ജോർജ്‌കുട്ടിയെത്തേടി പുതിയ തെളിവുമായി പൊലീസ്; ‘ദൃശ്യം 3’ കഥ പറഞ്ഞ് ചാറ്റ്ജിപിടി

ia-series-image
SHARE

വരുൺ പ്രഭാകറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേരിലുള്ള സംശയങ്ങളും ദുഷ്പേരും നീക്കി സ്വസ്ഥമായി ജീവിക്കുന്ന ജോർജ്കുട്ടിയെത്തേടി പുതിയൊരു തെളിവുമായി പൊലീസ് എത്തുകയാണ്. യഥാർഥത്തിൽ നടന്ന ഒരു കൊലപാതകത്തെ അയഥാർഥമാക്കി മാറ്റി സ്വന്തം കുടുംബത്തെ രക്ഷിച്ച ജോർജ്കുട്ടിയെ ഒരു കള്ളക്കേസിൽ കുടുക്കാനാണ് ഇത്തവണ പൊലീസിന്റെ ശ്രമം. 

ജോർജ്കുട്ടി പൊലീസിനെ കബളിപ്പിച്ച അതേ സാമർഥ്യത്തോടെ വ്യാജത്തെളിവുകളുണ്ടാക്കി പൊലീസ് ഇത്തവണ ജോർജ്കുട്ടിയെ അയാൾ ചെയ്യാത്ത കുറ്റത്തിനു പിടികൂടുന്നു. നിശ്ചിതസമയത്തിനുള്ളിൽ തന്റെ നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ കേസിൽ താൻ ശിക്ഷിക്കപ്പെടും എന്നു മനസ്സിലാക്കുന്ന ജോർജ്കുട്ടി ഒരിക്കൽക്കൂടി തന്റെ മിടുക്ക് പുറത്തെടുക്കുന്നതോടെ കഥ ആവേശകരമായ വഴിത്തിരിവിലേക്കു കടക്കുന്നു. ജോർജ്കുട്ടിയും കുടുംബവും പുതിയ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുന്നു. പക്ഷേ, ആത്യന്തികമായി വിജയം നേടിക്കൊണ്ട് അയാൾ കൗശലങ്ങളുടെ നായകനെന്ന തന്റെ പദവി ഉറപ്പിക്കുന്നു.

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗത്തിനായി ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് എഴുതിയ കഥയാണിത്. ‘ദൃശ്യം 3’നായി ഒരു കഥ നിർദേശിക്കുക എന്ന ഒറ്റവരി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചാറ്റ്ജിപിടി ഇതെഴുതിയത്. 

ഇത്തരത്തിൽ, കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം എഴുതുകയും ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ചേർത്ത് ‘ജനറേറ്റീവ് എഐ’ എന്നു വിശേഷിപ്പിക്കുന്നു. 

 എല്ലാ രം​ഗത്തും ചുവടുറപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കലാരം​ഗത്തെ പ്രകടനങ്ങൾ ലോകത്തെയാകെ വിസ്മയിപ്പിക്കുകയാണ്. ഐടി രം​ഗത്ത് മാന്ദ്യവും പിരിച്ചുവിടലും തുടരുമ്പോഴും വൻതോതിൽ നിക്ഷേപം നടക്കുന്ന മേഖലയെന്ന നിലയിൽ ‘ജനറേറ്റീവ് എഐ’ ഭാവിയുടെ വാ​ഗ്ദാനമായി ചിത്രീകരിക്കപ്പെടുന്നു.

പൂ ചോദിച്ചാൽ ഒരു പൂക്കാലം

അലാവുദ്ദീനും അദ്ഭുതവിളക്കും എന്ന കഥയിലെ ജീനി അഥവാ കുപ്പിയിൽനിന്നു വന്ന ഭൂതത്തെപ്പോലെയാണ് ജനറേറ്റീവ് എഐ സംവിധാനങ്ങൾ. എന്താണു വേണ്ടതെന്ന് ഒന്നോ രണ്ടോ വാചകങ്ങളിൽ പറഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ശൂന്യതയിൽ നിന്ന് അതു സൃഷ്ടിക്കും. ഇത്തരത്തിൽ രചനാവൈഭവമുള്ള ഏറ്റവും മികച്ച എഐ സംവിധാനമാണ് ഇലോൺ മസ്‍ക് സ്ഥാപിച്ച ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി. ചോദ്യങ്ങൾക്കുള്ള ഉത്തരം, സംക്ഷിപ്ത വിവരണങ്ങൾ, വലിയ ലേഖനങ്ങൾ എന്നിവയൊക്കെ ചാറ്റ്ജിപിടി വഴി സൃഷ്ടിക്കാനാകും. കംപ്യൂട്ടർ പ്രോ​ഗ്രാം കോഡുകളും അതു നിമിഷനേരത്തിനുള്ളിൽ സൃഷ്ടിക്കും. 

ഇന്നത്തെ തീയതി പ്രദർശിപ്പിക്കുന്ന ഒരു പൈതൺ പ്രോ​ഗ്രം എഴുതുക എന്ന നിർദേശപ്രകാരം ചാറ്റ്ജിപിടി സൃഷ്ടിച്ച കോഡാണ് ചുവടെ:

import datetime today = datetime.date.today() 

print("Today's date is:", today)

വെബ്സൈറ്റുകൾ സൃഷ്ടിക്കാനും സങ്കീർണമായ പ്രോ​ഗ്രാമുകൾ എഴുതാനും ചാറ്റ്ജിപിടി ഉപയോ​ഗിക്കാം. വിദ്യാർഥികൾ സ്കൂൾ അസൈൻമെന്റുകൾ ചെയ്യാനും ​ഗവേഷകർ പ്രബന്ധം തയാറാക്കാനും ചാറ്റ്ജിപിടിയെ ആശ്രയിച്ചാൽ നിലവിൽ കണ്ടുപിടിക്കാനാവില്ല. ഇന്റർനെറ്റിൽ എവിടെനിന്നെങ്കിലും പകർത്തിയ രചനകൾ കണ്ടെത്താനുള്ള സോഫ്റ്റ്‍വെയറുകൾക്ക് ചാറ്റ്‍ജിപിടിയുടെ മൗലികരചനകൾ തിരിച്ചറിയാൻ കഴിയില്ല. കഥയും കവിതയും എഴുതാനും ചിത്രരചന നടത്താനുമുള്ള ജനറേറ്റീവ് എഐയുടെ കഴിവ് യഥാർഥ സർ​ഗപ്രതിഭകളെ അമ്പരപ്പിക്കുന്നതാണ്. 

ia-image-monalisa
വിഖ്യാത ചിത്രകാരൻ‌ ലിയനാർദോ ഡാവിഞ്ചിയുടെ ‘മോണലിസ’ രാജാ രവിവർമയുടെ ശൈലിയിൽ. മിഡ്ജേണി എഐ സൃഷ്ടിച്ച ചിത്രം.

കേരളത്തിന്റെ സൗന്ദര്യത്തെപ്പറ്റി നാലുവരി കവിത എഴുതാൻ ആവശ്യപ്പെട്ട് മൂന്ന‌ു നിമിഷത്തിനുള്ളിൽ ചാറ്റ്ജിപിടി സൃഷ്ടിച്ച വരികൾ ചുവടെ:

The beauty of Kerala, 

A paradise in the sun, 

The lush green forests and tranquil backwaters, 

A land of joy for everyone!

ചാറ്റ്ജിപിടിയുടെ എല്ലാ സൃഷ്ടികളും മൗലികമാണെന്നതിനാൽ ഈ കഥകളുടെയും കവിതകളുടെയും പകർപ്പവകാശം, നിർദേശം അഥവാ പ്രോംപ്റ്റ് നൽകുന്നവർക്കുള്ളതാണ്. ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഏതെങ്കിലും ലേഖനങ്ങളിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ പകർത്താതെ എഐ സ്വന്തമായി രചിക്കുന്നതാണ് ഓരോ വാക്കും. ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള കോടിക്കണക്കിനു വെബ്‌പേജുകൾ മെഷീൻ ലേണിങ് സംവിധാനം വഴി മനഃപാഠമാക്കിയ ശേഷമാണ് ചാറ്റ്ജിപിടി മനുഷ്യരുടെ ശൈലി അനുകരിച്ചു മൗലികരചനകൾ നടത്തുന്നത്. 

എഐ വന്നു, ചിത്രകാരൻ പെട്ടു

വിയറ്റ്നാമിൽ നിന്നുള്ള ചിത്രകാരനായ ആങ് ന്യുയെൻ‌ ഹോങ് ജനുവരി ആദ്യവാരം സമൂഹമാധ്യമമായ റെഡിറ്റിൽ താൻ വരച്ച ഒരു ചിത്രം പോസ്റ്റ് ചെയ്തു. 100 മണിക്കൂർ ചെലവിട്ട് അദ്ദേഹം വരച്ച ചിത്രം ആ ഗ്രൂപ്പിന്റെ (സബ്‍റെഡിറ്റ്) അഡ്മിൻ നീക്കം ചെയ്തെന്നു മാത്രമല്ല ഹോങ്ങിനെ വിലക്കുകയും ചെയ്തു. ഹോങ് വരച്ച ചിത്രം എഐ സൃഷ്ടിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണു വിലക്കേർപ്പെടുത്തിയത്. താൻ ഏറെ സമയവും അധ്വാനവും ചെലവഴിച്ചു സൃഷ്ടിച്ച ചിത്രമാണ് അതെന്നു ഹോങ് തെളിവുസഹിതം അഡ്മിനെ അറിയിച്ചു. അപ്പോൾ വന്നു അടുത്ത മറുപടി- നിങ്ങളുടെ ചിത്രം എഐ വരച്ചതാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഇനി സത്യത്തിൽ അതു നിങ്ങൾ തന്നെ വരച്ചതാണെങ്കിൽ ശൈലി മാറ്റിപ്പിടിക്കുക.

അഡ്മിന്റെ മറുപടിയിൽ കലാലോകം ആകെ പ്രതിഷേധത്തിലാണ്. എഐയുടെ സർ​ഗശേഷി യഥാർഥ കലാപ്രവർത്തകരെയെല്ലാം വ്യാജന്മാരെന്നു മുദ്രകുത്തുന്നിടത്തോളം കാര്യങ്ങൾ എത്തിനിൽക്കുമ്പോൾ കുപ്പിയിൽനിന്നു വന്ന ഭൂതം കുടത്തിൽനിന്നു തുറന്നുവിട്ട ഭൂതമായിത്തീരുമോയെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു.

മിഡ്‍ജേണി, ഡാൽ-ഇ, സ്റ്റേബിൾ ഡിഫ്യൂഷൻ തുടങ്ങി ചിത്രരചനയിൽ അ​ഗ്ര​ഗണ്യരായ എഐ സംവിധാനങ്ങളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് മിഡ്ജേണിയാണ്. എന്തു ചിത്രമാണു വേണ്ടതെന്ന് ഏതാനും വാക്കുകളിൽ വിവരിച്ചാൽ നിമിഷങ്ങൾക്കം മിഡ്ജേണി വരച്ചുനൽകും. പകർപ്പവകാശമാകട്ടെ നിർദേശം നൽകിയയാൾക്ക്. രണ്ടോ മൂന്നോ ചിത്രങ്ങൾ നൽകി അതു യോജിപ്പിക്കാൻ പറഞ്ഞാൽ രണ്ടിലെയും ഘടകങ്ങൾ ഉൾപ്പെടുത്തി മൂന്നാമതൊരു കലാസൃഷ്ടി തിരികെ നൽകും. ആയിരക്കണക്കിനു ചിത്രരചനാ ശൈലികൾ അനുകരിക്കാൻ കഴിയുന്ന മിഡ്ജേണിക്ക് ഒന്നിലേറെ ശൈലികൾ ചേർത്തു പുതിയൊരു ശൈലിയുണ്ടാക്കാനും സാധിക്കും. 

മിമിക്രിയിൽ ഒന്നാമത് വാൾ-ഇ

ഷൂട്ടിങ് കഴിഞ്ഞ് ഡബ്ബിങ്ങിനു മുൻപ് ഉടക്കിനിൽക്കുന്ന ചലച്ചിത്ര താരങ്ങൾക്കും ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കും വെല്ലുവിളിയുയർത്തുന്ന മൈക്രോസോഫ്റ്റിന്റെ എഐ ആണ് വാൾ-ഇ. വ്യക്തികളുടെ ശബ്ദം അതേപടി അനുകരിക്കാൻ കഴിയുന്ന എഐ ആണിത്. ആരുടെയെങ്കിലും ശബ്ദം 3 സെക്കൻഡ് വാൾ-ഇ കേട്ടാൽ അതേ ശബ്ദത്തിൽ നാം നിർദേശിക്കുന്ന ഉള്ളടക്കമെല്ലാം വാൾ-ഇ പറയും. യഥാർഥശബ്ദം ഏത്, വാൾ-ഇ സൃഷ്ടിച്ചതേത് എന്നു തിരിച്ചറിയാൻ കഴിയില്ല. വ്യാജവാർത്തകളും ഓഡിയോ ക്ലിപ്പുകളും സൃഷ്ടിക്കാൻ ഇവ ദുരുപയോ​ഗിക്കപ്പെടാം എന്നതിനാൽ ഇത് മൈക്രോസോഫ്റ്റ് പരസ്യപ്പെടുത്തിയിട്ടില്ല. 

ia-series-image-2
കണ്ടാൽ എഐ വരച്ചതുപോലെയുണ്ട് എന്ന കാരണത്താൽ, സമൂഹമാധ്യമമായ റെഡിറ്റിൽ വിലക്കു നേരിട്ട ചിത്രം. വിയറ്റ്നാമിൽ നിന്നുള്ള ചിത്രകാരനായ ആങ് ന്യുയെൻ‌ ഹോങ് 100 മണിക്കൂർ ചെലവഴിച്ചു വരച്ചതാണ് ഈ ചിത്രം.

ഒന്നോ രണ്ടോ വാചകത്തിൽ ഒരു നിർദേശം നൽകിയാൽ അതിൽനിന്നു വിഡിയോ സൃഷ്ടിക്കുന്ന ​ഗൂ​ഗിളിന്റെ എഐ ആയ ഇമേജൻ വിഡിയോയും സമാനമാണ്. അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യാജവിഡിയോകൾ സൃഷ്ടിക്കാൻ ദുരുപയോ​ഗിക്കപ്പെടാം എന്നതിനാൽ ഇതും ജനങ്ങൾക്ക് പരീക്ഷിക്കാൻ ലഭ്യമല്ല. 

സൗജന്യമായി പരീക്ഷിക്കാം, ഓൺലൈൻ എഐ സേവനങ്ങൾ

∙ നിർദേശാനുസരണം വിഡിയോ സൃഷ്ടിക്കാൻ – Alpha.genmo.ai

∙ കയ്യിലുള്ള ചേരുവകൾ എന്തൊക്കെയെന്നു പറഞ്ഞാൽ പാചകവിധി രചിക്കാൻ – Chefgpt.xyz

∙ ലോഗോ ഡിസൈനിങ് – Looka.com

∙ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കളറാക്കാൻ– Palette.fm

∙ വിഡിയോയിൽ നിന്ന് സബ്‍ടൈറ്റിൽ – Freesubtitles.ai

∙ എഐ എഴുതിയ ബാലസാഹിത്യം - talestime.io

∙ ചാറ്റ് അധിഷ്ഠിത സേർച് എൻജിൻ - andisearch.com

∙ വലിയ ലേഖനങ്ങളുടെ ഉള്ളടക്കം ചുരുക്കിയെഴുതാൻ- tldrthis.com

∙ ഫോട്ടോയുടെ പശ്ചാത്തലം മാത്രം നീക്കാൻ - remove.bg

∙ അവ്യക്തമായ വരകളെ ചിത്രങ്ങളാക്കി മാറ്റാൻ - autodraw.com

∙ പ്രായമാകുമ്പോൾ എങ്ങനെയിരിക്കും എന്നറിയാൻ– Extrapolate.app

∙ ഒടുവിൽ ഇതും: രാജിക്കത്ത് തയാറാക്കുന്ന എഐ– iquit.ai

(അവസാനിച്ചു)

English Summary : Artificial intelligence series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA