രോമാഞ്ചം കൊള്ളിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ: നടന്നാൽ നടന്നു!

HIGHLIGHTS
  • പല പ്രഖ്യാപനങ്ങളും പ്രായോഗികത പഠിക്കാതെയും ആവശ്യത്തിന് പണമുണ്ടോ എന്നു നോക്കാതെയും
K-N-Balagopal
ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
SHARE

ബജറ്റിലെ രോമാഞ്ചം കൊള്ളിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾകേട്ട് ജനം പ്രതീക്ഷയോടെ കാത്തിരിക്കും. ചിലതു നടക്കും, ചിലതു നടക്കില്ല. പ്രായോഗികത പഠിക്കാതെയും ആവശ്യത്തിന് പണമുണ്ടോ എന്നു നോക്കാതെയും നടത്തുന്ന പ്രഖ്യാപനങ്ങൾക്കു പലപ്പോഴും ബജറ്റ് രേഖകളിൽതന്നെ ഉറങ്ങാനാണു വിധി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെയും കേട്ട പ്രധാന ബജറ്റ് പ്രഖ്യാപനങ്ങളുടെ ഗതിയെന്ത്?

പ്രഖ്യാപനം: 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ പദ്ധതി
∙ടി.എം.തോമസ് ഐസക് (2017 മാർച്ച്)
ജൂണിൽ പൂർത്തിയാകുമെന്ന് കഴിഞ്ഞ മാർച്ചിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ വീണ്ടും പ്രഖ്യാപിച്ചെങ്കിലും ആർക്കും ഇന്റർനെറ്റ് കണക്‌ഷൻ കിട്ടിയിട്ടില്ല. 90% സർക്കാർ ഓഫിസുകളിൽ കണക്‌ഷൻ നൽകിയെന്നു പറയുന്നു. ഓരോ നിയമസഭാ മണ്ഡലത്തിൽനിന്നും 100 വീതം ആകെ 1.4 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു കണക്‌ഷൻ‌ നൽകാനാണു പുതിയ തീരുമാനം. ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടില്ല.

പ്രഖ്യാപനം: തിരുവനന്തപുരം മുതൽ കാസർകോട് വരെ 4 മണിക്കൂർകൊണ്ട് എത്താവുന്ന വേഗ ട്രെയിൻ സർവീസിന് 55,000 കോടി രൂപ ചെലവിട്ട് എലിവേറ്റഡ് ഇരട്ടപ്പാത. അഥവാ സിൽവർലൈൻ പദ്ധതി.
∙തോമസ് ഐസക് (2019 ഫെബ്രുവരി)
കേന്ദ്ര അനുമതിക്കു കാക്കാതെ സ്ഥലമേറ്റെടുപ്പിലേക്കു പോകുകയാണെന്ന് 2020 ഫെബ്രുവരിയിലെ ബജറ്റിലും ഐസക് പ്രഖ്യാപിച്ചു. ഭൂമിയേറ്റെടുക്കലിനു നിയോഗിച്ചിരുന്ന റവന്യു ഉദ്യോഗസ്ഥരെ പിൻവലിച്ചു. സാമൂഹികാഘാത പഠനത്തിന്റെ കാലാവധി കഴിഞ്ഞെങ്കിലും പഠനം തുടരാൻ പുതിയ വിജ്ഞാപനമിറക്കിയില്ല. കേന്ദ്രാനുമതി ലഭിച്ചശേഷം മാത്രം മതിയെന്നു തീരുമാനം. പദ്ധതി മരവിച്ച മട്ടാണ്. സർക്കാർ സമ്മതിച്ചുതരില്ലെന്നു മാത്രം.

പ്രഖ്യാപനം: 5 വർഷംകൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ
∙തോമസ് ഐസക് (2021 ജനുവരി)
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ (2021 ജൂൺ) മന്ത്രി കെ.എൻ.ബാലഗോപാൽ ഇതാവർത്തിച്ചു. വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിപ്രകാരം 2,67,196 തൊഴിലുകൾ സൃഷ്ടിച്ചെന്നു സർക്കാർ അവകാശവാദം. 882 തൊഴിൽസഭകൾ തദ്ദേശസ്ഥാപനങ്ങൾവഴി സംഘടിപ്പിച്ചെങ്കിലും ഇതുവഴി എത്ര തൊഴിൽ കിട്ടിയെന്നതിനു കണക്കില്ല.

പ്രഖ്യാപനം: ആവശ്യപ്പെടുന്ന എല്ലാ കുട്ടികൾക്കും ലാപ്ടോപ്
∙തോമസ് ഐസക് (2021 ജനുവരി‌)
വിദ്യാശ്രീ പദ്ധതി നടത്തിപ്പ് സമ്പൂർണ പരാജയം. വിദ്യാശ്രീ പദ്ധതിയിൽ ലഭിച്ച 45,313 ലാപ്ടോപ്പുകൾ പിന്നീടു പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതിയുടെ ബാനറിലാണു വിതരണം ചെയ്തത്. വിദ്യാകിരണം പദ്ധതിയിലൂടെ നാലു ലക്ഷത്തിലധികം വിദ്യാർഥികൾക്കു ലാപ്ടോപ് നൽകാൻ 700 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സമാഹരിക്കാനാണു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, ലഭിച്ചതു തുച്ഛമായ തുക മാത്രം. ടെൻഡർ വിളിക്കാൻ മാസങ്ങൾ വൈകി. ഒടുവിൽ കൈറ്റ് ടെൻഡർ വിളിച്ചു. ഏതാനും പേർക്ക് ലാപ്ടോപ്പുകൾ നൽകി.

പ്രഖ്യാപനം: തോട്ടങ്ങളിൽ ഫലവർഗ കൃഷി; നയം മാറ്റം
∙കെ.എൻ.ബാലഗോപാൽ (2021 ജൂൺ)
ഇൗ പദ്ധതിക്കായി നിയമം പരിഷ്കരിക്കുമെന്ന് 2022ലെ ബജറ്റിൽ ആവർത്തിച്ചു. റവന്യു വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഐയുടെ എതിർപ്പുമൂലം നടപ്പായില്ല.

പ്രഖ്യാപനം: 5 വർഷത്തിനകം എല്ലാവർക്കും വീട്
∙തോമസ് ഐസക് (2016 ജൂലൈ)
എല്ലാവർക്കും വീട് എന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭൂമിയുള്ള ഭവനരഹിതരായി 3.68 ലക്ഷം പേരെയും ഭൂരഹിത ഭവനരഹിതരായി 1.97 ലക്ഷം പേരെയും ലൈഫ് ഭവനപദ്ധതി(2020)യിൽ കണ്ടെത്തിയിട്ടുണ്ട്. ഇൗ വർഷം ഒരുലക്ഷം വീടുകളുടെ നിർമാണം ഏറ്റെടുത്തു.

പ്രഖ്യാപനം: പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്കു പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങൾ വഴി സൗജന്യ മരുന്ന്
∙തോമസ് ഐസക് (2017 മാർച്ച്)
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി മരുന്നുകൾ നൽകുന്നു

പ്രഖ്യാപനം: സ്ത്രീകൾക്കു പ്രത്യേക വകുപ്പ്
∙തോമസ് ഐസക് (2016 ജൂലൈ. 2017 മാർച്ചിൽ ആവർത്തിച്ചു)
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പുതിയ വകുപ്പ് 2017ൽ നിലവിൽ‌ വന്നു

പ്രഖ്യാപനം: 6,000 കോടി രൂപ ചെലവിട്ട് തീരദേശ ഹൈവേ. 3,500 കോടി ചെലവിട്ട് മലയോര ഹൈവേ
∙തോമസ് ഐസക് (2017 മാർച്ച്)
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെയുള്ള തീരദേശ പാതയിൽ മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര – ഉണ്യാൽ, മൊയ്തീൻ പള്ളി – കെട്ടുങ്ങൽ റീച്ചുകളിൽ നിർമാണം തുടങ്ങി. മറ്റു റീച്ചുകളിൽ സ്ഥലമേറ്റെടുക്കൽ നടക്കുന്നതേയുള്ളൂ. തിരുവനന്തപുരം പാറശാല മുതൽ കാസർകോട് നന്ദാരപ്പടപ്പു വരെയുള്ള മലയോര ഹൈവേയുടെ 4 റീച്ചുകൾ വീതികൂട്ടി. 17 റീച്ചുകളിൽ നിർമാണം നടക്കുന്നു.

പ്രഖ്യാപനം: കേരള ചിക്കൻ എന്ന പേരിൽ കുടുംബശ്രീകൾ കോഴി വളർത്തും. കിലോയ്ക്ക് 87 രൂപയ്ക്ക് ഇറച്ചിക്കോഴി ലഭിക്കും
∙തോമസ് ഐസക് (2018 ഫെബ്രുവരി)
പദ്ധതി തുടങ്ങി. കഴിഞ്ഞ വർഷം 75 കോടി രൂപയുടെ വിറ്റുവരവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 260 ഫാമുകളും 94 വിൽപന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

പ്രഖ്യാപനം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരമേഖലയ്ക്ക് 2000 കോടിയുടെ പാക്കേജ്
∙തോമസ് ഐസക് (2018 ഫെബ്രുവരി)
പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പഠനം പാതിവഴിയിൽ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടപ്പാക്കുന്ന എല്ലാ പദ്ധതികളും പാക്കേജിന്റെ ഭാഗമായി കാണണമെന്നാണ് സർക്കാർവാദം.

