സർവകലാശാലകളിൽ തൊട്ടുകളിക്കുമ്പോൾ

HIGHLIGHTS
  • ഉന്നത വിദ്യാഭ്യാസം കടുത്ത പ്രതിസന്ധി നേരിടുന്നു
university
SHARE

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേരളം ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുമെന്നും ഭരണനേതൃത്വം ആവർത്തിച്ച് അവകാശപ്പെടുമ്പോഴും നമ്മുടെ സർവകലാശാലകൾ ഭരണപരമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുകയാണ്. 

സർവകലാശാലകൾക്കു നേതൃത്വം നൽകേണ്ടതു വൈസ് ചാൻസലർമാരാണ്. എന്നാൽ, നമ്മുടെ സർവകലാശാലകളിലെ വിസിമാരുടെ സ്ഥിതി കഷ്ടമാണെന്നു പറയേണ്ടി വരും. കേരള, കാർഷിക, ഫിഷറീസ്, സാങ്കേതിക സർവകലാശാലകളിലും കലാമണ്ഡലത്തിലും സ്ഥിരം വിസിമാരില്ല. താ‍ൽക്കാലികക്കാരാണ് ഭരണം നടത്തുന്നത്. ആരോഗ്യ, നിയമ സർവകലാശാലകൾ ഒഴികെ മറ്റ് എല്ലായിടത്തും വിസിമാർ എപ്പോൾ വേണമെങ്കിലും പുറത്താകാമെന്ന ഭീഷണിയിലുമാണ്. ഗവർണറും സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനാൽ വിസി സ്ഥാനം ഒഴിവുവന്ന സർവകലാശാലകളിൽപോലും സേർച് കമ്മിറ്റിയെ നിയോഗിച്ച് പുതിയ വിസിമാരെ നിയമിക്കാൻ സാധിക്കുന്നില്ല.

സർവകലാശാലാ നിയമം അനുസരിച്ചു വിസിമാർക്കു വിപുലമായ അധികാരങ്ങളുണ്ട്. എന്നാൽ, എല്ലാ സർവകലാശാലകളിലും പ്രധാന തീരുമാനങ്ങളെടുക്കുന്നതു രാഷ്ട്രീയക്കാരടങ്ങുന്ന സിൻഡിക്കറ്റുകളാണ്. രാഷ്ട്രീയത്തിനതീതമായി വിസിമാർക്കു സ്വതന്ത്ര തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ല. സിൻഡിക്കറ്റിന്റെ വരുതിക്കു നിൽക്കുന്നവർക്കു മാത്രമേ വിസിമാരാകാൻ സാധിക്കുന്നുള്ളൂ എന്ന ആക്ഷേപവും തള്ളിക്കളയാനാവില്ല. അത്തരക്കാരെ നിയമിക്കാനാണ് സർക്കാരിന്റെ ശ്രമം എന്നു മനസ്സിലാക്കി ചാൻസലർ കൂടിയായ ഗവർണർ നിലപാട് കടുപ്പിക്കുകയായിരുന്നു. സർവകലാശാലകളിൽ ഇതു വലിയ അനിശ്ചിതത്വം ഉണ്ടാക്കി. നാഥനില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ സർവകലാശാലാ ഭരണത്തിൽ താളപ്പിഴ സൃഷ്ടിക്കുന്നു. ഇതെല്ലാം ബാധിക്കുന്നതു വിദ്യാർഥികളുടെ ഭാവിയെയാണ്.

ഇതിനു പുറമേയാണ് സർവകലാശാലകൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. യൂണിവേഴ്സിറ്റികൾ തനതു വരുമാനം വർധിപ്പിക്കണമെന്നാണ് കുറെക്കാലമായി സർക്കാർ ആവശ്യപ്പെടുന്നത്. വരുമാനം വർധിപ്പിക്കണമെങ്കിൽ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന വിവിധ ഫീസുകൾ ക്രമാതീതമായി കൂട്ടണം. ഇതു വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഇടയാക്കും. ഈ സാഹചര്യത്തിൽ വർധനയ്ക്കു സർവകലാശാലാ അധികൃതർ തയാറാകുന്നില്ല. സർക്കാരിൽനിന്നുള്ള പദ്ധതിയിതര ധനസഹായം കുറയുമ്പോൾ ശമ്പളവും പെൻഷനും നൽകാൻപോലും ബുദ്ധിമുട്ടാകുന്നു. 

പുതിയതായി തുടങ്ങിയ ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിലേക്ക് മറ്റു സർവകലാശാലകളിലെ ജീവനക്കാരെ മാറ്റിയിട്ടില്ല. പല സർവകലാശാലകളിലും അനധ്യാപക ജീവനക്കാരുടെ എണ്ണം കൂടുതലാണ്. അവരെ പുനർവിന്യസിക്കാനുള്ള ശ്രമവും നടക്കുന്നില്ല.

നാക് അക്രഡിറ്റേഷൻ ലക്ഷ്യമിട്ട് അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നതും അവർക്ക് ഉയർന്ന ശമ്പള സ്കെയിൽ അനുവദിക്കുന്നതും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. കാർഷിക, സംസ്കൃത സർവകലാശാലകളിൽനിന്നു വിരമിക്കുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ പൂർണമായി നൽകാൻ സാമ്പത്തിക പ്രതിസന്ധിമൂലം സാധിക്കുന്നില്ല. പ്രതിമാസ പെൻഷൻ മുടങ്ങിയിട്ടില്ലെന്ന ആശ്വാസം മാത്രമേയുള്ളൂ. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ റിസർവ് ഫണ്ട് ആയി സൂക്ഷിച്ചിട്ടുള്ള പണം ട്രഷറിയിലേക്കു മാറ്റണമെന്നു സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. സർവകലാശാലകളുടെ പണംകൂടി എടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ധനവകുപ്പിന്റെ ശ്രമം.

സർവകലാശാലാ ഭരണത്തിൽ രാഷ്ട്രീയം കലർത്തരുത് എന്നതുപോലെതന്നെ പ്രധാനമാണ് സർവകലാശാലകളുടെ സാമ്പത്തിക സുസ്ഥിതിയും സ്വാതന്ത്ര്യവും. യുജിസി ചട്ടങ്ങൾ പാലിച്ചും അക്കാദമിക് നിലവാരം ഉയർത്തിയും മുന്നോട്ടുപോകാൻ ഭരണ നേതൃത്വം അനുവദിച്ചാലേ സർവകലാശാലകളെ തകർച്ചയിൽനിന്നു രക്ഷിക്കാൻ സാധിക്കൂ.

English Summary : Editorial about higher education

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS