ADVERTISEMENT

ബിബിസിയുടെ മോദിവിരുദ്ധ ഡോക്യുമെന്ററി ഡിവൈഎഫ് ഐയും യൂത്ത് കോൺഗ്രസും മത്സരിച്ചാണ് കേരളത്തിലുടനീളം പ്രദർശിപ്പിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ ഏകോപനത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദുവായി ആ ഡോക്യുമെന്ററി മാറുന്നു. പക്ഷേ, അതേ രാഷ്ട്രീയ സന്ദർഭത്തിൽത്തന്നെ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ശ്രീനഗറിലെ സമാപനച്ചടങ്ങിൽ കോൺഗ്രസിന് ഐക്യദാർഢ്യം നൽകാൻ സിപിഎം തയാറല്ല. ത്രിപുരയിൽ കൈ കോർത്തു മത്സരിക്കുന്ന സാഹചര്യവും മനംമാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നില്ല.

പക്ഷേ, ഇത്തവണ സിപിഎമ്മിനെ സിപിഐ കയ്യൊഴിഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചത് ആ പാർട്ടിയുടെ സ്ഥാനാർഥിക്കെതിരെയാണ്. 2024ൽ വയനാട്ടിൽത്തന്നെ ഒരു കൈ നോക്കാൻ രാഹുൽ തീരുമാനിച്ചാൽ സിപിഐ തന്നെയാകും ബലിയാടായി മാറുക. എന്നാൽ, കേരളത്തിന്റെ ചെറിയ കണ്ണിൽക്കൂടി ദേശീയ സാഹചര്യം നോക്കേണ്ടതില്ലെന്ന തീരുമാനം സിപിഐ കൈക്കൊണ്ടു. ശ്രീനഗറിൽ സിപിഐ ഉണ്ടാകും.

മോദി–ബിജെപി വിരുദ്ധതയിൽ കോർക്കപ്പെടുന്ന പ്രതിപക്ഷ ഐക്യ സാഹചര്യം പരിശോധിക്കുമ്പോൾ സിപിഎമ്മിന്റെ കേരളഘടകം കൂടുതലായി ഒറ്റപ്പെടുകയാണ്. കേരള നേതൃത്വത്തിന്റെ സമ്മർദം സിപിഎം കേന്ദ്ര നേതൃത്വത്തെയും ചിന്താക്കുഴപ്പത്തിലാക്കുന്നു. ജോഡോ യാത്ര കശ്മീരിൽ എത്തുമ്പോൾ അതിന്റെ ഭാഗമാകുമെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി നേരത്തേ അറിയിച്ചതാണ്. ‌പക്ഷേ, യാത്രയോടു മുഖം തിരിക്കാനായി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസിന്റെ കേരള നേതൃനിര കൂടി പങ്കെടുക്കുന്ന സമാപനച്ചടങ്ങിൽ അവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കു പോസ് ചെയ്യാൻ സിപിഎം തയാറല്ലെന്നു വ്യക്തം.

∙ എൽഡിഎഫിലും കോൺഗ്രസ് ‘സ്വാധീനം’

കേരളത്തിലെ സിപിഎം മുന്നോട്ടുവയ്ക്കുന്ന കോൺഗ്രസ് വിരോധത്തിൽനിന്നു തീർത്തും വ്യത്യസ്തമാണ് അനുദിനം ഉരുത്തിരിയുന്ന ദേശീയ സാഹചര്യം. ത്രിപുര തന്നെയാണു തെളിവ്. രണ്ടു ലോക്സഭാ സീറ്റുകൾ മാത്രമുള്ള ത്രിപുരയ്ക്ക് രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് എണ്ണംകൊണ്ടു കനപ്പെട്ട സംഭാവന ചെയ്യാൻ സാധിച്ചേക്കില്ല. പക്ഷേ, അഞ്ചു പതിറ്റാണ്ടോളം അവിടെ ബദ്ധശത്രുക്കളായിരുന്ന കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പുസഖ്യത്തിനു തയാറായത് 2024ലേക്കുള്ള രാഷ്ട്രീയവാതിൽ തുറക്കൽ തന്നെയാണ്. അഗർത്തലയിൽ നടന്ന റാലിയിൽ സ്വന്തം പതാകകൾ മാറ്റിവച്ച് ദേശീയപതാക ഉയർത്തിയാണ് രണ്ടു പാർട്ടികളുടെയും പ്രവർത്തകർ സഖ്യത്തോടുള്ള പ്രതിബദ്ധത വിളിച്ചോതിയത്.

സിപിഎമ്മിനു ചെറിയ സ്വാധീനമെങ്കിലും ഉള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസുമായി നേരിട്ടോ കൂടുതൽ ശക്തരായ സഖ്യകക്ഷികൾ നയിക്കുന്ന ബാനറിലോ അവർ സഖ്യത്തിലാണ്. എൽഡിഎഫിലെ കക്ഷികളിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്നവരുടെ നിലപാടും വ്യത്യസ്തമല്ല. എൻസിപി മഹാരാഷ്ട്രയിൽ കോൺഗ്രസുമായി കൂട്ടുകെട്ടിലാണ്. കർണാടകയിൽ ത്രികോണമത്സര പ്രതീതിയാണു നിലനിൽക്കുന്നതെങ്കിലും ജനതാദൾ(എസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ രാജ്യസഭാംഗമായിരിക്കുന്നത് കോൺഗ്രസ് നൽകിയ വോട്ടുകൾകൊണ്ടുകൂടിയാണ്. ബിഹാറിലെ മഹാസഖ്യത്തിന്റെ വക്താക്കളാണ് എൽജെഡി. ഇക്കൂട്ടത്തിൽ സിപിഐ പോകില്ലെന്നു കരുതിയപ്പോഴാണ് അവരുടെ നേതാക്കളും സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടു ശ്രീനഗറിലേക്കു തിരിക്കുന്നത്.

∙ പിണറായിയും ചന്ദ്രശേഖരറാവുവും

മൂന്നു സംസ്ഥാനങ്ങൾ ഭരിക്കുകയും ആറു സംസ്ഥാനങ്ങളിൽ മുഖ്യപ്രതിപക്ഷമായിരിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ മാറ്റിനിർത്തി വിശാല പ്രതിപക്ഷചേരി പ്രായോഗികമല്ലെന്ന അഭിപ്രായമാണു രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികൾക്കും. അതിൽനിന്നു വ്യത്യസ്ത നിലപാടുള്ള ബിആർഎസ് (പഴയ തെലങ്കാന രാഷ്ട്രസമിതി) തെലങ്കാനയിലെ ഖമ്മത്തു സംഘടിപ്പിച്ച റാലിയിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത് എന്നതും ശ്രദ്ധേയം. അതേ പിണറായിയുടെ കണ്ണൂർ പാ‍ർട്ടി കോൺഗ്രസിലേക്കു സിപിഎം ക്ഷണിച്ചുകൊണ്ടുവരികയും വാഴ്ത്തിപ്പാടുകയും ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഖമ്മത്തേക്ക് എത്തിനോക്കിയുമില്ല. സിപിഎമ്മിന്റെ മൂന്നു ലോക്സഭാംഗങ്ങളിൽ രണ്ടുപേർ അവിടെ ഇരിക്കുന്നത് സ്റ്റാലിന്റെ കനിവിലാണ്. ആ സഖ്യത്തിലും കോൺഗ്രസുണ്ട്.

സാധ്യമെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബിജെപിവിരുദ്ധ മുന്നണി എന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നിലപാടിനൊപ്പമാണ് മനസ്സുകൊണ്ട് പിണറായിയും കൂട്ടരും എന്നതു വ്യക്തം. എന്നാൽ, അദ്ദേഹത്തിന്റെതന്നെ പാർട്ടിയുടെ കേന്ദ്ര നേതൃത്വമോ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളോ കേരളത്തിലെ സഖ്യകക്ഷികളോ ആ രാഷ്ട്രീയ ലൈൻ അംഗീകരിക്കുന്നവരല്ല. ജോഡോ യാത്രയ്ക്കു രാജ്യത്താകെ ലഭിച്ച അംഗീകാരം സൂചിപ്പിക്കുന്നത് പ്രതിപക്ഷ ഐക്യം കോൺഗ്രസിലേക്കും രാഹുലിലേക്കും കൂടുതലായി കേന്ദ്രീകരിക്കുമെന്നാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് അടിതെറ്റാൻ ഒരു കാരണം ‘രാഹുൽ ഇഫക്ട്’ ആണെന്നു വിലയിരുത്തിയ പാർട്ടിയുടെ കേരളഘടകത്തിന് ഇതു വീണ്ടും തലവേദന സൃഷ്ടിക്കും. അതുകൊണ്ടുതന്നെ കേരള നേതാക്കൾ കോൺഗ്രസിനും രാഹുലിനും എതിരെ കൂടുതലായി പറഞ്ഞുകൊണ്ടിരിക്കും. സീതാറാം യച്ചൂരിയും കൂട്ടരും അതു തള്ളാനോ കൊള്ളാനോ കഴിയാതെ വെട്ടിലാകും. കോൺഗ്രസിനു പ്രാധാന്യം കൂടി വരുന്ന ഓരോ രാഷ്ട്രീയ സന്ദർഭവും ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വഴിയിൽ കേരള നേതൃത്വത്തിന് ആധികൾ സമ്മാനിക്കുകയും ചെയ്യും.

English Summary : Keraleeya column for opposition parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com