ADVERTISEMENT

പ്രഭാവതി ബിഹാറിലെ കോൺഗ്രസ് നേതാവ് ബ്രിജ്‌കിഷോർ പ്രസാദിന്റെ മകളായിരുന്നു. പതിനാലാം വയസ്സിൽ 1918ൽ ജയപ്രകാശ് നാരായണിനെ വിവാഹം കഴിച്ചു. വരനു 16 വയസ്സ്. 1922ൽ ജയപ്രകാശ് യുഎസിൽ പോയപ്പോൾ പ്രഭാവതി സബർമതി ആശ്രമത്തിൽ താമസമായി. ജയപ്രകാശാകട്ടെ  യുഎസിൽവച്ചു മാർക്സിസത്താൽ പ്രചോദിതനായി. എം.എൻ.റോയിയുടെ രചനകൾ അദ്ദേഹത്തെ സ്വാധീനിച്ചു. പഠനശേഷം തിരികെയെത്തിയപ്പോൾ ഗാന്ധിജി അദ്ദേഹത്തോടു പറഞ്ഞു: ‘‘താങ്കൾ സംസ്കാരസമ്പന്നനാണ്. പ്രഭാവതി ബ്രഹ്മചര്യത്തിനു പ്രതിജ്ഞയെടുത്തിട്ടുണ്ട്. അവളുടെ തീരുമാനത്തെ മാനിക്കുക.’’ ജയപ്രകാശും പ്രഭാവതിയും ശിഷ്ടകാലം ആ പ്രതിജ്ഞ പോലെ ജീവിച്ചു.

prabhavathy
പ്രഭാവതി

 

എങ്ങനെയാണു ഗാന്ധിജിക്ക് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞത് ?

1914. ലോകം ഒന്നാം ലോകയുദ്ധത്തിലേക്കു പ്രവേശിക്കുകയായിരുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്നു തിരികെ ഇന്ത്യയിലെത്തിയിട്ടില്ല. ലണ്ടൻ കെൻസിങ്ടണിലെ ഒരപരിചിതമൂലയിൽ ഒന്നാം നിലയിലെ കുടുസ്സുമുറിയിൽവച്ചാണ് സരോജിനി നായിഡു ആദ്യമായി ഗാന്ധിജിയെ കാണുന്നത്.

sarojini
സരോജിനി നായിഡു

ഒരാൾ നിലത്തിരുന്നു വൈകുന്നേരത്തെ ഭക്ഷണം കഴിക്കുന്നു. ഒലിവെണ്ണയിൽ തക്കാളി ഉടച്ചിട്ടുള്ള വിചിത്രമായ ഭക്ഷണം കണ്ട് അവർക്ക് അറപ്പുതോന്നി. തലയുയർത്തിനോക്കിയ ഗാന്ധിജിക്കു സരോജിനി നായിഡുവിന്റെ മുഖത്തെ അപ്രസന്നത പിടികിട്ടി. പൊട്ടിച്ചിരിച്ചുകൊണ്ട് ഗാന്ധിജി ചോദിച്ചു– ‘‘ശ്രീമതി നായിഡു ആയിരിക്കുമല്ലേ ? കൂടുന്നോ, ഭക്ഷണം കഴിക്കാൻ ?’’

അവർ പറഞ്ഞു– ‘‘വേണ്ട, നന്ദി . എനിക്ക് ഓക്കാനം വരുന്നു.’’ ഹൈദരാബാദിലെ നിസാമിന്റെ കോളജിലെ പ്രിൻസിപ്പലിന്റെ മകൾ; ലണ്ടനിലെ കിങ്‌സ് കോളജിലും കേംബ്രിജിലും പഠിച്ച പെൺകുട്ടി. കുറച്ചുനേരമേ അന്നു ഗാന്ധിജിയുമായി സംസാരിച്ചുള്ളൂ. പക്ഷേ, അത് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയായി (ആദ്യത്തെയാൾ ആനി ബസന്റ്). ദണ്ഡി യാത്രയിൽ 1930 ഏപ്രിൽ ആറിനു ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം സരോജിനി നായിഡുവിനെ യാത്രാ ക്യാപ്റ്റനാക്കി.

 

എങ്ങനെയാണു ഗാന്ധിജിക്ക് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞത് ?

സി.എഫ്.ആൻഡ്രൂസ് എന്ന ബ്രിട്ടിഷ് പാതിരിയെ ‘ദീനബന്ധു’ എന്നുവിളിച്ചതു ഗാന്ധിജിയാണ്. ചാൾസ് ഫ്രീയെർ ആൻഡ്രൂസ് എന്നതിലെ ‘സി.എഫി’ന് ‘ക്രിസ്തുവിന്റെ വിശ്വസ്ത അപ്പോസ്തലൻ’ ( Christ's Faithful ) എന്ന ഭാഷ്യം നൽകിയതും ഗാന്ധിജിയാണ്.

andrew
സി.എഫ്.ആൻഡ്രൂസ്

സ്വാതന്ത്ര്യസമരകാലത്ത് ഒരു ഗുജറാത്ത് ഗ്രാമത്തിൽ ഗാന്ധിജിയോടൊപ്പം പോയ കാര്യം സി.എഫ്.ആൻഡ്രൂസ് എഴുതിയിട്ടുണ്ട്. 

ദരിദ്ര നാരായണൻമാരായ അൽപവസ്ത്രധാരികൾ അവരിലൊരാളെപ്പോലെയിരിക്കുന്ന ഗാന്ധിജിയെക്കാണാൻ എത്തിയിരുന്നു. വലിയ ആൾക്കൂട്ടം. ആൻഡ്രൂസ് പാതിരി ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു. 

നാലുപാടും വലിയ താഴ്ചകളുള്ള, ഒട്ടും നിരപ്പല്ലാത്ത ഒരിടത്താണ് ആ രാത്രി ജനങ്ങൾ തിങ്ങിക്കൂടിയത്. അന്നു ചന്ദ്രഗ്രഹണമായിരുന്നു. അതിന്റെ മത ചടങ്ങുകൾ ഉപേക്ഷിച്ചിട്ടാണു ജനം എത്തിയിരിക്കുന്നത്. സി.എഫ്.ആൻഡ്രൂസ് എഴുതി– ‘‘ഗാന്ധിജിയെ കാണുമ്പോൾ എനിക്കു വിശുദ്ധ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള മഹത്വങ്ങൾ ഓർമ വരും. ആധുനികകാലത്തു വിശുദ്ധ ഫ്രാൻസിസ് അസീസിയോട് ഏറ്റവും അടുത്തു നിൽക്കുന്നയാളാണു ഗാന്ധിജി.’’

 

ghan
ഖാൻ അബ്ദുൽ ഗാഫർ ഖാൻ

എങ്ങനെയാണു ഗാന്ധിജിക്ക് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞത് ?

സോവിയറ്റ് സൈന്യവും അഫ്ഗാൻ മുജാഹിദീനുകളും തമ്മിൽ യുദ്ധം നടക്കുമ്പോൾ 1988ൽ വെടിനിർത്തലുണ്ടായി. മഹാനായ അഹിംസാപ്രവാചകൻ അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ജനങ്ങൾക്ക് അവസരമുണ്ടാക്കാനായിരുന്നു അത്.

1928ലാണ് ഗാഫർ ഖാൻ ഗാന്ധിജിയെ ആദ്യം കാണുന്നത്. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പഷ്‌തൂൺ പ്രവിശ്യയിലെ നേതാവായിരുന്ന അദ്ദേഹം അക്കൊല്ലം മക്കയിൽ ഹജ്ജിനുപോയി തിരികെവന്നു ഗാന്ധിജിയുടെ ആജീവനാന്ത അനുയായി ആകുകയായിരുന്നു.

ഇന്ത്യാ വിഭജനസമയത്തു ഗാന്ധിജി ബിഹാറിലെ കലാപബാധിതപ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം രോഷാകുലരായ ഹിന്ദുക്കളുടെ ഇടയിലേക്കു നടന്നിറങ്ങിയ ധൈര്യശാലിയെക്കുറിച്ചാണു നാം പറയുന്നത്.

 

ram
റാംമനോഹർ ലോഹ്യ

എങ്ങനെയാണു ഗാന്ധിജിക്ക് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞത് ?

1938 ആയപ്പോഴേക്കും റാംമനോഹർ ലോഹ്യ കോൺഗ്രസുമായി പൂർണമായി അകന്നിരുന്നു. സോഷ്യലിസ്റ്റായിരുന്ന അദ്ദേഹം ഗാന്ധിയൻ നയങ്ങളോടു വിയോജിക്കുകയും ചെയ്തു. ലോഹ്യ നിലയ്ക്കാത്ത പുകവലിക്കാരനായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയശേഷം ഒരുദിവസം രാവിലെ ഡൽഹിയിൽ ലോഹ്യയും സഖാക്കളും ഗാന്ധിജിയെ കാണാനെത്തി. ‘‘സോഷ്യലിസ്റ്റായശേഷം താങ്കൾക്ക് എന്നെ കാണാൻ സമയമില്ലല്ലോ’’– ചിരിച്ചുകൊണ്ടു ഗാന്ധിജി പറഞ്ഞു. ‘‘ബാപ്പുവിനു നൽകാൻ എപ്പോഴും സമയമുണ്ട്’’– ലോഹ്യ മറുപടി പറഞ്ഞു.

നിശ്ചയിച്ചതനുസരിച്ച് അന്നു വൈകിട്ട് അവർ വീണ്ടും കണ്ടു. പുകവലി നിർത്താൻ ഗാന്ധിജി ലോഹ്യയോട് അഭ്യർഥിച്ചു. മറ്റുള്ളവർ ഉപദേശിക്കുന്നതു പൊതുവേ ഇഷ്ടപ്പെടാത്ത ലോഹ്യ പറഞ്ഞു– ‘‘ബാപ്പു, നമുക്കു മറ്റെന്തെങ്കിലും സംസാരിക്കാം.’’ പിടിവാശിയുടെ നിതാന്തസഖാവായ ഗാന്ധിജി പറഞ്ഞു– ‘‘ഇതല്ലാതെ വേറൊന്നും എനിക്കു താങ്കളോടു പറയാനില്ല.’’

അന്നു രാത്രി ലോഹ്യ ഡയറിയിൽ എഴുതി – ‘‘സ്വന്തം ജീവിതം കൊണ്ടു ഗാന്ധി മറ്റുള്ളവരുടെമേൽ ഒരധികാരം നേടിയിട്ടുണ്ട്. ഞാൻ പുകവലി ഉപേക്ഷിക്കുകയാണ്.’’

godse
നാഥുറാം ഗോഡ്‌സെ

1948 ജനുവരി 30നു റാം മനോഹർ ലോഹ്യ പറഞ്ഞു– ‘‘ഭൂമുഖത്ത് ഇനിയാർക്കും എന്നെ തടയാനാകില്ല. ഞാൻ പുകവലി വീണ്ടും തുടങ്ങുന്നു.’’

 

എങ്ങനെയാണു ഗാന്ധിജിക്ക് ആളുകളെ ഇങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞത് ?

1948 ജനുവരി 30നു നാഥുറാം ഗോഡ്‌സെ എന്ന മത തീവ്രവാദിയുടെ മൂന്നു വെടിയുണ്ടകളാണു ഗാന്ധിജിയുടെ ജീവിതം അവസാനിപ്പിച്ചത്. 

ഗോഡ്സെയ്ക്കുള്ള മറുപടി അതിനും 40 കൊല്ലം മുൻപേ ദക്ഷിണാഫ്രിക്കയിൽവച്ചു ഗാന്ധിജി പറഞ്ഞുകഴിഞ്ഞതാണ്. ‘തെക്കെയാഫ്രിക്കയിലെ സത്യഗ്രഹ’ത്തിൽ അദ്ദേഹം എഴുതി:

‘എല്ലാ ജീവിതത്തിലും മരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു സഹോദരന്റെ കയ്യാൽ മരിക്കുന്നത് എനിക്കു സങ്കടകരമായ കാര്യമല്ല. എന്തെങ്കിലും അസുഖം വന്നുമരിക്കുന്നതിലും നല്ലത് അതാണ്. അങ്ങനെ കൊല ചെയ്യപ്പെട്ടു എന്നിരിക്കട്ടെ, അപ്പോഴും എന്നിൽ കൊലപാതകിയോടു ദേഷ്യമോ വെറുപ്പോ ഉണ്ടാകുന്നില്ല എങ്കിൽ അത് എന്റെ അനശ്വരമായ നന്മയ്ക്കായി ഭവിക്കും.’

എന്തുകൊണ്ടായിരിക്കണം ഗാന്ധിജിക്ക് മത തീവ്രവാദികളെ മാത്രം സ്വാധീനിക്കാൻ കഴിയാതെപോയത് ?

 

(എഴുത്തുകാരനും കോളമിസ്റ്റുമാണ് ലേഖകൻ)

English Summary: Five different people who were influenced by Gandhiji writes s gopalakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com