ADVERTISEMENT

ശുദ്ധവായു ജീവിതത്തിന്റെ അവകാശമാണെങ്കിലും അതു നിഷേധിക്കപ്പെടുകയാണെന്നത് ഈ കാലത്തിന്റെ ദുരന്തംതന്നെ. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ കൊച്ചിയടക്കം കേരളത്തിലെ പല നഗരങ്ങളും അത്യധികം കഷ്ടസാഹചര്യത്തിലേക്കു നീങ്ങിയേക്കാമെന്ന ആശങ്ക ഗൗരവമുള്ളതാണ്. കേരളത്തിലെ ഏറ്റവും മോശം വായു കൊച്ചിയിലാണെന്നതു നമുക്കു കേട്ടുമറക്കാവുന്ന കാര്യമല്ല. 

അന്തരീക്ഷ മലിനീകരണം കാരണം രാജ്യത്തു പ്രതിവർഷം 12 ലക്ഷത്തിലേറെപ്പേർ മരിക്കുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കാൻസർ ഉൾപ്പെടെ വിവിധ ശ്വാസകോശരോഗങ്ങൾക്ക് അന്തരീക്ഷ മലിനീകരണം വാതിൽ തുറന്നുകൊടുക്കുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന തോതിൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി വീണ്ടും ഒന്നാമതെത്തിയ വിവരം കഴിഞ്ഞ മാസമാണു നാം കേട്ടത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2022ലെ കണക്കുകൾ വിശകലനം ചെയ്ത് നാഷനൽ ക്ലീൻ എയർ പ്രോഗ്രാം പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ മലിനീകരണത്തോത് വ്യക്തമാക്കിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോതു വ്യക്തമാക്കുന്ന ‘പിഎം (പാർട്ടിക്കുലേറ്റ് മാറ്റർ) 2.5’ ഡൽഹിയിൽ 77 മൈക്രോഗ്രാം ആണ്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്. കേരളത്തിൽ കൊച്ചിയിൽ (59) മാത്രമാണ് 40 മൈക്രോഗ്രാമിനു മുകളിൽ മലിനീകരണമുള്ളത്. കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ 34 മൈക്രോഗ്രാമും തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ യഥാക്രമം 33, 32, 31 മൈക്രോഗ്രാമും ആണ് പിഎം 2.5 മലിനീകരണം. 

നാഷനൽ എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം, കഴിഞ്ഞ ദിവസം രാത്രി 12 മുതൽ രാവിലെ 8 വരെ കൊച്ചിയിലെ വായു മലിനീകരണത്തിന്റെ തോത് ന്യൂഡൽഹിയിലെ വാഹനത്തിരക്കേറിയ പകൽസമയത്തെ മലിനീകരണത്തിനു തുല്യമായിരുന്നു. വാഹനങ്ങളെ‍ാഴിയുന്ന അർധരാത്രി കഴിഞ്ഞുള്ള വേളയിൽ കൊച്ചിയിലുണ്ടാവുന്ന കടുത്ത വായുമലിനീകരണത്തിനു പിന്നിൽ അന്തരീക്ഷത്തിൽ രാസമാലിന്യം പുറന്തള്ളുന്ന കമ്പനികളെന്നാണു മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശംവഴി എളുപ്പത്തിൽ രക്തത്തിലേക്കു ലയിക്കുന്ന തരം രാസകണികകളും പിഎം 2.5 വിഭാഗത്തിൽ ഉൾപ്പെടുന്നു. 

കെ‍ാച്ചി നഗരത്തിലെ പ്രാണവായുവിലെ രാസഗന്ധം പരിശോധിച്ചു കാരണം കണ്ടെത്താനായി ദൗത്യസംഘത്തെ സജ്ജമാക്കിനിർത്താൻ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിടുകയുണ്ടായി. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്തരീക്ഷത്തിൽ രാസപദാർഥങ്ങളും കറുത്ത തരികളും തങ്ങിനിൽക്കുന്നതിനാൽ രാത്രിയിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ചൂണ്ടിക്കാട്ടി എരൂർ സ്വദേശി സമർപ്പിച്ച നിവേദനത്തിൽ സ്വമേധയാ കേസെടുത്താണു ഗ്രീൻ ട്രൈബ്യൂണലിന്റെ തുടർനടപടി. രാസഗന്ധം അനുഭവപ്പെടുന്നതായി ആരെങ്കിലും അറിയിച്ചാൽ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാണ് ഉത്തരവിലുള്ളത്.

നിയമവിരുദ്ധമായി, കൂടിയ അളവിൽ രാസമാലിന്യങ്ങൾ പുറന്തള്ളുന്ന ഫാക്ടറികളെ മുൻകൂട്ടി വിവരം അറിയിച്ചശേഷമുള്ള പരിശോധനാ പ്രഹസനങ്ങളാണു ബന്ധപ്പെട്ടവർ ആദ്യം അവസാനിപ്പിക്കേണ്ടത്. ഗ്രീൻ ട്രൈബ്യൂണൽ നിയോഗിച്ച ഉപസമിതിയുടെ പ്രാഥമിക തെളിവെടുപ്പിൽ രാസമാലിന്യം പുറന്തള്ളുന്ന 14 ഉറവിടങ്ങൾ കണ്ടെത്തി അവയുടെ പട്ടിക സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും ഇതുവരെ പരിശോധന നടന്നിട്ടില്ല. രാത്രിയിൽ കാറ്റിന്റെ ദിശ അനുസരിച്ചാണു രാസഗന്ധം വ്യാപിക്കുന്നത്. കെ‍ാച്ചി മേഖലയിൽ, തറയിലും ചെടികളുടെ ഇലകളിലും പറ്റിപ്പിടിച്ച നിലയിൽ കറുത്ത പൊടിപടലം കണ്ടുവരുന്നു. ഏതുതരം രാസപദാർഥമാണ് ഇവയിൽ അടങ്ങിയിട്ടുള്ളതെന്നു കണ്ടെത്തിയാൽത്തന്നെ ഇതിന്റെ ഉറവിടം തിരിച്ചറിയാൻ കഴിയും. 

പ്രാണവായുവിലെ രാസഗന്ധത്തെപ്പറ്റി പൊതുജനങ്ങൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരന്തര പരിശോധനകൾ നടത്തി ഫലം പുറത്തുവിടാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആത്മാർഥമായി ശ്രമിച്ചാൽ ശുദ്ധവായു ലഭിക്കാനുള്ള പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടും. 12 വർഷം മുൻപ് അന്തരീക്ഷത്തിലടക്കം ഏറ്റവുമധികം മലിനീകരണമുള്ള ഏഷ്യയിലെ 20 നഗരങ്ങളിലൊന്നായിരുന്ന ഇൻഡോർ, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മുഖം മാറിയത് 2016 എന്ന ഒറ്റവർഷത്തെ കഠിനപ്രയത്നം കൊണ്ടാണ്. അതിലുള്ള ശുദ്ധിയുടെ വലിയ പാഠം നമുക്കുകൂടിയുള്ളതാണ്.

English Summary : Editorial about kochi air pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com