പ്രഖ്യാപനം: 25 രൂപയ്ക്ക് ഉൗണു നൽകുന്ന 1,000 കുടുംബശ്രീ ഹോട്ടലുകൾ ആരംഭിക്കും
∙തോമസ് ഐസക് (2020 ഫെബ്രുവരി)
1027 ഹോട്ടലുകൾ ആരംഭിച്ചു. ചിലതു പൂട്ടി. അരിയും പച്ചക്കറികളും കടം വാങ്ങിയാണു പല ജനകീയ ഹോട്ടലുകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു ഊണിന് 10 രൂപയാണു സർക്കാർ സബ്സിഡി നൽകുന്നത്. സബ്സിഡി കൃത്യമായി ലഭിക്കുന്നില്ല.

പ്രഖ്യാപനം: ഓരോ വകുപ്പിലെയും അധിക ജീവനക്കാരെ കണ്ടെത്തി പുനർവിന്യസിക്കും
∙തോമസ് ഐസക് (2020 ഫെബ്രുവരി)
ജിഎസ്ടി, പഞ്ചായത്ത് വകുപ്പുകൾ ഒഴികെ ഒരിടത്തും പുനർവിന്യാസം നടപ്പാക്കാനായില്ല.

പ്രഖ്യാപനം: 2020 നവംബർ 1 മുതൽ സിഎഫ്എൽ ബൾബുകൾ നിരോധിക്കും. ഇനി എൽഇഡി ബൾബുകൾ മാത്രം.
∙തോമസ് ഐസക് (2020 ഫെബ്രുവരി)‌
കെഎസ്ഇബി വഴി എൽഇഡി ബൾബുകൾ ആവശ്യക്കാർക്കെല്ലാം നൽകി. ഇതു സിഎഫ്എല്ലിനെ അപ്രസക്തമാക്കിയെങ്കിലും നിരോധനം നടപ്പായില്ല.

പ്രഖ്യാപനം: ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി പരമദരിദ്രരെ കണ്ടെത്താൻ സർവേ
∙തോമസ് ഐസക് (2021 ജനുവരി)
സർവേ പൂർ‌ത്തിയായി

പ്രഖ്യാപനം: താമസസ്ഥലത്തിന് അടുത്ത് ഐടി അടിസ്ഥാന ജോലികൾ ചെയ്യാൻ സൗകര്യമൊരുക്കുന്ന വർക്ക് നിയർ ഹോം പദ്ധതി
∙തോമസ് ഐസക് (2021 ജനുവരി)
പദ്ധതി പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചു. നീക്കിവച്ച പണം ടെക്നോപാർക്കിന്റെ ചുറ്റുമതിൽ നിർമിക്കാൻ വിനിയോഗിച്ചു. ഇതേ പദ്ധതി 2022ലെ ബജറ്റിൽ വീണ്ടും പ്രഖ്യാപിച്ചു.

പ്രഖ്യാപനം: വിലക്കയറ്റം ചെറുക്കാൻ 2,000 കോടി
∙കെ.എൻ.ബാലഗോപാൽ (2022 മാർച്ച്)
സപ്ലൈകോ വഴിയും ഹോർട്ടികോർപ് വഴിയും വിലക്കയറ്റം പിടിച്ചുനിർത്താൻ ഇടപെട്ടെന്നാണു സർക്കാർവാദം. എന്നാൽ, ഭക്ഷ്യവസ്തുക്കൾക്കു സമീപകാലത്ത് വില കുതിച്ചുയർന്നു.

ബജറ്റിൽ പരിഗണിക്കാൻ വിദഗ്ധരുടെ നിർദേശങ്ങൾ

Khadeeja-Mumtaz
ഡോ.ഖദീജ മുംതാസ്. ചിത്രം:സജീഷ് ശങ്കർ ∙ മനോരമ

ഭക്ഷ്യവസ്തു പരിശോധന കർശനമാക്കണം
ഡോ.ഖദീജ മുംതാസ് (എഴുത്തുകാരി, റിട്ട. പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്)

∙ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജീവനക്കാരുടെ എണ്ണം കുറവാണ്. അതു കൂട്ടണം. സൗകര്യങ്ങളും വർധിപ്പിക്കണം.
∙ മറ്റു സംസ്ഥാനങ്ങളിൽ‌നിന്ന് എത്തുന്ന മുഴുവൻ ഭക്ഷ്യസാധനങ്ങളും പരിശോധിക്കാൻ സംവിധാനം വേണം.
∙ ഫാമിലി മെഡിസിൻ ഡോക്ടർമാരെ കൂടുതലായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കണം.
∙ പോൾട്രി ഫാമുകൾ മാർഗരേഖയനുസരിച്ചു പ്രവർ‌ത്തിക്കുന്നെന്ന് ഉറപ്പാക്കണം.

Padmini-Thomas
പത്മിനി തോമസ്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

സ്റ്റേഡിയങ്ങൾ നവീകരിക്കണം
പത്മിനി തോമസ് (മുൻ രാജ്യാന്തര അത്‌ലിറ്റ്, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)

∙ മൂന്നാറിലെ ഹൈ ഓൾറ്റിറ്റ്യൂഡ് ട്രെയ്നിങ് സെന്റർ രാജ്യാന്തര നിലവാരത്തിലാക്കണം.
∙ സ്റ്റേഡിയങ്ങളിലെ നശിച്ചുപോയ സിന്തറ്റിക് ട്രാക്കുകളുടെ നവീകരണത്തിനും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പുതിയ സിന്തറ്റിക് ട്രാക്ക് നിർമിക്കാനും ഫണ്ട് അനുവദിക്കണം.
∙ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലുകളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണം.
∙ ജില്ലകളിലെ സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനും പദ്ധതി വേണം.

Rajeev Puthalath
രാജീവ് പുത്തലത്ത്. ചിത്രം: മനോരമ

വാഹന നികുതി കൂട്ടാതെ വരുമാനമുണ്ടാക്കാം
രാജീവ് പുത്തലത്ത് (മുൻ ജോയിന്റ് കമ്മിഷണർ, മോട്ടർ വാഹന വകുപ്പ്)

∙ കേരളത്തിലെ ബസുകൾ 6,000 ആയി ചുരുങ്ങി. ഇതിനു കാരണം ഉയർന്ന നികുതി കൂടിയാണ്. ഇനി നികുതി വർധിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
∙ ഭൂമി കൈമാറുമ്പോൾ സ്റ്റാംപ് ഡ്യൂട്ടി ഇൗടാക്കുന്നതുപോലെ, ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ ചെറിയ നികുതി ചുമത്താം.
∙ പഴയ വാഹനത്തിന്റെ ഇഷ്ട നമ്പർ പുതിയ വാഹനത്തിലേക്കു മാറ്റുന്നത് അടക്കമുള്ള സൗകര്യത്തിനു നമ്പർ പോർട്ടബിലിറ്റി നടപ്പാക്കാം.
∙ വികസിത രാജ്യങ്ങളിലേതുപോലെ മികച്ച പാർക്കിങ് സൗകര്യം ഒരുക്കിയാൽ ഉയർന്ന ഫീസ് പിരിക്കാം.

jojo-george
ജോജോ ജോർജ്

ഇഷ്ടമുള്ള കൃഷിക്ക് സ്വാതന്ത്ര്യം നൽകണം - ജോജോ ജോർജ് (നൂതന കൃഷിരീതി വിദഗ്ധൻ)

∙ റബർ, കാപ്പി, ഏലം തുടങ്ങിയ കൃഷികൾ നഷ്ടമായിക്കൊണ്ടിരിക്കെ സ്വന്തം ഭൂമിയിൽ പുഷ്പകൃഷിയോ ഫലവൃക്ഷ കൃഷിയോ ചെയ്യാൻ കർഷകനു സ്വാതന്ത്ര്യമുണ്ടാകണം.
∙ ചെറുകിട കർഷകർ ഒന്നും രണ്ടും ഏക്കറിൽ റംബുട്ടാൻ പോലുള്ള കൃഷികളിൽ ഏർപ്പെടുമ്പോൾ അവർക്കു വിപണിസാധ്യത സർക്കാർ ഉറപ്പാക്കണം.
∙ തോട്ടങ്ങളിൽ ഫലവൃക്ഷങ്ങൾക്കൊപ്പം ടൂറിസം പദ്ധതികളും വ്യവസായ സംരംഭങ്ങളും അനുവദിക്കണം.
∙ റബർ, ഏലം കൃഷിക്ക് ബാങ്കുകൾ നൽകുന്ന വായ്പയുടെ തോതിന് ആനുപാതികമായി ഫലവൃക്ഷ കൃഷിക്കും വായ്പ അനുവദിക്കാൻ സർക്കാർ ഇടപെടണം.

English Summary : Present situation of announcements in kerala budget during Pinarayi Vijayan government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS