ADVERTISEMENT

ശുദ്ധജലവിതരണത്തിന്റെ നിരക്കുവർധനയിലൂടെ കേരളത്തിനുമേൽ സർക്കാർ കയറ്റിവയ്ക്കാൻപോകുന്ന താങ്ങാഭാരത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ലീറ്ററിന് ഒരു പൈസ കൂട്ടുമെന്നു കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുന്നവരെ ഞെട്ടിക്കുന്ന ആഘാതമാകും ബില്ലിലെന്നാണു പുതിയ വിവരം. വൻതുക കുടിശികയുടെ പേരിലും നഷ്ടത്തിന്റെ പശ്ചാത്തലത്തിലുമാണ് വാട്ടർ ചാർജ് കുത്തനെ കൂട്ടാൻ സർക്കാരിന് ഇടതുമുന്നണി അനുമതി നൽകിയിരിക്കുന്നത്. ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുള്ള തുകയിൽ 70 ശതമാനവും നൽകാനുള്ളത് സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ്. അതു പിരിച്ചെടുക്കുകയല്ലേ സർക്കാരിന്റെ ആദ്യ ചുമതല? അതുചെയ്യാതെ, ജനത്തെ ശിക്ഷിക്കുന്നതിന്റെ ന്യായമെന്താണ്?

പുതിയ നിരക്ക് നടപ്പാകുമ്പോൾ വിവിധ സ്ലാബുകളിലായി അഞ്ചംഗ കുടുംബത്തിന് ശരാശരി 200 മുതൽ 400 രൂപ വരെയാണ് ബില്ലിൽ അധികം നൽകേണ്ടി വരിക; ഇപ്പോഴ‍ത്തേതിന്റെ മൂന്നിരട്ടിയോളം. മാസം 5000 – 20,000 ലീറ്റർ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണു ചെലവേറുന്നത്. പ്രതിമാസം 5,000 ലീറ്റർ വരെ വെള്ളം ഉപയോഗത്തിനു കുറഞ്ഞ നിരക്ക് 22.05 രൂപയാണ്. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ ഇത് 72.05 രൂപയായി ഉയരും. കണക്‌ഷൻ എടുത്തെങ്കിൽ, വെള്ളം ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5,000 ലീറ്ററിനു മുകളിൽ ഓരോ 5,000 ലീറ്ററിനും പ്രത്യേക സ്ലാബുകളായാണു നിരക്ക്.

കൃത്യമായി കുടിശിക പിരിച്ചിരുന്നെങ്കിൽ ഈ വലിയ ഭാരം ജനത്തിനുമേൽ അടിച്ചേൽപിക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു. ജല അതോറിറ്റിക്ക് 2391 കോടി രൂപ കുടിശികയുണ്ടെന്നാണ് എൽഡിഎഫ് നേതൃയോഗത്തിൽ വ്യക്തമാക്കിയത്. 1763.71 കോടി രൂപയാണ് ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുള്ളതെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റി‍ൻ കഴിഞ്ഞ മാസം ഏഴിനു നിയമസഭയെ അറിയിക്കുകയുണ്ടായി. ഇതുപ്രകാരം, സർക്കാർ ഓഫിസുകൾ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങൾ 967.78 കോടിയും പൊതുമേഖലാ സ്ഥാപനങ്ങൾ 10.43 കോടിയുമാണ് കുടി‍ശിക വരുത്തിയിരിക്കുന്നത്. ഗാർഹിക ഉപയോക്താക്കളുടെ കുടിശിക 209.52 കോടിയും ഗാർഹികേതര ഉപയോക്താക്കളുടേത് 306.23 കോടിയുമാണ്.

നിരക്കുവർധനകൊണ്ടു സാധാരണക്കാർക്ക് ഇരുട്ടടി നൽകാൻ ഉത്സാഹിക്കുന്ന സർക്കാർ, വലിയ തുക കുടിശികയുള്ള സർക്കാർ വകുപ്പുകളുടെ വീഴ്ചയ്ക്കുനേരെ കണ്ണടയ്ക്കുന്നത് എന്തുകെ‍ാണ്ടാണ്? 15 വർഷമായി വാട്ടർ ചാർജ് കുടിശിക അടയ്ക്കാത്ത സ്ഥാപനങ്ങളുണ്ട്. വീഴ്ച വരുത്തിയവർക്കുള്ള ആം‍നെസ്റ്റി പദ്ധതി പ്രകാരം ജൂലൈ മുതൽ ഇതുവരെ പിരിക്കാനായതാകട്ടെ 40.5 കോടി രൂപ മാത്രം. കുടി‍ശിക വരുത്തിയ സർക്കാർ വകുപ്പുകളിൽ മുന്നിൽ ആരോഗ്യ വകുപ്പാണ്– 127.52 കോടി. പൊതുമരാമത്ത് വകുപ്പ് 24.27 കോടിയും പൊതുവിദ്യാഭ്യാസ വകുപ്പ് 13.31 കോടിയും അടയ്ക്കാനുണ്ട്. നിരക്കുവർധന അടിച്ചേൽപിക്കാനുള്ള ശുഷ്കാന്തി കുടിശിക കൃത്യമായി പിരിച്ചെടുക്കുന്നതിൽക്കൂടി കാണിക്കേണ്ടതല്ലേ?

ഏറ്റവുമെ‍ാടുവിൽ സംസ്ഥാനത്ത് വെള്ളത്തിനു നിരക്കു കൂട്ടിയത് 2014ൽ ആണ്. ജല അതോറിറ്റി ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിൽ വെള്ളത്തിന്റെ വില 30% വർധിപ്പിക്കാൻ ജലവിഭവ വകുപ്പ് ശുപാർശ നൽകിയെങ്കിലും 2020 ഫെബ്രുവരിയിൽ എൽഡിഎഫ് നേതൃയോഗം അതു തള്ളി. ബജറ്റിലടക്കം വിവിധ ഫീസുകൾ കൂട്ടുകയും പ്രതിപക്ഷം സമരത്തിനിറങ്ങുകയും ചെയ്ത സാഹചര്യത്തിൽ വെള്ളക്കരം കൂടി കൂട്ടുന്നതു ജനവികാരം എതിരാക്കുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പുകൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം.

അടുത്ത തിരഞ്ഞെടുപ്പു ദൂരെയായതിനാൽ ജനത്തെ പീഡിപ്പിച്ചാലും പ്രശ്നമില്ലെന്നാകും സർക്കാർ നിലപാട്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂട്ടുമെന്ന ഭീഷണിയും ജനത്തിനുമുന്നിലുണ്ട്. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. നാടിനെ സമൂലം തളർത്തിയ കോവിഡ് കാലത്തിനുശേഷം, സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞുള്ള ജനപക്ഷ തീരുമാനങ്ങളാണു സർക്കാരിൽനിന്നുണ്ടാകേണ്ടതെങ്കിലും നിർഭാഗ്യവശാൽ അതല്ല ഉണ്ടാകുന്നത്.

English Summary: Increase in water supply rates

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com