ധനമന്ത്രി കണ്ടതും കാണാതെപോയതും

HIGHLIGHTS
  • ആദായനികുതി സംബന്ധിച്ച ആശങ്കകളും ആശയക്കുഴപ്പവും പരിഹരിക്കണം
union-budget-2023-nirmala-seetharaman
SHARE

ആദായനികുതി പരിഷ്കരണത്തിന്റെ പേരിലാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇത്തവണത്തെ കേന്ദ്ര ബജറ്റ് മുഖ്യശ്രദ്ധ നേടുന്നത്. എന്നാൽ, അതിലൂടെ ഇളവുകൾ ലഭ്യമാക്കുകയല്ല, പഴയ സ്കീമിൽനിന്നു പുതിയ സ്കീമിലേക്കു നികുതിദായകരെ ആകർഷിക്കാൻ ശ്രമിക്കുകയാണു ചെയ്തിരിക്കുന്നതെന്ന വിലയിരുത്തലും വന്നുകഴിഞ്ഞു. ക്ഷേമപദ്ധതികളുടെ പെരുമഴയില്ലാതെ, അടിസ്ഥാന സൗകര്യവികസനത്തിലും ബഹുതല സ്പർശിയായ കാര്യങ്ങളിലും ശ്രദ്ധയൂന്നുന്നുവെങ്കിലും  ഇത്തവണയും ബജറ്റിന്റെ ഉള്ളുപെ‍ാള്ളയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന സമ്പൂർണ ബജറ്റും 9 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുമുൻപുള്ള ബജറ്റുമാണെങ്കിലും പ്രീണനപ്രഖ്യാപനങ്ങൾ അധികമെ‍ാന്നുമില്ലതാനും. 

ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച ഇളവുകളും പുതിയ സ്ലാബുകളും മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും അതങ്ങനെത്തന്നെ സ്വീകരിക്കാനാകില്ല. ഭവനവായ്പയ്ക്കും ചില നിക്ഷേപപദ്ധതികൾക്കുമുള്ള പ്രത്യേക ഇളവുകൾ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ആദായനികുതി സ്കീം 2020ൽ സർക്കാർ ആരംഭിച്ചെങ്കിലും 5 ലക്ഷത്തിൽ താഴെ നികുതിദായകർ മാത്രമേ ഇതുവരെ അതിലേക്കു മാറാൻ താൽപര്യപ്പെട്ടിട്ടുള്ളൂ. അതുകെ‍ാണ്ടുതന്നെ, കൂടുതൽ പേരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാനുള്ള ശ്രമം ബജറ്റിൽ വ്യക്തമാണ്. ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ പുതിയ സ്കീമിൽ ചേർന്നാൽ നികുതിയുണ്ടാകില്ലെന്നാണു വാഗ്ദാനം. പഴയ സ്കീമിൽ തുടരുന്നവർക്ക് ഇളവുകളൊന്നുമില്ലതാനും. ഭവനവായ്പകളെടുക്കുകയും നികുതിയിളവിനായി ദീർഘകാല പദ്ധതികളിൽ ചേരുകയും ചെയ്തിട്ടുള്ള കോടിക്കണക്കിനു പേരുടെ ഇക്കാര്യത്തിലെ ആശങ്കയും നിരാശയും ഗൗരവമുള്ളതാണ്. 

ഇതുവരെ പുതിയ നികുതി ഘടനയിലേക്കു മാറാനായി അതു പ്രത്യേകം തിര‍ഞ്ഞെടുക്കണമായിരുന്നെങ്കിൽ ഇനി പുതിയ സ്കീമാകും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാകുക എന്നതു ശ്രദ്ധേയമാണ്. കൂടുതൽ പേർക്കും സ്വീകാര്യമായ പഴയ സ്കീമിന്റെ ഭാവിയെക്കുറിച്ചും ഇതു ചോദ്യങ്ങളുയർത്തുന്നു. ബജറ്റ് അവതരണത്തെത്തുടർന്ന് രാജ്യമാകെ നികുതിപരിഷ്കരണം സംബന്ധിച്ച ആശങ്കകളും ആശയക്കുഴപ്പങ്ങളും അലയടിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച വിശദീകരണവും പരിഹാരവും അടിയന്തരാവശ്യമായിരിക്കുന്നു. പുതിയ സ്കീമിലേക്കു മാറുന്ന ഇടത്തരക്കാർ ആദായനികുതി ഇളവിനായുള്ള നിക്ഷേപസാധ്യതകൾക്കുപരിയായി പണം കൂടുതൽ ചെലവഴിക്കുമെന്നത് പൊതുവിപണിയിൽ കൂടുതൽ പണമെത്താൻ സഹായിക്കുമെന്നു വാദിക്കുന്നവരുണ്ട്. വിപണിയെ സജീവമാക്കി, സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുകയാണു പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യമെങ്കിൽ അത് ഇടത്തരക്കാർക്കു തിരിച്ചടിയാകാതെ നോക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. 

 ‘സപ്തർഷി’ എന്നു പേരിട്ട് ഏഴു മുൻഗണനാവിഷയങ്ങളെ ബജറ്റ് മാർഗദർശിയാക്കുന്നതു ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യവികസനത്തോടെ‍ാപ്പം ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്കുവേണ്ടിയും ബജറ്റ് നിലകെ‍ാള്ളുന്നുണ്ട്. സ്ത്രീശാക്തീകരണത്തിനും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും ശ്രദ്ധനൽകുന്ന ബജറ്റ്, നൈപുണ്യവികസനപദ്ധതികളും സ്റ്റാർട്ടപ്പുകൾക്കുള്ള സഹായവും യുവകർഷകർക്കുള്ള പ്രോത്സാഹനവുമെ‍ാക്കെ നൽകി യുവതയെയും ഒപ്പംനിർത്തുന്നു. സാങ്കേതികവിദ്യാ അധിഷ്ഠിത സമ്പദ്ഘടന എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ബജറ്റ്, രാജ്യം 5ജിയിലേക്കു നീങ്ങുന്ന സാഹചര്യം പ്രത്യേകം കണക്കിലെടുക്കുന്നുണ്ട്. 5ജി ആപ്പുകളുടെ വികസനത്തിനുവേണ്ടിയുളള സാങ്കേതിക കേന്ദ്രങ്ങൾ അതിന്റെ ഭാഗമായാണ്. നിർമിതബുദ്ധി ഗവേഷണ കേന്ദ്രങ്ങളും ഡിജിറ്റൽ ലൈബ്രറിയും ഗ്രീൻ ഹൈഡ്രജൻ മിഷനുമെ‍ാക്കെ നവകാലമുദ്രകൾ വഹിക്കുന്നു. 

കഴിഞ്ഞ തവണയെന്നപോലെ, സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികം വരെയുള്ള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയും രൂപരേഖയുമെന്ന് അവകാശപ്പെടുന്നതാണ് ഈ ബജറ്റും. എന്നാൽ, ജനങ്ങളുടെ വരുമാനവും ക്രയശേഷിയും കൂട്ടാനുള്ള വഴികളില്ലാത്തതും രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളെ കൃത്യമായി നേരിടാത്തതും ബജറ്റിന്റെ ദൗർബല്യംതന്നെയാവുന്നു. ഈ കാലത്തിന്റെ സങ്കീർണപ്രശ്നങ്ങളായ പണപ്പെരുപ്പം, വിലക്കയറ്റം, തെ‍ാഴിലില്ലായ്മ തുടങ്ങിയവയെ വേണ്ടവിധം കാണേണ്ടതല്ലേ എന്ന ചോദ്യമാണുയരുന്നത്. തൊഴിലില്ലായ്മ ഏറെ ബാധിച്ചിരിക്കുന്നത് അസംഘടിത മേഖലയിലുള്ളവരെയാണെങ്കിലും അവർ ബജറ്റിനു പുറത്താണ്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഏറെ ആശ്വാസമായ തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചിരിക്കുന്നു. എല്ലാ വിളകൾക്കും താങ്ങുവില എന്ന കർഷകാവശ്യം ഇത്തവണയും ബജറ്റ് ചെവികെ‍ാണ്ടില്ല. ക്ഷേമപദ്ധതികൾക്കും സബ്സിഡികൾക്കും വേണ്ടത്ര തുക മാറ്റിവച്ചില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 

മത്സ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിലും അരിവാൾരോഗ നിർമാർജനമടക്കം ആദിവാസിമേഖലയ്ക്കുള്ള ശ്രദ്ധയിലും പുതിയ നഴ്സിങ് കോളജുകൾക്കുള്ള അനുമതിയിലുമെ‍ാക്കെ കേരളം പ്രതീക്ഷയർപ്പിക്കുന്നു. ടൂറിസം വിഹിതവും നമുക്കു ഗുണമാകും. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘത്തിലെ അംഗങ്ങൾക്കു പണമായി നടത്താവുന്ന ഇടപാടിന്റെ പരിധി 20,000 രൂപയിൽനിന്ന് 2 ലക്ഷം രൂപയായി വർധിപ്പിച്ചത് കേരളത്തിലടക്കം ഒട്ടേറെപേർക്ക് ആശ്വാസം പകരുന്ന നടപടിയാണ്. 

അതേസമയം, കേരളത്തിനുള്ള ‘എയിംസ്’ ഇത്തവണയും ദൂരസ്വപ്നമായി. ബജറ്റിൽ കേരളത്തിനു പുതിയ പദ്ധതികളില്ല. കൊച്ചി മെട്രോ പദ്ധതിക്കും തുക വകയിരുത്തിയിട്ടില്ല. റെയിൽവേയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റ് വിഹിതമായ 2.4 ലക്ഷം കോടി രൂപ അനുവദിക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കുമായി പദ്ധതികളുടെ നീതിയുക്ത വിതരണം ഉറപ്പാക്കേണ്ടതല്ലേ? കേരളത്തിന്റെ റെയിൽ ആവശ്യങ്ങളോടു പതിവായി മുഖംതിരിക്കുന്നതാണു ബജറ്റ് പതിവെന്നിരിക്കെ ഈ ചോദ്യം നമുക്കേറെ പ്രാധാന്യമുള്ളതാകുന്നു. 

അടുത്ത സാമ്പത്തികവർഷം വളർച്ചാനിരക്ക് 6–6.8 ശതമാനമായി കുറയുമെങ്കിലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്നാണു സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും ബജറ്റിനു തലേന്നാണ്. കോവിഡ് അനന്തര കാലത്തിന്റെ വെല്ലുവിളികളെ അഭിസംബോധന െചയ്യുന്ന സമഗ്ര നയരേഖയാകാൻ എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്ന ചോദ്യം ഈ ബജറ്റിനുശേഷം ബാക്കിയാകുകയും ചെയ്യുന്നു.

English Summary : Editorial on Union Budget 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS