വളരാൻ വഴിയുണ്ട്; വരുമാനം കൂട്ടാൻ ഇടപെടൽ വേണം

minister--k-n-balagopal
സെക്രട്ടേറിയറ്റിലെ ഓഫിസിൽ ബജറ്റ് ചർച്ചകൾക്കിടെ മന്ത്രി കെ.എൻ.ബാലഗോപാൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
SHARE

തന്റെ മൂന്നാമത്തെ ബജറ്റ് ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണു മന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രത്തിൽനിന്നുള്ള വരുമാനത്തിൽ വലിയ ഇടിവു പ്രതീക്ഷിക്കുന്ന സർക്കാർ പക്ഷേ, ഇക്കുറിയും ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ തെല്ലും പിശുക്കു കാട്ടാൻ ഉദ്ദേശിക്കുന്നില്ല. വമ്പൻ പദ്ധതികളാണു ബാലഗോപാലിന്റെ പണിപ്പുരയിൽ രൂപംകൊള്ളുന്നത്. ക്ഷേമപദ്ധതികൾക്കും ക്ഷാമമുണ്ടാകില്ല. ബജറ്റ് പ്രസംഗം തയാറാക്കിത്തുടങ്ങിയ മന്ത്രിയോട് വിവിധ മേഖലയിലെ വിദഗ്ധർക്കുള്ള നിർദേശങ്ങൾ ഇവ:

∙ വരുമാനം കൂട്ടാൻ ഇടപെടൽ വേണം

പ്രഫ. കെ.പി.കണ്ണൻ (മുൻ ഡയറക്ടർ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്)

∙ തനതുവരുമാനം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 8.5 ശതമാനത്തിൽനിന്ന് 6.5% എന്ന ഭയാനകമായ അവസ്ഥയിലെത്തിയത് പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ പ്രഖ്യാപിക്കണം.

∙ പെൻഷൻ പ്രായം 60 ആക്കണം. പുതിയ ജീവനക്കാരെ എടുക്കുന്ന പ്രക്രിയ, ഒഴിവു വരുന്നതിനു 2 കൊല്ലം മുൻപേ തുടങ്ങണം.

∙ ജിഎസ്ടി വകുപ്പിൽ ബിഗ് ഡേറ്റ അനാലിസിസ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള സ്ട്രാറ്റജിക് മാനേജ്മെന്റ് ഗ്രൂപ്പ് ഉണ്ടാക്കണം.

∙ പ്രതിശീർഷ വരുമാനം ക്രമാതീതമായി ഉയരുന്ന കേരളത്തിന്റെ ഉപഭോഗ സ്വഭാവമാറ്റങ്ങൾ അറിയാൻ വിശദ സർവേ നടത്തണം.

∙ നികുതിയും നികുതിയിതര വരുമാനവും കൃത്യമായി പിരിച്ചെടുക്കുന്നതിലും ചെലവു നിയന്ത്രിക്കുന്നതിലും ഊന്നിയ പൊതു ധനകാര്യ പഠനത്തിനായി ഫണ്ട് പ്രഖ്യാപിക്കണം.

∙ തദ്ദേശസ്ഥാപനങ്ങൾ കടമെടുക്കട്ടെ

എസ്.എം.വിജയാനന്ദ് (ആറാം ധനകാര്യ കമ്മിഷൻ അധ്യക്ഷൻ, മുൻ ചീഫ് സെക്രട്ടറി)

∙ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനും ഭരണം മെച്ചപ്പെടുത്താനും ആറാം ധനകാര്യ കമ്മിഷൻ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കണം.

∙ ആകർഷകമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന്റെ ഗാരന്റി ഇല്ലാതെ തദ്ദേശസ്ഥാപനങ്ങൾക്കു പണം കടം വാങ്ങുന്നതിനു വഴിയൊരുക്കുന്ന സംസ്ഥാന തദ്ദേശ സ്വയംഭരണ നിധി പ്രഖ്യാപിക്കണം.

∙ ജിഎസ്ടി നടപ്പാക്കിയതിലൂടെ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ഇപ്പോൾ നൽകുന്ന തുക പോരാ. കൂടുതൽ അനുവദിക്കണം.

∙ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകൾ കൂടുതൽ കൃത്യവും അവയുടെ ലഭ്യത കൂടുതൽ കാര്യക്ഷമവും ആക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് പുനഃക്രമീകരിക്കണം.

∙ തദ്ദേശസ്ഥാപനങ്ങൾക്കു ജനങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുന്ന തരത്തിൽ സോഷ്യൽ ഓഡിറ്റിങ് പ്രഖ്യാപിക്കണം.

∙ അനധികൃത ക്വാറികൾ കണ്ടെത്തി പിഴയിടണം

ഡോ. മേരി ജോർജ് (സാമ്പത്തിക വിദഗ്ധ)

∙ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കേരളത്തിൽ 1700 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, 600 ക്വാറികൾക്കു മാത്രമാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ റജിസ്ട്രേഷനുള്ളത്. അനധികൃത ക്വാറികൾ കണ്ടെത്തി പാരിസ്ഥിതിക ആഘാതത്തിനു പിഴ ഈടാക്കണം.

∙ കേരളത്തിലേതിനെക്കാൾ ലീറ്ററിന് 7 രൂപ കുറവായതിനാൽ കെഎസ്ആർടിസി ബസ് വരെ കർണാടകയിൽനിന്നാണു ഡീസൽ അടിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതി കുറച്ച് വില യുക്തിസഹമാക്കിയാൽ വരുമാനവും വർധിപ്പിക്കാം.

∙ വനമേഖലയോടു ചേർന്നു കിടക്കുന്ന റവന്യു ഭൂമിയിൽ കൂപ്പ് ഫാമിങ് പുനരാരംഭിച്ചാൽ ആ വഴിക്കു വിഭവസമാഹരണം സാധ്യമാണ്. ഭക്ഷ്യോൽപാദനം വർധിക്കും. വന്യമൃഗശല്യം കുറയുകയും ചെയ്യും.

∙ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടണം. ഇടനിലക്കാരായി പ്രവർത്തിക്കാൻ മാത്രം കെൽട്രോൺ പോലെയുള്ള സ്ഥാപനങ്ങൾ നിലനിർത്തണമോ എന്ന് ആലോചിക്കണം.

∙ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വ്യാപാരസ്ഥാപനങ്ങളെ റജിസ്റ്റർ ചെയ്യിക്കണം. അതിനായി വിജിലൻസ് പരിശോധന ഇപ്പോഴത്തെ 0.01 ശതമാനത്തിൽനിന്ന് 10% എങ്കിലുമാക്കി ഉയർത്തണം.

∙ 15 മന്ത്രിമാർ മതി

കെ.മോഹൻദാസ് (11–ാം ശമ്പളപരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ, കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി)

∙ കേരളത്തിൽ പരമാവധി 15 മന്ത്രിമാരേ ആവശ്യമുള്ളൂ. വലിയ ജോലിയൊന്നും ഇല്ലാത്തവരെ കാബിനറ്റ് റാങ്കോടെ നിയമിക്കുന്നതു നിയന്ത്രിച്ചാലേ ചെലവുചുരുക്കൽ സന്ദേശം ജനങ്ങളിലെത്തിക്കാനാകൂ.

∙ ടൈപ്പിസ്റ്റ്, പ്യൂൺ തുടങ്ങി ആവശ്യമില്ലാത്ത ഒട്ടേറെ തസ്തികകളിൽ ഇപ്പോഴും നിയമനം നടത്തുകയാണ്. ഇൗ തസ്തികകൾ ഉപേക്ഷിക്കണം.

∙ ഓരോ വകുപ്പിലും ആവശ്യമുള്ള ജീവനക്കാർ എത്രയെന്നു പഠിക്കുകയും ആവശ്യമില്ലാത്തവ ഒഴിവാക്കുകയും വേണം.

∙ ഇ–ഗവേണൻസ് പാതിവഴിയിലാണ്. പാസ്പോർട്ട് വിതരണം കേന്ദ്രസർക്കാർ വേഗത്തിലാക്കിയതുപോലെ വേഗത്തിലും ഫലപ്രദമായും സേവനങ്ങൾ നൽകാൻ സർക്കാരിനു കഴിയണം.

∙ ചെലവു ചുരുക്കുന്നതിന് ഒന്നിടവിട്ട വർഷങ്ങളിൽ വിരമിക്കൽ പ്രായം ഒരു വർഷം വീതം നീട്ടണം. അങ്ങനെ 60 വയസ്സാക്കണം.

∙ എല്ലാ ഭിന്നശേഷിക്കാർക്കും തൊഴിൽ ഉറപ്പാക്കണം

ജി.വിജയരാഘവൻ (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ‌ അംഗം)

∙ ബുദ്ധിപരമായും കായികമായും പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ പരിശീലനം സിദ്ധിച്ച പ്രായപൂർത്തിയായവർക്കു സാമൂഹികക്ഷേമ വകുപ്പിന്റെയും എൻജിഒകളുടെയും സഹകരണത്തോടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. രക്ഷാകർത്താക്കളുടെ കാലശേഷം ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരെ സംരക്ഷിക്കാൻ സംവിധാനം ഉണ്ടാകണം.

∙ ഭിന്നശേഷിക്കാർ മുതൽ ബുദ്ധിപരിമിതി നേരിടുന്നവർ വരെയുള്ള കുട്ടികളുടെ കണക്കെടുപ്പു നടത്താൻ ബജറ്റിൽ പണം മാറ്റിവയ്ക്കണം.

∙ എല്ലാ വിഭാഗം ഭിന്നശേഷിക്കാരെയും ഒന്നിച്ചു പഠിപ്പിക്കുന്ന ബഡ്സ് സ്കൂൾ സംവിധാനം അവസാനിപ്പിച്ച് ഓട്ടിസം മുതൽ സെറിബ്രൽ പാൾസി വരെ ഓരോ വിഭാഗത്തിനും പ്രത്യേക ബഡ്സ് സ്കൂളുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണം.

∙ തീരദേശ മേഖലയിലെ ദാരിദ്ര്യ നിർമാർജനം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ സാമൂഹികനീതി വകുപ്പിനു കീഴിലാക്കണം.

∙ കേൾ‌വിപരിമിതിയുള്ള കുട്ടികൾക്കു വേണ്ടി നടപ്പാക്കിയ കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കണം.

തൈക്കാട് ‘ബജറ്റ് ’ ഹൗസ്

കഥയെഴുതുന്നതുപോലെയായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റെഴുത്ത്. മറ്റു തിരക്കുകളിൽനിന്നൊഴിഞ്ഞ് വിഴിഞ്ഞം ഇൻസ്പെക്‌ഷൻ ബംഗ്ലാവിൽ‌ കടൽക്കാറ്റേറ്റ് ഏകാഗ്രതയോടെയായിരുന്നു എഴുത്ത്. കെ.എം.മാണി ആദ്യകാലത്ത് എഴുത്ത് സെക്രട്ടേറിയറ്റിലെ ഓഫിസിലാക്കിയിരുന്നെങ്കിലും സന്ദർശകപ്രവാഹം താങ്ങാനാകാതെ ഒടുവിൽ വിഴിഞ്ഞത്തേക്കു മാറി. ഒരേ സമയം മുഖ്യമന്ത്രിയും ധനമന്ത്രിയും ആയിരുന്ന ഉമ്മൻ ചാണ്ടി പക്ഷേ, ബജറ്റെഴുതാൻ എങ്ങും പോയില്ല. ഓഫിസിലും വീട്ടിലും കാറിലും ട്രെയിനിലും ഒക്കെയായി ബജറ്റിനു രൂപം നൽകി.

എന്നാൽ, ഇതുവരെ ആരും താവളമാക്കാത്ത ഇടത്താണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിനു രൂപം നൽകുന്നത്. സെക്രട്ടേറിയറ്റിനു 2 കിലോമീറ്റർ അകലെ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ. അവിടെ 5 മുറികളിലായി ടീം ബാലഗോപാൽ സംസ്ഥാന ബജറ്റിനു ജീവൻ നൽകുകയാണ്. ഇനി ഒരാഴ്ചയാണു മുന്നിലുള്ളത്. അവസാനത്തെ ഘട്ടമായ ബജറ്റ് പ്രസംഗം തയാറാക്കലിലേക്ക് ഇന്നലെ മന്ത്രി കടന്നു.

∙ രാവിലെ ഫയൽ നോട്ടം

രാവിലെ എഴുന്നേറ്റാൽ ബാലഗോപാലിന്റെ ആദ്യത്തെ ജോലി ഫയൽ നോട്ടമാണ്. ഫയൽ പൂർണമായി വായിക്കുന്ന ശീലം പണ്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നപ്പോഴേ തുടങ്ങിയതാണ്. താൻ ഒപ്പിടുന്ന ഫയൽ പൂർണമായി നോക്കണമെന്ന അന്നത്തെ വാശി ഇന്നുമുണ്ട്. അൻപതോളം ഫയലുകൾ രാവിലെ നോക്കും. പിന്നെ വീടിനു ചുറ്റും ചെറിയ നടത്തത്തിനു ശേഷം കുളിച്ചു റെഡിയായി ഭാര്യ ആശാ പ്രഭാകരനും മകൻ ശ്രീഹരിക്കും ഒപ്പം പ്രഭാതഭക്ഷണം. മകൾ കല്യാണി പഠനത്തിനായി കേരളത്തിനു പുറത്താണ്.

∙ 10ന് ഓഫിസിലേക്ക്

ഓഫിസിലെത്തിയ ശേഷം പരമാവധി സന്ദർശകരെ കാണും. ബജറ്റ് തിരക്കിനിടയിലും അതിനു കുറവൊന്നുമില്ല. ഇന്നലെ പക്ഷേ, രാവിലെ ഓഫിസിൽ കയറിയ ശേഷം നേരെ പോയതു മന്ത്രിസഭാ യോഗത്തിലേക്ക്. ബജറ്റിലെ പദ്ധതിവിഹിതവും യോഗത്തിൽ ചർച്ചയായി. തുടർന്ന് 12 വരെ ഓഫിസിൽ സന്ദർശകരെ സ്വീകരിച്ച ശേഷം ധനസെക്രട്ടറി വിശ്വനാഥ് സിൻഹയുമായി കൂടിക്കാഴ്ച. പിന്നെ നേരെ ഗെസ്റ്റ് ഹൗസിലേക്ക്. അവിടെ ഒരു മുറിയിൽ ബജറ്റ് പ്രസംഗം ടൈപ്പ് ചെയ്യുന്ന സംഘം. മറ്റു മുറികളിൽ വിവരങ്ങൾ ക്രോഡീകരിക്കുന്നവർ. ബജറ്റ് രേഖകൾ തയാറാക്കാൻ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥസംഘം വേറെ.

∙ ചില്ലറയല്ല വെല്ലുവിളി

ഇത്തവണത്തെ ബജറ്റ് തയാറാക്കലിനുള്ള ഏറ്റവും വലിയ വെല്ലുവിളി ചെലവുകൾക്കു പണം എവിടെനിന്നു കണ്ടെത്തും എന്നതാണ്. ആ ആശങ്ക മന്ത്രിയുടെ മുഖത്തുണ്ട്. വരവും ചെലവും എങ്ങനെ കൂട്ടിമുട്ടിക്കും എന്ന ചോദ്യത്തിന് ഒരു കണക്കായിരുന്നു ഉത്തരം.

‘‘കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം ജൂണിൽ നിർത്തി. 12,000 കോടിയാണ് കഴിഞ്ഞ വർഷം നഷ്ടപരിഹാരം കിട്ടിയത്. റവന്യു കമ്മി ഗ്രാന്റിൽ അടുത്ത വർഷം 10,000 കോടിയോളം രൂപ കുറയും. ഇതിനു പുറമേയാണ് കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടമെടുപ്പിന്റെ പേരിൽ‌ കേരളത്തിന്റെ കടമെടുപ്പ് അവകാശം വെട്ടിക്കുറച്ചത്. ആകെ 24,000 കോടിയുടെ വരുമാനക്കുറവാണ് അടുത്ത വർഷം മുന്നിൽ കാണുന്നത്.’’

∙ അപ്പോൾ നികുതിവർധനയും ചെലവുചുരുക്കലും പ്രതീക്ഷിക്കാമല്ലേ?

‘‘കോവിഡിനു ശേഷം കാര്യമായ നികുതിവർധനകളൊന്നും നടപ്പാക്കിയിട്ടില്ല. അതിനാൽ ന്യായമായും വർധന വേണ്ടി വരും. പല നിരക്കുകളും ഇപ്പോൾ വളരെ കുറവാണെന്ന് ജനങ്ങൾത്തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്. ചെലവും ചുരുക്കേണ്ടിവരും. ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും അവസ്ഥ നമ്മൾ കാണുന്നുണ്ടല്ലോ. ഇവിടെയും പ്രതിസന്ധി ഉണ്ടെങ്കിലും ജനങ്ങളുടെ ഒരു ആവശ്യവും നിറവേറ്റാതിരുന്നിട്ടില്ല. അത് മാധ്യമങ്ങൾ അടക്കം പലരും കാണാതെ പോകുന്നുണ്ട്’’

∙ എല്ലാവരും ചോദിക്കുന്ന ചോദ്യം ക്ഷേമ പെൻഷൻ വർധിപ്പിക്കുമോ എന്നാണ്?

‘‘അതിലേക്കു കടന്നിട്ടില്ല’’

∙ അർധരാത്രി വരെ

ഉച്ചയൂണു കഴിഞ്ഞാൽ രാത്രി 11 വരെ മന്ത്രി ഗെസ്റ്റ് ഹൗസിൽ‌ത്തന്നെയുണ്ടാകും. ബജറ്റ് നിർദേശങ്ങളെക്കുറിച്ച് അടിക്കടി മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തും. സാമ്പത്തികവിദഗ്ധരോട് അഭിപ്രായം തേടും. അതിനനുസരിച്ച് പ്രസംഗത്തിൽ പുതിയ നിർദേശങ്ങൾ ചേർക്കും, വെട്ടിത്തിരുത്തും. ക്ലിഫ്ഹൗസിനു സമീപത്തെ ഒൗദ്യോഗികവസതിയായ പൗർണമിയിൽ എത്തുമ്പോൾ പാതിരാത്രിയാകും. ബജറ്റിന്റെ തിരക്കുകൾക്കിടയിൽ സർക്കാർ ചടങ്ങുകളിലും മന്ത്രി പങ്കെടുക്കുന്നുണ്ട്.

ബജറ്റിന്റെ വഴി

1. കേന്ദ്ര ബജറ്റിനു ശേഷമാണ് പൊതുവേ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തികവർഷം അവസാനിക്കുന്നതിനു 3 മാസം മുൻപെങ്കിലും ഓരോ വകുപ്പുകളോടും ബജറ്റിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ ക്ഷണിക്കും. ചെലവുകളും പുതിയ പദ്ധതികളും ആവശ്യങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും.

2. ഉദ്യോഗസ്ഥരുമായി കൂടിയാലോചന. കണക്കുകളുടെ അപഗ്രഥനം, നിർദേശങ്ങളുടെ പരിശോധന, വിശദീകരണം തേടൽ എന്നിവ.

3. വ്യവസായികൾ, കർഷകർ, ഉപഭോക്തൃ സംഘടനകൾ തുടങ്ങി എല്ലാ മേഖലയിലെയും പ്രതിനിധികളുമായി ചർച്ച. നേരിട്ടെത്താത്തവരിൽ‌നിന്നു നിർദേശങ്ങൾ എഴുതി വാങ്ങും.

4. വരവു ചെലവു കണക്കുകൾ തയാറാക്കൽ. ധനമന്ത്രി, ധനസെക്രട്ടറി, ഇരുവരുടെയും ഓഫിസിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അന്തിമ ചർച്ച. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നൽകും. മന്ത്രിസഭായോഗം ബജറ്റ് രേഖകൾ അംഗീകരിക്കും.

5. ബജറ്റ് പ്രസംഗം തയാറാക്കൽ. വേണ്ട വിവരങ്ങൾ ശേഖരിച്ച് അപ്പപ്പോൾ കൈമാറാൻ ഓഫിസിലെ വിശ്വസ്തർ ഒപ്പം. രാത്രി വൈകുവോളം ചർച്ചകൾ.

6. പ്രസംഗം ബജറ്റ് അവതരണത്തിനു തലേന്നു പൂർത്തിയാകും. രാത്രി നേരിട്ടെത്തി മുഖ്യമന്ത്രിയെ വായിച്ചു കേൾപ്പിക്കും. പുലർച്ചെ രണ്ടിന് പ്രസംഗം അതീവ സുരക്ഷയോടെ സർക്കാർ പ്രസിലേക്ക്. അച്ചടി പൂർത്തിയാക്കി രാവിലെ സീൽ ചെയ്ത കവറിൽ നിയമസഭയിൽ എത്തിക്കും. രാവിലെ ഒൻപതിനു ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും. പൂർത്തിയായാൽ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും വിതരണം ചെയ്യും. പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിർവഹിച്ച ജീവനക്കാരെ പ്രസിൽനിന്നു പുറത്തുവിടൂ.

English Summary : Minister K N Balagopal prepares to present his third budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS