ADVERTISEMENT

ഒരു സമയത്ത് 100 പേർക്കെങ്കിലും ഭക്ഷണമുണ്ടാക്കാൻ തനിക്കു സാധിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെടുന്നത്. ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിർമല പഠിച്ചിരുന്ന കാലത്ത്, 1983ൽ, വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് ഹോസ്റ്റൽ മെസ് അടച്ചു. അന്നു നിർമലയും സുഹൃത്തുക്കളും ഹോസ്റ്റലിൽ സ്വന്തമായി പാചകം ചെയ്തു. അന്നാണ് തന്റെ പാചകശേഷി നിർമല തിരിച്ചറിഞ്ഞത്. ഏതെങ്കിലും ഒരു വിഭവമല്ല, ബംഗാളി, തമിഴ്, തെലുങ്ക്, ബിഹാറി വിഭവങ്ങൾ ഉണ്ടാക്കിയെന്നും ഈ കഴിവ് തന്റെ ബയോഡേറ്റയിൽ ചേർക്കാവുന്നതാണെന്നും നിർമല പറഞ്ഞിട്ടുണ്ട്.

എത്ര പേരെ, എത്ര മേഖലകളെ തൃപ്തിപ്പെടുത്തുന്ന ബജറ്റാവും നാളെ നിർമല അവതരിപ്പിക്കുക? മോദി സർക്കാരിന്റെ പതിനൊന്നാമത്തെ ബജറ്റാണ് നാളത്തേത്. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ സമ്പൂർണ ബജറ്റ്. ഈ വർഷം, ബിജെപി ഭരണത്തിലുള്ളവയുൾപ്പെടെ 9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുണ്ട്. അപ്പോൾ, കേട്ടാൽ വോട്ടുചെയ്യാൻ  തോന്നുന്നതാവണം ബജറ്റ്. അതിനുള്ള ജനകീയ വിഭവങ്ങൾ ബജറ്റിലുണ്ടാവണം. തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനപ്പെരുമഴ പെയ്യിക്കാനുള്ള ശേഷി മോദി സർക്കാരിന്റെ ബയോഡേറ്റയിൽ എന്നേയുള്ളതാണ്. 

സ്ഥിതി മെച്ചം; ഫലമോ? 

നികുതി, സെസ്, സർചാർജ് വരുമാനങ്ങൾ നോക്കിയാൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണ്. അതുകൊണ്ടുതന്നെ, സർക്കാർ കൂടുതൽ പണം ചെലവഴിക്കുകയെന്ന സമീപനരീതി സ്വീകരിക്കുന്നതിനു തടസ്സമില്ല. ഇക്കാര്യത്തിൽ, റിസർവ് ബാങ്കും തങ്ങളുടേതായ അച്ചടക്കം കൈവിടാതെ സർക്കാരിന്റെ പക്ഷത്തുണ്ടാവും. വായ്പവിതരണത്തിന്റെ കാര്യത്തിൽ, പൊതു–സ്വകാര്യ ബാങ്കുകൾ ഇപ്പോൾ ഉത്സാഹത്തിലാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എച്ച്ഡിഎഫ്സി ബാങ്ക് തന്നെ 864 ശാഖകകൾകൂടി തുറന്നുവെന്നത് ഉദാഹരണം.

എന്നാൽ, തിരഞ്ഞെടുപ്പിനപ്പുറം, നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ എന്തു ചെയ്യുമെന്നാണു കാണേണ്ടത്. ആഗോളമാന്ദ്യത്തിനു പ്രതീക്ഷിച്ചത്ര കടുപ്പമുണ്ടാകില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്; സാമ്പത്തികത്തളർച്ച, വിലക്കയറ്റം എന്നിവയുടേതായ പ്രതിസന്ധി കടന്നുപോയെന്നും. എന്നാൽ, 2023 മാന്ദ്യവർഷമായിരിക്കുമെന്നു പല സാമ്പത്തികവിദഗ്ധരും പ്രവചിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിയുടെ മുഖ്യകാരണമായ റഷ്യ–യുക്രെയ്ൻ യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും പ്രവചിക്കാനാവുന്നില്ല.

രാജ്യാന്തര സാഹചര്യം പ്രതികൂലവും അനിശ്ചിതത്വമുള്ളതുമായി തുടരുന്നുവെന്നു റിസർവ് ബാങ്ക് ഗവർണർ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങൾ ഭദ്രമായതിനാൽ നമുക്കു വലിയ പ്രശ്നമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ബാങ്കുകളും കോർപറേറ്റ് മേഖലയും ആരോഗ്യം വീണ്ടെടുത്തു, ബാങ്കുകളുടെ വായ്പവിതരണം വളരുന്നു, വിലക്കയറ്റം നിയന്ത്രണവിധേയമല്ലെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനിടെ സ്ഥിതി അൽപം മയപ്പെട്ടു, വിദേശനിക്ഷേപം മെച്ചപ്പെട്ട സ്ഥിതിയിലാണ് തുടങ്ങിയവയാണ് ദാസ് പറയുന്ന കാരണങ്ങൾ. ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ രൂപയുടെ മൂല്യത്തിൽ ഇവിടുണ്ടായെങ്കിലും മറ്റു പല രാജ്യങ്ങളുടെ കറൻസിയെക്കാളും മെച്ചപ്പെട്ട സ്ഥിതിയാണെന്ന വിലയിരുത്തലും അദ്ദേഹത്തിനുണ്ട്. 

വാദങ്ങൾക്കു മുന്നിൽ ഒട്ടേറെ ചോദ്യങ്ങൾ

വാദങ്ങൾ എന്ന നിലയ്ക്ക് ഇതൊക്കെ സമ്മതിക്കാം. സമ്പദ്‌വ്യവസ്ഥയിലെ അടിസ്ഥാനഘടകങ്ങൾ ഭദ്രമെങ്കിൽ അതു രാജ്യത്തു വേണ്ടവിധം പ്രതിഫലിക്കേണ്ടതല്ലേയെന്ന ചോദ്യമുണ്ട്. നിർധനരെയും ബിസിനസുകാരെയും പരമാവധി സംരക്ഷിക്കുകയെന്ന സമീപനരീതിയാണ് മോദി സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തു സമ്പത്തു സൃഷ്ടിക്കുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കുക, അതിലൂടെയുണ്ടാകുന്ന വളർച്ചയുടെ ഫലങ്ങൾ എല്ലാവരിലുമെത്തിക്കുക എന്നതാണ് യുക്തി. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നതിലാണു സംശയം.

കോവിഡ്കാലത്തുൾപ്പെടെ കോർപറേറ്റ് മേഖലയിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്ക് ആനുപാതികമായി സ്വകാര്യ മുതൽമുടക്ക് ഉണ്ടായില്ലെന്നതിൽ സർക്കാരിനും തർക്കമില്ല. പലരും തങ്ങളുടെ കടങ്ങൾ കുറച്ചും മറ്റും സാമ്പത്തികസ്ഥിതി ഭദ്രമാക്കാനാണ് ശ്രമിച്ചത്. സ്വകാര്യ മേഖല വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതു പ്രതീക്ഷ മാത്രമായി. ഗൗതം അദാനിയുടെ കോർപറേറ്റ് ശൈലിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സമ്പത്ത് സൃഷ്ടിക്കുന്നവർക്കു സർക്കാർ നൽകുന്ന പ്രോത്സാഹത്തിനുമേലുള്ള പുതിയ ചോദ്യമാണ്.

കോവിഡും യുക്രെയ്നിലെ യുദ്ധവുമൊക്കെ വരുന്നതിനു മുൻപുതന്നെ രാജ്യത്തിന്റെ സാമ്പത്തികവളർച്ച മന്ദഗതിയിലായിരുന്നു. അതിനു പുറമേയാണ് പുതിയ കാരണങ്ങളാലുള്ള പ്രതിസന്ധിയുണ്ടായത്. രണ്ടും ഫലപ്രദമായി നേരിടാൻ സർക്കാരിന്റെ നയസമീപനങ്ങൾ വേണ്ടത്ര സഹായകമായില്ല. ‘ഡിമാൻഡ്’ വർധിക്കുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ സൂചനയായി നേരത്തേ പറഞ്ഞിരുന്ന പ്രധാന കാരണം. ഉൽപന്നമോ സേവനമോ വാങ്ങാനും അതിനു നിശ്ചിതവില നൽകാനുമുള്ള താൽപര്യമാണ് സാമ്പത്തിക അർഥത്തിൽ ‘ഡിമാൻഡ്’. ആ താൽപര്യമുണ്ടാകണമെങ്കിൽ, അതിനുള്ള ശേഷിയുണ്ടാവണം. അങ്ങനെ ശേഷിയും മനസ്സുമുള്ളവരുടെ എണ്ണം വർധിക്കുന്നില്ലെന്ന സ്ഥിതി തുടരുകയാണ്. അതു മാറ്റാൻ, പണം ചെലവഴിക്കാനുള്ള താൽപര്യം വർധിപ്പിക്കാൻ സർക്കാർ പുതുതായി എന്തുചെയ്യുമെന്നാണ് ബജറ്റിലൂടെ വ്യക്തമാകേണ്ടത്.

23 കോടി ദരിദ്രർ; 166 ശതകോടീശ്വരരും

സാമൂഹിക വികസന മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ‘ഓക്സ്ഫാം’ ഈയിടെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 23 കോടി പേർ ദാരിദ്ര്യത്തിലാണ്. എന്നാൽ, രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2020ൽ 102 ആയിരുന്നത് കഴിഞ്ഞ വർഷം 166 ആയി. രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം പേരുടെ കയ്യിലാണെന്നും ഓക്സ്ഫാം കണക്കുകൾ പറയുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ 80 കോടി ജനങ്ങളെ സഹായിക്കുന്നുണ്ടെന്നു സർക്കാർതന്നെ പറയുന്നു. രാജ്യത്തെ ജനത്തിന്റെ പകുതിയിലേറെ ഏത് അവസ്ഥയിലെന്നതിന് അതുതന്നെ തെളിവ്.

എന്നാൽ, ആഡംബര കാറുകളുടെ വിൽപന വർധിച്ചിട്ടുണ്ട്. രാജ്യത്തെ മദ്യവിൽപനയുടെ കഴിഞ്ഞ നാലു വർഷത്തെ കണക്കെടുത്താൽ, ഈ സാമ്പത്തിക വർഷമാണ് ഏറ്റവും കൂടുതൽ വിൽപന. അതിൽത്തന്നെ മുന്തിയ ബ്രാൻഡുകളുടെ വിൽപനയിൽ കൂടുതൽ‍ വളർച്ചയുണ്ട്. വിപണിയിൽനിന്നുള്ള കണക്കുകളനുസരിച്ച്, വിസ്കി – 11.1%, റം – 18%, വോഡ്ക – 25% എന്നിങ്ങനെയാണ് വിൽപനയിലെ വർധന. 

ഇടത്തരക്കാർക്ക് ഇളവ് കിട്ടുമോ?

റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന നാരായണൻ സീതാരാമന്റെയും സാവിത്രിയുടെയും മകളാണ് ധനമന്ത്രി. താനും ഇടത്തരം കുടുംബത്തിൽനിന്നാണ്. അതുകൊണ്ടുതന്നെ അത്തരക്കാരുടെ പ്രശ്നങ്ങൾ തനിക്കു നന്നായി മനസ്സിലാവുമെന്നാണ് ധനമന്ത്രി പറയുന്നത്; നികുതി ഇളവുകളൊന്നും നൽകിയിട്ടില്ലെങ്കിലും, ഇടത്തരക്കാർക്ക് ആഘാതമാകുന്ന നികുതി വർധനകൾ മോദി സർക്കാർ ചുമത്തിയിട്ടില്ലെന്നും. ഇടത്തരക്കാരുടെ കയ്യിൽ കൂടുതൽ പണമെത്താനെന്നോണം, നികുതി സ്ലാബുകൾ പരിഷ്കരിക്കണമെന്ന നിർദേശം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഇളവുകളില്ലാത്ത നികുതിയടവ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചെങ്കിലും 5 ലക്ഷത്തിൽ താഴെ നികുതിദായകർ മാത്രമേ അതിലേക്കു മാറാൻ താൽപര്യപ്പെട്ടുള്ളൂ. കൂടുതൽപേരെ പുതിയ പദ്ധതിയിലേക്ക് ആകർഷിക്കാനുള്ള ശ്രമം ബജറ്റിൽ പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പുകാലത്ത്, ഇളവുകൾ കുറച്ച് പുതിയ പദ്ധതി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമോയെന്നു കാണേണ്ടതുണ്ട്. വിലക്കയറ്റത്തിന്റെ തോതു പരിഗണിച്ച്, സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പരിധി ഉയർത്തണമെന്നതാണ് മറ്റൊരു നിർദേശം. ഈ പരിധി ഒന്നരലക്ഷം രൂപയാക്കി ഉയർത്തിയത് എട്ടു വർഷം മുൻപാണ്. മുതിർന്ന പൗരന്മാർ‍ക്ക് നിക്ഷേപത്തിൽനിന്നുള്ള ആദായത്തിനുള്ള നികുതിയിളവ് പരിധി ഉയർത്തുകയെന്നതും പരിഗണനയിലുള്ള മറ്റൊരു നിർദേശമാണ്. 

∙ വീട്ടിലേക്ക് എന്തുണ്ടാകും?

റിയൽ എസ്റ്റേറ്റ് മേഖല മെച്ചപ്പെട്ട സ്ഥിതിയിലെന്നാണ് പ്രധാന നഗരങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്: പലിശ നിരക്കുകൂടുകയും വീടുകളുടെ വില വർധിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞ പത്തു വർഷത്തേതിൽ ഏറ്റവും കൂടുതൽ വിൽപനയാണ് ഇപ്പോഴുള്ളത്. റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ മെച്ചപ്പെട്ടാൽ‍ ആനുപാതികമായ ഫലം പല അനുബന്ധ മേഖലകളിലുമുണ്ടാവും. അതിന്, ഭവനവായ്പകളുടെ പലിശയ്ക്കുള്ള നികുതി ഇളവ് വർധിപ്പിക്കുക, ഇടത്തരക്കാർക്കു താങ്ങാവുന്ന വിലയുള്ള വീടുകളുടെ (അഫോഡബിൾ ഹൗസ്) വില പരിധി ഉയർത്തുക തുടങ്ങിയ നിർദേശങ്ങളാണുള്ളത്. വീടു വിൽപനയിൽനിന്നുള്ള വരുമാനത്തിനു നൽകേണ്ട നികുതിയുടെ നിരക്ക് കുറയ്ക്കുകയെന്നതും ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു നിർദേശമാണ്. 

∙ ജോലി കൂടുമോ?

കൊട്ടിഘോഷിച്ചുള്ള ‘റോസ്ഗാർ മേളകൾ’ക്ക് അപ്പുറം തൊഴിലവസരം സൃഷ്ടിക്കാനും മുതൽമുടക്ക് പ്രോത്സാഹിപ്പിക്കാനും സഹായകമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണു പ്രതീക്ഷ. തിരഞ്ഞെടുപ്പു മാത്രമല്ല ലക്ഷ്യമെന്ന രീതിയിലുള്ള സമീപനങ്ങളാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവച്ചിട്ടുള്ളത്. ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള ഉൽപാദന മേഖലകൾക്കുള്ള ആനുകൂല്യങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം, ഫിൻടെക് സ്ഥാപനങ്ങൾക്കു നികുതി ഇളവുകൾ തുടങ്ങിയവയാണ് നിർദേശങ്ങളായുള്ളത്. നികുതി ഇളവുകൾക്കു പുറമേ, ഗവേഷണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും മരുന്നുനിർമാണ മേഖല മുന്നോട്ടുവച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളുമായിക്കൂടി ബന്ധപ്പെട്ടതാണ്. 

∙ കൃഷി നന്നായി വിളയുമോ?

കാർഷിക മേഖലയിൽ ഉദാരവൽക്കരണത്തിനുള്ള ശ്രമം തടസ്സപ്പെട്ടതിന്റെ ആഘാതം മാറാത്തപ്പോഴും, തിരഞ്ഞെടുപ്പുകാലത്ത് കർഷകരെ അവഗണിക്കുക സർക്കാരിന് എളുപ്പമല്ല. കാർഷികവും അതിനോട് അനുബന്ധിച്ചുള്ളതുമായ മേഖലകളിൽ നിലവിലുള്ള വായ്പകളിൽ 60 ശതമാനവും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി മുഖേനയുള്ളതാണ്. പലിശയിളവു ലഭിക്കാനും വായ്പ പുതുക്കാനും വായ്പത്തുകയ്ക്കൊപ്പം പലിശയും അടയ്ക്കണം. മൂന്നു ലക്ഷം രൂപവരെ വായ്പയെടുക്കുന്നവർക്കു വായ്പ പുതുക്കാൻ പലിശയടവു മാത്രം മതിയെന്നു വ്യവസ്ഥ ചെയ്യണമെന്ന നിർദേശം പരിഗണനയിലുണ്ട്. വളം ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികളും ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

മറ്റു പല മേഖലകൾക്കുള്ളതുപോലെ, വായ്പ ഗാരന്റി സ്കീം എന്നതാണ് കാർഷിക മേഖലയ്ക്കായുള്ള മറ്റൊരു നിർദേശം. മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച വ്യവസ്ഥകളിൽ പരിഷ്കാരം കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമാകാം. സർക്കാരിന്റെ ധാന്യശേഖരണ പദ്ധതിക്കുതന്നെ ഇതാവശ്യമാണ്. ഗോതമ്പാണ് ഉദാഹരണം. നിലവിലെ എംഎസ്പിയെക്കാൾ 50% കൂടുതൽ വില വിപണിയിൽ ലഭിക്കുന്നതിനാൽ ഫുഡ് കോർപറേഷന്റെ ഗോതമ്പുസംഭരണം പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം വിപണിവില എംഎസ്പിയെക്കാൾ കുറവായിരുന്നു. 

∙  വിളിച്ചിട്ടും വന്നില്ലല്ലോ?

ഇന്ത്യയിലേക്കു വരാൻ വിദേശ സർവകലാശാലകൾക്കു നൽകിയ ക്ഷണത്തിനു മികച്ച പ്രതികരണം ഇനിയുമില്ല. വിദ്യാഭ്യാസ മേഖലയിൽ 100% മുതൽമുടക്കിനു നേരത്തേതന്നെ അനുമതിയുള്ളതാണ്. രാജ്യാന്തര നിലവാരമുള്ള ക്യാംപസുകൾ ഇന്ത്യൻ സ്ഥാപനങ്ങൾതന്നെ സാധ്യമാക്കുന്നതിനും പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനുള്ള വികസനപദ്ധതികൾ‍ക്കും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാവാം. ഗതിശക്തി ഉൾപ്പെടെ അടിസ്ഥാന സൗകര്യമേഖലയിൽ സർക്കാരിന്റെതന്നെ മുതൽമുടക്കു വർധിപ്പിക്കുന്ന വൻപദ്ധതികളും പ്രതീക്ഷയുടെ പട്ടികയിൽപ്പെടുത്താം. സ്ത്രീ വോട്ടർമാരെ കൂടുതലായി സ്വാധീനിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. അതുകൊണ്ടുതന്നെ സ്ത്രീകളുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രത്യേക നികുതി ഇളവുകൾ നൽകുക തുടങ്ങിയ നടപടികളുണ്ടാവാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ അവസാനവാക്കെന്നു പറയാനുള്ള ഒരവസരവും പാഴാക്കാത്ത മന്ത്രിയാണ് നിർമല. പ്രതിസന്ധിഘട്ടങ്ങളിൽ വാക്കുകൾകൊണ്ടു പിടിച്ചുനിൽക്കാൻ നിർമലയ്ക്കുള്ള കഴിവിൽ പ്രധാനമന്ത്രിക്കു വിശ്വാസവുമുണ്ട്. മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന കാലത്ത്, 2013ൽ പാർട്ടിയുടെ വക്താക്കളെ പത്രസമ്മേളനങ്ങൾ‍ കൈകാര്യം ചെയ്യാൻ‍ നിർമല പരിശീലിപ്പിച്ചിരുന്നു. അന്ന് അവരോടു നിർമല പറഞ്ഞു: ‘നിങ്ങൾ പത്രസമ്മേളനങ്ങളിൽ ഇരിക്കുമ്പോൾ‍, 2014 മേയിൽ അധികാരത്തിൽ വരാൻ പോകുന്ന പാർട്ടിയാണ് നിങ്ങളുടേതെന്നു കരുതി സംസാരിക്കണം.’  2024ൽ‍ വീണ്ടും അധികാരത്തിൽ വരാൻ പോകുന്ന പാർട്ടിയെന്ന ആത്മവിശ്വാസത്തോടെ ബജറ്റ് അവതരിപ്പിക്കുന്ന നിർമലയെയാണ് നാളെ പ്രതീക്ഷിക്കേണ്ടത്. 

നാളെ: ബജറ്റിൽനിന്നു പ്രതീക്ഷിക്കേണ്ടത് എന്ത്? വിദഗ്ധർ പറയുന്നു

English Summary : Union budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com