുമുണ്ട്. ആയിരം രൂപ വീതം ദിവസവാടകയുള്ള 2 മുറികളിലായി കഴിയുകയാണ്. വാടകയ്ക്കും ഭക്ഷണത്തിനുമായി നല്ലൊരു തുക ഇതിനകം ചെലവായി. എന്നു പോകാനാകുമെന്ന് ഒരു ഉറപ്പുമില്ല’’– കൽപേനി ദ്വീപുവാസിയായ മുഹമ്മദ് റാഫിയുടെ വേദനയാണിത്.

ഇങ്ങനെ നൂറുകണക്കിനു പേരെ കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ കാണാം; വീടോ ലോഡ്ജോ ദിവസവാടകയ്ക്കെടുത്തു താമസിക്കുന്ന ലക്ഷദ്വീപ് നിവാസികൾ. എല്ലാവർക്കും ഒരേ പ്രശ്നം; നാട്ടിലേക്കുള്ള കപ്പലിൽ ടിക്കറ്റ് ലഭിക്കുന്നില്ല. മികച്ച ചികിത്സ തേടി കേരളത്തിലും കർണാടകയിലും (പ്രത്യേകിച്ച് മംഗളൂരുവിൽ) എത്തിയവർ ആയിരക്കണക്കിനു രൂപയുടെ കടബാധ്യതയുമായാണു ലക്ഷദ്വീപിലേക്കു മടങ്ങുന്നത്. ഇവരിൽ നല്ലൊരു പങ്കും ഉയർന്ന വരുമാനക്കാരല്ല; സാധാരണക്കാരാണ്.

കൊച്ചി ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിലെ ടിക്കറ്റ് കൗണ്ടറിനടുത്താണ് മിനിക്കോയ് ദ്വീപിൽ സർക്കാരുദ്യോഗസ്ഥനായ യുവാവിനെ കണ്ടത്. ഒപ്പം കുടുംബവുമുണ്ട്. ജോലിയെ ബാധിക്കുമെന്നതിനാൽ പേരു പറയരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു: ‘‘കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയതാണ്. ചികിത്സ കഴിഞ്ഞിട്ടു മൂന്നാഴ്ചയായി. എനിക്കിവിടെ ബന്ധുക്കൾ ഉള്ളതിനാൽ അവർക്കൊപ്പംനിന്നു. എന്നാൽ എല്ലാവരുടെയും സ്ഥിതി അതല്ല.’’

13നു നടന്ന ‘സിടെറ്റ്’ അധ്യാപക യോഗ്യതാപരീക്ഷ പരീക്ഷയെഴുതാൻ വന്നതാണ് ആന്ത്രോത്ത് നിവാസിയായ നൂറുൽ അമീനും സഹപാഠികളും. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിച്ചിട്ടില്ല.

3 കപ്പൽ മാത്രം

ലക്ഷദ്വീപിലേക്കു നിലവിൽ 3 യാത്രക്കപ്പലുകളാണുള്ളത്. ഒരുകാലത്ത് 7 സർവീസുകൾ വരെ ഉണ്ടായിരുന്നു. കോഴിക്കോട് ബേപ്പൂരിൽനിന്നുള്ള സർവീസ് കോവിഡ് കാലത്തിനു മുൻപു നിലച്ചതോടെ കൊച്ചിയിൽനിന്നു മാത്രമായി സർവീസുകൾ. എംവി കവരത്തി, എംവി ലഗൂൺസ്, എംവി കോറൽസ് എന്നിവയാണു നിലവിലുള്ള കപ്പലുകൾ.

700 പേർക്കിരിക്കാവുന്ന എംവി കവരത്തിയാണു വലിയ കപ്പൽ. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിൽ മിനിക്കോയ്, അഗത്തി, ആന്ത്രോത്ത്, കൽപേനി, അമേനി ദ്വീപുകളെ ബന്ധിപ്പിച്ചാണ് ഇതിന്റെ സർവീസ്. ഇക്കഴിഞ്ഞ 14 മുതൽ മാരിടൈം സർവേ നടപടികളുടെ ഭാഗമായി ഈ കപ്പലിന്റെ സർവീസ് മുടങ്ങി. 24നേ പുനരാരംഭിക്കൂ. അന്നത്തെ സർവീസിനായി 17നു ടിക്കറ്റ് നൽകിയ ദിവസം കൗണ്ടറുകളിൽ കണ്ടതു ദ്വീപുവാസികളുടെ യാത്രാദുരിതത്തിന്റെ നേർച്ചിത്രം.

ഡിസംബർ വരെ 10% ആയിരുന്ന ഓൺലൈൻ ടിക്കറ്റുകൾ ഇപ്പോൾ 30% ആയി. ബുക്കിങ് തുടങ്ങി 5 മിനിറ്റിൽ ഇവ തീരും. ശേഷിക്കുന്ന ടിക്കറ്റുകളിൽ നല്ലൊരു പങ്ക് അഡ്മിനിസ്ട്രേറ്റീവ് ക്വോട്ട, മെഡിക്കൽ ക്വോട്ട, പോർട്ട് ക്വോട്ട എന്നിങ്ങനെ നീക്കിവയ്ക്കും. അതോടെ, ദ്വീപുകാരായ യാത്രക്കാർക്കു ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ചുരുങ്ങും.

കൊച്ചിക്കു പുറമേ ബേപ്പൂരിലും മംഗളൂരുവിലും കൗണ്ടറുകളുണ്ട്. കൊച്ചി കൗണ്ടറിലൂടെ നൽകുന്ന ടിക്കറ്റിന്റെ മൂന്നിലൊന്ന് എണ്ണം മാത്രമേ ബേപ്പൂരിൽ നൽകൂ. ബേപ്പൂരിലേതിന്റെ പകുതി എണ്ണം ടിക്കറ്റേ മംഗളൂരുവിൽ ലഭിക്കൂ. മംഗളൂരുവിലും ബേപ്പൂരിലും ടിക്കറ്റ് എടുക്കുന്നവരും കപ്പൽ കയറാൻ പക്ഷേ കൊച്ചിയിലെത്തണം.

ടിക്കറ്റ് കൊടുക്കുന്ന ദിവസം പുലർച്ചെ നാലു മുതൽത്തന്നെ കൊച്ചിയിലെ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസ് പരിസരം ജനനിബിഡമാകുമെന്നു കൽപേനി ദ്വീപുകാരനായ അബ്ദുൽ കലാമും ആന്ത്രോത്ത് ദ്വീപിലെ കെ.കെ.ഹുസൈനും പറയുന്നു. 24ലെ കവരത്തി കപ്പലിൽ കൽപേനി, ആന്ത്രോത്ത് ദ്വീപുകൾക്ക് 62 വീതം ടിക്കറ്റുകൾ നൽകുമെന്ന് അറിയിച്ചെങ്കിലും 17നു രാവിലെ ടിക്കറ്റെടുക്കാൻ എത്തിയപ്പോഴേക്കും അധികൃതർ അതു 40 വീതമാക്കി കുറച്ചിരുന്നു. സാങ്കേതികത്തകരാറാണു കാരണമായി പറഞ്ഞത്. മിനിക്കോയ് ദ്വീപിലേക്ക് 144 ടിക്കറ്റുകൾ നൽകുകയും ചെയ്തു. ഒട്ടേറെ ദ്വീപുകാർ കാത്തുകെട്ടിക്കിടക്കുമ്പോൾ ടൂറിസ്റ്റുകൾക്കാണോ മുൻഗണന കൊടുക്കേണ്ടതെന്നു കലാം രോഷത്തോടെ ചോദിക്കുന്നു.

സർക്കാർ ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവർക്കു കൊച്ചിയിൽ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിൽ താമസസൗകര്യം ലഭിക്കും. അല്ലാത്ത ഭൂരിഭാഗമാണു വലിയ തുക ചെലവിട്ടു പുറത്ത് ആഴ്ചകളോളം താമസിക്കേണ്ടിവരുന്നത്.

അടുത്തടുത്ത രണ്ടോ മൂന്നോ ദ്വീപുകളെ ബന്ധിപ്പിച്ചു സർവീസുകൾ ആരംഭിച്ചാൽ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാമെന്നു ഹുസൈൻ പറയുന്നു. 100–150 പേർക്കു കയറാവുന്ന നൗകകൾ (വെസൽ) ആരംഭിക്കുന്നതു ഗുണകരമാകും.

കിട്ടില്ല, പകുതി സീറ്റ് പോലും

നിലവിലുള്ള 3 കപ്പലുകളിലായി ആകെ 1500 സീറ്റാണുള്ളത്. 3 ദിവസത്തിൽ ശരാശരി ഒരു കപ്പൽ എന്ന കണക്കിലാണു ദ്വീപിലേക്കു സർവീസ്. 1500 സീറ്റുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കും മറ്റു ക്വോട്ടക്കാർക്കും നൽകിയാൽ പിന്നെ പകുതിയിൽ താഴേ സീറ്റ് മാത്രമേ ദ്വീപുവാസികൾക്കു ലഭിക്കൂ. കൊച്ചി, ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിലായി നിലവിൽ മൂവായിരത്തിലേറെ ലക്ഷദ്വീപുകാരാണ് ടിക്കറ്റ് കാത്തുകഴിയുന്നത്. ലക്ഷദ്വീപിന്റെ വരുമാനത്തിന് ടൂറിസം ഒഴിവാക്കാനാകാത്തതാണ്. ടൂറിസ്റ്റുകൾക്കു പുറമേ ദ്വീപുവാസികൾക്കു കൂടി യാത്രാസൗകര്യം ഉറപ്പാക്കാൻ കൂടുതൽ കപ്പലുകളും നൗകകളും ഏർപ്പെടുത്തിയാലേ പ്രതിസന്ധിക്കു പരിഹാരമാകൂ.

പേരിനുണ്ട് വിമാനം

ഒരു മാസം കൊച്ചിയിൽ വാടക കൊടുക്കുന്നത്ര പണം ആവശ്യമില്ല വിമാനത്തിൽ ലക്ഷദ്വീപിലേക്കു പോകാൻ. എന്നാൽ വിമാന സർവീസ് നാമമാത്രമാണ്. അഗത്തിയിലേക്കു മാത്രമേ വിമാനമുള്ളൂ. അതിലാകട്ടെ ആഴ്ചകൾക്കു മുൻപേ ബുക്കിങ് പൂർത്തിയാകും. മിനിക്കോയ്, ആന്ത്രോത്ത്, ചെത്‌ലത്ത്, കൽപേനി തുടങ്ങി വിദൂര ദ്വീപുകളിലേക്കു പോകേണ്ടവർ അഗത്തിയിൽ പിന്നെയും നൗകകൾ കാത്തുകിടക്കണം.

‘ഇവരും ഇന്ത്യക്കാരല്ലേ?’

മൂവാറ്റുപുഴ കടാതി സ്വദേശിയായ സംരംഭകൻ അമൽ അഗസ്റ്റിന്റെ ചോദ്യമാണിത്. കുടുംബസമേതം ലക്ഷദ്വീപ് കാണാൻ പോകുന്നതിന് 2022 നവംബറിൽ പെർമിറ്റ് എടുത്തതാണ് അമൽ. 2500 രൂപ പെർമിറ്റിനു മുടക്കി. ഡിസംബറിൽ 1500 രൂപ നൽകി അതു പുതുക്കി. ടിക്കറ്റിനായി പലവട്ടം ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം. അന്നാണു ലക്ഷദ്വീപ് നിവാസികളുടെ യാത്രാദുരിതം അമൽ മനസ്സിലാക്കിയത്.

‘‘നമ്മൾ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥലത്തുനിന്നു വീട്ടിലേക്കു പോകാൻ പറ്റാത്ത സ്ഥിതി ആലോചിച്ചുനോക്കൂ. ബെംഗളൂരുവിലും മറ്റും പഠിക്കുന്ന മലയാളിവിദ്യാർഥികൾക്ക് അവധി കിട്ടുമ്പോഴെല്ലാം നാട്ടിലെത്താം. പക്ഷേ, ലക്ഷദ്വീപിൽനിന്ന് കേരളത്തിലെത്തി പഠിക്കുന്ന കുട്ടികൾക്കു 10 ദിവസം അവധി കിട്ടിയാൽ പോലും നാട്ടിൽ പോകാനാകില്ല. എന്തൊരു ദുരിതമാണിത്. അവരും നമ്മുടെ രാജ്യത്തെ പൗരന്മാരല്ലേ?

പരിഹാരം ഉടനെന്ന് അധികൃതർ

ദ്വീപിൽനിന്നു കൂടുതൽ ആളുകൾ കേരളത്തിലേക്കെത്തുന്നതാണ് ഈ സീസണിൽ തിരക്കു കൂടാൻ കാരണമെന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടർ (സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്) ഷക്കീൽ അഹമ്മദ് പറഞ്ഞു. ‘സിടെറ്റ്’ എഴുതാൻ ഒട്ടേറെ വിദ്യാർഥികളെത്തിയതും തിരക്കു വർധിപ്പിച്ചു.

250 പേർക്കു യാത്ര ചെയ്യാവുന്ന എംവി അറേബ്യൻ സീ കപ്പൽ കൂടി ഏപ്രിലിനു മുൻപു സർവീസ് തുടങ്ങുന്നതോടെ പരാതികൾ കുറയും. അത്രതന്നെ പേർക്കു യാത്ര ചെയ്യാവുന്ന ലക്ഷദ്വീപ് സീ എന്ന കപ്പലിന്റെ സർവീസും വൈകാതെ ആരംഭിക്കും.

കൂടുതൽ നൗകകൾ സർവീസ് തുടങ്ങുന്നതു പരിഹാരമാകുമെങ്കിലും ലഭ്യതക്കുറവാണു പ്രശ്നം. ലഭ്യമായ നൗകകൾ ദ്വീപുകളെ ബന്ധിപ്പിച്ചു സർവീസ് നടത്തുകയാണ്. അവ കൊച്ചി – ലക്ഷദ്വീപ് യാത്രയ്ക്കു നിലവിൽ ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Travel plight of Lakshadweep people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com