സ്വന്തം ഔദ്യോഗിക തവള, ഒപ്പ്

purple-frog
പാതാളത്തവള
SHARE

നമ്മുടെ പിള്ളേര് ഉന്നതവിദ്യാഭ്യാസം തേടി കാനഡയിലും ഫിൻലൻഡിലുമൊക്കെ ചെന്നിറങ്ങുമ്പോൾ നേരിടുന്ന ആദ്യചോദ്യം ഇതായിരിക്കുമോ: നിങ്ങളുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവള ഏത് അഥവാ ആര്?

ഉത്തരമറിയില്ലെങ്കിൽ തലയിൽ ലൈറ്റ് പിടിപ്പിച്ച് തവളപിടിക്കാൻ പാതാളത്തിലേക്കു പോകുകയേ നിവൃത്തിയുള്ളൂവെന്ന് കേരള സംസ്ഥാന വന്യജീവി ബോർഡെങ്കിലും വിചാരിക്കുന്നു.അതുകൊണ്ടാവണം പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ വന്യജീവി ബോർഡ് നിർദേശിച്ചത്. ഒരു സംസ്ഥാനമായാൽ ഔദ്യോഗിക തവള നിർബന്ധമാണെന്നാണ് അപ്പുക്കുട്ടനും സുഹൃത്ത് കഷ്ടകാൽജിയും ഈ നിർദേശത്തിൽനിന്നു മനസ്സിലാക്കുന്നത്. 

മലയാളിസഞ്ചാരങ്ങളുടെ നെല്ലിപ്പലക പാതാളമാണ്. അതുകൊണ്ടാണല്ലോ മാവേലിത്തമ്പുരാന്റെ യാത്ര പാതാളത്തിലേക്കായത്; തമ്പുരാൻ വാർഷിക സന്ദർശനത്തിനെത്തുന്നതും പാതാളത്തിൽനിന്നുതന്നെ. പൊട്ടക്കുളത്തിലെ തവളയുടെ പരമാവധി സ്വപ്നവും അതുതന്നെ: പാതാളം. അതിനപ്പുറത്തേക്കു യാത്രയില്ല. 

കേരളത്തിന്റെ ഔദ്യോഗിക പക്ഷി വേഴാമ്പലാണെന്ന് അറിയാവുന്നവർ കുറയും; അതും മലമുഴക്കി വേഴാമ്പൽ. ഈ ബഹുമതിയുടെ മുഴക്കം എങ്ങനെയുണ്ടായെന്ന് ഒരു വേഴാമ്പലിനും ഇതുവരെ മനസ്സിലായിട്ടില്ല. മല മുഴക്കുന്നതെങ്ങനെയെന്നു മലയ്ക്കുമറിയില്ല. കിട്ടിയ ബഹുമതിയല്ലേ, ഇരിക്കട്ടെ എന്നു വിചാരിച്ച് എല്ലാ വേഴാമ്പലുകളും മഴ കാത്തിരിപ്പാണ്.

മലയാളി കണ്ടുണരുന്ന കാക്കയ്ക്ക് നമ്മുടെ പൂർവികരുടെ ആത്മാക്കളുമായുള്ള ബന്ധം എല്ലാവർക്കുമറിയാം. പക്ഷേ, കാക്കയ്ക്ക് കേരളത്തിന്റെ ഔദ്യോഗിക ആധ്യാത്മിക പക്ഷി എന്നൊരു സ്ഥാനംപോലും അനുവദിച്ചുകിട്ടിയില്ല. വേഴാമ്പൽ ഔദ്യോഗിക പക്ഷിയായതിനുശേഷം കാക്കയുടെ കാ, കാ കരച്ചിലിന് സവിശേഷമായൊരു സങ്കടതാളം വീണിട്ടുണ്ടെന്നാണ് അപ്പുക്കുട്ടന്റെ നാട്ടിലെ പക്ഷിനിരീക്ഷകർ പറയുന്നത്. 

നഗര–ഗ്രാമ ഭേദമില്ലാതെ കേരളത്തിലെ മാലിന്യനിർമാർജനത്തിൽ വലിയ പങ്കുവഹിക്കുന്ന കാക്കയെ കുറഞ്ഞപക്ഷം നമ്മുടെ ശുചിത്വ മിഷന്റെ ബ്രാൻഡ് അംബാസഡറെങ്കിലും ആക്കേണ്ടതല്ലേ എന്ന ചോദ്യമുയരുന്നു. നമ്മുടെ കുട്ടികൾക്കു വിരനിർമാർജന ഗുളിക കൊടുക്കുന്ന സമയമാണിത്. സംസ്ഥാന വിര ഏതാണെന്നുകൂടി തീരുമാനിച്ചാൽ ഗുളികദാനത്തിനൊരു ബലം കിട്ടും. വിരശല്യം എന്നു പറയുന്നതിനെക്കാൾ എത്രയോ ഓമനത്തമുണ്ട്, സംസ്ഥാന വിരയുടെ ശല്യംപറഞ്ഞു ഞെളിപിരി കൊള്ളുന്നതിന്!

English Summary : Tharangangalil column on purple frog 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS